ഭക്ഷ്യസുരക്ഷ എന്ന പദം നിഘണ്ടുവിലൊതുങ്ങി കേരളം ഭക്ഷ്യസുരക്ഷാ ഭീഷണിയിലാണ്. മാധ്യമങ്ങളിലെ ഒരു സ്ഥിരം വാര്‍ത്ത ഹോട്ടല്‍ ഭക്ഷണം കഴിച്ച് ഭക്ഷ്യവിഷബാധ ഏറ്റു മരിച്ചു എന്നും കോളേജ് ഹോസ്റ്റലുകളിലും സ്കൂള്‍ ഹോസ്റ്റലുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ ഏറ്റു എന്നുമാണ്. ഏറ്റവും ഒടുവില്‍ വന്ന വാര്‍ത്ത മസാല ദോശയില്‍ പഴുതാരയെ കണ്ടു എന്നതാണ്. ഭക്ഷ്യവിഷബാധ ഹോട്ടലിലെ നോണ്‍ വെജിറ്റേറിയന്‍ വിഭവങ്ങളില്‍നിന്നാണ് ഏല്‍ക്കുന്നത്. ഇന്ന് കേരള യുവത്വത്തിന് ഏറ്റവും വലിയ ഭീഷണി “ഷവര്‍മ്മ”യാണല്ലൊ. ഭക്ഷ്യസുരക്ഷാ വിജിലന്‍സ് റെയ്ഡുകള്‍ നടത്തുന്നുണ്ടെങ്കിലും ഈ വിപത്ത് ഒഴിവാകുന്നില്ല. ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്താന്‍ നടത്തുന്ന റെയ്ഡ് അഴിമതിയ്ക്ക് കളമൊരുക്കുന്നതായി ആരോപണമുണ്ട്. ഫുഡ് ഇന്‍സ്പെക്ടര്‍ കോഴ വാങ്ങുന്നു എന്ന ആരോപണം ഹോട്ടല്‍ ലോബി ഉയര്‍ത്തുന്നു. പക്ഷെ ഭക്ഷ്യവസ്തുക്കളില്‍ മായം ചേര്‍ക്കുന്നതിനെതിരായ നിയമം നടപ്പില്‍ വരാറില്ല. ഭക്ഷ്യസുരക്ഷാ വകുപ്പിലെ ഉദ്യോഗസ്ഥക്ഷാമവും നിയമം ഫലപ്രദമായി നടപ്പാക്കുന്നതിന് വിലങ്ങു തടിയാണ്. ഭക്ഷ്യവിഷം പരിശോധിക്കാന്‍ കേരളത്തില്‍ വെറും നാല് ലാബറട്ടറികള് മാത്രമേ ഉള്ളൂ എന്നതും ഒരു പരിമിതിയാണ്. ഭക്ഷ്യ സുരക്ഷാ നിയമം അതുകൊണ്ടുതന്നെ ഇനിയും കടലാസില്‍ ഒതുങ്ങുമ്പോള്‍ ഭക്ഷ്യവിഷബാധ ഏല്‍ക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. ഭക്ഷ്യസുരക്ഷാ വകുപ്പ് ഊര്ജ്ജസ്വലമായാല് മാത്രമേ ഈ പ്രശ്നം പരിഹൃതമാകുകയുള്ളൂ. ഭക്ഷ്യസുരക്ഷയില്ലാതെ മാത്രമല്ല ഭക്ഷ്യപ്രതിസന്ധിയും കേരളത്തിന്റെ പ്രശ്നമാണ്. ലോകം തന്നെ ഭക്ഷ്യപ്രതിസന്ധി നേരിടുകയാണെന്നും എട്ടരക്കോടി ജനങ്ങള്‍ ഇന്നും പട്ടിണിയിലാണെന്നുമാണ് യുഎന്‍ റിപ്പോര്‍ട്ട്.
ഭക്ഷ്യ പ്രതിസന്ധിയ്ക്ക് പ്രധാന ഉത്തരവാദി കാലാവസ്ഥാ വ്യതിയാനവും സാമ്പത്തിക പ്രതിസന്ധിയും ആണ്. പക്ഷെ ഭക്ഷ്യ ദൗര്‍ലഭ്യത്തിന് പ്രധാന കാരണം ഉല്‍പ്പാദന കുറവ് മാത്രമല്ല ഉപഭോഗം കൂടുന്നതുമാണ്. കേരളം ഭക്ഷ്യപ്രതിസന്ധി നേരിടുന്ന സംസ്ഥാനമാണ്. കൃഷിപ്പിഴ ഒരു ആഗോള പ്രതിഭാസമാണെങ്കിലും കേരളത്തിലെ ഹ്രസ്വദൃഷ്ടിയും തെറ്റായ വികസന സമീപനം മൂലം നെല്‍വയലുകള്‍ നശിപ്പിക്കുന്നതും തണ്ണീര്‍ത്തടങ്ങള്‍ നികത്തിയതും മണല്‍വാരല്‍ മൂലം നദികളെ ശോഷിപ്പിച്ചതും ജലദൗര്‍ലഭ്യം ഉടലെടുത്തതും കാരണങ്ങളാണ്. കേരളത്തിലെ കാര്‍ഷികോല്‍പ്പാദനം പകുതിയായി എന്നാണ് കണക്കാക്കപ്പെടുന്നത്.
കാലാവസ്ഥാ വ്യതിയാനം കേരളത്തെ കടുത്ത വരള്‍ച്ചയിലാക്കി വിളനാശവും കൃഷി ചെയ്യാന്‍ സാധ്യമല്ലാത്ത പശ്ചാത്തലവും ഒരുക്കിയിരിക്കുകയാണ്. മഴ ലഭ്യതയുടെ കുറവ് മൂലം ഇവിടത്തെ അണക്കെട്ടുകളില്‍ ജലലഭ്യത 34 ശതമാനം മാത്രമാണ്. ഇത് വൈദ്യുതി ഉല്‍പ്പാദനത്തേയും ബാധിച്ച് കേരളത്തെ ഇരുട്ടിലാഴ്ത്തിയിരിക്കുകയാണ്. പാലക്കാട്, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, മലപ്പുറം ദേശങ്ങളിലാണ് ഉല്‍പ്പാദനം 40 ശതമാനം കുറയും എന്നു കരുതപ്പെടുന്നത്. ഈ സമയത്താണ് കേരളത്തിലെ വരള്‍ച്ചയുടെ തോത് നിര്‍ണയിക്കാന്‍ കേന്ദ്ര സംഘം എത്തിയിരിക്കുന്നത്. വരള്‍ച്ചാ ദുരിതാശ്വാസത്തിന് കേരളം പ്രാരംഭ സഹായമായി 1468 കോടി രൂപയാണ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. വരള്‍ച്ചാ ദുരിതാശ്വാസത്തിന് കേന്ദ്രസഹായം അനിവാര്യമാണ്. മലയോര -ആദിവാസി മേഖലയുള്‍പ്പെടെ കേരളത്തിലെ 492 ഗ്രാമങ്ങള്‍ വരള്‍ച്ചാ ബാധിതമാണ്.
ആയിരത്തിലേറെ വില്ലേജുകളില്‍ കഴിഞ്ഞവര്‍ഷത്തേക്കാള്‍ 26 ശതമാനത്തിനും 50 ശതമാനത്തിനും ഇടയിലുള്ള മഴ മാത്രമേ കാലവര്‍ഷത്തില്‍ ലഭിക്കുകയുള്ളൂ. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, വയനാട് ജില്ലകളാണ് വരള്‍ച്ചാ ബാധിത ജില്ലകളായി കണക്കാക്കപ്പെട്ടിരിക്കുന്നത്. കേന്ദ്ര കൃഷി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായ നരേന്ദ്രഭൂഷന്റെ നേതൃത്വത്തിലുള്ള സംഘമാണ് വരള്‍ച്ചാ തോത് നിര്‍ണയിക്കാന്‍ കേരളത്തില്‍ പര്യടനം നടത്തുന്നത്. കേരളത്തിന്റെ നെല്ലറയായ കുട്ടനാടാണ് ഏറെ പ്രതിസന്ധി അഭിമുഖീകരിക്കുന്നത്. മഴ ലഭിച്ചാലും വരള്‍ച്ച ബാധിച്ചാലും കുട്ടനാട് കര്‍ഷകര്‍ പ്രതിസന്ധിയിലാകുന്നത് കൊയ്ത്തു യന്ത്രം ലഭിക്കാത്തതിനാലും സംഭരിക്കുന്ന നെല്ല് യഥാസമയം സര്‍ക്കാര്‍ സംവിധാനം ശേഖരിക്കാതെ മുളച്ചുപോകുന്നതും മൂലമാണ്. ഇപ്പോള്‍ കേരള ആഗ്രോ ഇന്‍ഡസ്ട്രീസ് കോര്പ്പറേഷന് ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ പരന്നുകിടക്കുന്ന കുട്ടനാട്ടില്‍ 150 കൊയ്ത്തുയന്ത്രങ്ങള്‍ എത്തിച്ച് തമിഴ്നാടിന്റെ ആശ്രയത്വത്തില്നിന്നും മോചിപ്പിച്ചിരിക്കുകയാണ്. പക്ഷെ പാടശേഖരസമിതികള്‍ക്ക് ഇവ ഉപയോഗിക്കണമെങ്കില്‍ 20,000 രൂപ നിക്ഷേപം നടത്തേണ്ടതും മണിക്കൂറിന് 750 രൂപ കൂലി കൊടുക്കേണ്ടതും കുരുക്കായിരിക്കുകയാണ്. കൊയ്ത്തു യന്ത്രം പ്രവര്‍ത്തിപ്പിക്കാനുള്ള അറിവ് പാടശേഖര സമിതിക്കില്ലാത്തതിനാല് സ്വകാര്യ ഏജന്റുമാര്‍ 1500 രൂപ വാടകയ്ക്ക് കൊയ്ത്തുയന്ത്രം ഓപ്പറേറ്റര്‍മാരെ നല്‍കുന്നത് അധിക ബാധ്യത ക്ഷണിച്ചുവരുത്തുന്നു. ഈ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്ര വരള്‍ച്ചാ പരിശോധനാ സംഘത്തിന്റെ സന്ദര്‍ശനം നിര്‍ണായകമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: