വിശാഖപട്ടണം: ഇന്ത്യയിലെ അമേരിക്കന്‍ എംബസിയും കോണ്‍സുലേറ്റുകളും അമേരിക്കന്‍ വിസയ്ക്ക് അപേക്ഷിക്കാനുള്ള പദ്ധതിയില്‍ മാറ്റം വരുത്തുന്നു. ലോകമെങ്ങുമുള്ള വിസാച്ചട്ടങ്ങള്‍ നേര്രേഖയിലെത്തിക്കുന്നതിന്റെ ഭാഗമായാണിത്. പരിഷ്കാരം മാനദണ്ഡങ്ങള്‍ ഏകീകരിക്കുകയും പണമടയ്ക്കല്‍ കൂടുതല്‍ ലളിതമാക്കുകയും ചെയ്യും. വെബ്സൈറ്റ് വഴിയാണ് വിസയ്ക്ക് അപേക്ഷിക്കേണ്ടത്. പുതിയ പരിഷ്കാരം നിലവില്‍ വന്നാല്‍ കൂടുതല്‍പേര്‍ക്ക് അമേരിക്കന്‍ എംബസിയോ കോണ്‍സുലേറ്റുകളോ കയറിയിറങ്ങാതെ വിസാ നടപടികള്‍ പൂര്‍ത്തിയാക്കാം.
പുതുക്കിയ പദ്ധതിയനുസരിച്ച് അമേരിക്കന്‍ വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ മുഖേനയോ മൊബെയില്‍ ഫോണ്‍ മുഖേനയോ അപേക്ഷാഫീസ് അടയ്ക്കേണ്ടതാണ്. ആക്സിസ് ബാങ്കിന്റെ 1800 ശാഖകളിലെവിടെ വേണമെങ്കിലും ഫീസ് അടയ്ക്കാമെന്ന് കോണുസലര് സര്‍വീസിന്റെ മേധാവി മാര്‍ത്ത ജെ ഹാസ് പത്രസമ്മേളനത്തില്‍ അറിയിച്ചു. എന്നാല്‍ വിസ നിയമങ്ങളില്‍ ഇളവു വരുത്തിയിട്ടില്ലെന്നും അവര്‍ പറഞ്ഞു. അപേക്ഷാര്‍ഥികള്‍ക്ക് ഓണ്‍ലൈനിലൂടെയോ ഫോണ്‍ മുഖേനയോ അഭിമുഖത്തിനുള്ള തീയതിയും സമയവും അറിയിക്കും. സംഘമായി യാത്രചെയ്യുന്നവരും അല്ലാതെയുമുള്ളവരില്‍ നിന്നും കമ്പനികള്‍ക്കോ ട്രാവല്‍ ഏജന്‍സികള്‍ക്കോ മറ്റു സൗകര്യങ്ങള്‍ ചെയ്യാനും കഴിയും.
വിസാ അപേക്ഷകര്‍ക്ക് ടെലിഫോണിലോ ഇമെയിലിലോ ഓണ്‍ലൈന്‍ ചാറ്റിലോ കൂടി ബന്ധപ്പെടാം. തിങ്കളാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ രാവിലെ 8 മുതല്‍ രാത്രി 8 വരെ ഇതിനുള്ള കാള്‍ സെന്റര്‍ തുറന്നു പ്രവര്‍ത്തിക്കും. 91-120-660-2222, 91-22-6720-9400 എന്നീ നമ്പരുകള്‍ ഇന്ത്യയിലും 1-310-616-5425 എന്ന നമ്പര്‍ അമേരിക്കയിലുമുള്ളതാണ്. അപേക്ഷകര്‍ ഇംഗ്ലീഷിലോ ഹിന്ദിയിലോ ആണ് ഇമെയില്‍ അയയ്ക്കേണ്ടത്. അല്ലാത്തപക്ഷം കോണ്‍സുലേറ്റിലെ നിയുക്ത ഉദ്യോഗസ്ഥനുമായി നേരിട്ട് ചാറ്റ് ചെയ്യുകയും ആകാം. അപേക്ഷകന് അഭിമുഖത്തിനായി രണ്ട് അവസരങ്ങള്‍ നല്‍കുന്നതും മറ്റൊരു പ്രത്യേകതയാണ്. വിസാ അഭിമുഖത്തിന് ഹാജരാകും മുമ്പ് അപേക്ഷകര്‍ തങ്ങളുടെ ഫോട്ടോയും വിരലടയാളവും നല്‍കുന്നതിന് പ്രത്യേകം സജ്ജീകരിച്ചിരിക്കുന്ന ഓഫീസില്‍ ഹാജരാകേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: