ന്യൂദല്‍ഹി: ഇറാന്റെ എണ്ണ-വാതക-തീരദേശ മേഖലയിലെ ആണവപദ്ധതികള്‍ എന്നിവയ്ക്ക് യൂറോപ്യന്‍ യൂണിയന് അനുമതി നിഷേധിച്ചത് എളുപ്പത്തില്‍ പരിഹരിക്കണമെന്ന് ഇറാന് ഭരണകൂടം. ഇറാന്റെ സമാധാനാവശ്യങ്ങള്‍ക്കുള്ള ആണവപദ്ധതിക്ക് പാശ്ചാത്യരുടെ അനുമതി വേണ്ടതാണെന്ന് വിദേശകാര്യ സഹമന്ത്രി സയ്യിദ് അബ്ബാസ് അരാഗ്ചി അറിയിച്ചു. ഇതിനുള്ള ഇറാന്റെ അവകാശത്തെ പാശ്ചാത്യര്‍ അംഗീകരിക്കണം. അവര്‍ ഇതിനു തയ്യാറായാല്‍ ഒത്തുതീര്‍പ്പിന് തയ്യാറാണെന്നും ഇറാന് ഭരണകൂടം അറിയിച്ചു. ഇറാന്റെ ആണവപരീക്ഷണ പദ്ധതി അവസാനഘട്ടത്തിലെത്തിയതിനാലാണ് പാശ്ചാത്യലോകം മനപ്പൂര്‍വം അനുമതി വൈകിപ്പിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി രഞ്ജന്‍ മത്തായിയുമായി പത്താംവട്ട ചര്‍ച്ചയ്ക്കെത്തിയതായിരുന്നു അരാഗ്ചി.
മുമ്പുണ്ടായിരുന്നതില്‍ നിന്നും അളവില്‍ 40ശതമാനം കുറച്ചാണ് ഇന്ത്യ ഇപ്പോള്‍ ഇറാനില്‍ നിന്നും എണ്ണ ഇറക്കുമതി ചെയ്യുന്നത്. തുര്‍ക്കി വഴിയാണ് ഇന്ത്യന്‍ കറന്‍സി കൈമാറ്റം ചെയ്തിരുന്നത്. യുഎസിന്റെ പുതിയ ഇടപെടലുണ്ടായാല്‍ ഇത് ഒരുപക്ഷേ നിലയ്ക്കും. അഫ്ഗാനിസ്ഥാനെയും മധ്യഏഷ്യയെയും നമ്മളുമായി ബന്ധിപ്പിക്കുന്ന ഇറാന്റെ ചാഹബാര്‍ പോര്‍ട്ടിന്റെ വികസനം നടപ്പാക്കണമെങ്കില്‍ ഇന്ത്യന്‍കറന്‍സി ഇത്തരത്തില്‍ കൈമാറ്റം ചെയ്യപ്പെടണം. ഇത് ഇപ്പോള്‍ ന്യൂദല്‍ഹിയുടെ ആവശ്യമായി മാറിയിരിക്കുകയാണ്.
ആണവലക്ഷ്യം പൂര്‍ത്തിയാക്കുന്നതിന് നയപരമായ നീക്കങ്ങള്‍ ഇറാന് നടത്തുന്നതിനിടെയാണ് ടെഹ്റാനെതിരായ നിലപാടുകള്‍ യൂറോപ്യന്‍ യൂണിയന് കര്‍ക്കശമാക്കിയത്. ഇറാന്റെ ബാങ്കിംഗ്, വ്യാപാര, ഊര്‍ജ മേഖലകളെ ലക്ഷ്യം വച്ച് യൂറോപ്യന്‍ യൂണിയന് തിങ്കളാഴ്ച ശക്തമായ മാനദണ്ഡങ്ങളാണ് കൊണ്ടുവന്നത്. ഇറാനില്‍ നിന്നും കപ്പല്‍ മാര്‍ഗം എണ്ണ, പെട്രോകെമിക്കലുകള്‍, പ്രകൃതിവാതകം എന്നിവ കൊണ്ടുപോകുന്നത് തടഞ്ഞിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന്റെ കപ്പലുകളോ ടാങ്കറുകളോ ഇറാനിയന്‍ എണ്ണ കൊണ്ടുപോകുകയില്ല.
ആണവനിര്‍വ്യാപന കരാറിനു കീഴില്‍ നിന്നുകൊണ്ട് ഇറാന് ആണവോര്‍ജം ഉത്പാദിപ്പിക്കണമെങ്കില്‍ നിലവിലെ ആണവപദ്ധതി കൂടുതല്‍ സുതാര്യമാക്കേണ്ടി വരും. എന്നാല്‍ തങ്ങളുടെ നീക്കം സമാധാനാവശ്യങ്ങള്ക്കാണെന്ന് ഇറാന് രാജ്യാന്തര സമൂഹത്തെ ശരിയായി ബോധിപ്പിക്കാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പുതിയ ഇറാനിയന്‍ സൈറ്റായ ഫോര്‍ഡോ പോലുള്ളവയ്ക്ക് ഇക്കാര്യത്തില്‍ ആരെയും വിശ്വാസത്തിലെടുക്കാന്‍ സാധിച്ചിട്ടില്ല. എന്തായാലും ഇറാന്റെ ആണവപദ്ധതികളെക്കുറിച്ച് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തത വരുത്തേണ്ടിയിരിക്കുന്നു.
ഇറാന്റെ ആണവപദ്ധതി ചിരവൈരികളായ സൗദി അറേബ്യയെ ആണവായുധങ്ങള്‍ സ്വായത്തമാക്കാന്‍ പ്രേരിപ്പിക്കുമെന്നും അതിനെ ഈജിപ്തും തുര്‍ക്കിയും പിന്തുടരുമെന്നും ചൂണ്ടിക്കാട്ടിയാണ് ഇന്ത്യ എതിര്‍ക്കുന്നത്. ഇറാനിലെ സാധാരണക്കാരെ ബാധിക്കുന്ന തരത്തില്‍ അമേരിക്കയും യൂറോപ്യന്‍ യൂണിയനും ഇക്കാര്യത്തില്‍ പിന്തുടരുന്ന നയം തന്നെയാണ് ഇന്ത്യയും സ്വീകരിച്ചിരിക്കുന്നത്. പരമോന്നത ഇറാനിയന്‍ ആത്മീയ നേതാവ് അയത്തൊള്ള ഖൊമേനി ആണവായുധങ്ങള്‍ക്കെതിരെ പുറപ്പെടുവിച്ച ഫത്വ ചൂണ്ടിക്കാട്ടി തങ്ങള്‍ ഒരിക്കലും ആണവായുധങ്ങള്‍ നിര്‍മിക്കില്ലെന്നും അരാഗ്ചി ഊന്നിപ്പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: