ജീവാത്മാക്കളില്‍ കാണുംവിധം ഈശ്വരന് ഇച്ഛയില്ല. അപ്രാപ്തവും ഉത്തമവും ലഭിച്ചാല്‍ വിശേഷസുഖം നല്കുന്നതുമായതിനാലാണ് ഇച്ഛയുണ്ടാകുന്നത്. അങ്ങനെയൊന്നില്‍ ഈശ്വരന് ഇച്ഛയുണ്ടാകുമോ? ഈശ്വരന് അലഭ്യമോ ശ്രേഷ്ഠമോ ആയ യാതൊന്നുമില്ല. സമ്പൂര്‍ണ സുഖയുക്തനാകയാല് സുഖത്തിലും അഭിലാഷമില്ല. അതിനാല്‍ ഈശ്വരനില്‍ ഇച്ഛയുണ്ടാവുക സംഭവ്യമല്ല. എന്നാല്‍ ഈ ക്ഷണം – അഥവാ സര്‍വവിധ വിദ്യകളുടെ ദര്‍ശനവും സകല സൃഷ്ടിജാലങ്ങളുടെ നിര്‍മാണവും – ഈശ്വരങ്കല്‍ ഉണ്ട്. സ്വയംഭൂവും സര്‍വവ്യാപിയും ശുദ്ധനും സനാതനനും നിരാകാരനുമായ ഈശ്വരന് സനാതനരും ജീവാത്മാക്കളുമായ പ്രജകളുടെ നന്മയ്ക്കായി വേദങ്ങള്‍ മുഖേന സകല വിദ്യകളേയും യഥാതഥമായി വിധിപൂര്‍വ്വം ഉപദേശിക്കുന്നു. ഈശ്വരന് നിരാകാരനാണെങ്കില് മുഖമില്ലാത്തതുകൊണ്ട് അക്ഷരങ്ങള്‍ ഉച്ചരിക്കുവാനും വേദവിദ്യ ഉപദേശിക്കുവാനും എങ്ങനെസാധിച്ചു? അക്ഷരങ്ങള്‍ ഉച്ചരിക്കുന്നതിന് താലുമുതലായ സ്ഥാനങ്ങളും ജിഹ്വാപ്രയത്നവും അത്യന്താപേക്ഷിതമല്ലേ എന്ന് ചിന്തിച്ചേക്കാം.
ഈശ്വരന് സര്‍വശക്തനും സര്‍വവ്യാപിയുമാകയാല്‍ സ്വവ്യാപ്തിമൂലം ജീവാത്മാക്കള്‍ക്കു വേദവിദ്യ ഉപദേശിക്കുന്നതിനു മുഖത്തിന്റേയും മറ്റും ആവശ്യമേയില്ല. മുഖംകൊണ്ടും ജിഹ്വകൊണ്ടും വര്‍ണോച്ചാരണം ചെയ്യുന്നത് മറ്റൊരാളെ പഠിപ്പിക്കുവാനാണ്. സ്വയം മനസ്സിലാക്കാനല്ല. മുഖം ,ജിഹ്വ എന്നിവ പ്രയത്നിക്കാതെ അനേക വിഷയങ്ങളേപ്പറ്റിയുള്ള വിചാരങ്ങളും ശബ്ദോച്ചാരണങ്ങളും മനസ്സില്‍ നടന്നുകൊണ്ടിരിക്കുന്നു. കൈവിരലുകള്‍ക്കൊണ്ടു ചെവി അടച്ചുപിടിക്കുക, മുഖം, ജിഹ്വ , താലു മുതലായവകൂടാതെ തന്നെ ശബ്ദം ഉണ്ടാകുന്നതെങ്ങനെയാണെന്ന് മനസ്സിലാകും. അതേവിധത്തില്‍ തന്നെയാണ് ഈശ്വരന് അന്തര്യാമിയായിരുന്ന് ജീവാത്മാക്കള്‍ക്ക് ഉപദേശം നല്‍കിയത്. മറ്റുള്ളവരെ പഠിപ്പിക്കാന്‍ മാത്രമാണ് ഉച്ചരിക്കേണ്ടത്. നിരാകാരനും സര്‍വവ്യാപിയുമായ ഈശ്വരന് വേദവിദ്യയെ സംബന്ധിച്ച ഉപദേശങ്ങളെല്ലാം ജീവാത്മാവിലുള്ള സ്വസത്തയാല്‍ ജീവാത്മാക്കളെ ബോധിപ്പിക്കുകയാണ് ചെയ്യുന്നത്. പിന്നീടു മനുഷ്യന് ആഉപദേശത്തെ വാ കൊണ്ട് ഉച്ചരിച്ച് മറ്റുള്ളവരെകേള്പ്പിക്കുന്നു.
മഹര്‍ഷി ദയാനന്ദസരസ്വതി
പ്രതികരിക്കാൻ ഇവിടെ എഴുതുക: