ന്യൂദല്‍ഹി: റോബര്‍ട്ട് വധേരയും ഡി എല്‍ എഫുമായുള്ള അവിശുദ്ധ ബന്ധത്തിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവരുന്നു. രാജ്യത്തെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ഡിഎല്‍എഫില്‍ നിന്ന് വധേര 41 ഫ്ലാറ്റുകള്‍ വാങ്ങിയതായാണ് പുതിയ വെളിപ്പെടുത്തല്‍. പിന്നീട് ഇവയില്‍ മിക്കതും ലാഭത്തില്‍ വിറ്റുവെന്നാണ് പറയുന്നത്. വധേരയുടെ നിയന്ത്രണത്തിലുള്ള സ്കൈ ലൈറ്റ് ഹോസ്പ്പിറ്റാലിറ്റിയാണ് ഡി എല്‍ എഫുമായി ഇടപാടുകള്‍ നടത്തിയത്. 11.9 കോടി രൂപ നല്‍കിയാണ് ബുക്കിങ് വേളയില്‍ തന്നെ 41 ഫ്ലാറ്റുകളും വധേര വാങ്ങിയത്.
ഡി എല്‍ എഫും വധേരയും തമ്മില്‍ നടത്തിയ ഞെട്ടിക്കുന്ന സാമ്പത്തിക ഇടപാടുകളാണ് കഴിഞ്ഞ പത്ത് ദിവസമായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ബുക്കിങ് സമയത്തുതന്നെ കുറഞ്ഞ വിലയ്ക്ക് സ്വന്തമാക്കിയ ഫ്ലാറ്റുകള്‍ പിന്നീട് വന്‍ ലാഭത്തില്‍ വില്‍ക്കുകയായിരുന്നു. ഗുഡ്ഗാവിലെ അറാലിയാസ് മഗ്നോളിയാസ്, ദല്‍ഹി മോട്ടിനഗറിലെ ക്യാപ്പിറ്റല്‍ ഗ്രീന്‍സ് എന്നീ മൂന്ന് പദ്ധതികളില്‍ നിന്നാണ് വധേര ഫ്ലാറ്റുകള്‍ വാരിക്കൂട്ടിയത്. 2009 -2010 കാലയളവിലാണ് ഫ്ലാറ്റിടപാടുകള് നടക്കുന്നത്. വധേരയില്‍ നിന്ന് ഡിഎല്‍എഫ് വാങ്ങിയ 3.5 ഏക്കര്‍ ഭൂമിയ്ക്ക് നല്കിയ അഡ്വാന്‍സ് തുകയില്‍ നിന്നാണ് ഫ്ലാറ്റ് ബുക്ക് ചെയ്യാനുള്ള 58കോടി കണ്ടെത്തിയത്. വാങ്ങിയതില്‍ രണ്ട് ഫ്ലാറ്റുകള്‍ ഇപ്പോഴും വധേരയുടെ കൈവശമുണ്ട്. വധേര ഫ്ലാറ്റുകള്‍ വാങ്ങിയതിന് തെളിവുണ്ടെന്ന് ഡി എല്‍ എഫ് വക്താവ് തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. പിന്നീട് അടക്കാനുണ്ടായിരുന്ന ഏഴ് കോടി വധേര അടച്ചുവെന്നും അദ്ദേഹം പറഞ്ഞു. 2010 -2011 കാലയളവിലാണ് ഈ ഫ്ലാറ്റുകള്‍ വധേര മറിച്ച് വില്‍ക്കുന്നത്.
ഡിഎല്‍എഫിലെ മഗ്നോളിയാസ് എന്ന കമ്പനിയില്‍ നിന്ന് 15 അപ്പാര്‍ട്ട്മെന്റുകളാണ് വധേര ബുക്ക് ചെയ്തത്. ഇതില്‍ 13 അപ്പാര്‍ട്ട്മെന്റുകള്‍ വധേര മറിച്ച് വിറ്റു. രണ്ടെണ്ണം ഇപ്പോഴും വില്‍ക്കാനുണ്ട്.
എന്നാല്‍ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഇത്തരം ഇടപാടുകള്‍ സര്‍വസാധാരണമാണെന്നാണ് വിദഗ്ധരുടെ വിശകലനം. നിരവധി ഫ്ലാറ്റുകള്‍ ഒരുമിച്ച് വാങ്ങിച്ച് വില കൂട്ടി വില്‍ക്കുന്നതാണ് ഈ മേഖലയുടെ പ്രത്യേകതയെന്നും ഇവര്‍ പറയുന്നു. വധേര ഇതില്‍ ഒരാള്‍ മാത്രമെന്നാണ് ഇവരുടെ നിലപാട്.
ഡി എല്‍എഫും വധേരയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് പുറത്ത് കൊണ്ടുവന്നത് വിവരാവകാശ പ്രവര്ത്തകന് അരവിന്ദ് കേജ്രിവാളാണ്. ഇടപാടുകളെക്കുറിച്ച് കേജ്രിവാള് അന്വേഷണം ആവശ്യപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: