തിരുവനന്തപുരം: വിളപ്പില്‍ശാല മാലിന്യപ്ലാന്റിനെതിരെ ബഹുമുഖ സമരത്തിന് ജനങ്ങള്‍ തയ്യാറെടുക്കുന്നു. പഞ്ചായത്ത് പ്രസിഡന്റ് ശോഭനാകുമാരിയുടെ നിരാഹാരം മൂന്നാംദിവസത്തിലേക്ക് കടക്കുന്നു. സ്ത്രീകളടക്കം ആയിരക്കണക്കിനാളുകളാണ് സമരത്തില്‍ സമരത്തിനിരിക്കുന്നത്. പ്ലാന്റ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് ബുധനാഴ്ച സെക്രട്ടറിയേറ്റ് മാര്‍ച്ച് നടക്കും. ഇന്നുമുതല്‍ അനിശ്ചിതകാലത്തേക്ക് പ്രദേശത്തെ വ്യാപാരസ്ഥാപനങ്ങളും സര്‍ക്കാര്‍ സ്ഥാപനങ്ങളുമടക്കം പൂട്ടിയിടാന്‍ തീരുമാനച്ചിരിക്കുകയാണ്.
കോണ്‍ഗ്രസും സിപിഎമ്മും ജനങ്ങള്‍ക്കെതിരായ നീക്കത്തില്‍ കൈകോര്‍ത്തത് ഇതിനകം തിരിച്ചറിയാനായി എന്നതാണ് ഇപ്പോഴത്തെ പ്രത്യേകത. ആളുറങ്ങിക്കിടക്കുമ്പോള് യന്ത്രസാമഗ്രികള്‍ എത്തിച്ചത് നഗരസഭ അറിഞ്ഞുകൊണ്ടാണ്. എന്നാല്‍ സ്ഥലം എംഎല്‍എയും ഡെപ്യൂട്ടി സ്പീക്കറുമായ എന്‍.ശക്തന്റെ നിലപാട് അതിവിചിത്രമാണ്. രാത്രി സര്‍ക്കാരിനോടൊപ്പവും പകല്‍ നാട്ടുകാരോടൊപ്പവും ചേര്‍ന്ന് ഇരട്ടത്താപ്പാണ് അദ്ദേഹത്തിന്റെ ആശ്രയം. മലിനീകരണം നീക്കാനുള്ള യന്ത്രം പോലീസ് സന്നാഹങ്ങളുമായി തന്റെ മണ്ഡലത്തില്‍പ്പെട്ട വിളപ്പില്ശാലയിലെത്തുന്നത് അറിഞ്ഞില്ലെന്ന് പറയുന്നത് കഴിവുകേടായി നാട്ടുകാര്‍ വിലയിരുത്തുന്നു.
വിളപ്പില്‍ശാല ചവര്‍ ഫാക്ടറി തുറന്നുപ്രവര്ത്തിപ്പിക്കരുതെന്നാണ് ഡെപ്യൂട്ടി സ്പീക്കര്‍ എന്‍. ശക്തന് ഇപ്പോള്‍ ആവശ്യപ്പെടുന്നത്. നഗരത്തിലെ മാലിന്യം നഗരത്തില്‍ തന്നെ ആധുനികസംവിധാനങ്ങള്‍ ഉപയോഗിച്ചു സംസ്കരിക്കുകയാണു വേണ്ടത്. ഇത്രകാലമായിട്ടും നഗരസഭ ബദല്സംവിധാനത്തിനുള്ള നടപടി സ്വീകരിച്ചിട്ടില്ലെന്നും ശക്തന് പറഞ്ഞു.വിളപ്പില്‍ശാലയില്‍ തന്നെ മാലിന്യം സംസ്കരിക്കണമെന്ന പിടിവാശിയാണ് നഗരസഭയ്ക്കുള്ളത്. ഇതിനു പിന്നില്‍ വേറെ ചില ലക്ഷ്യങ്ങളാണുള്ളത്. നഗരത്തിലെ ജനങ്ങളുടെ ജീവന്‍പോലെ പ്രധാനപ്പെട്ടതാണു വിളപ്പില്‍ പഞ്ചായത്തിലെ ജനങ്ങളുടെ ജീവനുമെന്ന് ഇപ്പോള്‍ ബോധോദയം വന്നിരിക്കുന്നു.
സര്‍ക്കാര്‍ വാക്ക് ലംഘിച്ചിരിക്കുകയാണെന്നും ഫാക്ടറി തുറന്നുപ്രവര്‍ത്തിക്കില്ല എന്ന ഉറപ്പ് ലഭിക്കാതെ സമരം പിന്‍വലിക്കില്ലെന്നും സംയുക്ത സമരസമിതി ചെയര്‍പഴ്സന്‍ കൂടിയായ പഞ്ചായത്ത് പ്രസിഡന്റ് എസ്.ശോഭനാകുമാരി അറിയിച്ചു. ജനങ്ങളെ ജീവിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ മരണം വരെ നിരാഹാരം കിടക്കുമെന്ന് അവര്‍ പറഞ്ഞു.
പുലര്‍ച്ചെ കള്ളന്മാര് മാത്രം പുറത്തിറങ്ങുന്ന നേരത്ത് യന്ത്രങ്ങള്‍ കൊണ്ടുവന്നത് സര്‍ക്കാരിന്റെ ഗതികേട് മാത്രമാണെന്ന് ജനകീയസമരസമിതി പ്രസിഡന്റ് ബുര്‍ഹാന്‍ പറഞ്ഞു. സമരത്തിന്റെ വിജയമാണ് ഇതു കാണിക്കുന്നത്. ഒരു ചവര്വണ്ടി പോലും ഇവിടെ എത്താന്‍ സമ്മതിക്കില്ല. നാട്ടുകാരുടെ ഐക്യം തകര്‍ക്കാനുള്ള സര്‍ക്കാരിന്റെയും കോര്‍പറേഷന്റെയും ശ്രമം പരാജയപ്പെട്ടതായും നാട്ടുകാര്‍ ഒറ്റക്കെട്ടായി സമരം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതി വിധിയാണ് വിളപ്പില്‍ശാലയില്‍ നടപ്പാക്കിയതെന്ന് ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അവകാശപ്പെട്ടു. കോടതി നടപടിക്കും ജനങ്ങളുടെ അവകാശങ്ങള്‍ക്കുമിടയില്‍ സര്‍ക്കാരിനു കൈക്കൊള്ളാനാവുന്ന ഉചിതമായ നടപടിയാണ് വിളപ്പില്‍ശാലയില്‍ സ്വീകരിച്ചതെന്നാണ് മന്ത്രി വിശദീകരിക്കുന്നത്.
കേരള പോലീസിനു കഴിയില്ലെങ്കില്‍ കേന്ദ്രസേനയെ വിളിക്കട്ടെയെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടിരുന്നു. നിലവില്‍ ആ പ്രദേശത്തു ഗുണകരമായ നടപടിയാണു കൈക്കൊണ്ടിരിക്കുന്നത്. സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഒന്നും അടിച്ചേല്‍പ്പിക്കുന്ന നിലപാടില്ല. സര്‍ക്കാര്‍ സൗഹാര്‍ദപരമായി മുന്നോട്ടുപോകാനാണു ശ്രമിച്ചുവരുന്നത്. എന്നാല്‍ കോടതി നിര്‍ദേശത്തിന്റെ സാഹചര്യത്തില്‍ ഉദ്യോഗസ്ഥരെ കോടതിയലക്ഷ്യ നടപടികളിലേക്കു വലിച്ചിഴയ്ക്കാതിരിക്കാനുള്ള നടപടിയാണ് കൈക്കൊണ്ടതെന്നും മന്ത്രി പറഞ്ഞു.നഗരത്തിലെ മാലിന്യപ്രശ്നം പരിഹരിക്കാന്‍ സര്‍വകക്ഷി യോഗം ചേരുമെന്നു നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലി പറഞ്ഞു.
യോഗം എന്നു ചേരണമെന്നു കക്ഷി നേതാക്കളുമായും പരിസ്ഥിതി സംഘടനകളുമായും ആലോചിച്ചു തിങ്കളാഴ്ച തീരുമാനിക്കും. അതുവരെ പാറമടകളിലേക്കു മാലിന്യം കൊണ്ടുപോകാനുള്ള പദ്ധതി താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്നും മന്ത്രി അറിയിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: