കൊച്ചി: ക്രൂസ് ടൂറിസം കുതിപ്പിനൊരുങ്ങുന്നു. വിദേശവിനോദ സഞ്ചാരികളെ എതിരേല്ക്കുന്നതിന് കരയിലെന്നപോലെ കടല്‍ തീരങ്ങളിലും സൗകര്യമൊരുങ്ങുകയാണ്. കടല്‍പ്പരപ്പിലൂടെ ഒഴുകിയെത്തുന്ന നക്ഷത്രസൗധങ്ങളായ വിദേശവിനോദസഞ്ചാര കപ്പലുകളെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ് ക്രൂസ് ടെര്‍മിനലുകളും സൗകര്യങ്ങളും. ആഡംബര നൗകകളെ ആകര്‍ഷിക്കാനും വരവേല്‍ക്കാനുമുള്ള അടിസ്ഥാനസൗകര്യമൊരുക്കുന്നതടക്കമുള്ള വികസന പദ്ധതികളാണ് ഇന്ത്യയിലൊരുങ്ങുന്നത്. ഇന്ത്യയിലെ മേജര്‍ തുറമുഖങ്ങളടക്കമുള്ളവ കേന്ദ്രീകരിച്ച് ഗതിവേഗ മുന്നേറ്റത്തിനൊരുങ്ങുകയാണ് കേന്ദ്ര ടൂറിസം വകുപ്പും-ക്രൂസ് ടൂറിസം മേഖലയും. രാജ്യത്തെ സുപ്രധാന തുറമുഖങ്ങള്‍ കേന്ദ്രീകരിച്ചുള്ള ക്രൂസ് ടെര്‍മിനല്‍ സൗകര്യമൊരുക്കുന്നതില്‍ കൊച്ചി തുറമുഖം മുന്നേറ്റം പ്രകടമാക്കിക്കഴിഞ്ഞു. രാജ്യത്ത് ഏറ്റവുമധികം വിദേശ വിനോദസഞ്ചാര കപ്പലുകളെത്തുന്ന കൊച്ചി തുറമുഖത്ത് ക്രൂസ് ടൂറിസം വികസനത്തിനായി അടിസ്ഥാന സൗകര്യമൊരുക്കുന്നതിന്റെ പ്രാഥമിക ഘട്ടം പിന്നിട്ടു കഴിഞ്ഞു.
കടലിന്റെ വിരിമാറിലൂടെ ഒഴുകി നടക്കുന്ന പഞ്ചനക്ഷത്ര സൗകര്യങ്ങളുള്ള വിനോദസഞ്ചാര നൗകകളുടെ-കപ്പലുകളുടെ-സ്റ്റോപ്പ് ഓവര്‍ കേന്ദ്രങ്ങളാക്കി ഇന്ത്യന്‍ തുറമുഖങ്ങളെ മാറ്റുകയാണ് ക്രൂസ് ടൂറിസം വികസനപദ്ധതി ലക്ഷ്യമിടുന്നത്. കൊച്ചിയ്ക്കൊപ്പം ഗോവ, മുംബൈ, ചെന്നൈ തുറമുഖങ്ങള്‍ കേന്ദ്രീകരിച്ച് വന്‍ പദ്ധതികളാണ് കേന്ദ്ര ടൂറിസം ഷിപ്പിംഗ് മന്ത്രാലയങ്ങളൊരുക്കുന്നത്. കൂടാതെ മംഗലാപുരം, തൂത്തുക്കുടി, കല്‍ക്കത്ത, വിശാഖപട്ടണം തുറമുഖങ്ങളെ ബന്ധപ്പെടുത്തിക്കൊണ്ടുള്ള പാക്കേജുകളും വികസന പദ്ധതിയിലിടം തേടുന്നുണ്ട്.
2000 കോടിയിലേറെ രൂപയുടെ വികസന പദ്ധതികളാണ് വിനോദസഞ്ചാരികള്‍ക്കായി കരയിലും തീരദേശത്തും ടൂറിസം വകുപ്പ് വിഭാവനം ചെയ്യുന്നത്. 2012-17 കാലഘട്ടത്തെ പഞ്ചവത്സര പദ്ധതിയില്‍ ടൂറിസത്തിനായി പ്രത്യേക ഊന്നല്‍ നല്കിയതും ഇതിന്റെ പ്രതിഫലനമാണെന്നാണ് വിലയിരുത്തുന്നത്. ടൂറിസം യാത്രികരെ ആകര്ഷിക്കുന്നതിനോടൊപ്പം തൊഴിലവസര സൃഷ്ടിയും വിദേശനാണയ ശേഖരണവും ചരിത്ര-സാംസ്ക്കാരിക കൈമാറ്റവും ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് ക്രൂസ് ടൂറിസം പദ്ധതികള്‍. പറന്നെത്തുന്ന വിനോദ സഞ്ചാരികളുടെ കുതിപ്പിലെന്നപോലെ ഒഴുകിയെത്തുന്ന സഞ്ചാരികള്‍ക്കുമായുള്ള വികസനവും പദ്ധതി ലക്ഷ്യമിടുന്നുണ്ട്. ലോകത്ത് ക്രൂസ് ടൂറിസം മേഖലയിലെ സഞ്ചാരികളുടെ ഒരു ശതമാനത്തില്‍ താഴെ മാത്രമേ ഇന്ത്യയിലെത്തുന്നുള്ളൂവെന്നാണ് കണക്ക്. പ്രതിവര്‍ഷം ശരാശരി 8-15 ശതമാനംവരെ വളര്‍ച്ച രേഖപ്പെടുത്തുന്ന ക്രൂസ് ടൂറിസം മേഖലയില്‍ 2011 ലാണ് ഒരുലക്ഷം വിദേശികളെന്ന സംഖ്യ പിന്നിട്ടത്. ആഗോളതലത്തില്‍ പ്രതിവര്‍ഷം 12 ദശലക്ഷത്തോളം വിനോദസഞ്ചാരികള്‍ കടല്‍ മാര്‍ഗ്ഗം ലോകം ചുറ്റുന്നുവെന്നാണ് കണക്കാക്കുന്നത്. ഇതില്‍ നല്ലൊരു ശതമാനം സഞ്ചാരികളെ ആകര്ഷിക്കുവാനുള്ള ശ്രമങ്ങളാണ് ക്രൂസ് ടൂറിസം ലക്ഷ്യമിടുന്നത്.
രണ്ടുപതിറ്റാണ്ടിന്റെ പ്രവര്‍ത്തന പാരമ്പര്യമാണ് ക്രൂസ് ടൂറിസത്തില്‍ കൊച്ചിയ്ക്കുള്ളത്. ചരിത്രതാളുകളില്‍ ഒട്ടേറെ വിദേശികള്‍ വ്യാപാര വാണിജ്യ ലക്ഷ്യവുമായും അധികാര-മതപ്രചരണം ലക്ഷ്യമാക്കിയും കടലിലൂടെ കപ്പല്‍ മാര്‍ഗ്ഗം കൊച്ചിയിലെത്തിയിട്ടുണ്ടെങ്കിലും വിനോദസഞ്ചാരത്തിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞുള്ള മുന്നേറ്റം 90 കളിലാണ് കണ്ടുതുടങ്ങിയത്. തുറമുഖ നഗരിയും അന്താരാഷ്ട്ര വിമാനത്താവളവും വിവിധതല ടൂറിസം പാക്കേജുകളും സീസണ് ടൂറിസവും പ്രകൃതി-കാലാവസ്ഥ രമണീയതയുമെല്ലാം ക്രൂസ് ടൂറിസം ആകര്‍ഷണീയതക്ക് കൊച്ചിക്ക് മുതല്‍ക്കൂട്ടായി മാറുകയാണ് ചെയ്തത്. അന്തര്‍ദ്ദേശീയ കപ്പല്‍ ഗതാഗത ചാലില്‍നിന്നുള്ള കുറഞ്ഞ അകലവും ചരിത്ര-പൗരാണിക-വാസ്തുശില്‍പ്പ-രാജകീയ-കൊളോണിയല്‍ ഭരണ സ്മൃതികളുമെല്ലാം കൊച്ചിയെ അന്താരാഷ്ട്ര ടൂറിസം ഭൂപടത്തില്‍ ശ്രദ്ധേയ കേന്ദ്രമാക്കി മാറ്റുകയും ചെയ്തു. ഇതിന്റെ സാധ്യതകള്‍ തിരിച്ചറിഞ്ഞുകൊണ്ടുള്ള വികസനം ലക്ഷ്യമിട്ടതാണ് ക്രൂയീസ് ടൂറിസത്തില്‍ കൊച്ചിയുടെ നേട്ടവും.
95 ല്‍ രണ്ടു ചെറു വിനോദസഞ്ചാര കപ്പലുകളെത്തിയ കൊച്ചി തുറമുഖത്ത് 96-97 ല്‍ 13 ക്രൂയീസ് കപ്പലുകളാണെത്തിയത്. 97-98 ല്‍ ഇത് 21 ഉം 98-99 ലിത് 20 ഉം 99-2000 ത്തിലിത് 23 കപ്പലുകളുമായി വര്‍ധിച്ചു. തുടര്‍ന്നുള്ള ഓരോ വര്‍ഷവും കപ്പലുകളുടെ എണ്ണത്തില്‍ ക്രമേണ നേരിയ വര്‍ധന രേഖപ്പെടുത്തിയെങ്കിലും കൊച്ചി തീരത്തെത്തുന്ന കപ്പലുകള്‍ ആഗോള ശ്രദ്ധയാകര്‍ഷിച്ച പഞ്ചനക്ഷത്ര നൗകകളാണെന്നത് ക്രൂയീസ് ടൂറിസത്തിന്റെ കുതിപ്പാണ് പ്രകടമാക്കിയിരുന്നത്.
1995 ല്‍ 1000 ത്തില്‍ താഴെ വിദേശസഞ്ചാരികളാണ് ക്രൂസ് ടൂറിസത്തിലൂടെ കേരളത്തിലെത്തിയതെങ്കില്‍ 2000 ത്തിലിത് 10,000 ആയി കുതിച്ചുയരുകയും ചെയ്തു. 2003-04 ല്‍ 55 വിദേശ വിനോദസഞ്ചാര കപ്പലുകളിലായി 34372 പേര് ഇന്ത്യയിലെത്തിയപ്പോള്‍, ഇതേ വര്‍ഷം കൊച്ചിയില്‍ 18 കപ്പലുകളിലായി എത്തിയ സഞ്ചാരികള്‍ 12000 ത്തോളമാണെന്നാണ് കണക്കാക്കുന്നത്. 2008-09ല്‍ 106 ക്രൂസ് കപ്പലുകള്‍ ഇന്ത്യയിലെത്തിയപ്പോള്‍ കൊച്ചിയിലെത്തിയത് 37 എണ്ണമാണ്. മൂന്നിലൊന്ന്! 2008 ല്‍ ലോകശ്രദ്ധേയ കായിക വിനോദമായ വോള്‍വോ ഓഷ്യന്‍ റെയ്സിന് ഡിസംബറില്‍ കൊച്ചി ആതിഥ്യമരുളുക കൂടി ചെയ്തതോടെ ആഗോള വിനോദസഞ്ചാര മേഖലയില്‍ കൊച്ചി പരിചിത ടൂറിസം കേന്ദ്രമായി പ്രചാരം നേടുകയും ചെയ്തു. ക്രൂസ് ടൂറിസം രംഗത്തെ മുന്‍നിര ആഡംബര വിനോദസഞ്ചാര കപ്പലുകളായ ക്യൂന്മേരി, വിക്ടോറിയ-2, ക്യൂന്‍ മേരി-2, സ്റ്റാര്‍ ഫ്ലേയര്, എഡകര ക്യൂന്‍ എലിസബത്ത് തുടങ്ങിയവ തങ്ങളുടെ ആഗോള ടൂറിസം പാക്കേജുമായി കൊച്ചിയില്‍ നങ്കൂരമിട്ടപ്പോള്‍ ഇന്ത്യന്‍ ടൂറിസം മേഖലയ്ക്ക് ‘കൊച്ചി ക്രൂസ് ടൂറിസം’ വന്‍ നേട്ടമാണുണ്ടാക്കി നല്‍കിയത്.
ക്രൂസ് ടൂറിസത്തില്‍ കൊച്ചി വന്‍ മുന്നേറ്റത്തിനൊരുങ്ങുകയാണ്. അന്താരാഷ്ട്ര നിലവാരത്തിലുള്ള അടിസ്ഥാന സൗകര്യങ്ങളൊരുക്കി ക്രൂസ് കപ്പലുകള്‍ക്ക് ടെര്‍മിനല്‍ സൗകര്യവും ഇളവുകളും നല്‍കിക്കൊണ്ടുള്ള ആകര്‍ഷണീയതയും കൊച്ചി ഒരുക്കിക്കഴിഞ്ഞു. കൊച്ചി തുറമുഖത്ത് കപ്പല്‍ ബെര്‍ത്തിന് സമീപം വിശാലമായ പാസഞ്ചര്‍ ഫെസിലിറ്റേഷന്‍ സെന്റര്‍ നിര്‍മിച്ച് വിനോദസഞ്ചാരികളുടെ നടപടിക്രമങ്ങള്‍ ദ്രുതഗതിയിലാക്കുന്നതിന് ഏകജാലക സംവിധാന രീതിയില്‍ കസ്റ്റംസ് എമിഗ്രേഷന്‍ നടപടികള്‍ക്കായി പ്രത്യേക സംവിധാനമൊരുക്കിയാണ് സെന്റര്‍ പ്രവര്‍ത്തിക്കുകയെന്ന് തുറമുഖ ട്രസ്റ്റ് വ്യക്തമാക്കിക്കഴിഞ്ഞു. വിദേശസഞ്ചാരികള്‍ക്ക് നാടുകാണുന്നതിനുള്ള സൗകര്യമൊരുക്കുന്നതിനൊപ്പം സാംസ്ക്കാരിക കലാ പ്രകടനങ്ങളുടെ അവതരണ സംവിധാനവും സെന്ററില്‍ ഒരുക്കുകയും ചെയ്യുന്നുണ്ട്.
2012 ല്‍ 44 വിനോദസഞ്ചാര കപ്പലുകളിലൂടെ 57,000 പേര് കൊച്ചി വഴി കേരളം കണ്ടുമടങ്ങിയപ്പോള്‍ നാടിന് ലഭിച്ചത് 14 ലക്ഷം ഡോളറിന്റെ വരുമാനമാണ്. അതായത് ഒരു കപ്പല്‍ സഞ്ചാരി ശരാശരി ചെലവഴിക്കുന്നത് 200 ഡോളര്‍ എന്ന കണക്ക്. കൂടാതെ 5,000 ത്തോളം വാഹനങ്ങളിലൂടെ 10,000 ത്തിലേറെ തൊഴിലവസരം, ഏജന്‍സികളിലൂടെ 3000 ത്തോളം തൊഴില്‍ സാധ്യതകള്‍ എന്നിവയും നേട്ടമായുണ്ടായി. സംസ്ഥാന സര്‍ക്കാരിന് ഇതിലൂടെ 60 കോടി രൂപ വരുമാനമുണ്ടായപ്പോള്‍, കൊച്ചി തുറമുഖത്തിന് (ഇളവ് നല്‍കിയിട്ടും) പത്ത് കോടി രൂപയും ലഭിച്ചു. 2012-13 ടൂറിസം വര്‍ഷത്തില്‍ 55 കപ്പലുകളാണ് കൊച്ചിയിലെത്തുക. ഇതിലൂടെ ഇന്ത്യ കാണുവാനെത്തുന്ന വിദേശികള്‍ 65,000 ത്തിലും ഏറെയായിരിക്കുമെന്നാണ് കണക്ക്. കൊച്ചിക്ക് ഒപ്പം ഗോവയും മുംബൈയും ക്രൂസ് ടെര്‍മിനല്‍ സൗകര്യമൊരുക്കുന്നതിന്റെ പാതയിലാണ്. ആഗോള ടൂറിസം കേന്ദ്രങ്ങളുമായി ബന്ധിപ്പിച്ച് കൂടുതല്‍ പാക്കേജുകളൊരുക്കുന്നതിലും അതില്‍ കൊച്ചി ഉള്‍പ്പെടുത്തുന്നതിലും കൂടുതല്‍ ടൂര്‍ ഓപ്പറേറ്റര്‍മാരും രംഗത്തെത്തിക്കഴിഞ്ഞു. ഇത് കൊച്ചിക്ക് ക്രൂസ് ടൂറിസത്തില്‍ വന്‍ കുതിപ്പാണുണ്ടാക്കുക.
എസ്.കൃഷ്ണകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: