ശിഷ്യന് എന്നാല്‍ ഗുരുവില്‍ സമര്‍പ്പിതമായവന്‍ എന്നാണര്‍ത്ഥം. ഗുരുവില്‍ സ്വയം സമര്പ്പിതമായവനാണ് യഥാര്ത്ഥശിഷ്യന്. അയാള്‍ സ്വന്തം മനസിന്റെ ഇഷ്ടാനിഷ്ടങ്ങളിലല്ല ജീവിക്കുന്നത്. നിഷ്കാമചിത്തര്ക്കാണ് സമര്‍പ്പണം സാദ്ധ്യമാകുക. അങ്ങനെയുള്ള ശിഷ്യനോടാണ് ഗുരുവിന് പ്രതിപത്തിയും അനുകമ്പയും ഉണ്ടാവുക.
ഗുരുവിന്റെ അനുകമ്പയ്ക്ക് പാത്രമാകുന്ന ശിഷ്യനാണ് ആന്തരികനവീകരണ പ്രവര്‍ത്തനങ്ങളില്‍ വിജയിക്കുന്നതും. ഉള്ളില്‍ അഹന്താലേശമില്ലായ്മയാണ് ശിഷ്യത്വത്തിന്റെ മാനദണ്ഡം. സമ്പൂര്‍ണമായ അഹന്താനിരാസത്തിലാണ് സമ്പൂര്‍ണമായ സമര്‍പ്പണം സാദ്ധ്യമാകുന്നത്. എല്ലാ ഭാരങ്ങളുമൊഴിഞ്ഞ് ശൂന്യപാത്രമായെങ്കില് മാത്രമേ അവന്റെ ഭാവി ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ ഗുരു തയ്യാറാവുകയുള്ളൂ.
സമര്‍പ്പണമെന്നാല്‍ ‘ഞാ’നിനെ ഉള്ളില്‍ നിന്ന് പൂര്‍ണമായി ഒഴിവാക്കുകയെന്നാണര്ത്ഥം. എന്നാല്‍ അത്രത്തോളം എത്താന്‍ കഴിയാത്തവര്‍ക്ക് ഗുരു കാരുണ്യപൂര്‍വ്വം അതിനുള്ള വഴിതെളിച്ചുകൊടുക്കുകയും ചെയ്യും. അഹംബോധം നിശേഷം മാഞ്ഞുപോയാലാണ് അസ്തിത്വബോധം ഉയര്‍ത്തെഴുന്നേല്‍ക്കുക. ഗര്വ്വിതചിത്തര്ക്കതിനാവില്ല. ഗര്വ്വിതചിത്തര് എന്നുപറഞ്ഞാല്‍ വിജൃംഭിതമായ അഹന്തയില്‍ വര്ത്തിക്കുന്നവര് എന്നാണര്‍ത്ഥം.
അതുപോലെ തന്നെ സന്ദേഹചിത്തര്ക്കും സമര്‍പ്പണം സാധ്യമല്ല. അതിനാല്‍ ഗുരുവിന് നമ്മെ പടിപടിയായ ശിക്ഷണങ്ങള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്. ശിഷ്യന്റെ മാനസിക വ്യതിയാനങ്ങളെ, അഥവാ വിചാരവ്യതിയാനങ്ങളെ ഗുരു സദാ നിരീക്ഷിച്ചുകൊണ്ടിരിക്കും. അഹം ബോധമൊഴിഞ്ഞ് സ്വതന്ത്രനാകുംവരെ ഗുരു കാത്തിരിക്കും. നാം ഒഴിഞ്ഞപാത്രമാകുംവരെ ശിക്ഷണം തുടരുകയും ചെയ്യും. കാരണം അപ്പോഴാണ് സമര്‍പ്പണം സാധ്യമാകുക.
ഘനീഭവിക്കപ്പെട്ട അഹംബോധവുമായി ശിഷ്യത്വത്തിനൊരുങ്ങരുത്. അഹംബോധവും ശിഷ്യത്വവും വ്യത്യസ്തമാനങ്ങളുള്ളതാണ്. അഹംബോധം നേര്ത്തില്ലാതായാലാണ് ശിഷ്യത്വം സാദ്ധ്യമാകുക. ശിഷ്യത്വം സാദ്ധ്യമാകുന്നിടത്ത് അഹംസ്ഫുരമം അസാദ്ധ്യമാകും. അഹത്തില്‍ വര്‍ത്തിക്കുക എന്നുപറഞ്ഞാല്‍ സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ക്ക് വഴങ്ങി വര്‍ത്തിക്കുക എന്നര്‍ത്ഥം.
ഇഷ്ടാനിഷ്ടങ്ങള്‍ നിലനില്‍ക്കുന്നിടത്തോളം സമര്പ്പിതഭാവത്തിന് സ്ഥാനമില്ല. എന്നാല്‍ ശിഷ്യത്വത്തിന് തയ്യാറായിക്കഴിഞ്ഞാല്‍ പിന്നെ ഞാന്‍ ഭാവത്തിനോ സ്വന്തം ഇഷ്ടാനിഷ്ടത്തിനോ യാതൊരു അര്ത്ഥവവുമില്ലാതെയാകും. വ്യക്ത്യഹത്തിന്റെ ശോഷണത്തിലൂടെ മാത്രമേ ശിഷ്യത്വം ശോഭിക്കൂ. ശിഷ്യനായിരിക്കുകയും ഒപ്പം വ്യക്ത്യഹം കാത്തുസൂക്ഷിക്കുകയും സാദ്ധ്യമല്ല. ഏതെങ്കിലും ഒന്നേ നിലനില്‍ക്കൂ. അതുപോലെ തന്നെ വ്യക്ത്യഹവും അസ്തിത്വവും വ്യത്യസ്തമാണ്. വ്യക്ത്യഹം ദേഹാധിഷ്ഠിതവും അസ്തിത്വം ആത്മാധിഷ്ഠിതവുമാണ്.
വ്യക്ത്യഹം ജഡാത്മകമെങ്കില്, അസ്തിത്വം ചേതനാത്മകമാണ്. വ്യക്ത്യഹം അഴിവെഴുന്നതാണെങ്കില്, അസ്തിത്വം അഴിവെഴാത്തതാണ് ഒന്ന് അസത്തായതും മറ്റത് സത്തായതുമാണ്. അല്ലും പകലും പോലെ രണ്ടും വിരുദ്ധസ്വഭാവമുള്ളതാണ്. നീരും നെരുപ്പുംപോലെ രണ്ടും തമ്മില്‍ അത്യന്തം ചേര്‍ച്ചയില്ലാത്തതാണ്. അതുപോലെ ശിഷ്യത്വവും അഹംബോധവും പരസ്പരം ഭിന്നമാണ്. സമര്‍പ്പിതനായ ഒരുവന് ചെയ്യുന്നതിലൊന്നും കര്ത്തൃത്വമുണ്ടാവുകയില്ല. കാരമം, അവിടെ അഹംസ്ഫുരണമുണ്ടാവുകയില്ല.
വ്യക്ത്യഹത്തെ നിലനിര്‍ത്തിക്കൊണ്ട് സമര്‍പ്പണം സാദ്ധ്യമാകില്ല. സമര്‍പ്പണത്തിന് ഭാഗികതയില്ല. അല്പാല്പമായി ഒരാള്‍ക്ക് സമര്പ്പിതനാകാനാകില്ല. അതുകൊണ്ടുതന്നെ സമര്‍പ്പമം ഒരിക്കല്‍ മാത്രമേ സാധിക്കൂ. ശിഷ്യത്വമെന്നാല്, വ്യക്ത്യഹത്തിന്റെ സമ്പൂര്‍ണ നിരാസമെന്നാണര്ത്ഥം. അതുസംഭവിച്ചു കഴിഞ്ഞാലാണ് ശിഷ്യന് അസ്തിത്വത്തിലുണരുക. അസ്തിത്വത്തിന് സ്ഥലപരിധിയോ കാലപരിധിയോ ഇല്ല. അത് സര്‍വ്വഥാ സാര്‍വ്വത്രികമാണ്. എന്നാല്‍ അഹംസ്ഫുരണത്തിന്റെ അഭാവത്തിലാണ് അസ്തിത്വത്തിന്റെ നിറവ് അനുഭവപ്പെടുക.
സ്വാമി തുരീയാമൃതാനന്ദ പുരി
പ്രതികരിക്കാൻ ഇവിടെ എഴുതുക: