കേരളക്കരയുടെ 560 കിലോമീറ്റര്‍ ദൂരത്തിലധികം തീരദേശ മേഖലയായതിനാല്‍ ലക്ഷക്കണക്കിനാളുകള്‍ ഉപജീവനത്തിനും ഭക്ഷണത്തിനും ശരണമാക്കുന്നത് കടലിനെയാണ്. എന്നാല്‍ കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കടല്‍ നല്‍കുന്നത് കണ്ണീരിന്റെ നാളുകളാണ്. സുനാമിയും കൊടുങ്കാറ്റും കടല്‍ ക്ഷോഭവും മലിനീകരണവും കടലിനെയും മനുഷ്യരെയും അസ്വസ്ഥമാക്കിയിരിക്കുന്നു. ഇതിനുപുറമെയാണ് കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികള്‍ കടല്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. 2100 ആകുമ്പോഴേക്കും കടലിലെ ജലത്തിന്റെ താപനില 5 ഡിഗ്രി സെല്‍ഷ്യസെങ്കിലും വര്‍ധിക്കുമെന്നും 2080 ആകുമ്പോള്‍ സമുദ്ര നിരപ്പ് ഒരു മീറ്ററിന് തൊട്ടു താഴെവരെയെങ്കിലും ഉയരുമെന്നും ശാസ്ത്രലോകം കണക്കാക്കിയിരിക്കുന്നു. ഇത് കടല്‍ ജീവികളുടെ പ്രത്യുല്‍പ്പാദനശേഷിയേയും ഭക്ഷണലഭ്യതയേയും പലായനത്തേയും ആവാസവ്യവസ്ഥയേയും പ്രതികൂലമായി ബാധിക്കുമെന്നത് ഏതാണ്ടുറപ്പായി. മത്സ്യമേഖലയെ ആശ്രയിച്ച് ജീവിക്കുന്ന ലക്ഷക്കണക്കിനാളുകളുടെ ജീവിതമാണ് ഇതുമൂലം കീഴ്മേല്‍ മറിയുക. ലോകത്തെ കടലുകള്‍ അന്യോന്യം ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ ലോകവ്യാപകമായി പ്രശ്നം വ്യാപിക്കുമെന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ പ്രശ്നത്തിന്റെ വ്യാപ്തി ഏറെ വര്‍ധിക്കുക വികസ്വര രാജ്യങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെയാണ്. ഇന്ത്യയില്‍ കാലാവസ്ഥാ വ്യതിയാനത്തിന്റെ തീക്ഷ്ണത ഏറ്റവും കൂടുതല്‍ ബാധിക്കുക കേരളം പോലുള്ള സംസ്ഥാനങ്ങളെയാണ്.
കേരളത്തിലെ മിക്കവാറും വലിയ പട്ടണങ്ങള്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നിവയെല്ലാം കടല്‍ തീരത്തായതിനാല്‍ കടല്‍ ജലത്തിന്റെ തള്ളിക്കയറ്റം ഈ നഗരങ്ങളില്‍ രൂക്ഷമാക്കും. അഴുക്കുചാലുകളിലെ ഒഴുക്ക് കടലില്‍നിന്ന് കരയിലോട്ടാകും. കുടിവെള്ള സ്രോതസ്സുകളായ തോടുകളും പുഴകളും കിണറുകളും തടാകങ്ങളും ഉപ്പുമയമാകും. ജനങ്ങള്‍ കുടിവെള്ളത്തിനായി പരക്കം പായും. കടലിലെ മത്സ്യമേഖലയ്‌ക്ക് കാലാവസ്ഥാ വ്യതിയാനം മൂലം മാറ്റം വരുന്നതിനാല്‍ കടലോരമേഖല വറുതിയിലാകും. ഇവിടങ്ങളില്‍ കുടിവെള്ളം കിട്ടാക്കനിയാകും. കേരളത്തിലെ പടിഞ്ഞാറോട്ടൊഴുകുന്ന 41 നദികളിലേയ്‌ക്കും കടല്‍വെള്ളം പാഞ്ഞുകയറും. കൃഷി നശിക്കും. കൃഷി ഭൂമികള്‍ ഉപ്പുമയമാകും. കടല്‍ക്ഷോഭം കാലവര്‍ഷ ഇതര മാസങ്ങളിലും രൂക്ഷമാകും. മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവരുടെ ജീവന് നിരന്തരം ഭീഷണി ഉയരും. ചുഴലിക്കാറ്റും കൊടുങ്കാറ്റും ന്യൂനമര്‍ദ്ദവും പേമാരിയും കാലംതെറ്റി രൂപപ്പെട്ടുകൊണ്ടിരിക്കുന്ന കടല്‍ തീരം അസ്വസ്ഥമാക്കുന്ന കാലാവസ്ഥാ വ്യതിയാനം മത്സ്യമേഖലയില്‍ ഇരുട്ടു പടര്‍ത്തും. 2011 ല്‍ ഇന്ത്യയിലെ നാല് സംസ്ഥാനങ്ങളില്‍ നടത്തിയ പഠനങ്ങള്‍ നല്‍കുന്ന സൂചനകളാണിവ.
മഹാരാഷ്‌ട്രയിലെ മുംബൈ, താനെ ജില്ലകളും കേരളത്തിലെ ആലപ്പുഴ ജില്ലയും ആന്ധ്രാപ്രദേശിലെ കിഴക്കേ ഗോദാവരിയും വിശാഖപട്ടണവും പശ്ചിമബംഗാളിലെ തെക്കെ പര്‍ഗനാസ് ജില്ലയും പഠനവിധേയമാക്കിയിരുന്നു. ഇവിടങ്ങളിലെ കൊടുങ്കാറ്റ്, സുനാമി ബാധിത പ്രദേശങ്ങളും തീരപ്രദേശങ്ങളിലെ വീടുകളും ആളുകളുടെ സാക്ഷരതയും ആരോഗ്യവും ശുചിത്വവും മത്സ്യലഭ്യതയും കുടിവെള്ള ലഭ്യതയും മറ്റും പഠനവിധേയമാക്കിയിരുന്നു. സമുദ്രനിരപ്പിലെ ഉയര്‍ച്ച, സമുദ്രോപരിതല താപനില, സമുദ്രോപരിതല ഉപ്പ്, കാറ്റിന്റെ ഗതിയിലെ വ്യതിയാനം, ഋതുക്കളുടെ മാറ്റം, ദൈര്‍ഘ്യവ്യതിയാനം, മഴയുടെ അളവിലുള്ള മാറ്റം, പെട്ടെന്നുള്ള മഴ, പ്രകൃതി ദുരന്തങ്ങള്‍, ജലപ്രവാഹങ്ങളുടേയും തിരകളുടേയും ഓളങ്ങളുടെയും മാറ്റം തീരദേശ തിരമാലകളുടെ ശക്തിവ്യതിയാനം തുടങ്ങിയ കാതലായ പ്രശ്നങ്ങളാണ് കാലാവസ്ഥാ വ്യതിയാനം കടലിലും തീരങ്ങളിലും സൃഷ്ടിക്കുന്നത്. ഇത് കടലിന്റെ അടിത്തട്ടില്‍നിന്നുള്ള ചെളിയുടെ ഇളക്കത്തിനും ജലത്തിന്റെ സുതാര്യതയ്‌ക്കും മാറ്റം വരുത്തും. മണ്ണൊലിപ്പിനും തീരദേശമേഖലയുടെ ആകൃതിയ്‌ക്കും പ്രകൃതിയ്‌ക്കും വ്യത്യാസം വരുത്തുന്ന പല മാറ്റങ്ങള്‍ക്കും ഇത് കാരണമാകും. മലിനീകരണം രൂക്ഷമാകുന്നതിനും പ്ലവകസസ്യങ്ങളുടെ നാശത്തിനും കാരണമാകുന്ന കാലാവസ്ഥാ വ്യതിയാനം മത്സ്യലഭ്യതയെ സാരമായി ബാധിക്കും. മത്സ്യങ്ങളുടെ ആവാസവ്യവസ്ഥ നശിക്കുന്നതിനും പ്രജനനം തടയുന്നതിനും കാരണമായേക്കാവുന്ന മാറ്റങ്ങളാണ് കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്നത്.
മഹാരാഷ്‌ട്രയില്‍ മാത്രം 75 കടല്‍ തീര ഗ്രാമങ്ങള്‍ വെള്ളപ്പൊക്കം മൂലം ഇല്ലാതാകുമെന്നതാണ് സമുദ്ര നിരപ്പിലെ ഉയര്‍ച്ച മൂലം സംഭവിക്കുകയെന്ന് പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. ആന്ധ്രയിലും മഹാരാഷ്‌ട്രയിലും കടലിലെ ഉപരിതല താപവും അടിത്തട്ടിലെ താപവും ക്രമാതീതമായി ഉയര്‍ന്നതായി വെളിപ്പെട്ടു. മഹാരാഷ്‌ട്രയിലെ ആണവ വൈദ്യുത നിലയങ്ങളില്‍ നിന്നുള്ള ചൂടുവെള്ളത്തിന്റെ ഒഴുക്കും നഗരത്തിലെ വ്യവസായശാലകളില്‍നിന്നുള്ള വ്യവസായ രാസമാലിന്യങ്ങള്‍ സൃഷ്ടിക്കുന്ന ജലത്തിലെ താപനിലയുടെ വ്യതിയാനത്തിനും പുറമെയാണ് കാലാവസ്ഥാ വ്യതിയാനം താപനിലയില്‍ മാറ്റങ്ങള്‍ ഉണ്ടാക്കുന്നത്. ഇത് മത്സ്യലഭ്യതയെ കാര്യമായി ബാധിച്ചിട്ടുണ്ട്. സമുദ്രനിരപ്പിലെ ഉയര്‍ച്ച മൂലം ഭൂഗര്‍ഭ ജലസ്രോതസ്സുകള്‍ ഉപ്പുമയമാകുമെന്നും തീരദേശ മേഖലയിലെ കാര്‍ഷിക മേഖല ഒന്നടങ്കം നശിക്കുമെന്നുമാണ് പഠനം തെളിയിക്കുന്നത്. ആന്ധ്രയിലും പശ്ചിമബംഗാളിലും കടല്‍ തീരത്തുള്ള കുഴല്‍ കിണറുകള്‍ കടല്‍ ജലത്തിന്റെ കരയിലോട്ടുള്ള കടന്നുകയറ്റം മൂലം ഉപ്പുമയമാകുന്നത് ഭീകരമായ ശുദ്ധജല ദൗര്‍ലഭ്യം സൃഷ്ടിക്കുമെന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്.
പഠനം നടത്തിയ നാലു സംസ്ഥാനങ്ങളിലും കാറ്റിന്റെ ഗതിയ്‌ക്കും രൂക്ഷതയ്‌ക്കും മര്‍ദ്ദത്തിനും വേഗതയ്‌ക്കും മാറ്റം സംഭവിച്ചിരിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ സംഭവിച്ചിരിക്കുന്ന വ്യതിയാനമായി ഇതിനെ കണക്കാക്കുന്നു. കാറ്റിന് വര്‍ഷത്തിലെ ഓരോ കാലത്തും മാറ്റം സംഭവിക്കാറുണ്ട്. എന്നാല്‍ കാലാവസ്ഥാ വ്യതിയാനം ഈ മാറ്റങ്ങളുടെ തോത് മാറ്റി മറിച്ചിരിക്കുന്നു. ചില കാറ്റുകള്‍ക്ക് ശക്തി വര്‍ധിച്ചിരിക്കുന്നു. ചില ഉപകാരപ്രദമായ കാറ്റുകള്‍ അലസമായി പോയതിനാല്‍ കാലാവസ്ഥയില്‍ വന്‍ പ്രതിരോധമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത് കടലിലെ ആവാസവ്യവസ്ഥയില്‍ പോലും മാറ്റം സംഭവിക്കുന്ന തലത്തില്‍ തിരകളിലും ഓളങ്ങളിലും മാറ്റം വരുത്തിയിരിക്കുന്നു. പല കാറ്റുകളും നാശോന്മുഖമായിത്തീര്‍ന്നിരിക്കുന്നു എന്നത് കാലാവസ്ഥാ വ്യതിയാനത്തിന്റെ മാത്രം ബാക്കി പത്രമാണ്. കാറ്റിന്റെ ശക്തിയിലെ ഏറ്റ കുറച്ചില്‍ ജലത്തിന്റെ നീക്കത്തേയും പ്രവാഹങ്ങളെയും ശക്തമായി ബാധിക്കുന്നുണ്ട്. ഇത് മത്സ്യത്തിന്റെ നീക്കത്തേയും കടല്‍ ജലത്തിന്റെ ഗുണമേന്മയേയും മത്സ്യബന്ധനത്തേയും പ്രതികൂലമായി ബാധിച്ചിരിക്കുന്നു. കടലിലെ കാറ്റിലെ വ്യത്യാസം മത്സ്യത്തൊഴിലാളി വീടുകളുടെ കൂടുതല്‍ നാശത്തിന് വഴിതെളിക്കുന്നതായി കണ്ടെത്തി.
കാലവര്‍ഷവും തുലാവര്‍ഷവും ഇടവപ്പാതിയുമെല്ലാം ക്ഷയിക്കുന്നതിന് കാരണം കാലാവസ്ഥാ വ്യതിയാനമാണെന്നാണ് അനുമാനിക്കുന്നത്. സമയം തെറ്റിയുള്ള മഴ, മിന്നല്‍ മഴ, മഴയുടെ ഏറ്റക്കുറച്ചില്‍, സ്ഥിരതയില്ലായ്മ എന്നിവയെല്ലാം മത്സ്യ സമ്പത്തിനെ വളരെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. മഴയുടെ ഏറ്റക്കുറച്ചില്‍ കടലിലെ ജലത്തിന്റെ ഊഷ്മാവിനെയും ഉപ്പിന്റെ അളവിനേയും അമിതമായി വര്‍ധിപ്പിച്ചു. വേനല്‍ക്കാലത്ത് സമുദ്രജലത്തിന്റെ താപനില 35 ഡിഗ്രി സെല്‍ഷ്യസായി വര്‍ധിപ്പിച്ചു. ദേശാടന മത്സ്യങ്ങളുടെ വരവും സഞ്ചാരവും സഞ്ചാരപഥവും മാറ്റിമറിച്ചു. മത്സ്യത്തിന്റെ പ്രജനനം തടസ്സപ്പെട്ടു. മത്സ്യത്തിന്റെ മരണനിരക്ക് വര്‍ധിപ്പിച്ചു. പശ്ചിമബംഗാളിലെയും ആന്ധ്രയിലെയും തീരദേശ മേഖലകള്‍ ഇതുമൂലം മത്സ്യലഭ്യത കുറവുമൂലം പട്ടിണിയിലായിരിക്കുന്നു. മത്സ്യങ്ങളുടെ വളര്‍ച്ചാ നിരക്കിലും തൂക്കത്തിലും എണ്ണത്തിലും കുറവ് സംഭവിച്ചിരിക്കുന്നു. മുരടിച്ച വളര്‍ച്ചാ നിരക്ക് ഏറെയുള്ള മത്സ്യജനുസുകളെ കണ്ടെത്തിയത് കാലാവസ്ഥാ വ്യതിയാനത്തിന്റെ ദുരന്തമായി കണക്കാക്കുന്നു. കടലില്‍ കാറ്റും താപവും വരുത്തിയ മാറ്റങ്ങള്‍ കൂടുതല്‍ രൂക്ഷമാക്കിയത് മഴയുടെ ഏറ്റക്കുറച്ചിലാണ്.
പ്രതീക്ഷിക്കാത്ത സമയത്തുള്ള മഴ ഗുണത്തേക്കാളേറെ ദോഷമാണ് സൃഷ്ടിക്കുന്നത്. മത്സ്യം ഉണക്കുന്നതിനും മറ്റു പ്രോസസ്സിംഗ് പണികള്‍ക്കുമെല്ലാം കാലം തെറ്റിയ മഴ ദോഷകരമാണ്. മത്സ്യവിപണിയില്‍ മത്സ്യ ഉല്‍പ്പന്നങ്ങളുടെ ക്ഷാമത്തിനും വിലയിലെ വന്‍ വര്‍ധനവിനും ഇത് ഇടവരുത്തുന്നു. സമുദ്രത്തിലെ ജലത്തിന്റെ ഊഷ്മാവ് വര്‍ധനവും കൊടുങ്കാറ്റുകളും മത്സ്യത്തിന്റെ വരവില്‍ ശോഷണം വരുത്തി. ആന്ധ്രാ തീരത്ത് 1996 ല്‍ ഉണ്ടായ കൊടുങ്കാറ്റും 1998 ല്‍ ഒറീസ്സാ തീരത്തുണ്ടായ സൂപ്പര്‍ കൊടുങ്കാറ്റും പശ്ചിമബംഗാളില്‍ 2009 ല്‍ ഉണ്ടായ അയ്‌ല കൊടുങ്കാറ്റും 2004 ല്‍ കേരളതീരത്തുണ്ടായ സുനാമിയും ഭീകരമായ പ്രശ്നങ്ങളാണ് കടലിലും കടല്‍ തീരത്തും സൃഷ്ടിച്ചത്. ഇതെല്ലാം മത്സ്യലഭ്യതയെ ബാധിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. തീരദേശവാസികളുടെ ജീവനും സ്വത്തും വീടുകളും ഉപജീവനമാര്‍ഗ്ഗങ്ങളും ഉപകരണങ്ങളുമാണ് ഈ പ്രകൃതി ദുരന്തങ്ങള്‍ നശിപ്പിച്ചത്. സുനാമിയും കൊടുങ്കാറ്റും കടലിലെ ജൈവ, ഭൗതിക, ഭൗമ മണ്ഡലങ്ങളെയാണ് മാറ്റിമറിച്ചത്. ഇത് മത്സ്യമേഖലയില്‍ സാമൂഹിക-സാമ്പത്തിക മാറ്റങ്ങള്‍ സൃഷ്ടിച്ചു. കാലാവസ്ഥാ വ്യതിയാനം കൊടുങ്കാറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കുകയും ശക്തിയും സംഹാരശേഷിയും ഉയര്‍ത്തുകയും ചെയ്തു. ഇത് മത്സ്യമേഖലയ്‌ക്ക് കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇത്തരം പ്രകൃതി ദുരന്തങ്ങള്‍ കരയില്‍ കൂടുതല്‍ മേഖലയിലേയ്‌ക്ക് ഉപ്പുവെള്ളം വ്യാപിക്കുന്നതിന് ഇടവരുത്തുകയാണ്. ഇതുകൂടാതെ കാലാവസ്ഥാ വ്യതിയാനം ആന്ധ്രാതീരത്ത് കനത്ത പ്രഹരമേല്‍പ്പിക്കുന്ന തിരമാലകളാണ് സൃഷ്ടിക്കുന്നത്.
മഹാരാഷ്‌ട്രയില്‍ കടല്‍ പലപ്പോഴും ഉള്‍വലിഞ്ഞ തീര കടല്‍ ആഴം കുറയുന്ന അവസ്ഥ ഉണ്ടാകുന്നു. മിന്നല്‍ വെള്ളപ്പൊക്കവും കടല്‍ തീര മണ്ണൊലിപ്പും പശ്ചിമബാംഗാള്‍ തീരദേശക്കടലിനെ നിരന്തരം മാറ്റിമറിക്കുന്നു. ഇത് മത്സ്യമേഖലയെ ദുര്‍ബലമാക്കുന്നു. തൊഴില്‍ ദിനങ്ങളുടെയും തോത് കുറയ്‌ക്കുന്നു. ശക്തിയായ തിരകള്‍ കടല്‍ തീര മണല്‍ തിട്ടകളെ തകര്‍ക്കുന്നത് സര്‍വസാധാരണമായിരിക്കുന്നു. കായലിലെ ദ്വീപുകളെ അപകടത്തിലാക്കുന്ന ഇത്തരം തിരകള്‍ ദ്വീപുകളിലെ മണ്ണൊലിപ്പ് രൂക്ഷമാക്കുന്നുണ്ട്. സമുദ്രജലം കുത്തിമറിയുന്ന അവസ്ഥയാണ് കാലാവസ്ഥാ വ്യതിയാനം സൃഷ്ടിക്കുന്നത്. ഇത് കടലിലെ പ്രത്യേകിച്ചും തീരദേശമേഖലയുടെ സന്തുലിതാവസ്ഥയാണ് നശിപ്പിക്കുന്നത്. കടല്‍ ജലം കലങ്ങിമറിയുന്നതിനാല്‍ കടലിലെ ജലത്തിലേയ്‌ക്കുള്ള സൂര്യപ്രകാശ കയറ്റം തടയപ്പെടുന്നു. ഇത് പ്ലവക സസ്യങ്ങളുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നു. മത്സ്യങ്ങളുടെ പ്രധാന ആഹാരം പ്ലവകസസ്യങ്ങളും ആല്‍ഗകളും ആയതിനാല്‍ മത്സ്യത്തിന്റെ വളര്‍ച്ചയെയും നിലനില്‍പ്പിനേയും പ്ലവകസസ്യങ്ങളുടെ ലഭ്യത കാരണമാകുന്നുണ്ട്. സൂര്യപ്രകാശ ലഭ്യതയും സമുദ്രജലത്തിന്റെ കലങ്ങലും പ്ലവകസസ്യങ്ങളുടെ വളര്‍ച്ചയ്‌ക്ക് പ്രതികൂലമാണ്. ജലത്തിന്റെ സുതാര്യത കുറവ് പ്ലവകസസ്യങ്ങളുടെ കൂട്ടത്തോടെയുള്ള നാശത്തിലാണ് എത്തുക. സമുദ്ര അടിത്തട്ടിന് സംഭവിക്കുന്ന ഏതൊരു മാറ്റവും മത്സ്യപ്രജനനത്തെയാണ് സാരമായി ബാധിക്കുക. ഒട്ടനവധി കടല്‍ ജീവികളുടെ ആവാസകേന്ദ്രമാണ് കടലിന്റെ അടിത്തട്ട്. മത്സ്യങ്ങള്‍ ആഹാരമാക്കുന്നത് ഇത്തരം ജീവികളെയാണ്.
കാലാവസ്ഥാ വ്യതിയാനം മൂലമുള്ള ശക്തമായ തിരകള്‍ മൂലം ഇല്ലാതാകുന്നത് ഇത്തരം ജീവികളാണ്. മത്സ്യസമ്പത്തിന്റെ ഇടിവിനും ഇത് കാരണമാകുന്നുണ്ട്. ഈ സാഹചര്യത്തില്‍ കടല്‍ മണല്‍ ഖാനനത്തിനും കരിമണല്‍ ഖാനനത്തിനും കേരള സര്‍ക്കാര്‍ തത്വത്തില്‍ അനുമതി നല്‍കിയിരിക്കുന്നത് കേരളത്തിലെ മത്സ്യത്തൊഴിലാളികളോടുള്ള ദ്രോഹമാണ്. കാലാവസ്ഥാ വ്യതിയാനത്തിന്റെ നീരാളി പിടിയില്‍ പെട്ട് വീര്‍പ്പുമുട്ടുന്ന മത്സ്യമേഖലയ്‌ക്ക് കടല്‍ മണല്‍ ഖാനനവും കരിമണല്‍ ഖാനനവും കനത്ത പ്രഹരമാണ് സൃഷ്ടിക്കുക. എമെര്‍ജിംഗ് കേരളയിലൂടെ വിറ്റുപോകുമായിരുന്ന കടല്‍ മണല്‍ ഖാനനം പദ്ധതിയും കരിമണല്‍ ഖാനനം പദ്ധതിയും ജനങ്ങളുടെ എതിര്‍പ്പുമൂലം പിന്‍വലിക്കപ്പെടുകയായിരുന്നു. ഇത്രയേറെ രൂക്ഷമായ പ്രശ്നങ്ങള്‍ അനുഭവിക്കുന്ന മത്സ്യമേഖലയുടെ വളര്‍ച്ചയ്‌ക്കും തീരദേശവാസികളുടെ പ്രശ്നപരിഹാരത്തിനും വേണ്ടി പ്രവര്‍ത്തിയ്‌ക്കേണ്ട സര്‍ക്കാര്‍ യന്ത്രം നിര്‍ജീവമാണെന്നത് പ്രതിഷേധാര്‍ഹമാണ്.
വിനോദസഞ്ചാരത്തിന്റെ പേരിലുള്ള തീരദേശ മലിനീകരണം തടയുന്നതിനും വ്യവസായ മാലിന്യങ്ങളും ഖരമാലിന്യങ്ങളും ഇ-മാലിന്യങ്ങളും കടലില്‍ തള്ളുന്നത് തടയുവാനും സര്‍ക്കാര്‍ കാര്യക്ഷമമായ നടപടി സ്വീകരിക്കുന്നില്ല. സുനാമി പാക്കേജുകള്‍ ശരിയായി നടപ്പിലാക്കാതിരുന്നതും സുനാമി ഭീഷണി നേരിടാത്ത ജില്ലകള്‍ക്കുവേണ്ടി സുനാമി ഫണ്ട് വഴിമാറ്റി ചെലവഴിച്ചതും ഒരുപക്ഷെ കേരളത്തില്‍ മാത്രമായിരിക്കും. കാലാവസ്ഥാ വ്യതിയാനത്തിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന മത്സ്യത്തൊഴിലാളികളെയും മത്സ്യമേഖലയെയും പ്രത്യേക പാക്കേജുകള്‍ വഴി സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. ഈ മേഖലയില്‍ ആസൂത്രണം ചെയ്യുന്ന പരിപാടികളും പദ്ധതികളും ഗുണഭോക്താവിന് തന്നെ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള ചുമതലയും സര്‍ക്കാര്‍ ഏറ്റെടുക്കണം.
ഡോ.സി.എം.ജോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക