ഭാരതീയ മസ്ദൂര്‍ സംഘത്തിന്റെ ഒരു അനന്യസവിശേഷത അത് അസ്സല് കലര്‍പ്പില്ലാത്ത തൊഴില്‍ സംഘടനയാണ്. സ്ഥാപനത്തെതന്നെ പൊളിക്കുന്ന വകുപ്പുകള്‍ ഉള്‍ക്കൊള്ളുന്ന ഒരു ഭരണഘടനയില്‍ അധിഷ്ഠിതമായ ഒന്നല്ല ഇത് എന്നുള്ളതാണ് മറ്റൊരു സവിശേഷത. ഭാരതീയ മസ്ദൂര്‍ സംഘം ഒരു പ്രസ്ഥാനമല്ല, ഒരു കുടുംബമാണ്.
നമ്മള് ഒരേ കുടുംബത്തിന്റെ അംഗങ്ങള്‍ എന്ന നിലയില്‍ ഇവിടെ കൂടിയിരിക്കുമ്പോള്‍ നമ്മളില്‍ ഓരോരുത്തരുടേയും മുമ്പിലുള്ള പ്രഥമ പ്രശ്നം എന്താണെന്ന് നാം കണ്ടുപിടിക്കേണ്ടതാണ്. കമ്പ്യൂട്ടര്‍വല്‍ക്കരണമോ അംഗീകാരമോ ആണ് പ്രഥമ പ്രശ്നമെന്നതിനോട് എനിക്ക് യോജിക്കാനായില്ല. നിങ്ങളുടെ മുമ്പിലുള്ള പ്രധാന പ്രശ്നം ഇതില്‍നിന്നെല്ലാം വളരെ വ്യത്യസ്തമാണെന്ന് എനിക്ക് തോന്നുന്നു. ആ പ്രഥമ പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ഈ സമ്മേളനങ്ങളും പ്രമേയങ്ങളും സംഘടനകളുമെല്ലാം വൃഥാവിലുള്ള കണക്കുകൂട്ടലുകളായിരിക്കും.
നൂറു കണക്കിന് രൂപ ചെലവഴിച്ച്, ഓഫീസില്‍നിന്നും അവധിയെടുത്ത്, ചിലര്‍ ശമ്പളം പോലും ഇല്ലാത്ത അവധിയെടുത്ത് ഈ സമ്മേളനത്തിന് സംബന്ധിക്കുവാന്‍ നിങ്ങള്‍ തീവണ്ടിയാപ്പീസിലേക്ക് ഇറങ്ങിത്തിരിച്ചപ്പോള്‍, ഒന്നാമത്തെ പ്രശ്നം നിങ്ങളുടെ ഭാര്യഉയര്‍ത്തിക്കാണും. നിങ്ങളുടെ പ്രവര്‍ത്തികളെല്ലാം തികച്ചും വിഡ്ഢിത്തമാണെന്ന് അവര്‍ പറഞ്ഞു കാണും. “നമ്മളുടെ പട്ടണത്തിലെ, അല്ലെങ്കില്‍ കോളനിയിലെ, അല്ലെങ്കില്‍ ദേശത്തെ മറ്റുള്ളവരെ ഒന്നു നോക്കൂ. സന്തുഷ്ട കുടുംബജീവിതം അവര്‍ ആസ്വദിക്കുന്നു. ഈ പ്രദേശത്തെ മറ്റുള്ളവര്‍ ചെയ്യുന്നതുപോലെ ചെയ്യാതെ നിങ്ങളുടെ സാന്നിദ്ധ്യസുഖം ഞങ്ങള്‍ക്ക് നിഷേധിച്ചുകൊണ്ട്, ഭാര്യയേയും കുഞ്ഞുങ്ങളേയും ശ്രദ്ധിക്കാതെ, സിനിമയ്ക്ക് പോകാതെ, സംഘടനാ ഓഫീസുമായി നിത്യവും ബന്ധപ്പെടുന്ന നിങ്ങള്‍ ഒരു പരമവിഡ്ഢിയാണ്. റിസര്‍വ് ബാങ്കില്‍ തന്നെ ജോലിയുള്ള നമ്മുടെ അയല്‍വാസികള്‍ മുഴുവന്‍ കുടുംബവുമായി ഉല്ലാസയാത്രകള്‍ക്കും മറ്റും പോകുമ്പോള്‍ ഓരോ ശനി, ഞായര്‍ ദിവസങ്ങളിലും നിങ്ങള്‍ ഒന്നല്ലെങ്കില്‍ മറ്റൊരു യോഗത്തില്‍ വ്യാപൃതനാണ്. അവര്‍ അത്രയ്ക്ക് സന്തുഷ്ടരായിരിക്കുമ്പോള്‍ നിങ്ങള്‍ ജീവിതം വിരസമാക്കുന്നു.”ഇങ്ങനെയൊക്കെ അവര്‍ നിങ്ങളോട് പറഞ്ഞുകാണും. നിങ്ങള്‍ക്ക് എങ്ങനെ ഇതില്‍നിന്നും കൗശലപൂര്‍വം ഒഴിഞ്ഞുമാറാനാകും എന്ന് എനിക്കറിയില്ല. ഇതൊരു നിത്യസംഭവമായതുകൊണ്ട് ഇതായിരിക്കണം നിങ്ങളുടെ മുമ്പിലുള്ള ഒന്നാമത്തെ പ്രശ്നം.
എങ്ങനെയൊക്കെയായാലും നിങ്ങളുടെ ഭാര്യ നിങ്ങളോട് പറഞ്ഞത് ശരിയാണെന്ന് എനിക്ക് തോന്നുന്നു. ഈ സംഘടനാ പ്രവര്‍ത്തനങ്ങളെല്ലാം ചെയ്തിട്ട് എന്ത് ഗുണമാണ് നിങ്ങള്‍ക്ക് ലഭ്യമാകുവാന്‍ പോകുന്നത്? നിങ്ങള്‍ ഒരു മന്ത്രിയാകുവാന്‍ പോകുന്നില്ല. പത്രങ്ങളില്‍ നിങ്ങളുടെ ഫോട്ടോ പ്രത്യക്ഷപ്പെടുവാന്‍ പോകുന്നില്ല. പ്രചാരണമോ പണമോ പദവിയോ ഒന്നും നിങ്ങള്‍ക്ക് ലഭിക്കില്ല. അതുകൊണ്ട് ഈ സംഘടനാപ്രവര്‍ത്തനത്തിനായി അങ്ങോട്ടും ഇങ്ങോട്ടും പോകുമ്പോള്‍ നിങ്ങള്‍ക്ക് നേടാനായി ഒന്നും തന്നെ ഇല്ല. ഇന്ന് നിലവിലിരിക്കുന്ന ജീവിതമൂല്യങ്ങളെ പരിഗണിച്ചാല്‍ സംഘടനാ പ്രവര്‍ത്തനമെല്ലാം ശുദ്ധ വിഡ്ഢിത്തമാണെന്ന നിങ്ങളുടെ ഭാര്യയുടെ അഭിപ്രായത്തോട് യോജിക്കുവാനാണ് എനിക്ക് തോന്നുന്നത്. ഈ പ്രവര്‍ത്തനം തുടരണമോ വേണ്ടയോ എന്ന് നിങ്ങള്‍ നിങ്ങളോടുതന്നെ ചോദിക്കണം. ചാതുര്യവും ചതിയും സ്വാര്‍ത്ഥതയും മറ്റുള്ളവരെ തട്ടിമാറ്റി മുന്നോട്ട് പോകലുമാണ് ഇന്ന് ബലപ്പെട്ടിരിക്കുന്ന ജീവിതമൂല്യങ്ങള്‍. നിങ്ങള്‍ ഇത്തരത്തിലുള്ളവ ഒന്നും ചെയ്യുന്നില്ല. അതുകൊണ്ട് എന്തു സംഭവിക്കും? ഒരു കുതിരയെപ്പോലെ ഓടി, ഒരു കഴുതയെപ്പോലെ പണി ചെയ്ത്, അവസാനം നിങ്ങള്‍ ഒന്നും നേടുന്നില്ല. അതുകൊണ്ട് നിങ്ങള്‍ എന്തിനാണീ വിഡ്ഢിത്തം ചെയ്യുന്നത്? എന്തിനാണ് തെറ്റായ ആ കര്‍മ്മവീഥി അനുധാവനം ചെയ്യുന്നത്. അതുകൊണ്ട് നിങ്ങളുടെ ഭാര്യ പറഞ്ഞതിനോടാണ് ഞാന്‍ യോജിക്കുന്നത്! അവര്‍ക്ക് പ്രായോഗിക ബുദ്ധിയുണ്ട്.
നിങ്ങളുടെ ഭാര്യയോട് ഞാന്‍ യോജിക്കുന്നു എന്നുപറഞ്ഞപ്പോള്‍ ഇതിന്റെ മറ്റേ വശത്തെക്കുറിച്ച് ഞാന്‍ പറഞ്ഞില്ല. അതായത്, ഈ വിഡ്ഢിത്തം അനുധാവനം ചെയ്യുന്നത് ഞാന്‍ ഒറ്റ വ്യക്തി മാത്രമല്ല. ധാരാളം ബുദ്ധിമാന്മാര് അങ്ങനെ ചെയ്തിട്ടുണ്ട്. എന്നുമാത്രമല്ല അവര്‍ കുറെക്കൂടി മുമ്പിലും ആയിരുന്നു. ഞാന്‍ ഒരു വിഡ്ഢിയായിരിക്കാം. പക്ഷെ, ഈ ലോകത്തിലെ പല മഹാരഥന്മാരും എന്നെക്കാള്‍ വിഡ്ഢികളാണ്. അതാണെന്റെ സമാശ്വാസവും. ഞാന്‍ ബുദ്ധിപരമായ കര്‍മഗതി പിന്തുടരുന്നു എന്നുള്ളതല്ല എന്റെ സാന്ത്വനം. എനിക്കറിയാം ഇത് മഠയത്തരമാണെന്ന്. എന്റെ ഏക സമാശ്വാസം ചരിത്രഗതിതന്നെ വ്യതിചലിപ്പിച്ച, ലോകചരിത്രത്തില്‍ മുദ്രപതിപ്പിച്ച മഹാരഥന്മാരെല്ലാം എന്നേക്കാള്‍ അനേകം മടങ്ങ് മൂഢന്മാര് ആയിരുന്നു എന്നതാണ്. ഞാന്‍ ഇതില്‍നിന്നും മുതലെടുക്കുകയല്ല ഞാന്‍ ഒരു പരാജിതനാണ്. എന്നോട് താരതമ്യം ചെയ്താല്‍ പല മടങ്ങ് കൂടുതല്‍ നഷ്ടപ്പെട്ടവരായിരുന്നു പല ഉന്നതന്മാരും. അതാണ് ഏക ആശ്വാസം!
1947 ന് മുമ്പ് നമ്മള് സ്വാതന്ത്ര്യ സമരത്തില്‍ വ്യാപൃതരായിരുന്നു. സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ ധാരാളം പ്രഗത്ഭ വക്കീല്‍മാരും ഡോക്ടര്‍മാരും എഞ്ചിനീയര്‍മാരും അവരുടെ ഉജ്ജ്വലമായ ജീവിതങ്ങളും വെടിഞ്ഞ് സമരത്തിലേക്ക് എടുത്തുചാടി, ഫലമോ? അവരുടെ കുടുംബങ്ങള്‍ നശിപ്പിക്കപ്പെട്ടു. പക്ഷെ അവര്‍ അതില്‍ ഖിന്നരായിരുന്നില്ല. മഹനീയമായൊരു ലക്ഷ്യപ്രാപ്തിക്കുവേണ്ടി പീഡനം അനുഭവിക്കുകയാണെന്നൊരു സംതൃപ്തി അവരില്‍ ഉണ്ടായിരുന്നു. ഞാനും നിങ്ങളും വിചാരിച്ചേക്കും ഇത് തെറ്റാണെന്ന്. സ്വാതന്ത്ര്യം എന്താണെന്ന് ആര് കണ്ടിട്ടുണ്ട്? ഭാര്യയും കുട്ടികളും പട്ടിണി കിടക്കുന്നു. ഇതാണ് യാഥാര്‍ത്ഥ്യം.
ശ്ലാഘനീയമായൊരു ലക്ഷ്യത്തിനുവേണ്ടി യാതന അനുഭവിക്കുകയാണെന്നൊരു ഇച്ഛാപൂര്‍ത്തി അവരില്‍ ഉളവായിരുന്നു. അതുകൊണ്ട് പലരും അറസ്റ്റ് വരിച്ചു. വര്‍ഷങ്ങളോളം തന്നെ ജയിലില്‍ പോയി, അങ്ങനെ പല കുടുംബങ്ങളും തകര്‍ക്കപ്പെട്ടു. മൊട്ടിട്ടുവരുന്ന ചെറുപ്പക്കാരായ വിപ്ലവകാരികളെക്കുറിച്ച് നാം കേട്ടിട്ടുണ്ട്. എന്തായിരുന്നു അവരുടെ പ്രായപരിധി? ഇരുപതോ ഇരുപത്തിയഞ്ചോ! വളരെ പ്രതീക്ഷാനിര്‍ഭരമായ, ആസ്വദിക്കാനാവുന്ന ഒരു ജീവിതം അവരുടെ മുന്നിലുണ്ടായിരുന്നു. കഴിവുള്ള ചെറുപ്പക്കാരായിരുന്നു അവര്‍. പക്ഷെ അന്ന് ലഭ്യമായിരുന്ന സാഹചര്യങ്ങള്‍ അവരെ വേദനിപ്പിച്ചു. യജ്ഞപീഠത്തില്‍ അവര്‍ സ്വയം സമര്‍പ്പിച്ചു. അവര്‍ തൂക്കിലേറ്റപ്പെട്ടു. ചിലരെ വെടിവെച്ചു കൊന്നു. നമ്മള് ഖുദിരാംബോസിനെക്കുറിച്ച് കേട്ടിട്ടുണ്ടല്ലോ. മരിക്കുമ്പോള്‍ 19 വയസ്സായിരുന്നു അദ്ദേഹത്തിന്. കഴുമരത്തിലേക്ക് പോകുമ്പോള്‍ ഭഗത്സിംഗിന് 26-ഓ 27-ഓ ആയിരുന്നു പ്രായം. വിശ്രുതരായ രക്തസാക്ഷികളുടെ നീണ്ട പട്ടികയാണിത്.
ഈ ചെറുപ്പക്കാരെല്ലാം എന്തിന് കഴുമരത്തിലേറി? ഈ നൂറ്റാണ്ടില്‍ മനുഷ്യര്‍ അഭൂതപൂര്‍വമായ പുരോഗതി കൈവരിച്ചിട്ടുണ്ട് എന്നതില്‍ നാം വളരെ അഭിമാനിതരാണ്. പുരോഗതിയുടെ നിരക്ക് മനുഷ്യചരിത്രത്തില്‍ ഇതിന് മുമ്പൊരിക്കലും ഉണ്ടാകാത്ത വിധത്തിലാണ്. ഈ അഭിവൃദ്ധിക്ക് എന്തെല്ലാം ഘടകങ്ങള്‍ ഹേതുവായിരുന്നു? മുഖ്യമായും ശാസ്ത്രജ്ഞന്മാരുടെ ആത്മാര്‍പ്പണങ്ങള്‍. ഏതുതരം ആത്മാഹുതികളാണ് അവര്‍ നിര്‍വഹിച്ചത്? നമുക്ക് ഊഹിക്കാമോ? എലികളിലും പൂച്ചകളിലും പട്ടികളിലും മാത്രമല്ല പരീക്ഷണങ്ങള്‍ നടത്തിയിരുന്നത്. സ്വജീവനെതന്നെ അപകടപ്പെടുത്തിക്കൊണ്ട് അവരുടെ സ്വന്തം ശരീരത്തിലാണ് അവര്‍ പരീക്ഷണങ്ങള്‍ നടത്തിയത്. ചില മാരകരോഗങ്ങളുടെ ഉല്‍പ്പത്തി കണ്ടുപിടിക്കുവാന്‍ അവര്‍ ആഗ്രഹിച്ചു. രോഗികളോടുള്ള അവരുടെ സമസൃഷ്ടി സ്നേഹം അത്രയ്ക്ക് നിര്‍ഭരമായിരുന്നു. പരീക്ഷണങ്ങള്‍ അവര്‍ അവരില്‍ത്തന്നെ നടത്തി. ആ രോഗങ്ങളില്‍നിന്നും ഉളവാകുന്ന സര്‍വവേദനകളും അനുഭവിച്ചു. അവര്‍ ആരോഗ്യമുള്ളവരായിരുന്നു. പക്ഷേ ആ വ്യാധികള്‍ക്ക് പ്രതിവിധി കണ്ടുപിടിക്കുവാന്‍ ഗുഹ്യരോഗങ്ങള്‍ പോലുളള ഭീകരരോഗങ്ങള്‍ക്കും കുഷ്ഠം പോലുള്ള പകര്‍ച്ചവ്യാധികള്‍ക്കും അവര്‍ ഇരകളായി. ഡോക്ടര്‍ ഹാന്‍സണിന് കുഷ്ഠത്തിന്റെ യാതൊരു ലക്ഷണങ്ങളും ഉണ്ടായിരുന്നില്ല. കുഷ്ഠരോഗികളോടുള്ള അനുകമ്പമൂലം കുഷ്ഠത്തിന്റെ ഉല്‍പ്പത്തി കണ്ടുപിടിക്കുവാന്‍ മുതിര്‍ന്നു. അതില്‍ അദ്ദേഹം തന്നെ ഒരു കുഷ്ഠരോഗിയായി. പരീക്ഷണങ്ങള്‍ സ്വഗാത്രത്തില്‍ തന്നെ നിര്‍വഹിച്ചു മനുഷ്യയാതനകള്‍ കുറയ്ക്കുവാന്‍ മനുഷ്യര്‍ അത്രവരെ പോയിട്ടുണ്ട്. ശാസ്ത്രജ്ഞന്മാരെ കൂടാതെ സമൂഹങ്ങളിലും ഇത്തരം വിഡ്ഢികളെ നമുക്ക് ദര്‍ശിക്കാം. മനുഷ്യപുരോഗതിക്ക് അവരും ഉത്തരവാദികളാണ്.
ബിഎംഎസ് രാഷ്ട്രീയത്തിലില്ല. ഇന്ന് രാഷ്ട്രീയക്കാരുടെ എന്തുതരം പെരുമാറ്റമാണുള്ളതെന്ന് നിങ്ങള്‍ക്കറിയാം. എനിക്കല്ല നിനക്കാണ് അയോദ്ധ്യാ രാജ്യം അവകാശപ്പെട്ടതെന്ന് പറഞ്ഞ് ഭരതനും ശ്രീരാമചന്ദ്രനും വഴക്കടിച്ചു. ഭരതന് രാമനോട് പറഞ്ഞു. “നിങ്ങളാണ് യഥാര്‍ത്ഥ രാജാവ്. നിങ്ങള്‍ വന്ന് അയോദ്ധ്യ ഭരിക്കണം” രാമന് ഭരതനോട് പറഞ്ഞു. “ഇത് നിന്റേതാണ്. അതുകൊണ്ട് നീ ഭരിക്കണം.” ഇങ്ങനെയൊരു കാലം ഉണ്ടായിരുന്നു. നമ്മുടെ ചരിത്രം ഇങ്ങനെയുള്ള നിദര്‍ശനങ്ങളെ കൊണ്ട് നിറഞ്ഞിരിക്കുന്നു. ജനങ്ങള്‍ വീടും കുടുംബവും ഉപേക്ഷിക്കുന്നു. എല്ലാ സുഖഭോഗങ്ങളും പരിത്യജിക്കുന്നു. ജീവിതം മുഴുവന്‍ ദുരിതമനുഭവിക്കുന്നു. അന്യഥാ ബുദ്ധിമാന്മാരായ ഈ ആള്‍ക്കാരെ എന്താണ് പ്രേരിപ്പിച്ചത്? ഈ വിഡ്ഢിത്തത്തിന് മുതിരുവാന്‍, എന്താണ് ഉത്തേജനമരുളിയത്? എനിക്ക് തോന്നുന്നു നാം ഇതിനെ സജീവമായി പരിഗണിക്കണമെന്ന്, ഞാന്‍ ഇതിന് ഉത്തരം പറയുവാന്‍ പോകുന്നില്ല. അത് നിങ്ങള്‍ക്കായി വിടുന്നു. കാരണം ഞാന്‍ നേരത്തെ പറഞ്ഞു, നിങ്ങളെക്കാള്‍ നിങ്ങളുടെ ഭാര്യയോടാണ് ഞാന്‍ യോജിക്കുന്നതെന്ന്. പക്ഷെ ഞാന്‍ നിങ്ങളോട് അഭ്യര്‍ത്ഥിക്കുന്നു. അത്രയ്ക്ക് മഹാന്മാരായ ആള്ക്കാര് എന്തുകൊണ്ട് വിഡ്ഢിത്തമാണെന്ന് സുവ്യക്തമായ കാര്യങ്ങള്‍ ചെയ്തു എന്ന് പരിശോധിക്കണം.
എല്ലാ ചെയ്തികളും ‘ആത്മനോ മോക്ഷാര്‍ത്ഥം ജഗഥിതായച’ ലക്ഷ്യത്തോടെ ആയിരിക്കണം. എന്നാല്‍ നിങ്ങള്‍ക്ക് സന്തോഷം കൈവരിക്കാം. സ്വന്തം ആത്മാവിന് മുക്തി നേടുന്നതിനും മുഴുവന്‍ ലോകത്തിന് ശ്രേയസ് വരുത്തുന്നതിനും വേണ്ടി നിങ്ങളുടെ പ്രവര്‍ത്തികള്‍ ഈ രണ്ട് ലക്ഷ്യങ്ങളെ പുരസ്കരിച്ചാണെങ്കില്‍ നിങ്ങള്‍ സന്തുഷ്ടരായിരിക്കും. എല്ലാ കര്‍മ്മങ്ങളും ഈ ലക്ഷ്യത്തോടെ ആയിരിക്കണം. എന്നാല്‍ നിങ്ങള്‍ക്ക് ആനന്ദം കൈവരിക്കാം.
നമ്മള് പുരോഗമനക്കാര്‍ പരിഗണനയിലെടുക്കാത്ത പുരാതന, യാഥാസ്ഥിതിക ആശയഗതിയാണത്. പക്ഷേ ഒരു ആധുനിക സംഘടന ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്ഗനൈസേഷന് (ഐഎല്‍ഒ) ഇങ്ങനെ പറഞ്ഞിട്ടുണ്ട്: “എവിടെയെങ്കിലുമുള്ള ദാരിദ്ര്യം എല്ലായിടത്തുമുള്ള സുഭിക്ഷതയ്ക്ക് ഒരു ഭീഷണിയാണ്.” കുറച്ചുകൂടി മുന്നോട്ടു പോയി നമ്മുടെ പിതാമഹന്മാര് പറഞ്ഞു: “എവിടെയങ്കിലുമുള്ള ദുരിതം എല്ലായിടത്തുമുള്ള സന്തുഷ്ടിയ്ക്ക് ഒരു ഭീഷണിയാണ്.”
സമ്പാദകന്‍: വി. രാധാകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: