ആലപ്പുഴ: ശ്രീകൃഷ്ണജയന്തി ശോഭായാത്രയില്‍ ഭഗവാന്റെ വേഷം കെട്ടുന്ന കുട്ടികള്‍ ഭാവിയില്‍ വര്‍ഗീയവാദികളാകുമെന്ന് പറഞ്ഞ പി.സി.വിഷ്ണുനാഥ് എംഎല്‍എ രാജിവെയ്ക്കണമെന്നും ഹിന്ദുസമൂഹത്തോട് മാപ്പ് പറയണമെന്നും ഹിന്ദുഐക്യവേദി സംസ്ഥാന സഹസംഘടനാ സെക്രട്ടറി വി.സുശികുമാര്‍ ആവശ്യപ്പെട്ടു. നമ്മുടെ സംസ്കാരത്തെ ഇല്ലാതാക്കി ഭാരതത്തെ തകര്‍ക്കാനും പാരമ്പര്യത്തെ തള്ളിപ്പറയാനും ശ്രമിക്കുന്ന രാജ്യദ്രോഹികള്‍ക്ക് ഒത്താശ ചെയ്യാന്‍ മതഭീകരരുടെ വക്താവാകുകയാണ് ബാലഗോകുലത്തെ ആക്രമിക്കുന്നതിലൂടെ വിഷ്ണുനാഥ് ചെയ്യുന്നത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി മതഭീകരവാദികളുടെ കൂട്ടുപിടിക്കുന്ന കോണ്‍ഗ്രസ് നേതാവിന്റെ നീക്കം ദേശദ്രോഹപരമാണ്. ഹൈന്ദവ ദര്‍ശനങ്ങളേയും ആചാരങ്ങളേയും ആക്ഷേപിക്കുന്ന എംഎല്‍എ സ്വന്തം പേരായ വിഷ്ണുനാഥ് എന്ന പേരിന് അര്‍ഹനല്ല. ആ പേര് മാറ്റി പുതിയ പേര് സ്വീകരിക്കേണ്ടതാണെന്നും എംഎല്‍എയുടെ ഹിന്ദുവിരുദ്ധ പ്രവര്‍ത്തനത്തെപ്പറ്റി നിയമസഭാസമിതി അന്വേഷിക്കണമെന്നും സുശികുമാര്‍ ആവശ്യപ്പെട്ടു. ഹിന്ദുഐക്യവേദി ജില്ലാ ഉപാധ്യക്ഷന്‍ പി.വി.നടേശന് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.ടി.ഭാസ്കരന്, ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് ഉമ്പര്‍നാട്, സംഘടനാ സെക്രട്ടറി ജി.ശശികുമാര്‍, സെക്രട്ടറി എസ്.ജയദേവന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: