ന്യൂദല്‍ഹി: നിയമമന്ത്രി സല്മാന് ഖുര്‍ഷിദിനെ കേന്ദ്രമന്ത്രിസഭയില്‍ നിന്ന് ഉടന്‍ പുറത്താക്കണമെന്ന് വിവരാവകാശ പ്രവര്ത്തകന് അരവിന്ദ് കേജ്രിവാള് ആവശ്യപ്പെട്ടു. ഖുര്‍ഷിദിനേയും ഭാര്യ ലൂയിസിനെയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്നും കേജ്രിവാള് പറഞ്ഞു. രാഷ്ട്രീയത്തിലൂടെ ഇവര്അഴിമതി കാണിക്കുകയാണെന്നും യു പി എ സര്‍ക്കാരിനെ അധികാരത്തില്‍ നിന്നും പുറത്താക്കണമെന്നും കേജ്രിവാള് പ്രവര്‍ത്തകരെ ആഹ്വാനം ചെയ്തു. ഖുര്‍ഷിദ് രാജിവെക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തിയതിനെത്തുടര്‍ന്ന് അറസ്റ്റിലായ കേജ്രിവാളും സംഘവും ഇന്നലെ ജയില്‍ മോചിതരായി. ആദ്യം ജയിലില്‍ തന്നെ പ്രതിഷേധിച്ച കേജ്രിവാള് ഒപ്പം അറസ്റ്റ്ചെയ്ത പ്രവര്‍ത്തകരെ വിട്ടയച്ചതിനുശേഷം രാവിലെ 11.30 ഓടെ യാണ് പുറത്തിറങ്ങിയത്.
നിയമം അനുസരിച്ച് 24 മണിക്കൂര്‍ ജയിലില്‍ കഴിഞ്ഞ തങ്ങളെ മജിസ്ട്രേറ്റിന്റെ മുന്നില്‍ ഹാജരാക്കണമെന്നും കേജ്രിവാള് ആവശ്യപ്പെട്ടു. മജിസ്ട്രേറ്റിന്റെ തീരുമാനമനുസരിച്ച് തീഹാര്‍ ജയിലില്‍ പോകാനോ ജാമ്യത്തിലിറങ്ങാനോ തയ്യാറാണെന്ന് സംഘം പറഞ്ഞു. ജാമ്യത്തിലിറങ്ങിയാല്‍ പാര്‍ലമെന്റ് സ്ട്രീറ്റില്‍ സമരം തുടങ്ങുമെന്ന് കേജ്രിവാളും മനീഷ് സിസോഡിയയും അറിയിച്ചു. ഖുര്‍ഷിദ് രാജിവെക്കുന്നതുവരെ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടും പോകും, കേജ്രിവാള് പറഞ്ഞു.
ഖുര്‍ഷിദിന്റേയും ഭാര്യ ലൂയിസിന്റേയും നേതൃത്വത്തിലുള്ള സക്കീര്‍ ഹുസൈന് മെമ്മോറിയല്‍ ട്രസ്റ്റ് 75 ലക്ഷത്തോളം രൂപയുടെ സാമ്പത്തിക തിരിമറി നടത്തിയെന്നാണ് കേജ്റിവാളിന്റെ ആരോപണം. യുപിയിലെ വിവിധ ജില്ലകളിലെ വികലാംഗര്‍ക്ക് ട്രൈസൈക്കിളും കേള്‍വിശക്തി വര്‍ധിപ്പിക്കുന്ന ഉപകരണവും വാങ്ങാനുള്ള പദ്ധതിയുടെ പേരില്‍ ട്രസ്റ്റ് സാമ്പത്തിക തിരിമറി നടത്തിയെന്നാണ് ആരോപണം. എന്നാല്‍ ഈ ആരോപണം ഖുര്‍ഷിദ് നേരത്തെ തള്ളിയിരുന്നു. സംഭവം പുറത്തുകൊണ്ടുവന്ന സ്വകാര്യ ചാനലിനെതിരെ കേസ് കൊടുക്കുമെന്നും ഖുര്‍ഷിദ് അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: