പാട്ടുകാരിയാകാന്‍ എല്ലാ സാഹചര്യങ്ങളും ലഭിച്ചിട്ടും പാടാത്ത പാട്ടുകാരിയെന്നാണ് വര്‍ഷ ബോസ്ലെയെ വിശേഷിപ്പിച്ചിരുന്നത്. അമ്മ ആശ ബോസ്ലെയുടെ സ്റ്റേജ് ഷോകളിലും റെക്കോഡിംഗുകളിലും ഒരിക്കലും വര്‍ഷയുടെ സാന്നിധ്യമുണ്ടായിരുന്നില്ല. സംഗീതത്തിന്റെ ലാളിത്യത്തില്‍ നിന്ന് പത്രപ്രവര്‍ത്തനത്തിന്റെ കാര്ക്കശ്യതയിലേക്ക് സ്വയം നടന്നു കയറി വര്‍ഷ. പരമ്പരാഗത രീതികള്‍ അനുസരിക്കാന്‍ കൂട്ടാക്കാതെ സ്വന്തം ജീവിതത്തിന് സ്വയം നിയമങ്ങള്‍ രചിക്കാനായിരുന്നു വര്ഷക്കിഷ്ടം. സ്വന്തമായ വിശ്വാസങ്ങളും രീതികളും ശീലിച്ചവള്‍. മുത്തശ്ശന് നടനും ഗായകനുമായ ദീനനാഥ് മങ്കേഷ്ക്കര്‍, അമ്മ പ്രശസ്ത പിന്നണി ഗായിക ആശ ബോസ്ലെ, വലിയമ്മ ലതാ മങ്കേഷ്ക്കര്‍ തുടങ്ങിയവരുടെ താരപ്രഭയില്നിന്നാണ് വര്‍ഷ മാറിനിന്നത്. എന്തുകൊണ്ട് സംഗീതത്തില്‍നിന്ന് അകന്നുമാറി എന്ന ചോദ്യത്തിന് അടുപ്പിലെ തീച്ചൂട് സഹിക്കാന്‍ കഴിയാത്തവര്‍ അടുക്കളയില്‍ നിന്നൊഴിഞ്ഞു നില്‍ക്കണമെന്നായിരുന്നു ഒരിക്കല്‍ അവര്‍ മറുപടി പറഞ്ഞത്.
സംഗീത സംവിധായകനായ അമ്മാവന് പണ്ഡിറ്റ് ഹൃദയനാഥ് മങ്കേഷ്ക്കറാണ് വര്‍ഷയെ പുസ്തകങ്ങളുടെ അത്ഭുതലോകത്തിലേക്ക് നയിച്ചത്. ആദര്‍ശപരമായ നിലപാടുകളും വേറിട്ട ഭാഷാശൈലിയും കാഴ്ച്ചപ്പാടുകളും വര്‍ഷയുടെ എഴുത്തിനെ ശ്രദ്ധേയമാക്കി. സണ്‍ഡേ ഒബ്സര്വയറില് ഫുഡ് ആന്‍ഡ് ട്രാവലര്‍ പംക്തിയായിരുന്നു അവര്‍ ആദ്യം കൈകാര്യം ചെയ്തിരുന്നത്. പ്രതിഭാസമ്പന്നയായ എഴുത്തുകാരി എന്ന നിലയില്‍ ഗൗരവമുള്ള വിഷയങ്ങളിലേക്ക് കടക്കണമെന്ന സുഹൃത്തുക്കളുടെ ഉപദേശത്തെത്തുടര്‍ന്ന് രാഷ്ട്രീയ ലേഖനങ്ങളിലേക്ക് ശ്രദ്ധ തിരിച്ചു. ബൗദ്ധികമായ സത്യസന്ധതയും തെറ്റുകള്‍ സമ്മതിക്കാനുള്ള മനസ്സുമായിരുന്നു വര്‍ഷ ബോസ്ലെ എന്ന പത്രപ്രവര്‍ത്തകയുടെ പ്രത്യേകതകളെന്ന് സഹപ്രവര്‍ത്തകര്‍ സാക്ഷ്യപ്പെടുത്തുന്നു. ദി സണ്‍ഡേ ഒബ്സര്വേയറിലും റെഡിഫ് ഡോട്ട് കോമിലും ടൈംസ് ഓഫ് ഇന്ത്യയിലും ജന്റില്‍മെന്‍ മാഗസിനിലും വര്‍ഷ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ക്രിസ്റ്റഫര്‍ ഹിച്ചന്‍സിനെ ഓര്‍മ്മിപ്പിക്കുന്ന എഴുത്തുകാരിയായിരുന്നു വര്‍ഷയെന്ന് സഹപ്രവര്‍ത്തകനായിരുന്ന പ്രേം പണിക്കര്‍ പറയുന്നു. എഴുതുന്നതിന്റെ മറുവശം കേള്‍ക്കാന്‍ മനസ്സുള്ള എഴുത്തുകാരി. ഗൗരവത്തോടെ കേള്‍ക്കേണ്ട എഴുത്തുകാരിയെന്നും സഹപ്രവര്‍ത്തകര്‍ വര്‍ഷയെ വിശേഷിപ്പിക്കുന്നു.
ഇന്റര്‍നെറ്റിലെ എഴുത്തിനോട് വായനക്കാര്‍ എങ്ങനെ പ്രതികരിക്കുമെന്ന ആശങ്ക നിലനില്‍ക്കുമ്പോഴാണ് വര്‍ഷ റെഡിഫ് ഡോട്ട് കോമില് കോളമിസ്റ്റാകുന്നത്. തനിക്ക് മാത്രം സാധ്യമാകുന്ന പ്രത്യേക ശൈലിയില്‍ അനായാസം അവര്‍ ഉത്തരവാദിത്തം നിറവേറ്റി. വായനക്കാരോട് നേരിട്ടു സംവദിച്ചു. രാഷ്ട്രീയ കാഴ്ച്ചപ്പാടുകളില്‍ ഉറച്ചുനിന്നു. വര്‍ഷയുടെ ലേഖനങ്ങള്‍ ഇസ്ലാംവിരുദ്ധമെന്ന് ചിലപ്പോഴെങ്കിലും വിമര്‍ശിക്കപ്പെട്ടു.
ഒരിക്കല്‍ വര്‍ഷ തന്റെ സഹപ്രവര്‍ത്തകനായ സുഹൃത്തിനെഴുതിയ കത്തിലെ വരികളിങ്ങനെ: താങ്കളുടെ കാഴ്ചപ്പാടുകള്‍ ഞാന്‍ ഇഷ്ടപ്പെടുന്നില്ല. പലപ്പോഴും താങ്കളോടെനിക്ക് വിയോജിപ്പാണുള്ളത്. എങ്കിലും ഞാന്‍ താങ്കളെ ബഹുമാനിക്കുന്നു. ആശയവൈരുദ്ധ്യങ്ങള്ക്കിടയിലും വ്യക്തിത്വത്തെ അംഗീകരിക്കുന്ന അപൂര്‍വ്വം ചിലര്‍ക്ക് മാത്രം പറയാന്‍ കഴിയുന്ന വാക്കുകളാണിത്. പറയാനുള്ളത് ആരോടും പറയും. പറയുന്നതൊന്നും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിക്കാറുമില്ല.
അവിശ്വസനീയമാംവണ്ണം മറ്റുള്ളവരെക്കുറിച്ച് സ്നേഹവും കരുതലും ഉള്ളില്‍ സൂക്ഷിക്കുന്ന വ്യക്തിത്വമായിരുന്നു അവരുടേത്. ആന്‍ഡമാനിലെ കുപ്രസിദ്ധ ജയില്‍ കാലാപാനിയെക്കുറിച്ചും വീരസവര്‍ക്കറെ കുറിച്ചും സുഹൃത്തുക്കളോട് മണിക്കൂറുകളോളം സംസാരിക്കുമായിരുന്നു വര്‍ഷ. അധാര്‍മ്മികതയോട് ഇണങ്ങാന്‍ കൂട്ടാക്കാത്ത മനസ്സ് സ്വയം കലഹിച്ചുകൊണ്ടേയിരുന്നു. അതാവും ജീവിതപരാജയങ്ങള്ക്ക് മുന്നില്‍ വര്‍ഷയെ മുട്ടുകുത്തിച്ചതും.
സ്പോര്‍ട്സ് എഴുത്തുകാരനായ ഹേമന്ത് കെന്‍ക്രെയുമായുള്ള ദാമ്പത്യജീവിതം പരാജയപ്പെട്ടതാണ് വര്‍ഷയെ വ്യക്തിപരമായി ഏറെ തകര്‍ത്തത്. എഴുത്തുകാരിയെന്ന നിലയില്‍ ചര്‍ച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ തന്നെ അവര്‍ എഴുത്തു നിര്‍ത്തി. ഒടുവില്‍ വിഷാദരോഗത്തിന് അടിപ്പെട്ട് പറയാനുള്ളതൊക്കെ ബാക്കി വച്ച് പതുക്കെ ഏകാന്തതയുടെ ലോകത്തേക്ക് പൂര്‍ണ്ണമായും ഉള്‍വലിഞ്ഞു. സന്ദര്‍ശകരെ അനുവദിക്കാതെ മൊബെയില്‍ ഫോണ്‍ ഓണാക്കാന്‍ കൂട്ടാക്കാതെ മുംബൈയിലെ പെഡാര്‍ റോഡിലെ പ്രഭുകുഞ്ച് അപ്പാര്‍ട്ട്മെന്റില്‍ വര്‍ഷ ജീവിതം തള്ളിനീക്കി.
വൈരുദ്ധ്യങ്ങളുടെ അപൂര്‍വ്വ വ്യക്തിത്വമെന്നും പിന്നീട് വര്‍ഷ ബോസ്ലെ വിശേഷിപ്പിക്കപ്പെട്ടു. ഫാഷന്‍ ഫോട്ടോഗ്രാഫറും ആത്മസുഹൃത്തുമായ ഗൗതം രാജാധ്യക്ഷയുമായി ചേര്‍ന്ന് ഒരു അനാഥാലയം തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നു വര്‍ഷ. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഗൗതം മരിച്ചതോടെ അവര്‍ മാനസികമായി ഏറെ തകര്‍ന്നു. 2008 ലും 2010 ലും ആത്മഹത്യാശ്രമം നടത്തിയ വര്‍ഷ 56-ാം വയസ്സില്‍ തന്റെ മൂന്നാമത്തെ ദൗത്യത്തില്‍ വിജയിച്ചു. പോകുന്നു എന്ന് ആരോടും പറയാതെ, ഒന്നും കുറിച്ചുവയ്ക്കാതെയായിരുന്നു വര്‍ഷയുടെ യാത്ര.
ലൂട്ട് മാര്‍ എന്ന ഹിന്ദിചിത്രത്തില്‍ ഹേ ഹാന്‍സ് തു ഹാര്‍ദം ഖുശിയാന് യാ ഗം (ചിരിച്ചുകൊണ്ടിരിക്കൂ, സുഖമായാലും ദുഃഖമായാലും..)എന്നു തുടങ്ങുന്ന ഗാനം കിഷോര്‍ കുമാറിനൊപ്പം ആലപിച്ചത് കുഞ്ഞുവര്ഷയായിരുന്നു. വര്‍ഷ പാടിയ ചുരുക്കം പാട്ടുകളില്‍ ഏറ്റവും ശ്രദ്ധേയം. എന്നാല്‍ ജീവിതയാത്രയില്‍ ഈ വരികള്‍ അന്വര്‍ത്ഥമാക്കാന്‍ അവര്‍ക്ക് സാധിച്ചില്ല. ചിരിക്കാന്‍ മറന്നു പോയിരുന്നു വര്‍ഷ തന്റെ അവസാനനാളുകളില്‍. ആശ ബോസ്ലെയുടെ മകളെ കാണാനെത്തിയ പ്രശസ്ത സംഗീത സംവിധായകനായ ജയ്ദേവാണ് കുട്ടിക്ക് വര്‍ഷയെന്ന് പേരിട്ടത്. അപ്പോള്‍ ആശുപത്രിക്കെട്ടിടത്തിന് പുറത്ത് മഴ തകര്‍ത്തുപെയ്യുകയായിരുന്നു. എന്നാല്‍ മഴക്ക് പകരം തന്റെ മകളുടെ മനസ്സിലെന്നും അഗ്നിയായിരുന്നെന്ന് കണ്ണുനീരോടെ ഓര്‍ക്കുന്നു വര്‍ഷയുടെ അമ്മ ആശ ബോസ്ലെ.
>> രതി എ.കുറുപ്പ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: