കടുവാസംരക്ഷണ കേന്ദ്രങ്ങള്‍ക്ക് സമീപം വിനോദ സഞ്ചാര നിയന്ത്രണം സംബന്ധിച്ച നിരോധനം തുടരുമെന്നും പുതിയ നിയന്ത്രണ വിജ്ഞാപനം ഒരാഴ്ചയ്‌ക്കകം പുറപ്പെടുവിക്കുമെന്നും അതുവരെ നിരോധനം തുടരുമെന്നും സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു. കടുവ സംരക്ഷണ മേഖലയിലെ വിനോദസഞ്ചാര മേഖലകളുടെ എണ്ണം ഇരുപതായി കുറയ്‌ക്കുന്നതിനും ഇത്തരം മേഖലകളിലെ ആരാധനാലയങ്ങളിലേയ്‌ക്കുള്ള തീര്‍ത്ഥാടകരുടെ എണ്ണം നിയന്ത്രിക്കുന്നതിനും ലഭിക്കുന്ന വരുമാനത്തിന്റെ പത്തുശതമാനം ഗ്രാമപഞ്ചായത്തുകള്‍ വഴി ജനങ്ങളിലെത്തിക്കണമെന്നുമുള്ള കേന്ദ്രസര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം ശബരിമലയെ വളരെ ദോഷകരമായി ബാധിക്കുമെന്ന് ചൂണ്ടിക്കാണിച്ച് സംസ്ഥാനം കേന്ദ്രത്തെ പ്രതിഷേധമറിയിച്ചിരുന്നു. വന്യമൃഗ സംരക്ഷണ നിയമം അട്ടിമറിച്ച് വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ നടക്കുന്നു എന്ന പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് വിനോദസഞ്ചാരം കടുവാസംരക്ഷണ കേന്ദ്രങ്ങളില്‍ പാടില്ലെന്ന് സുപ്രീംകോടതി വിധിച്ചത്. ശബരിമല ക്ഷേത്രം മണ്ഡല തീര്‍ത്ഥാടനത്തിനായി ഒക്ടോബര്‍ 16 ന് തുറക്കാനിരിക്കെ ഈ ഉത്തരവ് ഭക്തരില്‍ കടുത്ത ആശങ്ക ഉളവാക്കിയിട്ടുണ്ട്.
ക്ഷേത്രവരുമാനത്തിന്റെ 10 ശതമാനം ഗ്രാമപഞ്ചായത്തിന് ജനങ്ങള്‍ക്കുവേണ്ടി വിട്ടുകൊടുക്കണമെന്ന ഉത്തരവും പ്രതിഷേധമുയര്‍ത്തി. ഈ നിയന്ത്രണം ബാധിക്കാന്‍ പോകുന്നത് വിനോദസഞ്ചാരികളെ അല്ല, ശബരിമല തീര്‍ത്ഥാടകരെ ആണ്. വിനോദസഞ്ചാരത്തെയല്ല, മതവിശ്വാസത്തെയാണ് എന്നതാണ് നഗ്നസത്യം. ആഗോള തലത്തില്‍ തീര്‍ത്ഥാടകരെ ആകര്‍ഷിക്കുന്ന ശബരിമല തീര്‍ത്ഥാടനത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. മാത്രമല്ല പെരിയാര്‍ കടുവാ സങ്കേതത്തില്‍ കടുവകളുടെ എണ്ണം കൂടിയിട്ടേയുള്ളൂ എന്ന വസ്തുതയും നിലനില്‍ക്കുന്നു.
ഇത് മതത്തിനെതിരെ നടത്തുന്ന കടന്നുകയറ്റമായി വ്യാഖ്യാനിക്കാന്‍ പ്രേരകമാകുന്നു. പക്ഷെ അറ്റോര്‍ണി ജനറലിന്റെ വിശദീകരണം ഇത് തീര്‍ത്ഥാടന നിയന്ത്രണം മാത്രമാണെന്നും 2007 ലെ സംസ്ഥാന സര്‍ക്കാരിന്റെ ശബരിമല മാസ്റ്റര്‍ പ്ലാന്‍ നോട്ടിഫിക്കേഷനിലും ആള്‍ക്കൂട്ട നിയന്ത്രണം വേണമെന്ന് നിഷ്ക്കര്‍ഷിച്ചിരുന്നു എന്നുമാണ്. ഇപ്പോള്‍ കേരള വനംമന്ത്രി കെ.ബി.ഗണേഷ് കുമാര്‍ പറയുന്നത് നിയമങ്ങള്‍ക്ക് വിധേയമായി മാത്രമേ പെരിയാര്‍ കടുവാ സങ്കേതത്തിലേക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കുകയുള്ളൂ എന്നും വനത്തിന്റെ ആവാസവ്യവസ്ഥ സംരക്ഷിക്കേണ്ടതും വന്യജീവികളെ സംരക്ഷിക്കേണ്ടതും സംസ്ഥാന കടമയാണെന്നുമാണ്. ശബരിമലയിലേത് ടൂറിസമല്ല, തീര്‍ത്ഥാടനമാണെന്നും കോടതി മാര്‍ഗനിര്‍ദ്ദേശം വസ്തുതകള്‍ കണക്കിലെടുക്കാതെയാണെന്നും പരിസ്ഥിതി മന്ത്രാലയം തയ്യാറാക്കിയ കടുവാ സങ്കേത പരിപാലന മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ പരിധിയില്‍നിന്നും ശബരിമലയെ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് അയ്യപ്പ സേവാ സമാജം സുപ്രീംകോടതിയിലെ കേസില്‍ കക്ഷി ചേര്‍ന്നിരിക്കുകയാണ്. ശബരിമല തീര്‍ത്ഥാടകര്‍ കടുവാസങ്കേതത്തിനൊ, സ്വാമി അയ്യപ്പന്റെ വാഹനമായി ഭക്തര്‍ കരുതുന്ന കടുവകള്‍ക്കോ ഒരു പ്രശ്നവും ഉണ്ടാക്കിയ സംഭവം തീര്‍ത്ഥാടന ചരിത്രത്തിലില്ല. കോടിക്കണക്കിന് തീര്‍ത്ഥാടകര്‍ നാടിന്റെ നാനാഭാഗത്തുനിന്നും വിദേശത്തുനിന്നുപോലും എത്തുന്ന ശബരിമലയെ ഈ മാര്‍ഗ്ഗനിര്‍ദ്ദേശം ബാധകമാക്കിയാല്‍ അത് കോടിക്കണക്കിന് തീര്‍ത്ഥാടകരെ ബാധിക്കും എന്നുറപ്പാണ്. മതവിശ്വാസവും തീര്‍ത്ഥാടനവും മറ്റും ഒരു പൗരന്റെ മൗലികാവകാശമായിരിക്കെ ശബരിമല നിയന്ത്രണം ഫണ്ടമെന്റല്‍ റൈറ്റ്സിന്റെ ലംഘനം കൂടിയാണ്.
മാത്രമല്ല, കേരള മുഖ്യമന്ത്രി തന്നെ വിശദീകരിച്ചപോലെ വന്യജീവി സംരക്ഷണ നടപടികള്‍ ശബരിമലയില്‍ ഇപ്പോള്‍ തന്നെ നിലവിലുണ്ട്. ഇരുമുടിയേന്തി ശരണമന്ത്രം ഉരുവിട്ട് വരുന്ന ഭക്തര്‍ എങ്ങനെ കടുവാ സങ്കേതത്തിന് പ്രശ്നമാകും എന്ന ചോദ്യം ഉയരുന്നത് ഈ പശ്ചാത്തലത്തില്‍ സ്വാഭാവികം. മെക്കയിലേയ്‌ക്ക് നടത്തുന്ന ഹജ്ജ് തീര്‍ത്ഥാടനത്തിന് സാമ്പത്തിക സഹായമുള്‍പ്പെടെ എല്ലാ സംവിധാനങ്ങളും ഒരുക്കാന്‍ വെമ്പുന്ന സര്‍ക്കാര്‍ ഹൈന്ദവരോട് കാട്ടുന്ന വിവേചനമാണ് ശബരിമല തീര്‍ത്ഥാടന നിയന്ത്രണം. ഇന്ത്യയില്‍ വേണ്ടത് കൂടുതല്‍ ക്ഷേത്രങ്ങളല്ല കൂടുതല്‍ ശൗചാലയങ്ങളാണ് എന്ന് പരിസ്ഥിതി മന്ത്രി ജയറാം രമേഷിന്റെ പ്രസ്താവനയും ഈ വിവേചനത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്. പള്ളികളെയും മസ്ജിദുകളെയും ബോധപൂര്‍വം ഒഴിവാക്കി ക്ഷേത്രങ്ങള്‍ക്കെതിരെ മന്ത്രി നടത്തിയ പ്രസ്താവനക്കെതിരെ ബിജെപിയും വിഎച്ച്പിയും രംഗത്തുവന്നുകഴിഞ്ഞു. ഇന്ത്യയില്‍ ക്ഷേത്രങ്ങള്‍ കൂടുതലുണ്ടെങ്കില്‍ അത് ജനസംഖ്യാനുപാതത്തില്‍ ഹിന്ദുക്കള്‍ മുന്നിലായതിനാലാണ്. മാത്രമല്ല ക്ഷേത്രങ്ങളെയും ശൗചാലയങ്ങളേയും ഒരേ ഗണത്തില്‍പ്പെടുത്തിയ, വികസനത്തേയും വിശ്വാസത്തേയും രണ്ട് ധ്രുവങ്ങളിലാക്കുന്ന മന്ത്രിയുടെ പ്രസ്താവന ഹൈന്ദവരെ വേദനിപ്പിക്കുന്നതാണ്. ശൗചാലയ നിര്‍മാണം സര്‍ക്കാര്‍ ചുമതലയാണ്, ജനങ്ങളുടെ പരിസ്ഥിതി ബോധത്തിന്റെ ഭാഗമാണ്, വിശ്വാസവുമായി ബന്ധപ്പെട്ടതല്ല അത്. കടുവാ സങ്കേതങ്ങളിലെ തീര്‍ത്ഥാടന നിയന്ത്രണം ഹൈന്ദവ വിശ്വാസികളുടെ നേരെയുള്ള കടന്നുകയറ്റമായേ കാണാന്‍ കഴിയുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: