ന്യൂദല്‍ഹി: ദല്‍ഹിയില്‍ മാത്രം ദിവസം 20 കുട്ടികളെ വീതം കാണാതാകുന്നതായി പോലീസ് രേഖകള്‍ വ്യക്തമാക്കുന്നു. ഇവരില്‍ എട്ട് പേരെ പിന്നീടൊരിക്കലും കണ്ടുകിട്ടുന്നില്ല. പോലീസ് കണക്കുകളില്‍ മാത്രം ഈ വര്‍ഷം ജൂലൈ 16നും സപ്തംബര്‍ 15നും ഇടയില്‍ കാണാതായത് 1,153 കുട്ടികള്‍ ഇവരില്‍ 688 പേരെ കണ്ടെത്താനയെങ്കിലും ബാക്കി 465 കുട്ടികളെക്കുറിച്ച് യാതൊരു വിവരവുമില്ല. ഇതില്‍ പകുതിയോളം കുട്ടികളും മനുഷ്യക്കടത്തിനിരയാകുന്നു എന്ന് കരുതുന്നു. ഇതില്‍ ശിശുക്കളും ഉള്‍പ്പെടുന്നു.
കുട്ടികളെ ജോലിയ്ക്കായി നല്കുന്ന സംഘങ്ങളില്‍ നിന്നും രക്ഷപ്പെടുത്തുന്ന പോലീസ് കുട്ടികള്‍ ഫാക്ടറികളിലും വീടുകളിലും ഇത്തരത്തില്‍ പണിയെടുക്കാന്‍ നിര്‍ബന്ധിതരാകുന്നു എന്നു പറയുന്നു. കുട്ടികളില്‍ ചിലര്‍ സ്വഭവനം ഉപേക്ഷിക്കുന്നവരുമുണ്ട്. ദല്‍ഹിയില്‍ കാണാതാകുന്ന കുട്ടികളില്‍ ഭൂരിഭാഗവും മനുഷ്യക്കടത്തുകാരുടെ പിടിയില്‍ അകപ്പെടുന്നു എന്ന് പറയുന്ന ബച്പന്‍ ബചാവോ ആന്ധോളന്‍ സെക്രട്ടറി രാകേഷ് സെന്‍ഗര്‍ എട്ട് വയസ്സിന് താഴെയുള്ള കുട്ടികള്‍ നിര്‍ബന്ധിത ഭിക്ഷാടനത്തിനും അതിന് മുകളിലുള്ളവര്‍ ബാലവേലയക്കും ഇരകളാകുന്നു എന്നു പറയുന്നു.
കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഘങ്ങള്‍ ദല്‍ഹിയില്‍ സജീവമാണ്. വീട്ട് മുറ്റങ്ങളില്‍ കളിച്ച് നിന്നിരുന്ന നിരവധി കുട്ടികളെ കാണാതായതില്‍ പലതിലും പോലീസിന് യാതൊരു തുമ്പും ഉണ്ടാക്കാനായിട്ടില്ല. കുട്ടികളെ കാണാതാകുന്നതില് മുന്‍ വര്‍ഷത്തെക്കാള്‍ 40 ശതമാനം വര്‍ദ്ധനവാണ് ഈ വര്‍ഷം ഉണ്ടായത്.
നഗരപ്രന്തങ്ങളിലുള്ള ചേരികളില്‍ നിന്നാണ് കൂടുതലും കുട്ടികളെ കാണാതാകുന്നതെന്ന് പറയുന്ന പോലീസ് എങ്ങിനെ കുട്ടികളെ സംരക്ഷിക്കാം എന്നതില്‍ രക്ഷിതാക്കള്‍ക്ക് പരിശീലനം നല്‍കുന്നതടക്കമുള്ള പദ്ധതികള്‍ തയ്യാറാക്കുന്നു. രാജ്യത്ത് കുട്ടികള്‍ സുരക്ഷിതരല്ലെന്നും കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുന്നതായും പഠനങ്ങള്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: