“ഭാഷയും അമ്മയും ഒന്നാണ്. അമ്മയെ സ്നേഹിക്കുന്നവര്‍ക്ക് മാത്രമേ ഭാഷയെ സ്നേഹിക്കാന്‍ കഴിവുണ്ടാവുകയുള്ളൂ. മലയാളി ഭാഷാ സ്നേഹത്തില്‍ പിന്നാക്കമാണ്. ‘അന്പ്’ എന്ന തമിഴ് മലയാളം വാക്ക് നമുക്ക് അപരിചിതമാണ്. നമ്മുടെ അമ്മയും വീടും മണ്ണും കുളവും കാടും മേടും മഴയും പുഴയും ഈണവും താളവും ചിരിയും കണ്ണീരുമെല്ലാം ഇടകലര്‍ന്ന ഒരു സംസ്ക്കാരത്തിന്റെ മാധുര്യമാണ് മലയാളം”
പറയുന്നത് സുപ്രസിദ്ധ കവയിത്രിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ സുഗതകുമാരി. വീടും മണ്ണും കാടും മേടും മഴയും പുഴയും ഈണവും താളവും ചിരിയും അപ്രത്യക്ഷമായി. കണ്ണീര്‍പോലും വറ്റിപ്പോയ ജനതയാണിന്നിവിടെ. ഇന്ന് പണത്തിന്റെ കിലുക്കം മാത്രമാണ് മലയാളിക്ക് ഹൃദ്യം.
പണ്ട് ഞാന്‍ ഹൈദരാബാദില്‍ പഠിച്ചിരുന്ന കാലത്തും ദല്‍ഹിയില്‍ പത്രപ്രവര്‍ത്തനം തുടങ്ങിയ കാലത്തും മലയാളികളെയും തമിഴരെയും “ഇഡ്ഡലി-സാമ്പാര്‍” എന്നുവിളിച്ച് അവിടത്തുകാര്‍ കളിയാക്കുമായിരുന്നു. ഇന്ന് ഇഡ്ഡലി-സാമ്പാര്‍ വടക്കേ ഇന്ത്യയില്‍ മാത്രമല്ല ആഗോളതലത്തിലും പ്രശസ്തിയാര്‍ജ്ജിച്ചു കഴിഞ്ഞു. കേരളത്തെ ആഗോള ബ്രേക്ക് ഫാസ്റ്റ് ഡെസ്റ്റിനേഷന്‍ ആക്കിയത് എണ്ണയില്ലാത്ത, ആരോഗ്യകരമായ ഇഡ്ഡലിയും ഇടിയപ്പവും പുട്ടും അപ്പവും ആണ്.
കേരളത്തില്‍ ഇന്ന് കൃഷി അന്യമാകുകയാണ്. കുട്ടനാട്ടില്‍ പുഞ്ചകൃഷി നശിക്കുന്നു എന്ന വിവരമറിഞ്ഞപ്പോള്‍ ആസൂത്രണ വിദഗ്ദ്ധന് ആലുവാലിയ മലയാളികളെ ഉപദേശിച്ചത് നെല്‍കൃഷി നിര്‍ത്തി, വയല്‍ നികത്തി വികസനം വരാന്‍ ഇടമൊരുക്കൂ എന്നായിരുന്നല്ലോ. വികസനം എന്നാല്‍ കേരളത്തിലെങ്കിലും അത് നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്തലും മലകള്‍ ക്വാറികളാക്കുന്നതും ഫ്ലാറ്റ് സമുച്ചയങ്ങള്‍ ഉയരുന്നതുമാണ്. ജൈവവൈവിധ്യ സംരക്ഷണം എന്ന പദംപോലും മലയാളിയ്ക്ക് അശ്ലീലമാണ്.
നെല്‍വയലുകള്‍ എട്ടുലക്ഷം ഹെക്ടറില്‍നിന്ന് വെറും രണ്ട് ലക്ഷമായി ചുരുങ്ങി കേരളം വികസന കാഹളത്തിന് ചെവികൊടുത്തപ്പോള്‍ സംസ്ഥാനത്തെ ഭൂരഹിതരുടെ എണ്ണം 2.33 ലക്ഷമായി. ഇവര്‍ക്ക് വെറും മൂന്ന് സെന്റ് നല്കണമെങ്കില് പോലും വേണ്ടത് 800 ഏക്കറാണ്. പക്ഷെ ഭൂമി ഇന്ന് ഹാരിസണ്‍ മലയാളം പോലുള്ള വന്‍കിടക്കാരുടെ കൈവശമാണ്; 69,000 ഏക്കര്‍. ഇത് തിരികെ പിടിക്കുമെന്ന മാറിമാറി വരുന്ന സര്‍ക്കാരുകളുടെ അവകാശവാദം ശബ്ദമലിനീകരണം മാത്രം സൃഷ്ടിക്കുന്നു. പാട്ടഭൂമി തിരിച്ചുപിടിച്ച ചരിത്രം കേട്ടിട്ടുപോലുമില്ല.
കേരളത്തില്‍ 1975-2007 കാലയളവില്‍ നഷ്ടപ്പെട്ട നെല്‍വയലുകള്‍ 5,66,000 ഹെക്ടറാണ്. ഇതില്‍ പകുതിയും തണ്ണീര്‍ത്തടങ്ങളായിരുന്നു. ജൈവവൈവിദ്ധ്യം എന്നത് പ്രകൃതിയുടെ വരദാനമാണെന്നും അത് ഭാവിതലമുറയ്ക്ക് വേണ്ടി സംരക്ഷിക്കേണ്ടതുമാണെന്ന സാമൂഹിക പ്രതിബദ്ധത മലയാളിക്കില്ല. ഇപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത് നികത്തപ്പെട്ട നെല്‍വയലുകള്‍ക്കും തണ്ണീര്‍ത്തടങ്ങള്‍ക്കും 2005 മുതല്‍ അംഗീകാരം നല്കുവാനാണ്. എമെര്‍ജിംഗ് കേരളയിലൂടെ വിദേശനിക്ഷേപകരും ഇവിടുത്തെ പ്രകൃതിരമണീയമായ വനമേഖലയില്‍ റിസോര്‍ട്ടുകള്‍ പണി ഉയര്‍ത്താന്‍ വെമ്പുകയാണ്.
എന്റെ ഗ്രാമമായ വെങ്ങോല എന്റെ കുട്ടിക്കാലത്ത് വയലുകളും തോടുകളും കുളങ്ങളും കുന്നുകളും മലകളും വൃക്ഷങ്ങളും പക്ഷികളും എല്ലാംകൊണ്ട് സമൃദ്ധമായിരുന്നു. അവിടെ പാടങ്ങള്‍ നികത്തി ഉയര്‍ന്നത് തടിമില്ലുകളും പ്ലൈവുഡ് ഫാക്ടറികളും ആണ്. കുന്നുകളും മലകളും മണ് ഖാനനത്തിനും പാറപൊട്ടിക്കലിനും വിധേയമായപ്പോള്‍ വൃക്ഷങ്ങളും പക്ഷികളും എല്ലാം അപ്രത്യക്ഷമായി. വെങ്ങോലയില്‍ ജാഫര്‍ഖാന്‍ എന്നയാള്‍ 5.1 ഹെക്ടര്‍ വയലുകള്‍ അരിമില്ലിന് വേണ്ടി നികത്തിയതിനെതിരെ പഞ്ചായത്ത് രംഗത്തുവന്നപ്പോള്‍ അയാള്‍ കോടതിയില്‍ ഹര്‍ജി നല്കി. അന്ന് ഡിവിഷന് ബെഞ്ച് പോലും പറഞ്ഞത് നെല്‍വയലും തണ്ണീര്‍ത്തടവും അല്ലാത്ത നിലംനികത്തുന്നതില്‍ അപാകത ഇല്ലെന്നും കൃഷിക്കനുയോജ്യമല്ലാത്ത സ്ഥലങ്ങള്‍ മറ്റു വികസനത്തിന് വിട്ടുകൊടുക്കണമെന്നും ആയിരുന്നു. ആ വിധിയുടെ ദൂരവ്യാപകമായ പ്രത്യാഘാതത്തിന്റെ നേര്‍സാക്ഷ്യമാണ് വെങ്ങോല.
ഇന്ന് കേരളം കടുത്ത ഭക്ഷ്യക്ഷാമം നേരിടുകയാണ്. മലയാളി കഴിക്കുന്നത് അരി ആഹാരമാണ്. നമുക്ക് വേണ്ടത് 3.9 ദശലക്ഷം ടണ്‍ അരിയാണ്. ഇവിടെ ഉല്പ്പാദിപ്പിക്കുന്നതാകട്ടെ 6,25,000 ടണ്‍ അരി മാത്രവും. ഇപ്പോള്‍ കേരളത്തിലെ അടുക്കളയില്‍ തീ പുകയുന്നത് അയല്‍ സംസ്ഥാന വിഭവങ്ങളെ ആശ്രയിച്ചാണ്.
പാടങ്ങളും തണ്ണീര്‍ത്തടങ്ങളും അപ്രത്യക്ഷമാകുമ്പോള്‍ ഭൂഗര്‍ഭജലം വറ്റുന്നു. വെള്ളം നിറഞ്ഞു കിടന്നിരുന്ന പുഞ്ചപ്പാടങ്ങള്‍ ഇന്ന് ഐതിഹ്യമാണ്. വൃക്ഷങ്ങളും മലകളും കുന്നുകളും പാടങ്ങളും അപ്രത്യക്ഷമായപ്പോഴുണ്ടായ കാലാവസ്ഥാ വ്യതിയാനം കൃഷി സംഹാരം നടത്തുകയാണ്. വര്‍ഷംതോറും കുറഞ്ഞുവന്നിരുന്ന മഴ ഇക്കൊല്ലം 40 ശതമാനമായി കുറഞ്ഞപ്പോള്‍ നെല്ല്, കാപ്പി, കുരുമുളക്, വെളുത്തുള്ളി മുതലായ എല്ലാ കൃഷികളും നശിക്കുന്നു. ഇപ്പോഴുള്ള നെല്കൃഷിയില്പോലും നാല്‍പ്പതുശതമാനം കുറവുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
കേരളത്തില്‍ കുടിനീര് പ്രശ്നം എന്നത് തീര്‍ത്തും അസംഭാവ്യമായ ഒരു കാര്യമായാണ് കഴിഞ്ഞ തലമുറ കണ്ടിരുന്നത്. നാല്പത്തിനാല് നദികളുള്ള സംസ്ഥാനത്തെങ്ങനെ കുടിവെള്ള ക്ഷാമം വരും? പക്ഷെ ഇന്ന് വയനാട്ടില്‍ പോലും കുടിവെള്ളം ലഭ്യമല്ല. നദികളും മലകളും എല്ലാം മണല്‍ മാഫിയയ്ക്കും ക്വാറി മാഫിയയ്ക്കും തീറെഴുതിയപ്പോള്‍ വറ്റിവരണ്ടത് ജലസ്രോതസ്സുകളായിരുന്നു. നദികള്‍ മണല്‍ വാരലില്‍ തോടുകളായി രൂപാന്തരപ്പെട്ടു. മൂന്നുവിള എടുത്തിരുന്ന കേരളത്തിലെ നെല്‍വയലുകള്‍ ഇന്ന് ഒരു വിളവെടുപ്പിന് പോലും ഉതകുന്നില്ല. വെള്ളം ജീവജലമാണെന്നുമുള്ള യാഥാര്‍ത്ഥ്യം അതിന്റെ ലഭ്യത ഉറപ്പുവരുത്തേണ്ടതാണെന്നും മറന്നാണ് ധനമോഹിയായ മലയാളി സ്ഥലങ്ങള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക് അടിയറവെച്ചത്. അവര്‍ വയലുകള്‍ നികത്തി വ്യാവസായികാവശ്യത്തിന് ഉപയോഗിച്ചത് ‘ലാന്‍ഡ് യൂട്ടിലൈസേഷന്‍ നിയമം’ ലംഘിച്ചായിരുന്നു. മാഫിയകള്‍ വാഴുന്ന കേരളത്തില്‍ വെള്ളവുമില്ല, ഭക്ഷണവുമില്ലാതെ ജനം വലയേണ്ടിവരുകയാണ്.
ഇപ്പോള്‍ സര്‍ക്കാര്‍ മത-സാമുദായിക സംഘടനകളുടെ അപേക്ഷയിന്മേല് സൗജന്യമായി ഭൂമി പതിച്ചു നല്കുന്നു. ഇതിനെതിരെ റവന്യൂ വകുപ്പ് രംഗത്തുവന്നപ്പോള്‍ സര്‍ക്കാര്‍ ഒത്താശയോടെ സ്വകാര്യ വ്യക്തികള്‍ക്കും സംഘടനകള്‍ക്കും സൗജന്യമായും കുറഞ്ഞ പാട്ടത്തിനും ഭൂമി നല്‍കുന്നുണ്ട്. സര്‍ക്കാര്‍ ഭൂമിയില്‍ ഇന്‍കെല്‍ നടത്തിയ ഭൂമി കൈമാറ്റത്തെ എതിര്‍ത്ത ഉദ്യോഗസ്ഥന് സ്ഥലംമാറ്റം നേരിടേണ്ടി വന്നു. കൊച്ചി മെട്രോയുടെ ഭാഗമായി സ്വകാര്യ പങ്കാളിത്തത്തോടെ ബിസിനസ് സിറ്റിക്കായി പൊതുമരാമത്ത് വകുപ്പിന്റെ അധീനതയിലുള്ള ഭൂമി കൈമാറ്റവും റവന്യൂ വകുപ്പ് എതിര്‍ത്തിരുന്നു. റവന്യൂ വകുപ്പിന്റെ സാമൂഹ്യ പ്രതിബദ്ധത സര്‍ക്കാരിനെ പ്രകോപിതമാക്കുന്നതാണ് കാണുന്നത്. സര്‍ക്കാരിനും വ്യവസായ ലോബിയ്ക്കും വികസനം എന്നാല്‍ വയല്‍ നികത്തി ബഹുനില കെട്ടിടങ്ങള്‍ ഉയര്‍ത്തുകയെന്നതാണ്. ഇങ്ങനെ മാഫിയാവിധേയമായി നാടുഭരിക്കുന്ന സര്‍ക്കാരിന് ഒരിക്കലും കേരളത്തിന്റെ സംസ്ക്കാരമോ ജൈവവൈവിദ്ധ്യമോ ഭക്ഷ്യസുരക്ഷയോ ഉറപ്പുവരുത്താനാകില്ല.
ഭൂമാഫിയകളോട് ഇത്രയധികം വിധേയത്വം പ്രകകടിപ്പിക്കുന്ന സര്‍ക്കാര്‍ പക്ഷെ വികസനത്തിന്റെ പേരില്‍ കുടിയൊഴുപ്പിക്കപ്പെട്ട് വഴിയാധാരമായ കുടുംബങ്ങളെ സൗകര്യപൂര്‍വം മറക്കുന്നു. വേമ്പനാട് കായലിന്റെ ഒരു ഭാഗം നികത്തിയാണ് ഗോശ്രീ പദ്ധതിയും പാലങ്ങളും റോഡുകളും മറ്റും പണിതത്. മൂലമ്പിള്ളി നിവാസികള്‍ ഇനിയും പുനരധിവസിക്കപ്പെട്ടിട്ടില്ല. ഏറ്റവുമൊടുവില്‍ പൈതൃകഗ്രാമമായ ആറന്മുളയെ വിമാനത്താവളത്തിനായി തീറെഴുതുകയാണ്.
കേരളത്തെ ഈവിധം നാശോന്മുഖമാക്കിയത് ഇവിടം മാറിമാറി ഭരിച്ച മുന്നണി സര്‍ക്കാരുകളാണ്. ഇപ്പോള്‍ കേന്ദ്രസര്‍ക്കാരിന്റെ രണ്ടാംഘട്ട സാമ്പത്തിക പരിഷ്ക്കരണവും ഗ്യാസ് സിലിണ്ടര്‍ നിയന്ത്രണവുമെല്ലാം നിലവില്‍ വരുമ്പോള്‍ ജനങ്ങള്‍ എങ്ങനെ കഞ്ഞികുടിക്കും എന്ന ചോദ്യത്തിന് മന്മോഹന് സിംഗ്ജിയ്ക്ക് ഉത്തരമുണ്ട്. ഗ്രാമങ്ങള്‍തോറും മരം നടുക. വിറകിലേയ്ക്കും അറക്കപ്പൊടിയിലേയ്ക്കും തിരിച്ചുപോകുക. മരം വയ്ക്കാന്‍ ഭൂമിയില്ലാതായി എന്ന വസ്തുത വികസനഭ്രാന്തനായ സിംഗ്ജി അറിഞ്ഞിട്ടുണ്ടാവില്ല.
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: