നമ്മുടെ തന്നെ ജീവിതം നിരീക്ഷിച്ചാല്‍ ഇവ രണ്ടും നമ്മിലുണ്ടെന്ന് കാണാം. നാം ചിലപ്പോള്‍ ദേവന്മാരെപ്പോലെയും ചിലപ്പോള്‍ അസുരന്മാരെപ്പോലെയും പെരുമാറുന്നു. സത്ത്വത്തില് സ്ഥിരപ്രതിഷ്ഠിനേടാന് സാധിക്കാത്തതുകൊണ്ടാണ് ഇത് സംഭവിക്കുന്നത്. സദാചാരജീവിതം നയിച്ചാല്മാത്രം പോരാ. സാധാരണ സദാചാരം രജോഗുണമിശ്രമാണ്; അത് ആദ്ധ്യാത്മികാനുഭൂതിക്ക് തടസമായിനില്ക്കുന്നു. മനസ്സില്‍ നിന്ന് രജസ്സകറ്റിക്കഴിഞ്ഞാല് സത്ത്വം മുന്തിനില്ക്കും. അപ്പോള്‍ മനസ്സ് ഈശ്വരചൈതന്യത്തെ പ്രതിഫലിപ്പിക്കും. എന്നാലാദ്യം തമസ്സില്ലാതാക്കണം. ഇന്ദ്രിയസുഖം, ആലസ്യം, ദുരഭിമാനം എന്നിവ ഒഴിവാക്കണം. ശരിയായ അകക്കരുത്തുണ്ടെങ്കിലേ ഇത് സാദ്ധ്യമാവൂ. ആളുകള്‍ പുറത്തുകാണിക്കുന്ന ശക്തി ഭീരുത്വത്തിന്റെ മുഖംമൂടിയാണ്.
തികച്ചും സദാചാരപരനായ ഒരാള്‍ക്ക് ഗംഭീരമായ അന്തഃശക്തിയും ഓജസ്സുമുണ്ട്. അയാള്‍ തമസ്സിനെ ജയിച്ച് ശാന്തവും പ്രേമമയവുമായ ഒരു പ്രകൃതി നേടിയിരിക്കുന്നു. എന്നാലത് ആദ്ധ്യാത്മികാനുഭൂതിയിലേക്ക് നയിക്കുന്നില്ലെങ്കില്‍ അതുകൊണ്ടും കാര്യമില്ല. പൊതുവേ പറഞ്ഞാല്‍ യഥാര്‍ത്ഥ സദാചാരം മനുഷ്യനെ ആദ്ധ്യാത്മികമാര്ഗ്ഗത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും നയിക്കും. അതുകൊണ്ടാണ് ഗീത പറയുന്നത്, ദൈവീകസമ്പത്ത് മോക്ഷത്തിലേക്കും ആസുരീസമ്പത്ത് ബന്ധനത്തിലേക്കും നയിക്കുന്നു എന്ന്. അദ്ധ്യാത്മികാനുഭൂതികൊണ്ടേ മനുഷ്യന് പൂര്‍ണസ്വാതന്ത്ര്യം ലഭിക്കൂ. അതിലേക്ക് ഒഴിവാക്കാനാവാത്തൊരു പടിയാണ് സദാചാരനിഷ്ഠ.
ഒരു ശിഷ്ടജീവിതം നയിക്കുന്നതില്‍ നാമെത്രത്തോളം വിജയിക്കുന്നുവോ അത്രത്തോളം നാം സ്വതന്ത്രരാവുന്നു. എന്നാല്‍ സമ്പൂര്‍ണസ്വാതന്ത്ര്യം ആദ്ധ്യാത്മികാനുഭൂതികൊണ്ടേ ലഭിക്കുന്നുള്ളൂ. എല്ലാ ബന്ധത്തിനും ദുഃഖത്തിനും മൂലകാരണമായ അജ്ഞാനത്തിന്റെ പിടിയില്‍നിന്ന് അത് ജ്ഞാനിയെ വിമുക്തനാക്കുന്നു.
ശ്രീ യതീശ്വരാനന്ദ സ്വാമികള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: