ഭാരതത്തിലെ ജനങ്ങളെയാകെ വൃത്തികെട്ടവരെന്നും ശുചിത്വബോധമില്ലാത്തവരെന്നും അധിക്ഷേപിക്കുന്ന ശീലം വെള്ളക്കാര്ക്കുണ്ടായിരുന്നുവല്ലൊ. പൊതുസ്ഥലങ്ങളില്‍ മലവിസര്‍ജ്ജനം ചെയ്യുന്നതിനേയും വീടിനകം ചാണകം മെഴുകുന്നതിനേയും എരുമച്ചാണകം തളിച്ചു ശുദ്ധം വരുത്തുന്നതിനെയും മറ്റുമാണ് അവര്‍ ഉദാഹരണമായി ചൂണ്ടിക്കാട്ടിയിരുന്നത്. ചാണകത്തിന്റെയും ഗോമൂത്രത്തിന്റെയും ഔഷധഗുണങ്ങളും അണുനാശനശേഷിയും ഇപ്പോള്‍ ശാസ്ത്രീയമായിത്തന്നെ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്.
ഭാരതീയരുടെ ശുചിത്വസങ്കല്പ്പമല്ല പാശ്ചാത്യര്ക്കെന്നത് പ്രസിദ്ധമാണ്. ഇവിടെ ദിവസേന കുളിക്കുന്നത് സാധാരണമാണ്. എന്നാല്‍ യൂറോപ്പില്‍ പൊതുവേയും ഇംഗ്ലണ്ടില്‍ വിശേഷിച്ചും കുളി ആവശ്യമില്ലെന്ന പക്ഷക്കാരാണ് ഏറെയും. പാശ്ചാത്യ രാജ്യങ്ങളിലെ കുടുംബത്തിന്റെ വളര്‍ച്ചയുടെ ഇതിഹാസമെന്നപോലെ ബില്‍ ബ്രൈസന് എന്ന എഴുത്തുകാരന് തയ്യാറാക്കിയ 700 പുറങ്ങളിലധികം വരുന്ന “അറ്റ് ഹോം” എന്ന പുസ്തകത്തില്‍, അവിടുത്തെ ജീവിതത്തിന്റെ ആഴത്തിലുള്ള വിശകലനമുണ്ട്. യൂറോപ്പിലും അമേരിക്കയിലും നിന്നു മാത്രമേ ഇതില്‍ ഉദാഹരണങ്ങള്‍ എടുത്തിട്ടുള്ളൂവെന്നത് പുസ്തകത്തിന്റെ പോരായ്മയാണെങ്കിലും കൊട്ടിഘോഷിക്കപ്പെടുന്ന പാശ്ചാത്യ ജീവിതത്തിന്റെ പുഴുക്കുത്തുകള്‍ അതില്‍ ഭംഗിയായി നര്‍മബോധത്തോടെ വിവരിക്കുന്നുണ്ട്.
ശരീരം ശുചിയാക്കുന്നതിനും വിയര്‍പ്പു മണം അകറ്റുന്നതിനും കുളിക്കണമെന്ന ചിന്ത വളരെ സാവധാനത്തിലാണത്രെ ഇംഗ്ലണ്ടില്‍ ഉണ്ടായത്. “ക്ലെന്‍ലിനെസ്സ് ഇസ് നെക്സ്റ്റ് ടു ഗോഡ്ലിനെസ്’ എന്ന മെതോഡിസ്റ്റ് സഭക്കാരുടെ ഉപദേശത്തില്‍ വൃത്തിയുള്ള വസ്ത്രങ്ങള്‍ മാത്രമാണ് ശരീരമല്ല ഉദ്ദേശിച്ചിരുന്നതെത്രെ. ശരീരം ശുചിയാക്കാന്‍ ഇടയ്ക്കിടെ മുഖം വടിക്കുകയും കാല് കഴുകുകയും മാത്രമേ വേണ്ടിയിരുന്നുള്ളൂ. 1830 ല്‍ കോളേജില്‍ പഠിക്കാന്‍ വീട് വിട്ടുപോയ കാറല്‍ മാര്‍ക്സിനോട് ആഴ്ചയിലൊരിക്കല്‍ സോപ്പുപയോഗിച്ച് ശരീരം സ്പോഞ്ചുകൊണ്ട് തുടയ്ക്കണമെന്നാണത്രേ അമ്മ നിര്‍ദ്ദേശിച്ചത്. ഭാരതത്തില്‍ നിന്നാണ് ബ്രിട്ടീഷുകാര്‍ കുളിക്കുന്ന ശീലം സമ്പാദിച്ചതെത്രേ. അതിനുമുമ്പ് ക്രിസ്മസ് കാലത്തെ ഒറ്റക്കുളികൊണ്ട് ഒരാണ്ടുകാലത്തെ ശുചീകരണം നടക്കുമായിരുന്നു. രാജകുടുംബാംഗങ്ങള്‍ മുതല്‍ സാധാരണക്കാര്‍ വരെ അതായിരുന്നു ചിട്ട.
മലവിസര്ജ്ജനക്കാര്യത്തില് ഭാരതത്തെക്കാള്‍ ഒട്ടും മെച്ചമായിരുന്നില്ല ബ്രിട്ടന് എന്നാണ് പുസ്തകം വായിക്കുമ്പോള്‍ തോന്നുക. നമ്മുടെ നാട്ടിന്‍പുറങ്ങളില്‍ പണ്ടുകാലത്ത് മറപ്പുരകളും മലക്കുഴികളുമുണ്ടായിരുന്നു. ആളൊഴിഞ്ഞ പറമ്പുകളും പരസ്യാരാധനയ്ക്കുപയോഗിച്ചിരുന്നു. തീവണ്ടിയില്‍ യാത്ര ചെയ്യുമ്പോള്‍ ഇരുവശങ്ങളിലുമുള്ള പാടങ്ങളിലും നഗരങ്ങളുടെ പിന്നാമ്പുറങ്ങളിലും നൂറുകണക്കിനാളുകള്‍ ആണ്‍പെണ്‍ ഭേദമില്ലാതെ വിസര്ജനത്തിനിരിക്കുന്നത് ഇന്നും കാണാന്‍ കഴിയും. ചെന്നൈയിലും മറ്റു വന്‍ നഗരങ്ങളിലും കേരളത്തിലെ പാലക്കാട്ടുപോലും റോഡിന്റെ നടുക്കുകൂടെയല്ലാതെ വിസര്‍ജ്യങ്ങള്‍ ചവിട്ടാതെ നടക്കാന്‍ കഴിയാത്ത കാലം ഉണ്ടായിരുന്നു. ഇന്നും ഇല്ല എന്ന് വിശ്വസിക്കാന്‍ കഴിയില്ല. ദല്‍ഹിയിലും അതുതന്നെയാണ് സ്ഥിതി.
ദല്‍ഹിയിലെ കാര്യത്തെപ്പറ്റി നെഹ്റു ജീവിച്ചിരുന്ന സമയത്തെ ഒരു തമാശയുണ്ട്. സോവ്യറ്റ് നേതാക്കളായിരുന്ന നികിതാ ക്രൂശ്ചേവും നിക്കൊറായ് ബുള്‍ഗാനിനും 1956 അവസാനത്തില്‍ ഭാരതം സന്ദര്‍ശിച്ചു. ഭാരത സോവ്യറ്റ് സഹകരണ സൗഹാര്‍ദ്ദങ്ങളുടെ ആഘോഷപൂര്‍വമായ തുടക്കമായിരുന്നു അത്. ഒരു പ്രഭാതത്തില്‍ നെഹ്റുവും ക്രൂശ്ചേവും ഒരുമിച്ചു സവാരിക്കിറങ്ങി. യമുനാ തീരത്തുകൂടെ നടക്കവേ നിരനിരയായിരുന്ന് പ്രഭാതകൃത്യം നടത്തുന്നവരെക്കണ്ട് ക്രൂശ്ചേവ് ദല്‍ഹിക്കാരുടെ ശുചിത്വമില്ലായ്മയെപ്പറ്റി സംസാരിച്ചു. നെഹ്റുവിന് അത് വളരെ നാണക്കേടുണ്ടാക്കി. ഒന്നും പറയാന്‍ കഴിയാതെ അദ്ദേഹം നടന്നു.
കുറെ മാസങ്ങള്‍ക്കുശേഷം നെഹ്റുവിന്റെ പ്രതിസന്ദര്‍ശനം മോസ്ക്കോയിലേക്കുണ്ടായി. പ്രഭാത സവാരിക്കായി അദ്ദേഹവും ക്രൂശ്ചേവും ഇറങ്ങി. മനോഹരവും മാലിന്യം തൊട്ടുതീണ്ടാത്തതുമായ നഗരവീഥികളിലൂടെ നടന്ന് അവര്‍ മസ്ക്വാ നദീതീരത്ത് പ്രകൃതി സൗന്ദര്യം ആസ്വദിച്ചുകൊണ്ട് പോകുന്നതിനിടെ അകലെ ഒഴിഞ്ഞ ഒരു സ്ഥലത്ത് ഒരാള്‍ ഇരിക്കുന്നത് നെഹ്റു ക്രൂശ്ചേവിനെ കാട്ടിക്കൊടുത്തു. ഉടന്‍ അയാളെ അറസ്റ്റ് ചെയ്തു ഹാജരാക്കാന്‍ നിര്‍ദ്ദേശം നല്കപ്പെട്ടു. മുന്നിലെത്തിയത് അവിടുത്തെ ഇന്ത്യന്‍ അംബാസിഡറായിരുന്നുവെന്നതായിരുന്നു കഥാന്ത്യത്തിലെ നര്‍മം.
നമ്മുടെ നഗര മാലിന്യങ്ങള്‍ ഇപ്പോള്‍ ഏറ്റവും വലിയ പ്രക്ഷോഭത്തിന് കാരണമായ പ്രശ്നമാകുന്നു. നദികളൊക്കെ മാലിന്യവാഹിനികളാണ്. ഏറ്റവും പവിത്രമായ ഗംഗാനദിയാണ് ഏറ്റവും മലിനമത്രേ. മുമ്പ് ഗംഗാസാഗര സംഗമത്തില്‍ ഏതാണ്ട് 100 കി.മീ. വരെ സമുദ്രത്തില്‍ ശുദ്ധജലമായിരുന്നുവെന്നും കപ്പലുകള്‍ അവിടെനിന്നും വെള്ളമെടുക്കുമായിരുന്നുവെന്നും അറിയുമ്പോള്‍ നമുക്ക് വിസ്മയം തോന്നാം. വിവിധ പദ്ധതികള്‍ക്കായി നിര്‍മിച്ച അണക്കെട്ടുകള്‍ ജലപ്രവാഹത്തെ തടയുന്നതിനാല്‍ സമുദ്രത്തിലെത്തുന്ന ജലത്തിന്റെ അളവ് തന്നെ വളരെ കുറവായതും മാലിന്യ കാരണമാകാം. ഭാരതപ്പുഴയുടെയും പെരിയാറിന്റെയും കാവേരിയുടേയും പമ്പയുടേയും അവസ്ഥയും അതുതന്നെയാണല്ലൊ.
ശുചീകരണക്കാര്യത്തില് ഭാരതത്തെക്കാള്‍ ഒട്ടും മെച്ചമായിരുന്നില്ല ഇംഗ്ലണ്ട് അടക്കമുള്ള പാശ്ചാത്യരാജ്യങ്ങള്‍. അവരുടെ പ്രഭു ഗൃഹങ്ങളില്‍ പോലും മുറികള്‍ക്കകത്ത് പൂപ്പാത്രങ്ങള്പോലെ വിസര്‍ജന പാത്രങ്ങള്‍ വെച്ചിരുന്നതായും ബില്‍ ബ്രൈസര്‍ പറയുന്നു. വിസര്‍ജ്യ മാലിന്യങ്ങള്‍ തലച്ചുമടായി കൊണ്ടുപോയിരുന്ന തോട്ടികള്‍ (ഭങ്ഗികള്‍) അടുത്തകാലം വരെ ഭാരതത്തിലെങ്ങുമുണ്ടായിരുന്നു. അതിനെ പ്രാകൃതരീതിയായി കരുതിയത് അടുത്തകാലം വരെ മാത്രമായിരുന്നു. ഈ രീതി തന്നെയായിരുന്നത്രെ ഇംഗ്ലണ്ടിലും യൂറോപ്പിലും ഒരു നൂറ്റാണ്ടുമുമ്പുവരെ നിലനിന്നത്. കക്കൂസ് കുഴികള്‍ ശുചിയാക്കാന്‍ ഇറങ്ങിയവര്‍ അതില്‍ത്തന്നെ വീണ് ശ്വാസംമുട്ടി മരിക്കുന്നതും മറ്റും സാധാരണയായിരുന്നത്രെ. ഏറ്റവും ഭീകരമായ അവസ്ഥ ലണ്ടനിലായിരുന്നു. പല സ്ഥലങ്ങളിലെയും തിരക്കും ജനസാന്ദ്രതയും സങ്കല്പ്പിക്കാന് കഴിയാത്തത്രയായിരുന്നു. അവിടുത്തെ മാലിന്യങ്ങളത്രയും തെംസ് നദിയിലേക്കാണ് ചെന്നെത്തിയത്. ചീഞ്ഞ മാംസം, ചത്ത ജന്തുക്കള്‍, ഭക്ഷ്യാവശിഷ്ടങ്ങള്‍, വ്യവസായ മാലിന്യങ്ങള്‍ തുടങ്ങി ലക്ഷക്കണക്കിന് ടണ്‍ മാലിന്യങ്ങള്‍ തെംസിലേക്കെത്തിക്കൊണ്ടിരുന്നു. അവയൊക്കെ കടലിലേക്കൊഴുകുമെന്ന് കരുതിയവര്‍ക്ക് വേലിയേറ്റ സമയത്ത് എല്ലാം തിരിച്ചു കയറി വരുന്നതും സഹിക്കേണ്ടിവന്നു.
ഇവ സൃഷ്ടിച്ച മാരകങ്ങളായ പകര്‍ച്ചവ്യാധികള്‍ കൊല്ലംതോറും പതിനായിരക്കണക്കിനാളുകളെ 19-ാം നൂറ്റാണ്ടില്‍ അപഹരിച്ചു. ഭാരതത്തില്‍നിന്നാണ് ഇംഗ്ലണ്ടിലേക്കു കോളറ ചെന്നതത്രെ. പാവപ്പെട്ടവരുടെ മഹാമാരിയെന്നാണതിനെ വിശേഷിപ്പിച്ചതെങ്കിലും സാമ്പത്തികമായി മെച്ചപ്പെട്ടവരും ആയിരക്കണക്കായി കോളറക്കിരയായി. രോഗകാരണങ്ങളെപ്പറ്റി ഗവേഷണം നടന്നതും അതിന്റെ മരണത്തോത് കുറക്കാന്‍ കഴിഞ്ഞതും നേട്ടമായി.
ലണ്ടന്‍ നഗരത്തില്‍ അഴുക്കുചാല്‍ നിര്‍മിക്കാന്‍ ഒരു എഞ്ചിനീയര്‍ മുന്നോട്ട് വരികയും അതില്‍ വിജയിക്കുകയും ചെയ്തു. ആയിരക്കണക്കിന് കിലോമീറ്റര്‍ നീളത്തില്‍ ഭൂഗര്‍ഭ ചാലുകള്‍ നിര്‍മിച്ച് നഗരത്തിന്റെ താഴ്ഭാഗത്തു തെംസ് നദിയിലേക്കുതന്നെ തിരിച്ചുവിട്ടു. ദിവസവും ലക്ഷക്കണക്കിന് കിലോലിറ്റര്‍ മാലിന്യങ്ങളാണ് നദിയില്‍ തള്ളപ്പെട്ടു തുടങ്ങിയത്. ലണ്ടന്‍ രക്ഷപ്പെട്ടെങ്കിലും താഴ്ഭാഗത്തുള്ളവര്‍ക്ക് നരകമായി. 1878 ല്‍ കടലില്‍നിന്ന് മടങ്ങിവന്ന ഒരുല്ലാസക്കപ്പലും മറ്റൊരു കപ്പലും നദിയിലേക്ക് മാലിന്യം തള്ളുന്ന വന്‍ കുഴലുകള്‍ക്ക് മുന്നില്‍ വെച്ച് കൂട്ടിമുട്ടി. അഞ്ചുമിനിട്ടിനുള്ളില്‍ 800 ലേറെ മനുഷ്യര്‍ ആ വിസര്ജ്യക്കടലില്പ്പെട്ടു മൃതിയടഞ്ഞു. വിഷവാതകങ്ങള്‍ നിറഞ്ഞു ചീര്‍ത്ത ശരീരങ്ങള്‍ സാധാരണ ശവപ്പെട്ടികളില്‍ ഒതുങ്ങുന്നവയായിരുന്നില്ലത്രെ.
ബ്രിട്ടീഷുകാര്‍ ഭാരതത്തേയും ചീനയേയും വഞ്ചിക്കുകയും കൊള്ളയടിക്കുകയും ചെയ്തതിന്റെ കഥ കൂടി അതോം എന്ന പുസ്തകം പരാമര്‍ശിക്കുന്നുണ്ട്. സാമ്രാജ്യവികസനത്തോടൊപ്പം ഇംഗ്ലീഷുകാര്‍ വലിയ ചായകുടിയന്മാര് കൂടിയായി. ചീനയ്ക്കായിരുന്നു തേയില ഉല്‍പ്പാദനത്തിന്റെ കുത്തക. അത് ഇംഗ്ലണ്ടിന് വന്‍ വ്യാപാരക്കമ്മി വരുത്തി. ഭാരതത്തില്‍ ഉല്‍പ്പാദിപ്പിച്ചിരുന്ന അവീന്‍ ചീനയിലേക്കു കയറ്റിയയച്ചാണവര് കമ്മി കുറേയെങ്കിലും നികത്തിയത്. ചീനക്കാരെ അവര്‍ അവീന്‍ തീറ്റി മയക്കിയെന്നു പറയാം. ചായകൃഷി, അതിന്റെ സംസ്ക്കരണം എന്നിവ ചീനക്കാര്‍ രഹസ്യമാക്കി വെച്ചിരുന്നു. റോബര്‍ട്ട് ഫോര്‍ച്യൂണ്‍ എന്ന സ്കോട്ട്ലണ്ടുകാരന് ചീനക്കാരന്‍ ഭിക്ഷുവിന്റെ വേഷത്തില്‍ അവരുടെ ഭാഷയറിയില്ലെങ്കിലും 20 വര്‍ഷക്കാലം ചുറ്റി സഞ്ചരിച്ച് ചായ നിര്‍മാണ രഹസ്യങ്ങളെല്ലാം പഠിച്ചു. തേയില ചെടിയുടെ വിവിധയിനം വിത്തുകളുമായി ഭാരതത്തിലെത്തി. ആസാമിലും ബംഗാളിലും കൃഷിയാരംഭിച്ചു. പത്ത് വര്‍ഷം കൊണ്ട് ഭാരതത്തിലെ തേയില ഉല്‍പ്പാദനം 14 കോടി പൗണ്ട് ആയി. ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ ഏറ്റവും ലാഭകരമായ കച്ചവടമായി തേയില രംഗം മാറി. എന്നാല്‍ ഒന്നാം സ്വാതന്ത്ര്യസമരത്തെത്തുടര്‍ന്ന് 1858 ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി ഭാരതത്തിന്മേലുള്ള അവകാശങ്ങള്‍ അവസാനിപ്പിക്കേണ്ടിവന്നു.
അതുപോലെ തന്നെ ഇന്ത്യന്‍ പരുത്തിത്തുണി വ്യവസായത്തേയും ബ്രിട്ടീഷുകാര്‍ നശിപ്പിച്ചു. ഇവിടുത്തെ പരുത്തി ഉല്‍പ്പാദനം മുഴുവന്‍ അവര്‍ കുത്തകയാക്കി വ്യവസായ വിപ്ലവത്തിന്റെ അസംസ്കൃതവസ്തുവാക്കി. അമേരിക്കന്‍ കോളനികളില്‍ പരുത്തി കൃഷി ആരംഭിച്ചു. ഭാരതത്തിലെ പട്ടിണിയുടേയും ദാരിദ്ര്യത്തിന്റേയും മുഖ്യകാരണങ്ങളില്‍ ഒന്ന് പരുത്തി വ്യവസായരംഗത്തെ ഈ കവര്‍ച്ചയായിരുന്നു. സ്വാതന്ത്ര്യ സമരത്തില്‍ ഗാന്ധിജി ഇതിനെ മുഖ്യമായും എടുത്തുകാട്ടിയിട്ടുണ്ട്.
അതിപ്രാചീനകാലത്തുതന്നെ സംസ്കൃതമായ ജീവിതത്തിന്റെ മാതൃക സൃഷ്ടിച്ചിരുന്ന ഭാരതത്തിന്റെ സംഭാവനകളെ ഉദാഹരിക്കാന്‍ ബില്‍ ബ്രൈസന് ശ്രമിച്ചിട്ടില്ല. അത് പഠിക്കാന്‍ അദ്ദേഹം ശ്രമിച്ചതായും കാണുന്നില്ല. ശ്രീഗുരുജിയും ദീനദയാല്‍ജിയും ദത്തോപന്ത് ഠേംഗ്ഡിജിയും മറ്റും ഭാരതീയ കുടുംബ സങ്കല്‍പ്പത്തേയും ജീവിതരീതിയുടെ വികാസത്തേയും കുറിച്ച് നടത്തിയ പഠനങ്ങളില്‍നിന്ന്, പാശ്ചാത്യ മാതൃകകളെക്കാള്‍ എത്രയോ ഉയരത്തിലായിരുന്നു നമ്മുടേതെന്ന് വ്യക്തമാകുന്നു.
പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: