പിറന്നുവീഴുന്ന നിമിഷം മുതല്‍ ഓരോരുത്തരും നടന്നടുക്കുന്നത് വാര്‍ധക്യത്തിന്റെ മുനമ്പിലേക്കാണ്. അവിടെയെത്തുന്നതോടെ അതുവരെ ഉണ്ടാക്കിവെച്ചിരുന്ന ധനധാന്യസമൃദ്ധിയെല്ലാം മറ്റാര്‍ക്കോ ആവുന്നു. ഒരു പക്ഷേ, സ്വന്തം ചോരയില്‍ പിറന്നവര്‍ക്ക്. അല്ലെങ്കില്‍ ചോരബന്ധത്തെക്കാള് സമൃദ്ധബന്ധമുള്ള മറ്റാര്‍ക്കെങ്കിലും. നിശ്ചിതകാലത്തേക്ക് ജീവന് കടംവാങ്ങിയിരിക്കുന്ന ശരീരങ്ങളാണ് ഏവര്‍ക്കുമുള്ളത്. അത് മനസ്സിലുള്ളവര്‍ക്ക് അത്യാവശ്യം സ്നേഹവും കരുണയും മറ്റും ഉണ്ടാകും. അതിനെ മാനവികതയെന്നോ മറ്റോ പറയാം. അതില്ലാത്തവരുടെ കാര്യം പറഞ്ഞിട്ട് ഫലവുമില്ല.
ഇപ്പോള്‍ എല്ലാ ബന്ധവും ഒരു ദിവസത്തിന്റെ ഇത്തിരിച്ചിമിഴിലേക്കാണ് നാം ഉരുക്കിയൊഴിക്കുന്നത്. അങ്ങനെ ചെയ്യുന്നതിലൂടെ എല്ലാമായി എന്നു നാം കരുതുന്നു. പ്രണയദിനം, വൃദ്ധദിനം, മാതൃദിനം അങ്ങനെയങ്ങനെ ഒട്ടേറെ. ഇതില്‍ എന്തെങ്കിലും കാര്യമുണ്ടോ എന്നു ചോദിക്കരുത്. അങ്ങനെയെങ്കിലും അതുമായി ബന്ധപ്പെട്ടവരെ ഓര്‍ക്കുന്നുവല്ലോ എന്ന് സമാധാനിക്കയത്രേ കരണീയം. ഒക്ടോബര്‍ രണ്ട് കാരുണ്യം പൂത്തുലഞ്ഞ ഒരു ദിനമാണ്. ബാപ്പുജി ജനിച്ച ദിവസം. അതിന്റെ തൊട്ട് മുമ്പത്തെ ദിനമാണ് നമ്മള് വയോജനങ്ങള്‍ക്കായി മാറ്റിവെച്ചിരിക്കുന്നത്. ആ ദിനത്തില്‍ വയോജനങ്ങളെക്കുറിച്ച് ചിന്തിച്ചും അവര്‍ക്കായി പല പദ്ധതികളും ആസൂത്രണം ചെയ്തും നാം ആ ദിനം അടിച്ചുപൊളിച്ചു.
ഒക്ടോ. ഒന്നിന്റെ മാതൃഭൂമിയുടെ മുഖപ്രസംഗം വയോജനങ്ങളെക്കുറിച്ചായിരുന്നു. ജീവിതസായാഹ്നത്തില്‍ അവര്‍ക്കുവേണ്ടത് എന്തെന്ന അന്വേഷണത്തിന് ഗതിവേഗം കൂട്ടുന്ന വാക്കുകളാണ് മാതൃഭൂമിയുടേത്. അനാഥരോ കുടുംബങ്ങളില്‍നിന്ന് പല കാരണങ്ങളാല്‍ ബഹിഷ്കൃതരോ സ്വയം കുടുംബം വിട്ടവരോ ആയ വയോജനങ്ങള്‍ക്കെല്ലാം ശിഷ്ടകാലം ക്ലേശരഹിതമായി കഴിച്ചുകൂട്ടുന്നതിനുള്ള സംവിധാനമാണ് ഉണ്ടാകേണ്ടത് എന്ന് പറയുമ്പോള്‍ അതിന് സര്‍ക്കാര്‍ മാത്രം വിചാരിച്ചാല്‍ പോര എന്നത് വസ്തുതയാണ്. വാര്‍ധക്യത്തിലേക്ക് നടന്നടുക്കുന്നവര്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷതേടുന്നതിനെക്കാള്നന്ന് അത്തരക്കാരെ സംരക്ഷിക്കുന്നത്. ആയകാലത്ത് സാമൂഹിക-സംഘടന-സാമ്പത്തിക ധാര്‍ഷ്ട്യങ്ങളുടെ മേല്‍ക്കുപ്പായമിട്ട് കഴിഞ്ഞവരും അല്ലാത്തവരും കടന്നുപോകുന്ന ജീവിതപ്പാതകളെക്കുറിച്ചാണ് മാതൃഭൂമി പറയുന്നത്. അതില്‍ ആത്മാര്‍ത്ഥതയുണ്ട്, അനുതാപമുണ്ട്. ആര്‍ക്കും അത് മനസ്സിലാവുകയുംചെയ്യും.
അതേ ദിവസത്തെ മാതൃഭൂമിയില്‍ എക്സിക്കുട്ടന്‍ വരച്ച രജീന്ദ്രകുമാര്‍ വാസ്തവത്തില്‍ വയോജനദിനം എന്നപേരില്‍ നാമെന്തൊക്കെയാണ് കാട്ടിക്കൂട്ടുന്നതെന്ന് നാലഞ്ചു വരകളില്‍ കോറിയിട്ടിരിക്കുന്നു. ഹാപ്പി വൃദ്ധദിനം ആശംസിച്ച് സ്വന്തം വാഹനത്തില്‍ ഝടുതിയില്‍ കയറിപ്പോകുന്നവരും മറ്റും ഒരു വേള രജീന്ദ്രകുമാറിന്റെ വരകള്‍ക്കു മുമ്പില്‍ ഒരു നിമിഷം നിന്നുപോകും. അത്രമാത്രം ഹൃദയദ്രവീകരണ ശക്തിയുണ്ടതിന്. വാര്‍ധക്യത്തിന്റെ പടിവാതില്ക്കലേക്ക് നെറ്റ് വേഗത്തില്‍ കുതിക്കുന്ന സകലമാന യൗവനങ്ങളും ഇത്തിരി നേരം വയോജനങ്ങള്‍ക്കായി മേറ്റെവ്ക്കുക. ഫിക്സഡ് ഡെപ്പോസിറ്റിന് പലിശകിട്ടുംപോലെ ഇന്നത്തെ കാരുണ്യത്തിന് വാര്‍ധക്യത്തില്‍ പലിശയും കൂട്ടുപലിശയും കിട്ടിയേക്കും. എല്ലാം ഒരു സങ്കല്‍പ്പമാണെങ്കിലും അതിലൊരു ചിന്ന സുഖമുണ്ടല്ലോ?.
നമ്മുടെ കഥാകൃത്തുക്കളില്‍ ശ്രദ്ധേയനാണ് സമദ്പനയപ്പിള്ളി. സംഗീതത്തിലും നാടകത്തിലും പത്രപ്രവര്‍ത്തനത്തിലും തല്‍പ്പരനായ സമദിന്റെ കഥാസമാഹാരത്തിന്റെ പേര് വ്യസനങ്ങളുടെ ആല്‍ബം. മനുഷ്യന്റെ സ്ഥായിയായ ഭാവം വ്യസനം ആയതുകൊണ്ടാവാം സമദ് അത് ആല്‍ബമാക്കി സൂക്ഷിക്കാന്‍ താല്‍പ്പര്യം കാട്ടിയത്. ജീവിതത്തിന്റെ പുറമ്പോക്കുകളിലെ സംഭവങ്ങളില്‍ തുടിക്കുന്ന വികാരവിചാരങ്ങളെ വായനക്കാരിലേക്ക് അസാമാന്യ കരവിരുതോടെ സമദ് സന്നിവേശിപ്പിക്കുന്നു എന്നതാണ് വാസ്തവം. വ്യസനങ്ങളുടെ ആല്‍ബത്തില്‍ 20 കഥകളാണുള്ളത്. ഒന്നിനൊന്ന് മികച്ച കഥകള്‍ എന്നു പറയുന്നതിനെക്കാള്‍ നല്ലത് ഓരോന്നും ഓരോ ജീവിതത്തില്‍ നിന്നും ചീന്തിയെടുത്തതാണ് എന്നതാണ്. കണ്ണീരും ചോരയും കലര്‍ന്ന വികാരങ്ങള്‍ നിങ്ങളെ ഏതൊക്കെ വഴികളിലൂടെ കൊണ്ടുപോകുമെന്ന് പ്രവചിക്കാനാവില്ല. വ്യസനങ്ങളുടെ ആല്‍ബം സമദ് കാട്ടിത്തരുന്നത് നിങ്ങള്‍ വ്യസനിക്കാനല്ല. വ്യസനത്തിന്റെ ആത്യന്തിക സ്വഭാവത്തില്‍ അലിഞ്ഞുകിടക്കുന്ന ആര്‍ദ്രതയുടെ ചാന്ദ്രശോഭ ചെറുതായൊന്നു ചൂണ്ടിക്കാണിക്കാനാണ്. അത്രയും ആത്മാര്‍ത്ഥതയുണ്ട് ഓരോ കഥയിലും. അച്ഛന് എന്ന കഥയില്‍ പനി വന്നശേഷം അച്ഛന്റെ സ്വഭാവത്തില്‍ വന്ന മാറ്റം മക്കളെ വല്ലാതെ അസ്വസ്ഥപ്പെടുത്തിയപ്പോള്‍ ചികിത്സിക്കാന്‍ വന്ന വൈദ്യന് പറഞ്ഞത്, എല്ലാം നേരെയാകും. കുറച്ചു സമയമെടുക്കുമെന്നു മാത്രം എന്നാണ്. അത്തരം ഒട്ടേറെ ആശ്വാസത്തിന്റെ പ്രതീക്ഷാഭരിതമായ കൈവിരലുകളാണല്ലോ നമ്മെ മുന്നോട്ടു നയിച്ചുകൊണ്ടുപോകുന്നത്. സമദ്പനയപ്പള്ളിയും പ്രതീക്ഷയുടെ നക്ഷത്രവെളിച്ചം കാണിച്ചു തരികയാണ്. ആര്‍ക്കും അലോസരമുണ്ടാക്കാതെ. ആരെയും അവഗണിക്കാതെ. കഥകളുടെ ശാന്ത സമുദ്രത്തില്‍ മുങ്ങി നല്ല നല്ല മുത്തുകള്‍ ഇനിയും സമദ് നമുക്ക് നല്കട്ടെ.
വികസനം വരുമ്പോള്‍ പുറം തിരിഞ്ഞുനിന്നാല്‍ പിന്നീട് പരിഭവിച്ചിട്ട് കാര്യമില്ല എന്ന് ആര്‍ക്കും അറിയാം. തിരുവനന്തപുരത്ത് നിന്ന് രണ്ടു മണിക്കൂറിനുള്ളില്‍ കാസര്‍കോട് എത്താന്‍ കഴിയുക എന്നത് പണ്ട് ആശിക്കാന്‍ പോലും പറ്റിയിരുന്നില്ല. എന്നാല്‍ അതൊരു നടക്കാത്ത സ്വപ്നമല്ലെന്ന് പതിയെപ്പതിയെ അറിഞ്ഞുതുടങ്ങിയിരിക്കുന്നു. അതേസമയം ജനങ്ങളില്‍ ആശങ്കപടര്‍ത്തി പദ്ധതി അട്ടിമറിക്കാനും അണിയറയില്‍ കളികള്‍ തുടങ്ങിയിരിക്കുന്നു.
കുടിയൊഴിപ്പിക്കലിന്റെ ഭീകരത രൗദ്രഭാവത്തോടെ വിവരിക്കാന്‍ ചില ശക്തികള്‍ സജീവമായി രംഗത്തുണ്ട് എന്നാണ് കേരളശബ്ദം (ഒക്ടോ.14) പറയുന്നത്. വീതി 20 മീറ്ററോ 110 മീറ്ററോ എന്ന റിപ്പോര്‍ട്ട് പ്രത്യേക ലേഖകന്റേതാണ്. ഉപഗ്രഹസഹായത്തോടെ ദിശനിശ്ചയിക്കുന്ന ജോലി പൂര്‍ത്തിയാക്കിയെങ്കിലും ഏതു വഴിയാണ് പോവുന്നതെന്ന് നാട്ടുകാര്‍ക്ക് അറിയില്ല. അവിടെയാണ് നേരത്തെ പറഞ്ഞ ശക്തികള്‍ ബുദ്ധി പ്രയോഗിച്ചത്. കടുത്തുരുത്തി സെന്റ് മേരീസ് വലിയ പള്ളി സെമിത്തേരിയുടെ മതില്, മള്ളിയൂര്‍ ക്ഷേത്രസമീപത്തെ മതില് എന്നിവിടങ്ങളില്‍ ഇത്തരം ശക്തികള്‍ വ്യാജമാര്‍ക്കിംഗ് നടത്തി. സംഗതി കത്തി. ജനങ്ങള്‍ വികാരാവേശത്തോടെ പ്രക്ഷോഭമുഖത്തേക്ക് നീങ്ങിത്തുടങ്ങി. അതിനെക്കുറിച്ചാണ് കേരളശബ്ദം പറയുന്നത്. സാമൂഹികവിരുദ്ധര്‍ എത്ര വിദഗ്ധമായാണ് കരുനീക്കം നടത്തുന്നതെന്ന് എടുത്തു കാണിക്കുന്നു ആ റിപ്പോര്‍ട്ട്. അതിവേഗ പാതയിലായാലും അതിജീവനത്തിന്റെ വഴിയിലായാലും ഇമ്മാതിരി ക്ഷുദ്രകീടങ്ങള്‍ സമൃദ്ധമാണ്. സാധാരണ കീടനാശിനിയൊന്നും ഇതിന് പോര.
നമ്മുടെ പ്രതിപക്ഷ നേതാവിന് ഇരട്ടമുഖമുണ്ടോ? ഏതായാലും അദ്ദേഹത്തിന്റെ പ്രവര്‍ത്തനപദ്ധതികളെക്കുറിച്ച് ഗവേഷണം നടക്കാന്‍ പോകുന്ന പശ്ചാത്തലത്തില്‍ ഇക്കാര്യം ശ്രദ്ധിക്കേണ്ടതാണ്. ആര്‍ക്കെങ്കിലും സംശയം തോന്നുന്നുവെങ്കില്‍ വായിക്കുക: കര്‍ത്തായെ വിശുദ്ധനാക്കി വി.എസ്. അച്യുതാനന്ദന്. എം.ആര്. അജയന് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഇരട്ടമുഖത്തിന്റെ ചതി തെളിഞ്ഞുകിടക്കുന്നുണ്ട്. സിഎംആര്‍എല്‍ പെരിയാറിനെ മലിനീകരിക്കുന്നില്ലെന്നും, അങ്ങനെ പറയുന്നവര്‍ കപട പരിസ്ഥിതി വാദക്കാരാണെന്നുമുള്ള വിഎസ്സിന്റെ നിലപാടാണ് അജയന് ചോദ്യം ചെയ്യുന്നത്.
അവസരവാദി എന്നൊരു ചെല്ലപ്പേര് ടിയാനുമേല് ചാര്‍ത്തപ്പെട്ടു പോയാല്‍ അതില്‍ തെറ്റില്ലെന്ന് നമുക്കു പറയേണ്ടിവരും. ഇതാ ഒരു സാമ്പിള്‍ വെടി: കരിമണല്‍ ഖാനനം വേണമെന്നു വാദിക്കുന്ന കമ്പനിഉടമ സംഘടിപ്പിച്ച സ്വകാര്യചടങ്ങില്‍ പങ്കെടുത്ത് അവര്‍ക്ക് അനുകൂലമായി പ്രസംഗിക്കുക മാത്രമല്ല വിഎസ് ചെയ്തത്. പരിസ്ഥിതി പ്രവര്‍ത്തകരെ കപട പരിസ്ഥിതിവാദികള്‍ എന്നുവരെ ആക്ഷേപിക്കുകയും ചെയ്തു. അതാണ് വി.എസ്. ഒഞ്ചിയത്ത് രമയുടെ ദുഃഖത്തില്‍ പങ്കുചേരുമ്പോഴും ജയകൃഷ്ണന് മാസ്റ്ററുടെ അമ്മയുടെ ദുഃഖം പുറംകാല്‍കൊണ്ട് തൊഴിച്ചെറിയുന്നു ടിയാന്. ഇപ്പോഴത്തെ പാര്‍ട്ടി നിലപാടും വിഎസ്സിന്റെ നിലപാടും ഒന്നുതന്നെ. ഒഞ്ചിയത്തുനിന്ന് മുണ്ടൂരിലെത്തുമ്പോള്‍ പാര്‍ട്ടിക്ക് മറ്റൊരു മുഖമുണ്ടെന്ന് നമുക്ക് മനസ്സിലാവുന്നു. അതാണല്ലോ ഇരട്ടമുഖം. പാര്‍ട്ടി വളരാന്‍ അതാവശ്യമാവാം. വിഎസിന്റെ കാര്യമോ? അതുനാട്ടുകാര്ക്ക് വിടാം അല്ലേ?
നേര്‍മുറി
പത്രക്കാരോട് ഒരഭ്യര്‍ത്ഥന. പ്രഗല്ഭന്മാര് അന്തരിക്കുമ്പോള്‍ തലക്കെട്ട് എങ്ങനെ വേണമെന്ന് മാധ്യമത്തിലെ യാസീന്‍ അശ്റഫിനോട് തിരക്കുക. തിലകന്, വര്‍ഗീസ് കുര്യന് എന്നിവര്‍ കാലയവനികയ്ക്കുള്ളില്‍ മറഞ്ഞപ്പോള്‍ വിവിധ പത്രങ്ങള്‍ നല്കിയ തലക്കെട്ടുകള്‍ ടിയാന് അസ്കിതയുണ്ടാക്കിയിരിക്കുന്നു. അത് മീഡിയാ സ്കാന്‍ (മാധ്യമം ഒക്ടോ.8) വഴി ഒഴുക്കിവിട്ടിരിക്കുന്നു. ഇനിയെങ്കിലും എല്ലാവരും ശ്രദ്ധിച്ചോളിന്‍;
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: