ഏഷ്യയിലെ ‘ബര്‍ലിന്‍ മതില്’ എന്ന് വിളിക്കപ്പെടുന്ന വാഗ അതിര്‍ത്തിയില്‍ ദിവസവും നടക്കുന്ന ‘പതാക താഴ്ത്തല്‍’ ചടങ്ങ് ആവേശം നിറഞ്ഞ ആഘോഷമാണ്. അതിര്‍ത്തിയിലെ ഇന്ത്യയുടെയും(ബിഎസ്എഫ്) പാക്കിസ്ഥാന്റെയും(റേഞ്ചേഴ്സ് സോള്‍ജിയേഴ്സ്) സുരക്ഷാ സൈന്യത്തിന്റെ അത്യുജ്ജ്വലവും ആവേശഭരിതവുമായ സൈനിക പരേഡുകള്‍. വിദേശികള്‍ക്ക് സ്വല്പ്പം ശത്രുതയും ആക്രമണസ്വഭാവവും പുലര്‍ത്തുന്നതായി അനുഭവപ്പെടും. എന്നാല്‍ കാഴ്ചക്കാരായി സ്റ്റേഡിയത്തിലിരിക്കുന്ന ജനക്കൂട്ടങ്ങള്‍ക്ക് വിനോദത്തിന്റെ രസക്കാഴ്ച്ചകളാണ് ഇരു രാജ്യങ്ങളിലേയും സൈനിക വിഭാഗം ഒരുക്കുന്നത്. വര്‍ണാഭമായ തലപ്പാവുകളോടുകൂടിയ സൈനിക വസ്ത്രങ്ങളണിഞ്ഞുള്ള ആചാര ചടങ്ങുകള്‍ അത്യാകര്‍ഷകമാണ്.
ഉച്ചഭാഷിണിയിലൂടെ ദേശഭക്തിഗാനങ്ങള്‍. എ.ആര്.റഹ്മാന്റെ ജയ്ഹോ ആയിരക്കണക്കിന് കണ്ഠങ്ങള്‍ ഏറ്റുപാടുന്നു. ഭാരത് മാതാകീ ജയ്, വന്ദേമാതരം, ഹിന്ദുസ്ഥാന്‍ ഹമാര വിളികള്‍ അത്യുച്ചത്തിലായി. വെളുത്ത ടീഷര്‍ട്ടും പാന്റ്സും ധരിച്ചെത്തിയ ബിഎസ്എഫ് ജവാന് ഓടിനടക്കുന്നു. ദേശഭക്തിഗാനത്തിന്റെ ആരോഹണാവരോഹണങ്ങള്‍ക്കൊപ്പിച്ച് അയാള്‍ കാണികളെ പ്രോത്സാഹിപ്പിക്കുന്നു. ഗാലറിയിലും മുന്നിലും തിങ്ങിക്കൂടിയ ജനക്കൂട്ടം ആരവത്തോടെ ജയഘോഷം മുഴക്കി. മുന്‍നിരയില്‍ ഇരുന്ന പെണ്‍കുട്ടികളില്‍ ചിലര്‍ക്ക് ജവാന് ദേശീയപതാക കൈമാറി. ആവേശത്തിന്റെ അലകടല്‍ ആര്‍ത്തിരമ്പി പതാകയുമായി പെണ്‍കൊടികള്‍ പാക് അതിര്‍ത്തിവരെ നിര്‍ത്താതെ ഓടി തിരിച്ചുവരും. പെണ്‍കുട്ടികള്‍ക്ക് പുറമെ വയോവൃദ്ധരും പടുകൂറ്റന്‍ ദേശീയപതാകയുമായി ജനങ്ങള്‍ക്കിടയിലൂടെ അതിര്‍ത്തിയിലേക്കും തിരിച്ചും ഓടി. പതാകയുമായി ഓടാനുള്ള ആഗ്രഹം എന്റെ മനസ്സിലും തീവ്രമായി.
ഗാലറിയില്‍നിന്ന് റോഡിലിറങ്ങി. അല്‍പ്പനിമിഷത്തെ കാത്തിരിപ്പിനുശേഷം എനിക്കും കിട്ടി പടുകൂറ്റന്‍ ത്രിവര്‍ണ്ണപതാക. ആയിരങ്ങള്‍ ആര്‍ത്തുവിളിക്കുമ്പോള്‍ പതാകയുമായി അല്‍പ്പദൂരം ഓടി. ഉടന്‍ ബ്യൂഗിള്‍ മുഴങ്ങി. ആരവങ്ങള്‍ അവസാനിപ്പിക്കാനുള്ള നിര്‍ദേശം. ഗാലറിയിലേക്ക് ഓടിക്കൊള്ളാന്‍ സൈനികന് ആംഗ്യം കാണിച്ചു. ആവേശം അലതല്ലിയ മനസ്സുമായി ഞാനതുചെയ്തു. സംസ്ഥാന സര്‍ക്കാരുകളുടെ മാധ്യമ വിനിമയ പദ്ധതിപ്രകാരം വാഗ അതിര്‍ത്തിയില്‍ എത്തിയ 27 മാധ്യമ പ്രവര്‍ത്തകരില്‍ എനിക്കുമാത്രം ലഭിച്ച അസുലഭ അവസരത്തില്‍ അഭിമാനിച്ചു. കൈ കഴച്ച് വേദനിച്ചിട്ടും സൈനികപ്രകടനം പൂര്‍ത്തിയാകുംവരെ ത്രിവര്‍ണപതാക വീശി ഗാലറിയില്‍ ഓടിനടന്നു.
ഒരുനിമിഷം ശബ്ദഘോഷമെല്ലാം നിലച്ചു. അതിര്‍ത്തിയില്‍ നിശബ്ദ സംഗീതം. ഗാര്‍ഡ്റൂമില്‍നിന്ന് ബ്യൂഗിള്‍ സംഗീതമുയരുന്നു. എല്ലാ കണ്ണുകളും അങ്ങോട്ടാണ്. യൂണിഫോമണിഞ്ഞ രണ്ട് ബിഎസ്എഫ് യുവതികള്‍ ദേശീയ പതാകയുമായി അതിര്‍ത്തി കവാടത്തിലേക്ക് ദ്രുതഗതിയില്‍ നടന്നു. അതിര്‍ത്തി വലംവച്ച് ഗേറ്റിനരികില്‍ ദേശീയപതാക ആകാശത്തേക്കുയര്‍ത്തി നിശ്ചലരായിനിന്നു. തൊട്ടുപിന്നാലെ നെഞ്ചിനോടും മൂര്‍ദ്ധാവിനോടും ചേര്‍ത്ത് തിളങ്ങുന്ന വാളുമായി മറ്റൊരു ഭടന്. വാള് ആകാശത്തേക്കുയര്‍ത്തി ചുംബിച്ചു, ഉയര്‍ന്ന ബിഎസ്എഫ് ഉദ്യോഗസ്ഥനുമുന്നില്‍ സല്യൂട്ട് ചെയ്ത് പതാകയിറക്കല്‍ ചടങ്ങിനുള്ള അനുമതി ചോദിച്ചു. പരമാവധി വേഗത്തില്‍ ഗേറ്റിനുമുന്നിലെത്തിയ രണ്ട് ഭടന്മാര് പട്ടാളച്ചിട്ടയുടെ സൗന്ദര്യമാകെ ആവാഹിച്ച് വളരെവേഗത്തില്‍ ഇന്ത്യന്‍ കവാടം വലിച്ചുതുറന്നു.
ഇരുവാതിലുകളും തുറന്നിട്ട് ഇന്ത്യ-പാക് സൈനികര്‍ ഹസ്തദാനംചെയ്തു, പിന്നെ അതിര്‍ത്തിവിട്ട് അതത് മണ്ണിലേക്ക്. വീണ്ടും ഗേറ്റുകള്‍ കൊട്ടിയടച്ചു. കാലുയര്‍ത്തി നെറ്റിയില്‍ത്തൊട്ട് ക്രൗര്യവും ആവേശവുമുയര്‍ത്തുന്ന അലര്‍ച്ചയോടെ ഒന്നിനുപുറകെ ആറ് ഭടന്മാര് അതിര്‍ത്തിയിലേക്ക് കുതിച്ചു. ഗേറ്റ് തുറന്ന് പോര്‍വിളിയുമായി നിലയുറപ്പിച്ചയാളിന് അഭിമുഖം പാക്കിസ്ഥാനില്‍നിന്നുമൊരാള്‍. പ്രകോപനത്തിന്റെ അടയാളമായി ഓരോരുത്തരും ഭൂമിയില്‍ അമര്ത്തിച്ചവുട്ടി നെഞ്ചുവിരിച്ച് അവരവരുടെ പതാകയ്ക്കുനേരേ മുഖമുയര്‍ത്തിനിന്നു. പട്ടാളക്കാരുടെ പരസ്പരമുള്ള ആംഗ്യം കൊണ്ടുള്ള പോര്‍വിളിക്ക് ശൗര്യം കുറഞ്ഞത് അടുത്തകാലത്താണ്. ബിഎസ്എഫ് മേധാവിയായിരുന്ന രമണ്‍ ശ്രീ വാസ്തവയും പാക്കിസ്ഥാന് റേസേഴ്സ് മേധാവി മേജര്‍ ജനറല്‍ യാക്കൂബ് അലിഖാനും നടത്തിയ കൂടിക്കാഴ്ചയുടെ ഫലമായിട്ടായിരുന്നു ഇത്. വിദ്വേഷം ഉണ്ടാക്കുന്ന പ്രകടനം ഒഴിവാക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇരുപക്ഷത്തും രണ്ടുപേര്‍ ഗേറ്റിന് അഭിമുഖംനിന്ന് പതാകകള്‍ കെട്ടിയുയര്‍ത്തിയ ചരടുകളഴിച്ചു. അതിര്‍ത്തിയില്‍ ബ്യൂഗിള്‍ സംഗീതം വീണ്ടും മുഴങ്ങിയപ്പോള്‍ പതാകകള്‍ താണു. ചരടുകള്‍ കൂട്ടിമുട്ടിച്ച് എക്സ് ആകൃതിയില്‍ ഒരുനിമിഷം നിര്‍ത്തി. പിന്നെ ഒടുങ്ങാത്ത ജനാരവത്തെ സാക്ഷിയാക്കി ഇരു പതാകകളും താഴേക്ക്. അകലെ ചക്രവാളത്തില്‍ സൂര്യനും താഴുകയാണ്. അഴിച്ചെടുത്ത പതാക ജനക്കൂട്ടത്തിനുനേരെ ഉയര്‍ത്തിക്കാട്ടി വടിവോടെ മടക്കിയെടുത്ത് പിന്നില്‍നില്‍ക്കുന്ന ഭടന്മാര് ഏറ്റുവാങ്ങി. ഇരുരാജ്യത്തെയും ഭടന്മാര് ഹസ്തദാനംചെയ്തു. പിന്നെ ഗേറ്റുകള്‍ വലിച്ചടച്ചു. പതാകാവാഹകര്‍ അതിര്‍ത്തിവിട്ട് തിരിച്ചുനടന്നു. സമാനരീതി തന്നെയാണ് അപ്പുറത്ത് പാക്കിസ്ഥാനിലും ഇന്ത്യന്‍ അതിര്‍ത്തിയിലെയത്ര ജനക്കൂട്ടം പാക്കിസ്ഥാനിലില്ലെന്നുമാത്രം.
ഇന്ത്യയുടേയും പാക്കിസ്ഥാന്റെയും ഇടയിലുള്ള ഒരേ ഒരു മുറിച്ചുകടക്കല്‍ പാത കടന്നുപോകുന്ന അതിര്‍ത്തി പ്രദേശമാണ് വാഗ. ഭാരതത്തിലെ അമൃത്സറിന്റേയും പാക്കിസ്ഥാനിലെ ലാഹോറിന്റെയും ഇടയിലുള്ള ഗ്രാന്‍ഡ് ട്രങ്ക് റോഡിലാണ് ഇതിന്റെ സ്ഥാനം. വാഗയെന്നത് ഒരു ഗ്രാമം കൂടിയാണ്. 1947 ല്‍ സ്വാതന്ത്ര്യം ലഭിച്ചപ്പോഴാണ് വാഗ രണ്ടായി ഭാഗിച്ചത്. ഇന്ന് കിഴക്കന്‍ വാഗ ഇന്ത്യയുടേയും പടിഞ്ഞാറന്‍ വാഗ പാക്കിസ്ഥാന്റെയും ഭാഗമാണ്. വര്‍ഷങ്ങളായി വാഗ അതിര്‍ത്തിയിലെ സംഭവവികാസങ്ങള്‍ ഇന്ത്യാ-പാക്കിസ്ഥാന് ബന്ധങ്ങളിലെ ഒരു ബാരോമീറ്റര്‍ ആയിട്ടാണ് നിലകൊള്ളുന്നത്. ഇന്നത്തെ രീതിയിലുള്ള പതാക താഴ്ത്തല്‍ 1960ലാണ് തുടങ്ങിയത്.
അമൃത്സറില്‍നിന്ന് 30 കിലോമീറ്റര്‍ പിന്നിടുമ്പോള്‍ അഠാരി ബോര്‍ഡര്‍ ചെക്പോസ്റ്റ്. ഒരുകിലോമീറ്ററോളം നടന്നുവേണം സൈനിക പ്രകടനം നടക്കുന്ന അതിര്‍ത്തിയിലെത്താന്‍.
അതിര്‍ത്തിയിലെ സംഘര്‍ഷം ലഘൂകരിച്ചിട്ട് നാളേറെയായി. ലാഹോറിനും അമൃത്സറിനുമിടയില്‍ സംഝോദ എക്സ്പ്രസ് കുതിക്കാന്‍ തുടങ്ങിയിട്ടും നാളുകളായി. വാഗയില്‍നിന്ന് അഞ്ചുകിലോമീറ്റര്‍ അകലെ അഠാരി സ്റ്റേഷനില്‍നിന്ന് പാക്കിസ്ഥാനിലേക്ക് കടക്കുന്ന തീവണ്ടി ഇന്തോപാക് സൗഹൃദം ആവര്‍ത്തിച്ച് വ്യക്തമാക്കുന്നു. വാജ്പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ 2003ല്‍ ആരംഭിച്ച ലാഹോര്‍-ദല്‍ഹി ബസ് സര്‍വീസും ചരിത്രത്തിന്റെ ഭാഗമായി. അതിര്‍ത്തിയിലേക്ക് ഞങ്ങള്‍ പോകുമ്പോള്‍ ദല്‍ഹിയില്‍നിന്ന് ലാഹോറിലേക്കുള്ള സഹവര്‍ത്തിത്വത്തിന്റെ ബസ് സൈറണ്‍ മുഴക്കി മുന്നിലും പിന്നിലും പട്ടാള അകമ്പടിയോടെ ചീറിപ്പാഞ്ഞ് പോകുന്നത് കണ്ടു. കലാപകാലുഷ്യം അവസാനിച്ച് സൗഹൃദം പൂക്കുന്ന വാഗ അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രമാക്കി വികസിപ്പിക്കാന്‍ ഇന്ത്യ പദ്ധതിയിടുകയാണ്. ദേശീയ പൈതൃക സാംസ്കാരിക ഇടമാക്കാനാണ് പാക്കിസ്ഥാന് ആലോചിക്കുന്നത്.
പി.ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: