പെരുമ്പാവൂര്‍: കേരളത്തിലെ അഗ്നിശമനസേനാ വിഭാഗം എത്രയും വേഗം ആധുനികവല്‍ക്കരിക്കുമെന്നും ഇത് നാടിന്റെ ആവശ്യമാണെന്നും ആഭ്യന്തര വിജിലന്‍സ് വകുപ്പ് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പറഞ്ഞു. പെരുമ്പാവൂരില്‍ അഗ്നിശമനസേനക്ക് അനുവദിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. അഗ്നിശമനസേനക്ക് ഒരു പുതിയ മുഖം ആവശ്യമാണ്. ജനങ്ങളോട് പ്രതിബദ്ധതയുള്ളവര്‍ ഈ മേഖലയിലേക്ക് വരണമെന്നും, ഡ്രൈവര്‍മാരുടെയും വാഹനങ്ങളുടെയും ഉദ്യോഗസ്ഥരുടെയും അപര്യാപ്തത പരിഹരിക്കപ്പെടണമെന്നും മന്ത്രി പറഞ്ഞു.
ഏറ്റവുമധികം മുങ്ങിമരണങ്ങള്‍ നടക്കുന്ന കേരളത്തില്‍ മുന്‍കരുതലെന്നോണം ഓരോ ജില്ലകളിലും ജനങ്ങളുടെ സഹകരണത്തോടെ പുതിയ പരിശീലനപദ്ധതി ആരംഭിക്കുമെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അറിയിച്ചു. സാജുപോള്‍ എംഎല്‍എയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.പി.ധനപാലന് എംപി പുരസ്ക്കാരവിതരണം നടത്തി. പി.പി.തങ്കച്ചന് മുഖ്യപ്രഭാഷണം നടത്തി. പൊതുമരാമത്ത് വിഭാഗം എഞ്ചിനീയര്‍ ടി.ടി.ജോസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
കെ.എസ്.ജംഗ്പാഗി ഐപിഎസ്, നഗരസഭാ ചെയര്മാന് കെ.എം.എ.സലാം, എന്‍.സി.മോഹനന്, ജില്ലാ പഞ്ചായത്തംഗങ്ങളായ ബാബു ജോസഫ്, ചിന്നമ്മ വര്‍ഗീസ്, എം.വി.ഇബ്രാഹിം, പഞ്ചായത്ത് പ്രസിഡന്റുമാരായ ജോയി പൂണേലി, അന്‍വര്‍ മുണ്ടേത്ത്, പി.വൈ.പൗലോസ്, ബ്ലോക്ക് പ്രസിഡന്റുമാരായ പോള്‍ ഉതുപ്പ്, കെ.കുഞ്ഞുമുഹമ്മദ്, റോസിലി വര്‍ഗീസ്, കെ.ഹരി, അഡ്വ. കനകലത, റോയി കെ.വര്‍ഗീസ്, ബിജു ജോണ്‍ ജേക്കബ് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: