കൊച്ചി: ഗാന്ധിജയന്തിയോടനുബന്ധിച്ച് ജില്ല ടൂറിസം പ്രമോഷന് കൗണ്‍സില്‍ സംഘടിപ്പിച്ച ക്ലീന്‍ ഡസ്റ്റിനേഷന്‍ പ്രചാരണ പരിപാടിക്ക് ഇന്ന് സമാപനം. സംസ്ഥാനടിസ്ഥാനത്തില്‍ ടൂറിസം വകുപ്പ് ആവിഷ്കരിച്ച ക്ലീന്‍ കേരള ഡസ്റ്റിനേഷന്‍സ് പദ്ധതിയുടെ ഭാഗമായാണ് ജില്ലയിലും ടൂറിസം കേന്ദ്രങ്ങളുടെ ശുചീകരണ പരിപാടി നടപ്പാക്കിയത്.
സമാപനപരിപാടിയുടെ ഭാഗമായി ഇന്ന് രാവിലെ മുതല്‍ ഫോര്‍ട്ടുകൊച്ചിയിലും എറണാകുളം പാര്‍ക്ക് അവന്യൂവിലും ശുചീകരണം നടത്തുമെന്ന് ഡിടിപിസി ചെയര്‍മാനായ ജില്ല കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീതും സെക്രട്ടറി ടി.എന്‍. ജയശങ്കറും അറിയിച്ചു. ടൂറിസം പ്രൊഫഷണല്‍സ് ക്ലബ്ബ്, ടൂറിസം ക്ലബ്ബ് അംഗങ്ങള്‍, ഗൈഡ്സ് അസോസിയേഷന്, ടൂറിസം പോലീസ്, റസിഡന്റ്സ് അസോസിയേഷനുകള്‍, വ്യാപാരി വ്യവസായി സംഘടനകള്‍, റെഡ് ക്രോസ്, കുടുംബശ്രീ, കൊച്ചി കോര്പ്പറേഷന് എന്നിവയുടെ കൂടി സഹകരണത്തോടെയാണ് ശുചീകരണം.
ശുചീകരണ പരിപാടിയുടെ ഉദ്ഘാടനം ഇന്നു രാവിലെ 7.30ന് പാര്‍ക്ക് അവന്യൂവിലെ ഗാന്ധിപ്രതിമയ്ക്ക് സമീപം ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് നിര്‍വഹിക്കും. ഡപ്യൂട്ടി മേയര്‍ ബി. ഭദ്ര, കോര്പ്പറേഷന് സ്ഥിരം സമിതി അധ്യക്ഷന്‍ ടി.കെ. അഷ്റഫ്, അസിസ്റ്റന്റ് കളക്ടര്‍ ജി.ആര്. ഗോകുല്‍ എന്നിവര്‍ പങ്കെടുക്കും.
ഗാന്ധിജയന്തി ദിനത്തില്‍ ഫോര്‍ട്ടുകൊച്ചി ബീച്ച് ശുചീകരണത്തോടെയാണ് ക്ലീന്‍ ഡസ്റ്റിനേഷന്‍ ഡ്രൈവ് ആരംഭിച്ചത്. മട്ടാഞ്ചേരി, കുമ്പളങ്ങി എന്നിവിടങ്ങളിലും ശുചീകരണം സംഘടിപ്പിച്ചു. പരിപാടിയുടെ തുടര്‍ച്ചയായി ഫോര്‍ട്ടുകൊച്ചിയിലെ ശുചീകരണപ്രവര്‍ത്തനങ്ങള്‍ക്ക് സ്ഥിരം സംവിധാനം ഏര്‍പ്പെടുത്തുമെന്ന് കളക്ടര്‍ പറഞ്ഞു. ശുചീകരണ പരിപാടിയെ കുറിച്ച് ആലോചിക്കാന്‍ കൂടിയ യോഗത്തില്‍ ഡപ്യൂട്ടി മേയര്‍ ബി. ഭദ്ര, കോര്പ്പറേഷന് സ്ഥിരം സമിതി അധ്യക്ഷന്‍ ടി.കെ. അഷറഫ്, ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല, കുമ്പളങ്ങി മോഡല്‍ ടൂറിസം സൊസൈറ്റി പ്രസിഡന്റ് എം.പി. ശിവദത്തന്‍, സെക്രട്ടറി ഷാജി കുറുപ്പശ്ശേരി, വ്യപാരി സംഘടന പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: