കൊച്ചി: ജില്ലയിലെ ആദിവാസി മേഖലയായ കുട്ടമ്പുഴയില്‍ വിവിധ കോളനികളിലേക്കുള്ള റോഡ് സൗകര്യം മെച്ചപ്പെടുത്താന്‍ വിപുലമായ പദ്ധതി നടപ്പാക്കാന്‍ ജില്ലാ പഞ്ചായത്ത് ഒരുങ്ങുന്നു. കുഞ്ചിപ്പാറ, തലവച്ചപാറ, കല്ലേലിമേട് തുടങ്ങിയ കോളനികളിലേക്കുള്ള റോഡ് നിര്‍മാണവും ടാറിങ്ങുമാണ് കുട്ടമ്പുഴ ഗ്രാമപഞ്ചായത്തുമായി സഹകരിച്ച് ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്നത്. ആദ്യഘട്ടമെന്ന നിലയില്‍ 42 ലക്ഷം രൂപ ഇതിനായി നീക്കിവയ്ക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി അറിയിച്ചു.
ആദിവാസി മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയും സ്ഥിരം സമിതി അധ്യക്ഷന്മാരുടെയും നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ കുട്ടമ്പുഴയിലെ വിവിധ ആദിവാസി കോളനികള്‍ സന്ദര്‍ശിച്ചു. ജില്ലാ പഞ്ചായത്ത് സെക്രട്ടറി അബ്ദുള്‍ കലാം ആസാദ്, ഫിനാന്‍സ് ഓഫീസര്‍ അബ്ദുള്‍ റഷീദ്, എക്സിക്യുട്ടീവ് എഞ്ചിനീയര്‍ തുടങ്ങിയവരടക്കം ഉദ്യോഗസ്ഥസംഘവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനൊപ്പം കുട്ടമ്പുഴയിലെത്തി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.ജെ. എല്‍ദോസും ഈ മേഖലയെ പ്രതിനിധീകരിക്കുന്ന ജില്ലാ പഞ്ചായത്ത് അംഗം ജെസി സാജുവും സംഘത്തിന് വഴികാട്ടികളായി.
ആദിവാസിമേഖലയിലെ യാത്രാക്ലേശം പരിഹരിക്കുന്നതിനുള്ള പദ്ധതി സംബന്ധിച്ച് സമഗ്രറിപ്പോര്‍ട്ട് തയാറാക്കാന്‍ ജില്ലാ പഞ്ചായത്ത് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കിയതായി എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു. യാത്രായോഗ്യമായ റോഡുകളുടെ അഭാവം മൂലം നേരിടുന്ന ബുദ്ധിമുട്ടുകള്‍ ആദിവാസി മൂപ്പന്മാര് വിവരിച്ചു. യഥാസമയം ചികിത്സ കിട്ടാത്തത് മൂലം കോളനിവാസികള്‍ മരിച്ച സംഭവങ്ങളും വിദ്യാര്‍ഥികളുടെ യാത്രാക്ലേശവും അവര്‍ ശ്രദ്ധയില്‍പ്പെടുത്തി.
കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ സഹായത്തോടെ കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികളുമായി ജില്ലാ പഞ്ചായത്ത് സഹകരിക്കുമെന്ന് എല്‍ദോസ് കുന്നപ്പിള്ളി അറിയിച്ചു. ആരോഗ്യകരമായ ചുറ്റുപാടില്‍ വാലായ്മപ്പുരകള്‍ എല്ലാ ആദിവാസിക്കുടികളിലും സ്ഥാപിക്കും. മദ്യം, മയക്കുമരുന്ന് എന്നിവയ്ക്കെതിരെയുള്ള ബോധവല്‍ക്കരണം, കുടുംബക്ഷേമ പ്രവര്‍ത്തനങ്ങള്‍, വനിതാശാക്തീകരണം എന്നിവയും ജില്ലാ പഞ്ചായത്ത് ഏറ്റെടുക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ബാബു ജോസഫ്, സാജിത സിദ്ദിഖ്, കെ.കെ. സോമന്, കെ.ജെ. ലീനസ് തുടങ്ങിയവരും ജില്ല പഞ്ചായത്ത് അംഗങ്ങളുമടങ്ങിയ സംഘത്തെ ആദിവാസികള്‍ പരമ്പരാഗതരീതിയില്‍ കോളനികളിലേക്ക് സ്വീകരിച്ചാനയിച്ചു. ആദിവാസികളുടെ നൃത്ത, സംഗീത പരിപാടികളിലും സംഘം പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: