ചെന്നൈ: കോടിക്കണക്കിന് രൂപയുടെ അഴിമതികളില്‍ നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക പരിഷ്കാരങ്ങള്‍ പ്രഖ്യാപിച്ചതെന്ന് ജയലളിത . തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ യുപിഎ സര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ മൂടിവയ്ക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഇതെന്നും ജയലളിത കുറ്റപ്പെടുത്തി.
പാവപ്പെട്ട ജനങ്ങളുടെയും ചെറുകിട വ്യാപാരികളുടെയും കര്‍ഷകരുടെയും പ്രശ്നങ്ങള്‍ മനസ്സിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും ജയലളിത കുറ്റപ്പെടുത്തി. പെന്ഷന്, ഇന്‍ഷ്വറന്‍സ് മേഖലയിലെ വിദേശ നിക്ഷേപത്തെ എതിര്‍ക്കുന്നതായും അവര്‍ വ്യക്തമാക്കി. ജനങ്ങള്‍ക്ക് ദോഷകരമാകുന്ന തീരുമാനമാണ് കേന്ദ്രസര്‍ക്കാര്‍ കൈകൊണ്ടിരിക്കുന്നത്. പെന്ഷന് തുക ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതോടെ പെന്‍ഷന്‍കാരുടെ അവസ്ഥ അപകടത്തിലാകും. വാര്‍ദ്ധക്യ പെന്‍ഷന്‍കാരുടെ അവസ്ഥ കൂടുതല്‍ ദയനീയമാകുമെന്നും ജയലളിത അഭിപ്രായപ്പെട്ടു. കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ നഖശിഖാന്തം എതിര്‍ക്കുന്നതായും ജയലളിത പറഞ്ഞു.
ഇത്തരത്തിലുള്ള പുതിയ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നത് ജനങ്ങളെ കൂടുതല്‍ ദുരിതത്തിലാക്കുമെന്നും ജയലളിത പറഞ്ഞു. ഇന്‍ഷ്വറന്‍സ് മേഖലയിലെ വിദേശനിക്ഷേപം 26 ശതമാനത്തിന് നിന്ന് 49 ശതമാനമായി ഉയര്‍ത്താനുള്ള ബില്ല് പാര്‍ലമെന്റ് അംഗീകരിച്ചാല്‍ മാത്രമേ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം നടപ്പിലാകു എന്നും ജയലളിത അഭിപ്രായപ്പെട്ടു. തമിഴ്നാട്ടിലെ ചില്ലറ വില്‍പ്പന മേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കില്ലെന്നും ജയലളിത വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: