രാമറിനെ ഓര്‍മ്മയുണ്ടോ? കാട്ടുചെടികള്‍ കൊണ്ടും പച്ചമരുന്നുകള്‍ കൊണ്ടും കാറോടിക്കാമെന്ന് കരുതിയ ഒരാള്‍. അതിനെ പരീക്ഷണങ്ങള്‍ക്കുപോലും നില്‍ക്കാതെ ശാസ്ത്രലോകം നിരാകരിക്കുകയായിരുന്നു. ശാസ്ത്രത്തിന്റെ വരേണ്യവര്‍ഗ അന്വേഷണങ്ങള്‍ക്ക് മുതിരാതെ അന്തിമമായൊരു തീര്‍പ്പിലെത്തി. ശുദ്ധമായ തട്ടിപ്പ്. തെരുവോരത്തെ കരടിനെയ്യ്ക്കച്ചവടം പോലെ മായം.
വ്യാജമായ ഇന്ധനം വാറ്റിയതിന് രാമര്‍ തടവിലടക്കപ്പെട്ടു. അയാളുടെ ഇന്ധനക്കൂട്ടിന് സത്യമോകള്ളമോ എന്ന അന്വേഷണത്തിന്റെ സാമാന്യനീതി നിഷേധിക്കപ്പെട്ടു. കണ്ടെത്തല്‍ ഗ്രാമീണവൈദ്യത്തിന്റെ സങ്കുചിത്വത്തിലേക്ക് ഒടുങ്ങി. ഒരു വിമത ശാസ്ത്രജ്ഞന്റെ കൂട്ടുപിടിക്കാന്‍ പോലും അയാള്‍ മുതിര്‍ന്നില്ല. ഗ്രാമീണമായ തന്റെ പരിമിതികളില്‍നിന്നുകൊണ്ട് ശാസ്ത്രലോകത്തിന്റെ അന്വേഷണ ത്വരയെ മാനവികമായി സമീപിക്കാന്‍ ശ്രമിക്കുകയായിരുന്നു രാമര്‍. ശാസ്ത്രലോകം അതിന്റെ വ്യാപകമായ നാഗരികതകൊണ്ടും സാങ്കേതികതകൊണ്ടും കമ്പോളമോഹത്തോടു ചേര്‍ന്നുനില്‍ക്കുന്ന ദുശാഠ്യംകൊണ്ടും രാമറെ നിരാകരിച്ചു. നഗരത്തിന്റെ കൊടിയടയാളങ്ങളിലേക്ക് ഏതാനും നിമിഷം നോക്കിനിന്നശേഷം അയാള്‍ നാട്ടിന്പുറത്തേക്ക് മടങ്ങി. അവിടെനിന്ന് കുറ്റിക്കാടുകളിലേക്ക്. അവിടെ ഇലയും കൊമ്പും പൊട്ടിച്ച് മണമറിഞ്ഞ് അയാള്‍ ഭീമാകാരമായ പ്രകൃതിയില്‍ തനിച്ചുനിന്നു. പിന്നെ തന്റെ അപാരമായ അവതാരദൗത്യമെന്തെന്നറിയാതെ നിയമത്തിനും ശാസ്ത്രപൗരോഹിത്യതക്കും കീഴടങ്ങി. തന്റെ കയ്യില്‍ തേടാതെ അകപ്പെട്ട ഈ ഭീമന് നിക്ഷേപത്തിന്റെ നിയോഗവ്യാപ്തി മനസിലാക്കാന്‍ രാമര്‍ക്ക് കഴിഞ്ഞില്ല. അല്ലെങ്കില്‍ അതിനുമുമ്പേ ശാസ്ത്രം അതിന്റെ ആപല്ക്കാരിയായ അധീശത്വം അയാളില്‍ പ്രയോഗിച്ചുകഴിഞ്ഞിരുന്നു. ഒന്നോര്‍ത്തുനോക്കുക; രാമര്‍ കണ്ടെത്തിയ മൂലികലോകത്തെങ്ങുമുള്ള കോടാനുകോടി പെട്രോള്‍പമ്പുകളുടെ ധാര്‍മ്മികതയെ നിരാകരിക്കാന്‍ നിയുക്തമാകുന്ന രംഗം? പെട്രോളിയത്തിന്റെ ഉള്ളടക്കം എക്സ്പെന്‍സ് അക്കൗണ്ടും യുദ്ധവും ആയിരിക്കെ അറബ് സമ്പദ്വ്യവസ്ഥയെ അടിയോടെ പിഴുതെറിയുന്ന ഒരു അപനിര്‍മ്മിതിയുടെ ഫലമെന്താവും? കേരളത്തിലെ അനുഗ്രഹീതമായ ഒരു തുറമുഖം സാധ്യമാകാതെ പതിറ്റാണ്ടുകള്‍ പിടിച്ചുനിര്‍ത്താന്‍ കഴിവുള്ള ഒരു സമ്പദ്വ്യവസ്ഥയുടെ സമ്മര്ദ്ദശേഷിയെ എന്തുകൊണ്ട് നാം സംശയിച്ചുകൂടാ? സംശയമുള്ളവര്‍ ഒരുദാഹരണം നോക്കുക; ഏതാണ്ട് മൂന്നര പതിറ്റാണ്ട് മുമ്പ് അമേരിക്കയില്‍ എണ്ണക്ക് ബദലായ ഒരു പരിപൂര്‍ണ ഇന്ധനത്തിനുള്ള തീക്ഷ്ണ ഗവേഷണം കൊടുമ്പിരികൊണ്ട കാലം.
പരീക്ഷണശാലകളുടെയും ക്ലാസ്മുറികളുടെയും നിര്‍ദ്ദോഷ തലങ്ങള്‍ വിട്ട് അവ വിപണിയെ ബാധിക്കുമെന്ന ചുറ്റുപാട്. അതു മണത്തറിഞ്ഞ സൗദി അറേബ്യ എണ്ണയുടെ വില വെട്ടിക്കുറച്ചു. ഏതാനും ഡോളറുകള്‍. പെട്ടെന്ന് അമേരിക്കയില്‍ പൂര്‍ണതയോട് അടുത്തുകൊണ്ടിരുന്ന ഗവേഷണങ്ങളും തെരച്ചിലും അവസാനിക്കുന്നു. ഏതാനും ചില ഡോളറുകള്‍ എണ്ണ വിലയില്‍ കാര്യമായ വ്യതിയാനങ്ങള്‍ വരുത്തില്ലെന്ന് അറിയാവുന്ന അമേരിക്കന്‍ സാമ്പത്തികവിദഗ്ധരെ നിരാകരിച്ചുകൊണ്ട് ശാസ്ത്രലോകം അതിന്റെ പാതിവഴിയില്‍നിന്ന് പിന്തിരിഞ്ഞു.
എണ്ണയുടെ ഭൂഗര്‍ഭ നിക്ഷേപങ്ങള്‍ ഇന്ന് വിപണിയും വില്‍പ്പനയുമാണ്, സംഘര്‍ഷത്തിന്റെയും സാമ്പത്തികാരോഹണത്തിന്റെയും മേഖല. അതില്‍ സ്വയം നിര്‍ണയമില്ലാതെ സയന്‍സും ടെക്നോളജിയും വഴിതെറ്റി യാത്രചെയ്യുന്നു. അവയത്രയും പ്രയോഗിക്കപ്പെടുന്നത് ഊര്‍ജത്തിന്റെ ഉറവുകളെ ഊറ്റിയെടുക്കാനാണ്. വറ്റിത്തീരുന്ന ഒരു പാരാവാരത്തിനു മുകളില്‍ മണലിന്റെ പൊള്ളുന്ന യാഥാര്‍ത്ഥ്യത്തില്‍ നിലകൊണ്ടും ശാസ്ത്രം ബദല്‍മാര്‍ഗങ്ങള്‍ ആരായുന്നില്ല. വെയിലിലും തിരമാലകളിലും കാറ്റിലും മുറ്റിനില്ക്കുന്ന ഉൗര്ജസമ്പത്ത് സെമിനാറുകളിലും വര്‍ക്ക്ഷോപ്പുകളിലും ചര്‍ച്ചയായിത്തന്നെ തുടരുന്നു. ഈ ഊര്‍ജത്തെ സാധാരണക്കാരന്റെ നിലനില്പ്പുകളുമായി ബന്ധപ്പെടുത്താനോ അതിനു പര്യാപ്തമായ ടെക്നോളജി പരുവപ്പെടുത്താനോ നമ്മുടെ നാഗരികതക്ക് കഴിഞ്ഞിട്ടില്ല.
അല്ലെങ്കില്‍ സാധ്യമാക്കിയിട്ടില്ല. പ്രകൃതിയും വേഗതയും ഒന്നിച്ചുപോകില്ലെന്ന ധാരണ സൃഷ്ടിച്ച് ശാസ്ത്രം ഇന്ധനത്തിന്റെ കാര്യത്തില്‍ നിസ്സഹായത നടിക്കുന്നു. നാനോ ടെക്നോളജിയും ഹൈബ്രിഡ് ഇലക്രിട് ബാറ്ററിയും സോളാര്പാനലുമൊക്കെ പൂര്ണതയില്ലായ്മയില്നിന്ന് നമ്മളെ അസ്വസ്ഥരാക്കുന്നു. അയസിഡ് എന്ന് പേരുള്ള ഒരു ജലസസ്യം തൊട്ട് നമ്മുടെ കമ്മ്യൂണിസ്റ്റ് പച്ചവരെ സംഭരിച്ചുവച്ചിരിക്കുന്ന ഊര്‍ജത്തെപ്പറ്റി ചിന്തിച്ചാല്‍ നാം അമ്പരന്നുപോകും. എന്നിട്ടും അവയെ വേര്തിരിക്കുന്നതില്നിന്ന് ശാസ്ത്രലോകവും ഭരണകൂടങ്ങളും വിമുഖമായി നില്ക്കുന്നു. എണ്ണക്ക് പകരം കാട്ടുചെടികളും ഇത്തിരി വെയിലുകൊള്ളലും മതിയെന്ന് വന്നാല്‍ ഇവിടെ പൊഴിഞ്ഞുപോവുക അപാരമായ സ്ഥാപിതതാല്പര്യങ്ങളായിരിക്കും. ഇന്ത്യയുടെ ഇന്ധന വഴികളും ഇടനിലയുടെ വഴുക്കന്‍ വീഥികള്‍ തന്നെയാണ്. ഭരണകുടം എണ്ണയെ ചില ഉപജാപസ്വഭാവങ്ങളോടെ പൊതുമേഖലക്ക് വിട്ടുകൊടുത്തു. ഒരു ഭീമന് കോര്‍പ്പറേറ്റിന്റെ പെട്രോള്‍പമ്പുകള്‍ നാടൊട്ടുക്കും നോക്കുകുത്തികളെപ്പോലെ നില്‍ക്കുന്നത് നാം കാണുന്നുണ്ടായിരുന്നു. വിലനിര്‍ണയം സ്വതന്ത്രമാക്കി നിരക്ക് ഏകീകരിച്ചയോടെ അവിടെയും ആളുകയറാന്‍ തുടങ്ങി. വ്യവസായ സ്വേച്ഛാധിപതികളുടെ ദീര്ഘവീക്ഷണമെന്നോ ഗവണ്മെന്റിന്റെ ദീര്ഘവീക്ഷണമില്ലായ്മയെന്നോ നമുക്കതിനെ വിളിക്കാം. അത്യാപത്തിനെ എങ്ങനെ വിളിച്ചാലെന്ത്? സബ്സിഡികള്‍ ആരോഗ്യകരമായ സാമ്പത്തികഭാവി നല്‍കില്ലെങ്കിലും അതിന്റെ വൈപരീത്യം പരിശോധിക്കുന്നത് നന്നായിരിക്കും. മണ്ണെണ്ണയും പാചകവാതകവുമുള്‍പ്പെടെ ഭൗമ ഇന്ധനങ്ങള്‍ക്ക് കഴിഞ്ഞ സാമ്പത്തികവര്‍ഷം സര്‍ക്കാര്‍ നല്കിയ സബ്സിഡി അറുപത്തിഅയ്യായിരത്തില്പരം കോടി. സ്വകാര്യ കമ്പനികള്‍ക്ക് നല്കിയതാകട്ടെ ഏഴര ലക്ഷത്തില്‍ പരം കോടിയും. പട്ടിണിക്കാരനും പാതയോരനിവാസിയുമായ നൂറ്റിയിരുപത് കോടി ജനത്തിന്റെ 12 ഇരട്ടിയോളം മൂല്യമുണ്ട് വെറും ഇരുപത്തിനാലോളം വരുന്ന കോര്‍പ്പറേറ്റ് മേധാവികള്ക്കെന്ന് സാരം. ജനത്തിന്റെ കയ്യില്‍നിന്ന് പിരിച്ചെടുക്കുന്ന നികുതിപ്പണമാകട്ടെ ഒരു ലക്ഷത്തി മുപ്പതിനായിരം കോടിയും. എണ്ണയുടെ ഈ രാഷ്ട്രീയം, നഷ്ടത്തിലെന്ന് നിരന്തരം പരിതപിക്കുന്ന ഓയില്‍ കോര്‍പ്പറേഷന്റെ കണക്കുകള്‍ പുറത്തുവിടാന്‍ തയ്യാറാകുന്നില്ല. പതിനായിരക്കണക്കിന് കോടി രൂപയാണ് പരസ്യത്തിനുവേണ്ടി പെട്രോളിയം കമ്പനി ചെലവഴിക്കുന്നത്. അതും പരസ്യം കണ്ട് പെട്രോളടിക്കുന്ന ഒരേയൊരു മനുഷ്യനെപ്പോലും കണ്ടെടുക്കാനില്ലാത്ത ഇന്ത്യയില്‍. ഡീസലിന്റെ വിലനിര്‍ണയത്തില്‍ പോലുമുണ്ട് വികലമായ രാഷ്ട്രീയ വാണിഭം. ഡീസല്‍വില ഉയര്‍ത്താതിരിക്കുകയും പെട്രോള്‍ വില കുത്തനെ കൂട്ടുകയും ചെയ്തപ്പോള്‍ വിപണിയിലിറക്കിയ ഡീസല്‍ വാഹനങ്ങള്‍കൂടി പിന്‍വലിച്ച് പതിനായിരങ്ങള്‍ വില കൂട്ടി വീണ്ടും വില്ക്കാന് വാഹനകമ്പനികള്‍ക്ക് അവസരമൊരുങ്ങി. ഡീസല്‍ വില ഉയര്‍ത്തുകയും നിയന്ത്രണം പിന്‍വലിക്കുകയും ചെയ്തപ്പോള്‍ വാഹന ഉടമകള്‍ വീണ്ടും വിഡ്ഢികളായി മാറി.
ഇവിടെ മനുഷ്യചരിത്രത്തിന്റെ പുരാതനമായ സമസ്യകളിലൊന്ന് പൂരണം തേടുവാനായി നമ്മുടെ മുന്നില്‍ നില്ക്കുന്നു. ഏതാണ് സത്യം. ഏതാണ് വ്യാജം? രാമറിന്റെ യാഥാര്‍ത്ഥ്യം ഇനി തെരയുന്നതയില് പ്രസക്തിയില്ല. അയാള്‍ എന്താണ് നീക്കിവെച്ചിട്ട് പിന്‍വാങ്ങിയത്? പച്ചിലയുടെ രസാവഹമായ ഏതാനും കുറിക്കൂട്ടുകള്‍. ഒരൊറ്റയാന്റെ ഇരുള്ക്കുഴിയില്നിന്ന് പുറത്തേക്ക് എത്തിനോക്കുന്ന പ്രാചീനമായ ജിജ്ഞാസ. അതിന്റെ സഫലീകരണം തേടിയില്ലെങ്കിലും ഒരു സ്ഥാപനത്തിന് അല്ലെങ്കില്‍ ഒരു സംഘടനക്ക് സത്യത്തെ പിന്തുടരാന് കഴിയും. രാമര്‍ നിര്‍ത്തിയിടത്തുനിന്നും തുടങ്ങുക. അല്ലെങ്കില്‍ രാമര്‍ എത്തിയിടത്തേക്ക് എത്തുക. അത് അന്തിമമായൊരു തീര്‍പ്പിലേക്ക് നമ്മെ നയിക്കും. ഏതാണ് സത്യം? ഏതാണ് വ്യാജം? ഊര്‍ജത്തിന്റെ ഒറ്റമൂലിയിലേക്കോ ചക്രം ചലിപ്പിക്കുന്ന കഷായത്തിലേക്കോ നമ്മെ എത്തിച്ചില്ലെങ്കിലും ബദലുകളെപ്പറ്റിയുള്ള അന്വേഷണത്തിലേക്ക് നയിച്ചേക്കാം. അത് ഇടനിലയും പലിശപ്പണവും തീവിലയും ആയിപ്പെരുകുന്ന ഒരു വിഭ്രമത്തെ നിരാകരിച്ചേക്കാം. ആ നിരാകരണം നമുക്കാവശ്യമുണ്ട്. ഭൂമിയെ ഉൗറ്റിയെടുക്കുന്ന ഉച്ചാടത്തിന് ഭവ്യവും പ്രാചീനവുമായ ഒരു സംസ്കാരം നല്കുന്ന മറുപടി. രാമറിന്റെ പച്ചിലപെട്രോളിന് സ്വദേശി ശാസ്ത്ര പ്രസ്ഥാനത്തിന്റെ വിനീതമായ പരീക്ഷണശാലയിലെങ്കിലും സത്യം തെരയാവുന്നതാണ്.
വിനയന് കോന്നി
പ്രതികരിക്കാൻ ഇവിടെ എഴുതുക: