എരുമേലി: പ്രവാസികളായിരുന്ന വൃദ്ധദമ്പതികളെ പറ്റിച്ച് വാഗ്ദാനങ്ങള്‍ നല്കി കോടിക്കണക്കിനു വിലമതിക്കുന്ന ഭൂസ്വത്തുക്കള്‍ ധ്യാനകേന്ദ്രത്തിനായി തട്ടിയെടുത്ത തട്ടിപ്പ് കേസില്‍ കാഞ്ഞിരപ്പള്ളി രൂപതാ മെത്രാനും മൂന്നാം പ്രതിയാണെന്ന് കേരള കത്തോലിക്കസഭാ നവീകരണ പ്രസ്ഥാനത്തിന്റെ മാസികയായ സത്യജ്വാലയുടെ റിപ്പോര്‍ട്ട്. 2012 സെപ്റ്റംബര്‍ അഞ്ചാം ലക്കത്തില്‍ ഭൂമിതട്ടിപ്പ് കേസില്‍ മെത്രാനും പ്രതിയാണെന്ന് ചൂണ്ടിക്കാട്ടിയ മാസികയുടെ അന്വേഷണ റിപ്പോര്‍ട്ട് കൊടുത്തിരിക്കുന്നത്.
കെസിആര്‍എം ചെയര്മാന് കെ. ജോര്‍ജ് ജോസഫ്, കെ.കെ. ജോസ് (സെക്രട്ടറി), ഡോ. ജോസഫ് വര്‍ഗ്ഗീസ് (വൈസ് പ്രസിഡന്റ്) എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം സപ്തംബര്‍ 16 ന് ഭൂമിതട്ടിപ്പിനിരയായ കൊരട്ടി അറക്കല്‍ വീട്ടില്‍ മോനിക്കയുമായി നേരിട്ടു നടത്തിയ അഭിമുഖത്തിന്റെ പ്രധാനപ്പെട്ട അഞ്ച് കാര്യങ്ങളും പറയുന്നു. മോനിക്കയുടെ സ്വന്തം പേരിലുള്ള 4.5 ഏക്കര്‍സ്ഥലം ഇരുവരുടേയും സ്വന്തക്കാര്‍ക്കും ഭര്‍ത്താവായ തോമസിന്റെ പേരിലുള്ള 55 സെന്റ് സ്ഥലം ധ്യാനകേന്ദ്രം നല്‍കാനുള്ള തീരുമാനം കുടുംബത്തില്‍ എടുത്തിരുന്നുവെന്നും എന്നാല്‍ ഈ സ്ഥലം ഇടപാടിനെക്കുറിച്ച് മറ്റാരേയും അറിയിക്കരുതെന്ന് നിലപാടാണ് തുടക്കം മുതലേ സഭാപുരോഹിതര്‍ സ്വീകരിച്ചിരുന്നതെന്നും പറയുന്നു. വീട്ടില്‍ നിത്യസന്ദര്‍ശനം നടത്തിയിരുന്ന പുരോഹിതരായ ഒരാളെ ദത്തെടുത്ത് വീടിന്റെ രണ്ടാം നിലയില്‍ താമസിപ്പിക്കണമെന്നുള്ള നിര്‍ദ്ദേശം ഉണ്ടായതായും ഇതിന് പുരോഹിതരുടെ ഭാഗത്തുനിന്നും കടുത്ത സമ്മര്‍ദ്ദമുണ്ടാക്കിയതായും ദമ്പതികള്‍ പറഞ്ഞതായി മാസിക പറയുന്നു. ബിനാമി പേരില്‍ റബര്തോട്ടത്തിന്റെ വരുമാനം നിസ്സാരവിലക്ക് പാട്ടത്തിന് കൊടുത്തതും പുരോഹിതര്‍ തന്നെയായിരുന്നുവെന്നും അവര്‍ പറയുന്നു.
ധ്യാനകേന്ദ്രം നടത്തുന്ന പുരോഹിതന്മാര് നല്കിയ വാഗ്ദാനങ്ങളില്‍ വീണ വൃദ്ധദമ്പതികളെ കാണാന്‍ കാഞ്ഞിരപ്പള്ളി രൂപതാ ബിഷപ്പ് മാര്‍ മാത്യു അറയ്ക്കല്‍ വീട്ടിലെത്തി അവരുടെ സംരക്ഷണം ഏറ്റെടുക്കുന്നതായി നേരിട്ടു പറഞ്ഞിട്ടുണ്ടെന്നും മാസിക പറയുന്നു.
വസ്തുദാനം ചെയ്താല്‍ ഭര്‍ത്താവ് പിറ്റേദിവസം സംസാരിക്കും, സ്വര്‍ഗ്ഗത്തില്‍ ഉന്നതസ്ഥാനം, വിശ്വാസികള്‍ സംരക്ഷിക്കും യാത്രയ്ക്ക് കാറും ഭക്ഷണവും ചികിത്സയും മരിച്ചാല്‍ ധ്യാനകേന്ദ്രത്തില്‍ അടക്കം ചെയ്യും. പുണ്യവാളത്തിയാക്കും തുടങ്ങിയ വാഗ്ദാനങ്ങള്‍ തലയില്‍ കൈവയ്പ്പ് നടത്തിയാണ് ഭൂമി തട്ടിയെടുത്തതെന്ന് തോമസും മോനിക്കയും കാഞ്ഞിരപ്പള്ളി കോടതിയില്‍ കൊടുത്ത ഹര്‍ജിയിലും പറയുന്നു.
ധ്യാനകേന്ദ്രത്തിന്റെ മറവില്‍ കടുത്ത വഞ്ചനാകുറ്റം ആരോപിക്കപ്പെട്ടിട്ടും രൂപതാധികാരികള്‍ പ്രതികരിക്കാതിരിക്കുന്നത് മാസിക അന്വേഷണ സംഘത്തിന് അത്ഭുതമുളവാക്കുന്നതായി ചൂണ്ടിക്കാട്ടുന്നു. വഞ്ചനയിലൂടെ ഭൂമി തട്ടിയെടുത്തിട്ടുവേണമോ ദൈവസേവനം നടത്താന്‍. സഭാ നേതൃത്വം വരുത്തിവയ്ക്കുന്ന അപമാനം അപലപനീയം തന്നെയാണെന്നും മാസികയുടെ പ്രതികരണമായി ചൂണ്ടിക്കാട്ടുന്നു. കൊരട്ടിയിലെ അനധികൃത ധ്യാനകേന്ദ്രത്തിനായി വ്യവസായികളായ വൃദ്ധ ദമ്പതിമാരില്‍നിന്നും ഭൂമിതട്ടിയെടുത്ത സംഭവത്തില്‍ കാഞ്ഞിരപ്പള്ളി മെത്രാനും പങ്കുണ്ടെന്ന സൂചനയുടെ അടിസ്ഥാനത്തിലാണ് കേസില്‍ മെത്രാനും പ്രതിയാണെന്ന് ‘സത്യജ്വാല’ പറയുന്നത്. ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ജോര്‍ജ് നെല്ലിക്കലിന്റെ നേതൃത്വത്തിലുള്ള സംഘം തന്ത്രപരമായി ദമ്പതികളുടെ ഭൂസ്വത്തുക്കള്‍ തട്ടിയെടുക്കുകയായിരുന്നുവെന്ന പരാതി കത്തോലിക്കാ മാസികയായ ‘സത്യജ്വാല’ യുടെ അന്വേഷണ റിപ്പോര്‍ട്ട് കൃത്യമായി വ്യക്തമാക്കുകയും ചെയ്യുന്നു.
വൃദ്ധ ദമ്പതികളുടെ ബന്ധുകൂടിയായ മെത്രാന്റെ ഇടപെടല്‍ ഇക്കാര്യത്തില്‍ സത്യാവസ്ഥ ജനങ്ങളെ ബോധ്യപ്പെടുത്താന്‍ അനിവാര്യമാണ്. പരാതിയില്‍ കഴമ്പുള്ള പക്ഷം എത്രയും പെട്ടെന്ന് വസ്തു തിരിച്ചുകൊടുക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ രൂപതാദ്ധ്യക്ഷന് തയ്യാറാക്കണമെന്നും കെസിആര്‍എം ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: