പെരുമ്പാവൂര്‍: ചേലാമറ്റം വല്ലം പ്രദേശത്തെ പ്രധാന ജലസ്രോതസ്സുകളെല്ലാം മാലിന്യകൂമ്പാരമായി മാറിയിരിക്കുന്നു. ഈ പ്രദേശങ്ങളിലായി പ്രവര്‍ത്തിക്കുന്ന അരിമില്ലുകള്‍, പ്ലൈവുഡ് കമ്പനികള്‍ തുടങ്ങിയ വ്യവസായ ശാലകളില്‍ നിന്നും സമീപപ്രദേശത്തെ കോഴിഫാമുകളില്‍ നിന്നും അറവ് ശാലകളില്‍ നിന്നുമുള്ള മാലിന്യങ്ങളും തള്ളുന്നത് ഓവുങ്ങതോട്, തോണോതോട് എന്നിവിടങ്ങളിലേക്കാണ്. ഈ തോടുകളില്‍ നിന്നും കക്കൂസ് മാലിന്യങ്ങള്‍ അടക്കമുള്ളവ പെരിയാറിലെ വല്ലം കടവിലേക്കാണ് വന്നെത്തുന്നത്. പെരുമ്പാവൂര്‍ വാട്ടര്‍ അതോറിട്ടിയുടെ പമ്പ് ഹൗസുകള്‍ സ്ഥിതിചെയ്യുന്ന വല്ലം കടവില്‍ മാലിന്യം അടിഞ്ഞ് കൂടി ജൂര്ണ്ണിച്ച അവസ്ഥയാണുള്ളത്. ഈ മലിനജലമാണ് പെരുമ്പാവൂര്‍ നഗരസഭയിലും ഒക്കല്‍ കൂവപ്പടി പഞ്ചായത്തുകളിലേക്കും എത്തിക്കുന്നത്.
എന്നാല്‍ നിയമാനുസൃതം ഏര്‍പ്പെടുത്തേണ്ട മലിനീകരണ നിയന്ത്രണ സംവിധാനങ്ങള്‍ ഒന്നുമില്ലാതെയാണ് ഇവിടെ വ്യവസായ ശാലകള്‍ പ്രവര്‍ത്തിച്ചുവരുന്നതെന്ന് ഓവുങ്ങതോട്- തോണത്തോട്- പെരിയാര്‍ സംരക്ഷണ സമിതി ഭാരവാഹികള്‍ പറയുന്നു. ഇത്തരം സ്ഥാപനങ്ങള്‍ സമീപത്തെ പാടശേഖങ്ങള്‍ വാങ്ങിക്കൂട്ടി മലിനജലം കെട്ടിനിര്ത്തുന്നതിനുപയോഗിച്ചുവരികയാണ്. ഇതുമൂലം വല്ലം ചേലാമറ്റം പ്രദേശത്തെ ജലസ്രോതസുകളിലെല്ലാം വെള്ളത്തിന് നിറം മാറിയ അവസ്ഥയാണുള്ളത്. ഓവുങ്ങതോടിന് കരയിലുള്ള പ്ലൈവുഡ് കമ്പനികളില്‍ നിന്നും കക്കൂസ് മാലിന്യം നേരിട്ട് ഇവിടേക്ക് ഒഴുക്കുകയാണ്. ഇതിന്റെ ദുര്‍ഗന്ധം മൂലം പരിസരവാസികള്‍ ഏറെ ബുദ്ധിമുട്ടുകയാണ്.
മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതരും, ഭരണകര്‍ത്താക്കളും, കമ്പനിഉടമകളും ഒറ്റക്കെട്ടാണെന്നും ഇവര്‍ ജനവഞ്ചനയാണ് നടത്തുന്നതെന്നുമാണ് സമിതി ഭാരവാഹികള്‍ പറയുന്നത്. പെരിയാറിലും ജലം മലിനമാകുന്നതിനെ തുടര്‍ന്ന് ഇവിടെ ഇറങ്ങുന്നവര്‍ക്ക് മാരകമായ രോഗങ്ങളാണ് പിടിപെടുന്നത്. ഈ ജലം വിദഗ്ദ്ധപരിശോധന നടത്തിയപ്പോള്‍ കോളിഫോം ബാക്ടീരിയയുടെ അളവ് വളരെ കൂടുതലാണെന്നും കുടിക്കുന്നവര്‍ക്ക് അസുഖങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ടെന്നുമാണ് ഭാരവാഹികള്‍ പറയുന്നത്. ഓരോ വ്യവസായ ശാലയിലും മലിനജല സംസ്കരണ പ്ലാന്റുകള്‍ നിയമം അനുസരിച്ച് സ്ഥാപിക്കണമെന്നും ഇതിന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെങ്കില്‍ പ്രത്യക്ഷ സമരപരിപാടികള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചേലാമറ്റം ശ്രീകൃഷ്ണസ്വാമി ക്ഷേത്രം പ്രസിഡന്റ് വി.എന്‍.എന്‍.നമ്പൂതിരി, വല്ലം ഫെറോന പള്ളി വികാരി സക്കറിയാസ് പറനിലം, മുസ്ലീംജമാ അത് പ്രസിഡന്റ് എന്‍.എ.കരീം തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: