കൊച്ചി: മെട്രോ നഗരമായി വികസിക്കുന്ന കൊച്ചിയുടെയും പരിസരപ്രദേശങ്ങളുടെയും ഭക്ഷ്യാവശ്യങ്ങള്‍ നിറവേറ്റുന്നതിന് വന്‍തോതില്‍ ഉല്‍പ്പാദനം സാധ്യമാക്കുന്ന ആധുനിക കൃഷിരീതികള്‍ അനിവാര്യമാണെന്ന് കാര്‍ഷിക നയരൂപീകരണത്തിനായി സര്‍ക്കാര്‍ നിയോഗിച്ച സമിതി അഭിപ്രായപ്പെട്ടു. അരി, പച്ചക്കറി, പാല്, മുട്ട, മാസം എന്നിവയുടെ ഉല്‍പ്പാദനത്തില്‍ പതിന്മടങ്ങ് വര്‍ധനയുണ്ടാകണം. വിദേശ സാങ്കേതിക സഹായം വരെ ഇതിനായി തേടാവുന്നതാണെന്നും സമിതി അഭിപ്രായപ്പെട്ടു.
മുന്‍ എംഎല്‍എ കെ. കൃഷ്ണന് കുട്ടി അധ്യക്ഷനായ കാര്‍ഷിക നയരൂപീകരണ സമിതിയാണ് ഇന്നലെ എറണാകുളം ജില്ലാ പഞ്ചായത്തില്‍ സിറ്റിങ് നടത്തിയത്. കൃഷി വകുപ്പ് ഡയറക്ടര്‍ ആര്. അജിത് കുമാര്‍, കാര്‍ഷിക വിദഗ്ധന്‍ ആര്. ഹേലി, കാര്‍ഷിക ശാസ്ത്രജ്ഞന് ഡോ.സി.വി ബാലചന്ദ്രന്, പ്ലാനിങ് ഡെപ്യൂട്ടി ഡയറക്ടര്‍ എ.കെ മാധവചന്ദ്രന് എന്നീ സമിതി അംഗങ്ങളും സിറ്റിങ്ങിനെത്തിയിരുന്നു.
എറണാകുളം ജില്ലയുടെ തനത് നെല്ക്കൃഷിയായ പൊക്കാളി പ്രോത്സാഹിപ്പിക്കുന്നതിനായി പ്രത്യേക കൃഷി മേഖലകള്‍ വിജ്ഞാപനം ചെയ്യണമെന്ന് ആര്. ഹേലി പറഞ്ഞു. ഭൂപ്രദേശ മാപ്പിങ് പദവി നേടിയ പൊക്കാളിയുടെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്തണം. നഗരവല്ക്കരണത്തില് ജില്ല ഏറെ മുന്നിലാണെങ്കിലും കിഴക്കന്‍ മേഖലയില്‍ പച്ചക്കറി, പഴം എന്നിവയുടെ കൃഷിയും പടിഞ്ഞാറന്‍ മേഖലയില്‍ തെങ്ങുകൃഷിയും വന്‍തോതില്‍ നടപ്പാക്കാന്‍ കഴിയും. കാര്‍ഷികവിളകളുടെ മൂല്യവര്‍ധനയിലും ജില്ലയ്ക്ക് ഏറെ സാധ്യതകളുണ്ട്.
സമൂഹത്തിലെ ഓരോ കുടുംബത്തെയും ഏതെങ്കിലും ഒരു കൃഷിയില്‍ പങ്കാളിയാക്കുന്ന നയത്തിന് രൂപം നല്‍കണം. പൂക്കള്‍ മുതല്‍ മുട്ട വരെ ഇതില്‍ ഉള്‍പ്പെടുത്താം. കൃഷിയിലൂടെ വരുമാനം സാധ്യമാക്കാനായാല്‍ കൂടുതല്‍ പേര് ഈ രംഗത്തേക്ക് കടന്നുവരും. കാര്‍ഷിക വികസനത്തിനായി പ്രവര്‍ത്തിക്കുന്ന പഞ്ചായത്ത് തല സമിതികള്‍ക്ക് സാമ്പത്തിക സാങ്കേതിക സഹായം ലഭ്യമാക്കണമെന്നും ആര്. ഹേലി നിര്‍ദേശിച്ചു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തി കയറ്റുമതി കേന്ദ്രീകൃതമായ കൃഷിയ്ക്ക് എറണാകുളം ജില്ല പ്രാധാന്യം നല്‍കണമെന്ന് സമിതി ചെയര്മാന് കെ. കൃഷ്ണന്‍കുട്ടി പറഞ്ഞു. ഗള്‍ഫിലെയും മറ്റ് വിദേശ രാജ്യങ്ങളിലെയും വിപണി വിലയിരുത്തി വിവിധ സീസണുകളില്‍ അനുയോജ്യമായ പച്ചക്കറികളും പഴങ്ങളും ഉല്‍പ്പാദിപ്പിക്കണം. റഫ്രിജറേറ്റഡ് റെയില്‍വെ വാഗണുകളും കണ്ടെയ്നറുകളും വഴി രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് എളുപ്പത്തില്‍ പഴങ്ങളും പച്ചക്കറികളും എത്തിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.
പരമ്പരാഗത തെങ്ങുകൃഷി ലാഭകരമല്ലാതായിരിക്കുന്ന സാഹചര്യത്തില്‍ വൈവിധ്യവല്‍ക്കരണത്തിന് ഊന്നല്‍ നല്‍കണമെന്ന് കൃഷി വകുപ്പ് ഡയറക്ടര്‍ ആര്. അജിത്കുമാര്‍ ചൂണ്ടിക്കാട്ടി. ആല്‍ക്കഹോള്‍ രഹിതമായ നീരയുടെ ഉല്പാദനത്തിലൂടെ ഒരു തെങ്ങില്‍ നിന്നും പ്രതിമാസം 1500 രൂപയുടെ വരുമാനം ലഭിക്കും. എക്സൈസ്, അബ്കാരി നിയമങ്ങളില്‍ കാലോചിതമായ മാറ്റം വരുത്തിയാല്‍ തെങ്ങുകൃഷിക്കാരുടെ പ്രതിസന്ധിക്ക് നീര പരിഹാരമാകുമെന്ന് അദ്ദേഹം പറഞ്ഞു.
കാര്‍ഷികമേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന് എറണാകുളം ജില്ലാ പഞ്ചായത്ത് കൈക്കൊണ്ടിട്ടുള്ള നടപടികള്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി വിശദീകരിച്ചു. ഗ്രാമപഞ്ചായത്തുകള്‍ സംയുക്തമായി കാര്‍ഷികപദ്ധതികള്‍ക്ക് രൂപം നല്‍കണമെന്ന നിര്‍ദേശം പ്രാവര്‍ത്തികമാക്കി വരികയാണെന്നും അദ്ദേഹം പറഞ്ഞു. വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ്, സ്ഥിരം സമിതി അധ്യക്ഷന്മാരായ ബാബു ജോസഫ്, കെ.കെ. സോമന്, സാജിത സിദ്ധിഖ്, അംഗം പി.എ. ഷാജഹാന് തുടങ്ങിയവരും സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്തുകളുടെയും ഗ്രാമപഞ്ചായത്തുകളുടെയും പ്രസിഡന്റുമാര്‍, കൃഷി, മൃഗസംരക്ഷണം, ക്ഷീരവികസനം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, കര്‍ഷക സംഘടന ഭാരവാഹികള്‍ തുടങ്ങിയവര്‍ സമിതി മുമ്പാകെ അഭിപ്രായങ്ങള്‍ അവതരിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: