റോം: മാനുഷികമായ പരിഗണന നല്‍കാതെ വത്തിക്കാന്‍ തന്നെ പീഡിപ്പിച്ചതായി പോപ്പിന്റെ ഓഫീസില്‍ നിന്ന് രഹസ്യ സ്വഭാവമുള്ള രേഖകള്‍ മോഷ്ടിച്ചെന്ന ആരോപണത്തില്‍ അറസ്റ്റിലായ പോപ്പിന്റെ പാചകക്കാരന്. കൈകള്‍ നിവര്‍ത്താന്‍ പോലും സ്ഥലമില്ലാത്ത ഒരു ചെറിയ സെല്ലില്‍ തന്നെ 20 ദിവസം പൂട്ടിയിട്ടതായി കുറ്റാരോപിതനായ പൗലോ ഗബ്രിയേല്‍ വിചാരണവേളയില്‍ വത്തിക്കാന്‍ കോടതി മുമ്പാകെ വെളിപ്പെടുത്തി. ഗബ്രിയേലിന്റെ ആരോപണം ശരിയാണോ എന്ന് പരിശോധിക്കാന്‍ കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. കഴിഞ്ഞ മെയില്‍ അറസ്റ്റിലായതിന് ശേഷം ഇതാദ്യമായാണ് ഗബ്രിയേലിന് പരസ്യമായി സംസാരിക്കാന്‍ അവസരം ലഭിച്ചത്.
പോപ്പിന്റെ പോലീസ് സേനയുടെ ആസ്ഥാനത്തെ ഒറ്റമുറി സെല്ലില്‍ റിമാന്‍ഡില്‍ കഴിഞ്ഞതിനക്കുറിച്ച് ഗബ്രിയേല്‍ വിശദീകരിച്ചു. ചുമലുകള്‍ ഭിത്തിയില്‍ തട്ടുന്ന തരത്തില്‍ ഇടുങ്ങിയ മുറിയിലാണ് തനിക്ക് കഴിയേണ്ടി വന്നതെന്നും അതിശക്തമായ വെളിച്ചം വിതറുന്ന ലൈറ്റായിരുന്നു മുറിയിലുണ്ടായിരുന്നതെന്നും അദ്ദേഹം പറഞ്ഞു. രാവും പകലും ശക്തമായ വെളിച്ചമടിച്ചതിനാല് കാഴ്ച കുറഞ്ഞതായും ഗബ്രിയേല്‍ പരാതിപ്പെട്ടു. മാനസികമായി ഏറെ സമ്മര്‍ദ്ദമനുഭവിക്കേണ്ടി വന്നതായും താന്‍ കടുത്ത വിഷാദത്തിലേക്ക് കടന്നതായും ഗബ്രിയേല്‍ പരാതിപ്പെട്ടു. എന്നാല്‍ വത്തിക്കാന്‍ പോലീസ് ഗബ്രിയേലിന്റെ ആരോപണങ്ങള്‍ നിഷേധിച്ചു. സുരക്ഷക്ക് വേണ്ടിയാണ് ലൈറ്റ് 24 മണിക്കൂറും പ്രകാശിപ്പിച്ചതെന്നും ഗബ്രിയേല്‍ സ്വയം അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഭയന്നാണിതെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: