മരട്: പൊതുനിരത്തുകളിലെ ടോള്‍ പിരിവുകളുടെ എണ്ണം വര്‍ധിച്ചതോടെ വിശാലകൊച്ചി ടോള്‍ വലയത്തിലകപ്പെട്ടു. കൊച്ചിക്കു ചുറ്റും ഒമ്പതിടങ്ങളിലാണ് ടോള്‍ പരിവുകാര്‍ നഗരത്തിലേക്ക് പ്രവേശിക്കുകയും, പുറത്തേക്കു പോവുകയും ചെയ്യുന്ന വാഹനങ്ങളെ കാത്തിരിക്കുന്നത്. ഇതില്‍ ഏറ്റവും ഒടുവിലത്തേതാണ് തൃപ്പൂണിത്തുറ മിനി ബൈപാസില്‍ പുതുതായി ആരംഭിച്ചിരിക്കുന്ന ടോള്‍പിരിവ്.
കൊച്ചി നഗരത്തിലേക്കു പ്രവേശിക്കുന്ന തൃശൂര്‍- ഇടപ്പള്ളി നാലുവരിപ്പാത, ഇടപ്പള്ളി-അരൂര്‍ നാലുവരിപ്പാത, പറവൂര്‍- ഇടപ്പള്ളി റോഡ്, ഇരുമ്പനം-തൃപ്പൂണിത്തുറ, വൈക്കം- പൂത്തോട്ട, പശ്ചിമകൊച്ചി- വെല്ലിംഗ്ടണ്‍ ഐലന്റ് (തോപ്പുംപടി) ഐലന്റ് -തേവര, വെല്ലിംഗ്ടണ്‍ ഐലന്റ് (കൊച്ചിന് പോര്‍ട്ട്) തൃപ്പൂണിത്തുറ മിനിബൈപാസ് തുടങ്ങി ഒമ്പതിടങ്ങളിലാണ് ഇപ്പോള്‍ വാഹനങ്ങളില്‍ നിന്നും ടോള്‍ ഇടാക്കുന്നത്. കേന്ദ്രപൊതുമരാമത്ത് (എന്‍എച്ച്) വിഭാഗം, ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യ(എന്‍എച്ച്എഐ), സംസ്ഥാന പൊതുമരാമത്തുവകുപ്പ് (പിഡബ്ല്യുഡി) എന്നിവയാണ് റോഡുകളും പാലങ്ങളും നിര്‍മ്മിച്ച്്. വാഹനങ്ങളില്‍ നിന്നും ടോള്‍ പിരിച്ചെടുക്കുന്നത് ലാഭക്കച്ചവടമാക്കിയിരിക്കുന്നത്.
തൃശൂര്‍ ഭാഗത്തുനിന്നും കൊച്ചി വഴി ആലപ്പുഴയിലേക്കു പോകേണ്ട ദീര്‍ഘദൂര യാത്രാവാഹനങ്ങള്‍ ബൈപ്പാസില്‍ രണ്ടിടത്ത് ടോള്‍ബൂത്തില്‍ പണം നല്‍കണം. കൊടുങ്ങല്ലൂര്‍, പറവൂര്‍ ഭാഗത്തുനിന്നും എത്തുന്നവര്‍ക്കും ഇതേ റൂട്ടുകളില്‍ തിരിച്ചും പോകുന്ന വാഹനങ്ങള്‍ക്കും ഇതുബാധകമാണ്. കാക്കനാടുനിന്നും എളുപ്പമാര്‍ഗമായ ഇരുമ്പനം, തൃപ്പൂണിത്തുറ കുണ്ടന്നൂര്‍ വഴി പശ്ചിമകൊച്ചി ഭാഗത്തേക്കുള്ള വാഹനങ്ങള്‍ മൂന്നു സ്ഥലങ്ങളില്‍ ടോള്‍ഫീസ് നല്‍കണം.
വൈക്കത്തുനിന്നും വരുന്ന വാഹനങ്ങള്‍ പൂത്തോട്ട പുതിയ പാലത്തിന് പിഡബ്ല്യുഡിക്ക് ടോള്‍ നല്‍കണം. ഐലന്റില്‍നിന്നും കൊച്ചിന് പോര്‍ട്ടിലേക്കു കടക്കാന്‍ പോര്‍ട്ട് ട്രസ്റ്റിന് പണം നല്‍കണം. കുണ്ടന്നൂര്‍ ഭാഗത്തുനിന്നും വൈക്കം റോഡില്‍ പ്രവേശിക്കാന്‍ തൃപ്പൂണിത്തുറ മിനി ബൈപാസിലെ പാലത്തിന് പിഡബ്ല്യുഡിയാണ് ടോള്‍ പിരിക്കുന്നത്. തോപ്പുംപടിയിലേക്കു പോകാന്‍ ബിഒടി പാലത്തിന് സ്വകാര്യ കമ്പനിയാണ് ടോള്‍ ഈടാക്കുന്നത്. ബൈപ്പാസിലെ കുണ്ടന്നൂരില്‍ നിന്നും പശ്ചിമകൊച്ചിയിലേക്കു പോകാനും കേന്ദ്രപൊതുമരാമത്ത് (എന്‍എച്ച്) വിഭാഗം കുണ്ടന്നൂര്‍ ജംഗ്ഷനില്‍ ടോള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അടിക്കടിയുണ്ടാകുന്ന പെട്രോള്‍ വില വര്‍ധനവിനു പുറമെ വര്‍ധിക്കുന്ന ടോള്‍ ബൂത്തുകളും വാഹനങ്ങളുമായി നിരത്തിലിറങ്ങുന്നവരെ കഷ്ടത്തിലാക്കിയിരിക്കുകയാണ്.
മിക്ക ടോള്‍ ബൂത്തുകളിലും കരാര്‍ അടിസ്ഥാനത്തില്‍ ടോള്‍ പിരിക്കുന്നത് സ്വകാര്യ ഏജന്‍സികളും സ്ഥാപനങ്ങളുമാണ്. വാഹനങ്ങളുടെ എണ്ണത്തില്‍ കുറവുകാണിച്ചും, വ്യാജ രശീതുകള്‍ വഴിയും ടോള്‍ നിരക്ക് ഈടാക്കി വന്‍ വെട്ടിപ്പും നടക്കുന്നുണ്ടെന്നത് വ്യക്തമാണ്. നിശ്ചിത ദുരപരിധിക്കുള്ളില്‍ ഒന്നില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ ടോള്‍ പിരിക്കരുതെന്നാണ് നിയമത്തിലെ വ്യവസ്ഥ. കൂടാതെ ഓട്ടോറിക്ഷകളെ ടോള്‍ പിരിച്ചെടുക്കാവുന്ന വാഹനങ്ങളുടെ പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുമുണ്ട്. എന്നാല്‍ തൃപ്പൂണിത്തുറ മിനി ബൈപാസില്‍ ഓട്ടോറിക്ഷകളില്‍ നിന്നുകൂടി ഫീസ് ഇടാക്കുന്നുണ്ട്. ടോള്‍ റോഡുകള്‍ ലാഭകച്ചവടമാക്കി മാറ്റാനുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ നിക്കത്തില്‍ പ്രതിഷേധം വ്യാപകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: