കൊച്ചി: ഗാന്ധിജയന്തി വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടം, വിദ്യാഭ്യാസ വകുപ്പ്, വിവിധ വകുപ്പുകള്‍ എന്നിവയുടെ സഹകരണത്തോടെ ജില്ലയില്‍ വിവിധ പരിപാടികളും വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കുമായി മല്‍സരങ്ങളും സംഘടിപ്പിക്കും. വാരാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്നു ഉച്ചയ്ക്കുശേഷം രണ്ടിന് എളന്തിക്കര ദിപിന് ഹാളില്‍ വി.ഡി.സതീശന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. രാവിലെ 9.30 മുതല്‍ പഞ്ചായത്തില്‍ ശുചീകരണം തുടങ്ങും. ഉച്ചയ്ക്കുനടക്കുന്ന സമ്മേളനത്തില്‍ 25 കരകൗശലതൊഴിലാളികള്‍ക്ക് ഒ.പി.ചികില്‍സയ്ക്കുള്ള ഇന്‍ഷുറന്‍സിന്റെ ചെക്ക് വിതരണവും നടത്തും. ജില്ല ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ചന്ദ്രഹാസന്‍ വടുതല അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ എളന്തിക്കര ഹൈസ്കൂള്‍ പ്രധാനാധ്യാപകന് രവീന്ദ്രന്, എളന്തിക്കര എല്‍പിഎസ് മുന്‍ പ്രധാനാധ്യാപകന് പി.കെ. ആന്റണി എന്നിവര്‍ പ്രസംഗിക്കും. തുടര്‍ന്നു ക്ലാസില്‍ കേരള ആക്ഷന്‍ ഫോഴ്സ് കോ-ഓര്‍ഡിനേറ്റര്‍ ജോസഫ് പുതുശേരി ക്ലാസ് നയിക്കും.
വാരാചരണം ഒരാഴ്ചയാണെങ്കിലും മല്‍സരങ്ങള്‍ ഒരുമാസം നീണ്ടുനില്‍ക്കും. നവംബര്‍ ഒന്നിന് കേരളപ്പിറവി ദിനത്തോടനുബന്ധിച്ചു നടത്തുന്ന ഭാഷാദിനസമ്മേളനത്തില് സമ്മാനങ്ങള്‍ വിതരണം ചെയ്യും. ഇന്‍ഫര്‍മേഷന്‍-പബ്ലിക് റിലേഷന്‍സ് വകുപ്പ് പുറത്തിറക്കിയ ജീവിത വിജയത്തിന് ഗാന്ധിസൂക്തങ്ങള്‍ എന്ന ചെറുപുസ്തകം വിവിധ സ്കൂളുകളില്‍ ഈകാലയളവില്‍ വിതരണം ചെയ്യും.
ഒക്ടോബര്‍ അഞ്ചിന് ഉപജില്ലാതലത്തില്‍ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഉപന്യാസരചന മല്‍സരം നടത്തും. ‘ശുചിത്വ കേരള നിര്‍മാണത്തില്‍ എന്റെ പങ്ക്’ എന്നതാണ് വിഷയം. വിദ്യാഭ്യാസ ജില്ലാതലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവരെ ഉള്‍പ്പെടുത്തി റവന്യുജില്ലാതലത്തില്‍ മല്‍സരം സംഘടിപ്പിക്കും. വിജയികളാകുന്ന ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് യഥാക്രമം 1000, 750, 500 രൂപ വീതം വിലയുള്ള പുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റും സമ്മാനമായി നല്‍കും. വിദ്യാഭ്യാസ ജില്ലാതലത്തില്‍ ആദ്യരണ്ടു സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കു യഥാക്രമം 500, 250 രൂപ വീതം വിലയുള്ള പുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റും സമ്മാനമായി ലഭിക്കും. ജില്ലാതല മല്‍സരത്തിനുള്ള വിഷയം മല്‍സരത്തിനു മുമ്പ് മാത്രമേ നല്‍കൂ. സ്ഥലവും തീയതിയും പിന്നീടറിയിക്കും.
ഒക്ടോബര്‍ ആറിന് താലൂക്ക് തലത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ഉപന്യാസരചന മല്‍സരം സംഘടിപ്പിക്കും. താലൂക്ക് തലത്തില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടുന്നവരെ പങ്കെടുപ്പിച്ച് ഒക്ടോബര്‍ 20-ന് ജില്ലാതല മല്‍സരം സംഘടിപ്പിക്കും. ആദ്യമൂന്നു സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് യഥാക്രമം 1000,750,250 രൂപ വീതം വിലയുള്ള പുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റുകളും സമ്മാനമായി നല്‍കും. താലൂക്ക്തല മല്‍സരത്തിനുള്ള വിഷയം ‘അഴിമതി രഹിത ഇന്ത്യയുടെ നിര്‍മാണത്തില്‍ എന്റെ പങ്ക്’ എന്നതായിരിക്കും. ജില്ലാതല മല്‍സരത്തിനുള്ള വിഷയം മല്‍സരത്തിനു മുമ്പ് നല്‍കും. താലൂക്ക്തലത്തിലെ ആദ്യ രണ്ടു സ്ഥാനക്കാര്‍ക്ക് 500, 250 രൂപ വീതം വിലയുള്ള പുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റും സമ്മാനമായി ലഭിക്കും.
ഒക്ടോബര്‍ എട്ടിന് ഹയര്‍സെക്കന്ററി വിദ്യാര്‍ഥികള്‍ക്കായി റവന്യു വിദ്യാഭ്യാസ ജില്ലാടിസ്ഥാനത്തില്‍ പ്രസംഗമല്‍സരം നടത്തും. ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് 1500, 750, 500 രൂപ വീതം വിലയുള്ള പുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റും നല്‍കും. വാരാചരണത്തിന്റെ സമാപനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ചടങ്ങില്‍ ജില്ലയിലെ രണ്ടു പ്രമുഖ ഗാന്ധിയന്മാരെ ആദരിക്കും.
മല്‍സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ അതത് സ്ഥാപന അധികൃതരുടെ സാക്ഷ്യപത്രവുമായി വേണം മല്‍സരത്തിനെത്താന്‍. വിദ്യാഭ്യാസ ജില്ലയില്‍ ഡിഇഒമാരും താലൂക്ക് തലത്തില്‍ തഹസില്‍ദാര്‍മാരും മല്‍സരം സംഘടിപ്പിച്ച് ജില്ലാതല മല്‍സരത്തില്‍ മല്‍സരാര്‍ത്ഥികളെ പങ്കെടുപ്പിക്കാന്‍ ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക് പരീത് അറിയിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: