തിരുവനന്തപുരം: വിദ്യാര്‍ഥികളില്‍ രക്തദാഹമുണ്ടാക്കുന്ന ഇസ്ലാമിക ഭീകരരുടെ പദ്ധതി രാജ്യത്തെ ശിഥിലീകരിക്കുമെന്ന് ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്. വിദ്യാര്‍ഥികള്‍ ഭേദചിന്തയില്ലാതെ തോളോടു തോള് ചേര്‍ന്ന് രാജ്യ പുരോഗതിക്കായി പ്രവര്‍ത്തിക്കേണ്ടവരാണ്. രാജ്യത്തിന്റെ ഭാവി വിദ്യാര്‍ഥികളുടെ കയ്യിലാണ്. അവരെ ഭീകരപ്രവര്‍ത്തനത്തിലേക്കു തള്ളി വിടുന്നതിനെതിരെ മുഴുവന്‍ സമൂഹവും ജാഗരൂകരായി അണിനിരക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇസ്ലാമിക തീവ്രവാദത്തിനും വര്‍ഗീയവത്കരണത്തിനും എതിരെ എബിവിപി സംഘടിപ്പിക്കുന്ന ജനജാഗ്രത യാത്രയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ക്യാമ്പസുകളിലും പുറത്തും നടന്നു കൊണ്ടിരിക്കുന്ന കൊലപാതകങ്ങള്‍ അടക്കം വ്യത്യസ്ത രീതിയിലുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ പ്രതിരോധിക്കാന്‍ മുസ്ലീം സമൂഹം പ്രതിജ്ഞാ ബദ്ധമാകണം. എന്നാല്‍ ഇതുവരെ ഈ പ്രതിരോധത്തിന് നേതൃത്വം നല്കാന് മുസ്ലീം സമുദായത്തിലെ സമാധാന കാംക്ഷികളും ദേശീയവാദികളും മുസ്ലീം ലീഗും വേണ്ടത്ര മുന്നോട്ടു വന്നിട്ടില്ല. ഇത് ആശങ്കാജനകമാണ്. ഇസ്ലാമിക രാഷ്ട്രങ്ങളെല്ലാം മതതീവ്രവാദത്തിന്റെ തീച്ചൂളയിലാണ്. മാനവ പൈതൃക സംസ്കാരങ്ങളെ പാടെ നശിപ്പിക്കുന്നത് ഇസ്ലാം മതതീവ്രവാദികളുടെ ക്രൂരവിനോദമായിരിക്കുന്നു. ശ്രീനാരായണ ഗുരുദേവന്റെ കേരളത്തില്‍ മതഭീകരത നടമാടുന്നത് എല്ലാവരും ഗൗരവപൂര്‍വം വീക്ഷിക്കണം. ഈ വിപത്തിനെ പ്രതിരോധിക്കാന്‍ ജാതിയും മതവും രാഷ്ട്രീയവും ഒന്നും തടസ്സമായി കൂടായെന്നും പി.പരമേശ്വരന് പറഞ്ഞു.
മുസ്ലീംലീഗിന്റെ രാഷ്ട്രീയ നിലപാടുകള്‍ കേരളത്തില്‍ ഇസ്ലാമിക തീവ്രവാദം വളരാന്‍ പ്രചോദനമാകുന്നുണ്ട്. മതതീവ്രവാദം ചെറുക്കാനുള്ള ധാര്‍മിക ഉത്തരവാദിത്വം മുസ്ലീം ലീഗ് നിര്‍വഹിക്കാത്തത് ഖേദകരമാണ്. മറ്റു മുസ്ലീം സംഘടനകളുടെ ഭീകരപ്രവര്‍ത്തനങ്ങളെ തടയാനും നിരുത്സാഹപ്പെടുത്താനും പാടെ തടയാനും മുസ്ലീം ലീഗിനു കഴിയണം. എന്നാല്‍ ദേശീയതയോടും സംസ്കാരത്തോടും ദേശീയ ചിഹ്നങ്ങളോടും പ്രതീകങ്ങളോടും മുസ്ലീം ലീഗ് നേതൃത്വം അവലംബിക്കുന്ന നിലപാട് ദേശീയ ഐക്യത്തെ ശിഥിലമാക്കുന്ന രീതിയിലാണ്. ഇസ്ലാമിക തീവ്രവാദത്തിന് മാര്‍ക്സിസ്റ്റു പാര്‍ട്ടിയാണ് ഉത്തരവാദിയെന്ന കേന്ദ്രമന്ത്രി ഇ.അഹമ്മദിന്റെ പ്രസ്താവന ഒരര്‍ഥത്തില്‍ ശരിയാണ്. എന്നാല്‍ അടുത്തകാലത്തായി വളര്‍ന്നു വന്ന ഭീകരപ്രവര്‍ത്തനങ്ങളുടെ ഉത്തരവാദിത്വത്തില്‍ നിന്ന് ലീഗിന് ഒഴിഞ്ഞു മാറാന്‍ കഴിയില്ല. മലപ്പുറം ജില്ലാ രൂപീകരണത്തിനു ശേഷം നടന്ന ഹിന്ദുമുസ്ലീം സംഘര്‍ഷങ്ങള്‍ക്ക് വിരാമമിടാന്‍ ബാഫക്കി തങ്ങള്‍ നേരിട്ടു മുന്കയ്യെടുത്തെങ്കില് ഈ അടുത്ത കാലത്ത് ഹിന്ദു-മുസ്ലീം സംവാദത്തിന് വിഘാതമാകുകയും തുരങ്കം വയ്ക്കുകയും ചെയ്തത് ഇ.അഹമ്മദാണ്. ആ സംവാദം നടന്നിരുന്നെങ്കില്‍ കുപ്രസിദ്ധമായ മാറാട് കലാപം ഉണ്ടാകുമായിരുന്നില്ലെന്നും പരമേശ്വരന് ഓര്‍മിപ്പിച്ചു.
എബിവിപി നടത്തുന്ന ജനജാഗ്രത യാത്ര ഏതെങ്കിലും മതത്തിനോ സമുദായത്തിനോ എതിരായിട്ടുള്ളതല്ല. മറിച്ച് കേരളത്തില്‍ ഉയര്‍ന്നു വരുന്ന ഭീകരപ്രവര്‍ത്തനത്തിനെതിരെ പൊതുസമൂഹത്തെ ജാഗരൂകരാക്കാന്‍ വേണ്ടിയുള്ളതാണെന്ന് ആമുഖ പ്രഭാഷണം നടത്തിയ ജാഥാ ക്യാപ്റ്റനും സംസ്ഥാന സെക്രട്ടറിയുമായ എം.അനീഷ്കുമാര്‍ പറഞ്ഞു. കേരളത്തിലെ ക്യാമ്പസുകളില്‍ നടമാടുന്ന ഇസ്ലാമിക തീവ്രവാദം സൃഷ്ടിക്കുന്ന വെല്ലുവിളിയെ പ്രതിരോധിക്കാന്‍ യുവതലമുറയും സമാധാന കാംക്ഷികളായ കേരളീയ സമൂഹവും തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.ജനജാഗ്രത യാത്ര കണ്‍വീനര്‍ കെ.വി.നാരായണന് അധ്യക്ഷത വഹിച്ചു. പി.പരമേശ്വരന് ജനജാഗ്രത യാത്രയുടെ പതാക ജാഥാ ക്യാപ്റ്റന്‍ എം.അനീഷ്കുമാറിന് കൈമാറി. സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.ജി.അനീഷ് സ്വാഗതവും എം.ജി കോളേജ് യൂണിയന് ചെയര്മാന് സായിനാഥ് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: