കൊച്ചി: സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തില്‍ കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് 10 ദിവസം നീണ്ടു നില്ക്കുന്ന പുസ്തകോത്സവത്തിന് ഇന്ന് ടൗണ്‍ ഹാളില്‍ തുടക്കമാകും. വൈകിട്ട് അഞ്ചിന് മേയര്‍ ടോണി ചമ്മിണി ഉദ്ഘാടനം ചെയ്യും. ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ഭരണ സമിതി അംഗം എന്‍.കെ.എ.ലത്തീഫ് അധ്യക്ഷത വഹിക്കും.
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെക്കുറിച്ച് ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച പുസ്തകങ്ങള്‍ ഉള്‍പ്പെടുത്തി മഹാത്മാഗാന്ധി സ്മൃതി എന്ന പേരില്‍ ഗാന്ധിയന്‍ പുസ്തകങ്ങളുടെ പ്രത്യേകമേളയും ഇതോടനുബന്ധിച്ച് ഒരുക്കിയിട്ടുണ്ട്. മഹാത്മാഗാന്ധിയുടെ ചെറുമകള്‍ സുമിത്രാകുല്ക്കര്ണി രചിച്ച അമൂല്യപൈതൃകം, ഗാന്ധിജിയുടെ ആത്മകഥ, ഗാന്ധിദര്‍ശനം, ഗാന്ധിയന്‍ സോഷ്യലിസം, സ്വാതന്ത്ര്യത്തിലേക്ക് നയിച്ച ആചാര്യന്മാര്, മഹാത്മാഗാന്ധി, ഗാന്ധിയന്‍ സൗന്ദര്യവിചാരം, ഇന്ത്യ ഇന്നെവിടെ എത്തി നില്ക്കുന്നു, മഹാത്മാഗാന്ധിയും മലയാള കവിതയും തുടങ്ങിയ പുസ്തകങ്ങളാണ് ഗാന്ധി സ്മൃതിയില്‍ ഉള്‍പ്പെടുത്തിയിട്ടുളളത്.
കേന്ദ്ര സര്‍ക്കാര്‍ സാമൂഹിക നീതി ശാക്തീകരണ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡോ.അംബേദ്കര്‍ ഫൗണ്ടേഷനുവേണ്ടി കേരള ഭാഷാ ഇന്‍സ്റ്റിറ്റിയൂട്ട് പ്രസിദ്ധീകരിച്ച ഡോ.അംബേദ്കര്‍ സമ്പൂര്‍ണ കൃതികളുടെ 40 വാല്യങ്ങളാണ് പുസ്തകോത്സവത്തിന്റെ മറ്റൊരു പ്രത്യേകത. ഹിന്ദിയിലും ഇന്ത്യയിലെ പ്രമുഖ പ്രാദേശിക ഭാഷകളിലും പ്രസിദ്ധീകരിക്കുന്ന ഡോ.അംബേദ്കര്‍ സമ്പൂര്‍ണകൃതികള്‍ 40 വാല്യങ്ങളില്‍ പ്രസിദ്ധീകരിച്ച പ്രഥമ ഭാഷയായി മലയാളം മാറിയിട്ടുണ്ട്.
മലയാള ഭാഷയെ വൈജ്ഞാനിക സമ്പന്നമാക്കിയ ശാസ്ത്ര സാങ്കേതിക വിജ്ഞാനശാഖകളിലെ നൂറുകണക്കിന് പുസ്തകങ്ങള്‍, കൃഷി ശാസ്ത്രം, വനശാസ്ത്രം, മൃഗസംരക്ഷണം, ജീവശാസ്ത്രം, രസതന്ത്രം, ഊര്‍ജതന്ത്രം, ഗണിതം, കമ്പ്യൂട്ടര്‍ സയന്‍സ്, ഭാഷാ, സാഹിത്യം, ചരിത്രം, സാമ്പത്തിക ശാസ്ത്രം, തത്വശാസ്ത്രം, സംഗീതം, കലകള്‍, സിനിമ, നാടകം, രാഷ്ട്രതന്ത്രം, സ്പോര്‍ട്സ്, ജീവചരിത്രം തുടങ്ങിയ വ്യത്യസ്ത വൈജ്ഞാനിക ശാഖകളിലെ പുസ്തകങ്ങള്‍ വില്‍പ്പനക്കായി ഒരുക്കിയിട്ടുണ്ട്. പുസ്തകങ്ങള്‍ക്ക് 20 ശതമാനം മുതല്‍ 60 ശതമാനം വരെ വിലക്കിഴിവുണ്ടാകും. പുസ്തകോത്സവം ഒക്ടോബര്‍ 10-ന് സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: