കൊച്ചി: സംസ്ഥാനത്ത് പ്രൈമറി തലം മുതല്‍ ഹിന്ദി പഠനം നിര്‍ബന്ധമാക്കണമെന്ന് ജസ്റ്റിസ് വി.ആര്.കൃഷ്ണയ്യര്‍ പ്രസ്താവിച്ചു. കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റേയും സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റേയും സഹകരണത്തോടെയും കേരള സ്റ്റേറ്റ് ഹിന്ദി ഖാദി പ്രചാരക് സമിതി സംഘടിപ്പിച്ച ഈ വര്‍ഷത്തെ ഹിന്ദി പക്ഷാചരണത്തിന്റെ സമാപന സമ്മേളനത്തില്‍ സംസ്ഥാനത്തെ മികച്ച സ്കൂളിനുള്ള ശാരദ കൃഷ്ണയ്യര്‍, സി.പി.മമ്മു സ്മാരക സംഘാടക രത്ന പുരസ്ക്കാരം സൗത്ത് വാഴക്കുളം ഗവ.ഹൈസ്കൂളിന് സമര്‍പ്പിച്ച് പ്രസംഗിക്കുകയായിരുന്നു കൃഷ്ണയ്യര്‍.
എല്‍പി തലം മുതല്‍ ഹിന്ദി പഠനം നിര്ബന്ധാക്കുന്നതിലൂടെ രാഷ്ട്ര പുനര്‍നിര്‍മാണത്തിലും ദേശീയത സംരക്ഷണത്തിലും നിര്‍ണായകമായ പങ്ക് വഹിക്കാന്‍ വിദ്യാര്‍ത്ഥി സമൂഹത്തിന് കഴിയുമെന്നും ഇതിനായുള്ള പ്രഖ്യാപനം ഉടന്‍ ഉണ്ടാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി കണ്ട് ഹിന്ദി ഖാദി പ്രചരണം നടത്തിയവരെ സ്വാതന്ത്ര്യസമര പോരാളികളായി അംഗീകരിക്കുകയും സാധാരണ ഫ്രീഡം ഫൈറ്റര്‍ക്ക് ലഭിക്കുന്ന മുഴുവന്‍ പെന്‍ഷനും ആനുകൂല്യങ്ങളും ഏറെ കഷ്ടതയനുഭവിക്കുന്നവരും ഇന്ന് തലമുറയ്ക്ക് മാതൃക ആക്കാവുന്നവരുമായ ഹിന്ദി ഖാദി പോരാളികള്‍ക്ക് നല്‍കണമെന്നും കൃഷ്ണയ്യര്‍ പറഞ്ഞു. സമിതിയുടെ മുഖ്യ രക്ഷാധികാരിയായ ജസ്റ്റിസ് പി.കെ. ഷംസുദ്ദീന് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാല സെനറ്റ് അംഗമായി തെരഞ്ഞെടുത്ത സി.എം.ആര്.എല്‍. ജോയിന്റ് മാനേജിങ്ങ് ഡയറക്ടര്‍ ശരണ്‍ എസ്. കര്‍ത്തയെ പുരസ്കാരം നല്കി ജസ്റ്റിസ് വി.ആര്. കൃഷ്ണയ്യര്‍ അനുമോദിച്ചു. സ്ക്കൂള് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ പങ്കെടുത്ത ചടങ്ങില്‍ കുട്ടികളോട് കര്മ്മധീരന്മാരായിരിക്കുവാനും, പ്രസംഗമല്ല പ്രവര്‍ത്തിയാണ് രാജ്യത്തിനാവശ്യമെന്നും അദ്ദേഹം ഉത്ബോധിപ്പിച്ചു. അംഗീകാരം ലഭിച്ചവരെ അദ്ദേഹം അനുമോദിച്ചു.
ശരണ്‍ എസ്. കര്‍ത്തയെ അനുമോദിക്കുന്നതിനോടൊപ്പം, ലോകത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്നത് ക്ലാസ് മുറികളില്‍ നിന്നാണെന്നുളള കോത്താരി കമ്മീഷന്റെ വിലയിരുത്തല്‍ എടുത്തു പറഞ്ഞു കൊണ്ട് ജസ്റ്റിസ് പി.കെ ഷംസുദ്ദീന് സദാചാരമില്ലത്ത വിദ്യാഭ്യാസം, വിദ്യാഭ്യാസമല്ല എന്നും, മൂല്യാധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ ആവശ്യകതകളെപ്പറ്റിയും അധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു.
ഇപ്പോള്‍ സെനറ്റിലേക്ക് കിട്ടിയ പദവി വലിയ അംഗീകാരമായി കാണുന്നു എന്നും, ഇത് വിദ്യാര്‍ത്ഥി സമൂഹത്തിനു വേണ്ടി പരമാവധി ഉപയോഗപ്രദമാക്കുമെന്നും പുരസ്ക്കാരം ഏറ്റു വാങ്ങിയ ശേഷം ശരണ്‍ എസ്. കര്‍ത്ത പറഞ്ഞു.
മുതിര്‍ന്ന ഗാന്ധിയന്മാരായ ആണ്ടിപളളി മഠം എ.എ. ബാബുരാജ്, തിലകന് കാവനാല്‍, കെ.സി. ജോര്‍ജ്ജ്, ക്യാപ്റ്റന്‍ ലക്ഷ്മിയുടെ ശിക്ഷ്യയായ മോഹിനി കമ്മത്ത്, മുതിര്‍ന്ന പത്രപ്രവര്‍ത്തകനും, ഖാദി പ്രചാരകനുമായിരുന്ന സി.പി. മമ്മുവിന്റെ സഹധര്‍മ്മിണി സൈനബ മമ്മു തുടങ്ങിയവര്‍ ശരണ്‍ എസ്. കര്‍ത്തയെ പൊന്നാട അണിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: