ഈശ്വരന് തന്റെ സ്വന്തമാണെന്ന് ഭാവന ചെയ്യുക. എന്നിട്ട് പരിപൂര്‍ണമായി ആത്മസമര്‍പ്പണം ചെയ്യുക. ഈശ്വരകൃപകൊണ്ടുമാത്രമേ ആദ്ധ്യാത്മികമായ ജ്ഞാനലബ്ധി ഉണ്ടാവൂ. എല്ലാ ആദ്ധ്യാത്മികസാധനകളുടെയും ഉദ്ദേശം പരമമായി ഈശ്വരസാക്ഷാത്കാരമാണെങ്കിലും യഥാര്‍ത്ഥത്തില്‍ അവ ചിത്തശുദ്ധിക്കുമാത്രമേ കാരണമാകുന്നുള്ളൂ. ഈശ്വരനെ ഈ നിലയില്‍ക്കൂടി നോക്കുകയാണെങ്കില്‍ ഒരു ശിശുവിനോട് ഉപമിക്കാം. ഒരു കുട്ടിയുടെ കൈയില്‍ ഒരു സാധനം ഇരുന്നാല്‍ നൂറുപ്രാവശ്യം ഒരാള്‍ ചോദിച്ചാലും അത് കൊടുത്തില്ലെന്ന് വന്നേക്കാം. എന്നാല്‍ വേറൊരാള്‍ക്ക് ആദ്യം ചോദിക്കുമ്പോള്‍ തന്നെ കുട്ടി ആ സാധനംകൊടുത്തെന്ന് വരാം. അതേപ്രകാരം തന്നെയാണ് ഈശ്വരകൃപയും. അത് ഒരുവിധത്തിലും നിര്‍ണയിക്കുക സാധ്യമല്ല.
അതുകൊണ്ട് സ്വപ്രയത്നത്തിന് ഒരു സ്ഥാനവുമില്ലെന്ന് ആരും കരുതരുത്. ഈശ്വരനിശ്ചയംപോലെ മാത്രമേ എല്ലാം നടക്കൂ. എന്നാല്‍ മനുഷ്യന് പ്രത്നിക്കണം. ഈശ്വരന് തന്റെ ഇച്ഛ മനുഷ്യന്റെ പ്രവൃത്തികളില്‍ക്കൂടി പ്രകടിതമാക്കുന്നു. ഈ ജന്മത്തില് ലഭിച്ചിരിക്കുന്ന ആനുകൂല്യങ്ങളെല്ലാം മുന്‍ജന്മങ്ങളിലെ കര്‍മ്മങ്ങള്‍ അടിസ്ഥാനമാക്കിയിട്ടാണ്. കൂടാതെ, ഈ ജന്മത്തിലെ കര്‍മ്മങ്ങള്‍കൊണ്ട് മുജ്ജന്മത്തിലെ കര്‍മ്മങ്ങളുടെ ശക്തിയെ നിയന്ത്രിക്കാന്‍ സാധിക്കുകയും ചെയ്യും. ഇത് ഉദ്ദേശിക്കുന്നത് ആദ്ധ്യാത്മിക സാധനകള്‍ക്ക് അവയര്‍ഹിക്കുന്നതിനും കൂടുതലോ, കുറവോ പ്രാധാന്യം നല്‍കരുത് എന്നാണ്.
ഒരു വ്യക്തിയുടെ ജപത്തിന്റെയോ ധ്യാനത്തിന്റെയോ ഫലമായി ഈശ്വരസാക്ഷാത്കാരം ലഭിക്കുമെന്ന് വിചാരിക്കരുത്. കാരണം, അത് വിലകൊടുത്ത് വാങ്ങാവുന്ന ഒരു വസ്തുവല്ല. ഈശ്വരലാഭം ഭഗവത്കൃപയെ മാത്രം അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു. കൃപയ്ക്ക് എന്തെങ്കിലും സഹായകമാവുകയാണെങ്കില്‍ അത് പരിശുദ്ധമായ ഭക്തി ഒന്നുമാത്രമാണ്. മന്ത്രംകെണ്ടോ, ശാസ്ത്രംകൊണ്ടോ ഒന്നും സാധ്യമല്ല, പരിശുദ്ധമായ പ്രേമഭക്തി ഒന്നുകൊണ്ടുമാണ് ഇത് സാധിക്കുന്നത്.
എന്നാല്‍ ഈ പരിശുദ്ധമായ ഭക്തി ലഭിക്കുക എന്നത് അത്ര എളുപ്പമല്ല. വിഷയവാസനയുടെ ലാഞ്ചലനപോലും ഹൃദയത്തില്‍ ഉണ്ടായിരുന്നാല്‍ ഈ ഭക്തി ലഭിക്കില്ല. ഈശ്വരകൃപ ലഭിച്ചവര്‍ക്കുമാത്രം ഈ പരിശുദ്ധഭക്തി സ്വയം സിദ്ധമാകുന്നു. മറ്റുള്ളവര്‍ക്ക് ഐഹികങ്ങളായ ആഗ്രഹങ്ങളില്‍നിന്നും മനസിനെ വേര്‍പെടുത്തുന്നതിനനുസരിച്ച്മാത്രം അത് ലഭ്യമാകുന്നു. ഭഗവാന് മുക്തി നല്കാന് എപ്പോഴും തയ്യാറാണ്. പക്ഷേ, പരിശുദ്ധമായ ഭക്തി വളരെ ദുര്‍ലഭമായിട്ടേ നല്‍കുകയുള്ളൂ.
ഭക്തി വര്‍ധിക്കണമെങ്കില്‍ ചിത്തശുദ്ധിയുണ്ടായിരിക്കണം. ആ ചിത്തശുദ്ധി ലഭിക്കാന്‍ ആദ്ധ്യാത്മിക സാധനകള്‍ അവശ്യം അനുഷ്ഠിക്കുകയും വേണം. ഈ സാധനകള്‍ മുന്‍ജന്മകര്‍മ്മങ്ങള്‍കൊണ്ടുള്ള ബന്ധങ്ങള്‍ ഛേദിക്കുകയും ഇന്ദ്രിയങ്ങളെ സംയമനം ചെയ്യാന്‍ സഹായിക്കുകയും ചെയ്യുന്നു. കാറ്റ് മേഘങ്ങളെ എന്ന പോലെ ഈശ്വരനാമം വിഷയവാസനയെ നശിപ്പിക്കുന്നു. പുഷ്പങ്ങള്‍ കൈകൊണ്ട് എടുക്കുമ്പോള്‍ അതിന്റെ സൗരഭ്യം കൈയ്ക്കുള്ളില്‍ വ്യാപിക്കുന്നതുപോലെയും, ചന്ദനം തൊടുമ്പോള്‍ അതിന്റെ സൗരഭ്യം കൈകളില്‍ വ്യാപിക്കുന്നതുപോലെയും ഈശ്വരധ്യാനംകൊണ്ട് ഭഗവല്‍ രൂപം മനസില്‍ തെളിഞ്ഞ് പതിയുന്നു. അതുകൊണ്ട് ഭഗവദ് ദര്‍ശനത്തിന് ആസ്പദം കൃപയാണെന്നിരുന്നാലും സാധനകള്‍ ക്ഷമയോടെയും ക്രമമായും ശീലിക്കേണ്ടത് അത്യാവശ്യമാകുന്നു.
“ഈശ്വരദര്‍ശനം ലഭിച്ചില്ല എന്നുവച്ച് ഒരിക്കലും സാധനകള്‍ കൈവിടരുത്” ചൂണ്ടയിട്ട് മത്സ്യം പിടിക്കാന്‍ ഇരിക്കുന്ന ഒരാള്‍ക്ക് ആദ്യത്തെ വലിക്കുതന്നെ വലിയ മത്സ്യം കിട്ടിയെന്ന് വരുമോ? എത്രയോ നേരം അയാള്‍ ക്ഷമയോടെ കാത്തിരിക്കണം. പല പ്രാവശ്യവും നിരാശയും ആയിരിക്കും അനുഭവം.” ഇവ ദേവിയുടെതന്നെ വാക്കുകളാണ്.
ഈശ്വരകൃപകൊണ്ട് ഈശ്വരസാക്ഷാത്കാരം ലഭ്യമായേക്കാം. എന്നാല്‍ കാലക്രമേണ ലഭ്യമാകുന്ന സാക്ഷാത്കാരത്തിന് ശ്രേഷ്ഠത കൂടും. മാമ്പഴം യഥാകാലം മുത്തുപഴുത്താല്‍ സ്വാദു കൂടിയിരിക്കും. അസമയത്തുണ്ടാകുന്ന മാങ്ങ മൂത്തുപഴുത്താലും സ്വാദ് കുറവായിരിക്കും. കാലം ഒരു പ്രധാനഘടകമാണ്. സാധാരണമായി ആദ്ധ്യാത്മികസിദ്ധികള്‍ വളരെ സാവധാനത്തിലേ ലഭിക്കുകയുള്ളൂ. ഒരു പക്ഷേ, ഒരു ജന്മത്തില് ജപവും സാധനകളും അനുഷ്ഠിച്ചിരിക്കാം. തന്നിമിത്തം അടുത്ത ജന്മത്തില് ആദ്ധ്യാത്മികമായ ആവേശം ഗാഢമാകുന്നു. വീണ്ടും അടുത്ത ജന്മത്തില് ആവേശം ദൃഢതരമാകുന്നു. അങ്ങനെയാണ് അതിന്റെ അനുക്രമമായ വളര്‍ച്ച.
സാധനകളില്‍വച്ച് ജപത്തിനാണ് ദേവി കൂടുതല്‍ പ്രാധാന്യം നല്‍കിയത്. മന്ത്രദീക്ഷ ശരീരത്തെ പരിശുദ്ധമാക്കുന്നു. ഈശ്വരന് കൈവിരലുകള്‍ നല്‍കിയിരിക്കുന്നത് മന്ത്രം ജപിക്കാനാണ്. ഒരു കായികാഭ്യാസിപതിവായി ഒരു പശുക്കുട്ടിയെ ജനിച്ചതുമുതല്‍ എടുത്തുകൊണ്ട് നടക്കാന്‍ തുടങ്ങി. ദിവസവും അപ്രകാരം ചെയ്തു ചെയ്ത്, അത് ഒരു വലിയ പശുവായിട്ടും കൂടി അഭ്യാസം നിമിത്തം അയാള്‍ക്ക് അതിനെ ചുമക്കുവാന്‍ യാതൊരു പ്രയാസവും തോന്നിയില്ല. അപ്രകാരം തന്നെയാണ് ജപസാധനയുടെ അഭ്യാസംകൊണ്ട് ലഭ്യമാകുന്ന വളര്‍ച്ചയും. ആയിരക്കണക്കിന് മന്ത്രം ഉരുവിടുന്നതുകൊണ്ട് സ്വാഭാവികമായി തന്നെ മനസ്സിന് സ്ഥിരത ലഭിക്കുന്നു. അത് ധ്യാനത്തില്‍ ലയിക്കുകയും, ക്രമേണ കുണ്ഡലിനീശക്തി ഉണരുകയും ചെയ്യുന്നു. പരിശുദ്ധമായ മനസ് ജപസാധന ചെയ്യുമ്പോള്‍ മന്ത്രം അയത്നമായിത്തന്നെ നീര്ക്കുമിളകള്പോലെ പൊങ്ങിപ്പൊങ്ങിവരുന്നു. അപ്രകാരമുള്ള അവസ്ഥ പ്രാപിച്ചാല്‍ സാധകന്റെ സാധനപൂര്‍ണമായി.
ശ്രീ ശാരദാദേവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: