വാഷിങ്ങ്ടണ്‍: ലിബിയന്‍ നഗരമായ ബെന്‍ഗാസിയിലെ യുഎസ് കോണ്‍സുലേറ്റിന് നേരെയുണ്ടായ ആക്രമണം ആസൂത്രിതമായ സംഘടിത ഭീകരവാദമാണെന്ന് അമേരിക്കന്‍ രഹസ്യാന്വേഷണ വിഭാഗം. അല്‍ഖ്വയ്ദയുമായി ബന്ധമുള്ള സംഘങ്ങളാണ് ആക്രമണത്തിന് പിന്നിലെന്നും രഹസ്യാന്വേഷണ വിഭാഗം റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎസ് രഹസ്യാന്വേഷണ വിഭാഗം ഡയറക്ടര്‍ ഷോണ്‍ ടര്ണറാണ്ഇക്കാര്യം അറിയിച്ചത്. ഏജന്‍സി നടത്തിയ കൂടുതല്‍ അന്വേഷണങ്ങളിലാണ് ഇക്കാര്യം വ്യക്തമായതെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ ആക്രമണത്തിന്റെ നിയന്ത്രണം ഒരു വ്യക്തിയിലോ സംഘടനയിലോ അധിഷ്ഠിതമാണോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നും ഷോണ്‍ ടര്‍ണര്‍ പറഞ്ഞു.
നബിയെ ചിത്രീകരിച്ച സിനിമ പ്രദര്‍ശിപ്പിക്കുന്നതിനെതിരെ കീറോയില് നടന്ന പ്രതിഷേധത്തിന്ശേഷമാണ് ലിബിയയില്‍ സിനിമക്കെതിരെ പ്രതിഷേധം ആരംഭിച്ചത്. യുഎസിനെതിരെ കരുതിക്കൂട്ടി ആക്രമണം അഴിച്ചുവിടുകയായിരുന്നു ലിബിയയിലെ ആക്രണത്തിലൂടെ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചവരുടെ ലക്ഷ്യമെന്നും രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ട് ആക്രമണങ്ങളിലുമായി യുഎസ് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥന് ഉള്‍പ്പെടെ നാല് പേര് കൊല്ലപ്പെട്ടിരുന്നു. തങ്ങള്‍ക്ക് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ പ്രാഥമിക റിപ്പോര്‍ട്ടാണ് ഇതെന്നും അദ്ദേഹം അറിയിച്ചു.
എന്നാല്‍ ബെന്ഗാസി ആക്രമണം ആസൂത്രിതമാണെന്നതിന് തങ്ങളുടെ പക്കല്‍ യാതൊരുവിധ തെളിവുമില്ലെന്നാണ് യുഎസ് പ്രസിഡന്റ് ബരാക് ഒബാമയും പ്രസ് സെക്രട്ടറി ജെ കാര്‍ണിയും കഴിഞ്ഞ ദിവസം അറിയിച്ചത്. അതേസമയം ആക്രമണം ആസൂത്രിതമാണെന്നതിന് തങ്ങളുടെ കൈവശം ആവശ്യമായ തെളിവുണ്ടെന്നാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നത്.
നബിയെ ചിത്രീകരിച്ച് വിവാദമായ ഇന്നസെന്‍സ് ഓഫ് മുസ്ലീംസും, ഫ്രഞ്ച് മാസികയില്‍ നബിയുടെ കാര്‍ട്ടൂണ്‍ ചിത്രീകരിച്ചതും ഇസ്ലാംരാഷ്ട്രങ്ങളില് വലിയ പ്രക്ഷോഭങ്ങളാണ് വിളിച്ചുവരുത്തിയത്. പാശ്ചാത്യ രാജ്യങ്ങളുടെ അഭിപ്രായസ്വാതന്ത്ര്യമാണ് ഈ പ്രക്ഷോഭങ്ങള്‍ക്ക് കാരണമായതെന്ന് ഇസ്ലാമിക രാഷ്ട്രങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ഈജിപ്ത് പ്രസിഡന്റ് മുഹമ്മദ് മുര്‍സിയും വികാരപരമായാണ് അടുത്തിടെ നടന്ന സംഭവവികാസങ്ങളെ കൈക്കൊണ്ടത്.അഭിപ്രായ സ്വാതന്ത്ര്യമെന്ന നിലയില്‍ പാശ്ചാത്യ രാഷ്ട്രങ്ങള്‍ കാട്ടിക്കൂട്ടുന്ന നടപടികള്‍ക്ക് സംരക്ഷണം നല്‍കരുതെന്നും ഇതിന് തടയിടണമെന്നും മുര്‍സി അഭിപ്രായപ്പെട്ടു. അഭിപ്രായ സ്വാതന്ത്ര്യം ഒരിക്കലും അരാജകത്വ മായി മാറരുതെന്നും തുര്‍ക്കിഷ് വിദേശകാര്യ മന്ത്രി അഹമേത് ദവൂതോഗ്ലു പറഞ്ഞു. അഭിപ്രായസ്വാതന്ത്ര്യത്തിലൂടെ മറ്റുള്ളവര്‍ക്കെതിരെ അക്രമം അഴിച്ചുവിടുകയല്ല ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: