കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ ഏതൊക്കെ വിധത്തില്‍ ദ്രോഹിക്കാമെന്നതിന് പഴുതുകള്‍ തേടിക്കൊണ്ടിരിക്കുകയാണ്. അവരുടെ ഓരോ നടപടികളും ജനജീവിതം ദുസ്സഹമാക്കുകയാണ്. വെള്ളവും വെളിച്ചവും യാത്രയും ഭക്ഷണവുമെല്ലാം വിലയേറിയതായി അനുദിനം മാറിക്കൊണ്ടിരിക്കുന്നു.
വിലയില്ലാതായിരിക്കുന്നത് മനുഷ്യജീവനു മാത്രം. പട്ടിണിപ്പാവങ്ങള്‍ക്കുവേണ്ടി പണിയെടുക്കാന്‍ പ്രതിജ്ഞാബദ്ധരെന്ന് നാഴികയ്ക്കുനാല്പ്പതു വട്ടം ആവര്‍ത്തിക്കുന്ന കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ആ വിഭാഗത്തിന്റെ നട്ടെല്ലൊടിക്കാനാണ് ഓരോ ദിവസവും പരിശ്രമിക്കുന്നത്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് തീവണ്ടി യാത്രാ നിരക്കിലും ചരക്ക് കൂലിയിലും വരുത്തിയ വര്‍ധനവ്. തിങ്കളാഴ്ച മുതലാണ് തീവണ്ടിയിലെ എ സി യാത്രാനിരക്കും ചരക്ക് കൂലിയും കൂടുന്നത്. എ സി യാത്രക്കാരില്‍ നിന്ന് 3.7 ശതമാനം സേവനനികുതി ഈടാക്കാന്‍ കേന്ദ്രധനമന്ത്രാലയം തീരുമാനിച്ചതോടെയാണ് എ സി യാത്രാനിരക്ക് ഉയരുന്നത്. ചരക്കുകടത്തിനും സേവനനികുതി ബാധകമായതിനാല്‍ ചരക്കുകൂലിയിലും വര്‍ധനവുണ്ടാകും. ചരക്കുകൂലിയില്‍ 3.708 ശതമാനം സേവനനികുതിയാണ് ഈടാക്കുന്നത്. 2009-10 ലെ കേന്ദ്രബജറ്റില്‍ ചരക്ക് ഗതാഗതത്തിന് സേവന നികുതി പ്രഖ്യാപിച്ചിരുന്നെങ്കിലും അന്നത്തെ റെയില്‍വെ മന്ത്രിയായിരുന്ന മമത ബാനര്‍ജി ഇതിനെ എതിര്‍ത്തതിനെ തുടര്‍ന്ന് തീരുമാനം നടപ്പാക്കിയിരുന്നില്ല. ഇന്ന് മമത കേന്ദ്രമന്ത്രിസഭയില്‍ നിന്നും മന്ത്രിമാരെ പിന്തുണയ്ക്കുകയും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കുകയും ചെയ്തതോടെയാണ് ജനങ്ങളുടെ മേല്‍ അധികഭാരം അടിച്ചേല്‍പ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തുനിഞ്ഞിറങ്ങിയിട്ടുള്ളത്.
തീവണ്ടി യാത്രയിലെ മറ്റു ക്ലാസുകളിലെ നിരക്കുകളിലും ഏറ്റക്കുറച്ചിലുകള്‍ വരാന്‍ പോകുകയാണ്. യാത്രക്കാരില്‍ നിന്ന് സേവനനികുതി ഈടാക്കുന്നതോടെ എ സി ഫസ്റ്റ് ക്ലാസ്, എക്സിക്യൂട്ടീവ് ക്ലാസ്, സെക്കന്‍ഡ്, തേര്‍ഡ് എ സി, എ സി ചെയര്‍കാര്‍ എന്നിവയിലേക്കുള്ള ടിക്കറ്റ് നിരക്ക് ഉയരുമെന്നുറപ്പാണ്. കേന്ദ്രധനമന്ത്രി പി.ചിദംബരവും റെയില്‍വെ മന്ത്രി സി.പി.ജോഷിയും തമ്മില്‍ കഴിഞ്ഞ ദിവസം നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യത്തില്‍ അന്തിമതീരുമാനമായത്. കണ്സഷന് ടിക്കറ്റുകള്‍ക്ക് മൊത്തം തുകയുടെ 30 ശതമാനമായിരിക്കും സേവന നികുതി ഏര്‍പ്പെടുത്തുന്നത്. കേന്ദ്രസര്‍ക്കാരിന്റെ തലതിരിഞ്ഞ നയങ്ങളുടെ മറ്റൊരു ഉദാഹരണമാണ് വര്‍ധിപ്പിച്ച നിരക്ക് ഈടാക്കാനുള്ള രീതി. വര്‍ധന പ്രാബല്യത്തില്‍ വരുന്നതിന് മുമ്പ് ടിക്കറ്റ് ബുക്കു ചെയ്തവര്‍ക്കും അധികനിരക്ക് നല്‍കേണ്ടി വരും. യാത്ര തുടങ്ങുന്നതിന് മുമ്പ് ബുക്കിംഗ് ഓഫീസുകളിലോ ടി ടി ഇ മാരുടെ കയ്യിലോ അധിക നിരക്ക് നല്‍കാം.
ടിക്കറ്റ് റദ്ദാക്കിയാല്‍ സര്‍വീസ് ചാര്‍ജ്ജ് തിരികെ നല്കുകയില്ല. സാധാരണ നിലയില്‍ രണ്ടു മൂന്ന് മാസത്തെ ഇടവേളയെങ്കിലും യാത്രാനിരക്ക് വര്‍ധനയില്‍ ലഭിക്കാറുണ്ട്. എന്നാല്‍ പെട്രോളിയം ഉത്പന്നങ്ങളുടെ വില ഉയര്‍ത്തുന്ന ലാഘവത്തോടെയാണ് ഇപ്പോഴത്തെ യാത്രാ-ചരക്ക് കൂലി വര്‍ധന പ്രാബല്യത്തില്‍ കൊണ്ടു വന്നിട്ടുള്ളത്. ബസ് യാത്രാ നിരക്ക് കൂടുതലായതിനാല്‍ ഹ്രസ്വ-ദീര്‍ഘദൂര യാത്രകള്‍ക്കു പോലും യാത്രക്കാര്‍ തിരഞ്ഞെടുക്കുന്നത് ഇന്ന് തീവണ്ടിയെയാണ്.
അത്തരക്കാര്‍ക്ക് ഏറെ പ്രയാസമുണ്ടാക്കുന്നതാണ് പുതിയ തീരുമാനം. ചരക്കു നീക്കത്തിന് കൂടുതല്‍ തുക മുടക്കേണ്ടി വരുന്നതോടെ അത് നിത്യജീവിതത്തെ സാരമായി ബാധിക്കുമെന്ന കാര്യത്തില്‍ ഒട്ടും സംശയമില്ല. ഇപ്പോള്‍ തന്നെ നിത്യോപയോഗ സാധനങ്ങള്‍ക്ക് തീവിലയാണ്. ഏറ്റവും ഒടുവിലത്തെ ഡീസല്‍ വില വര്‍ധനയെ തുടര്‍ന്ന് ലോറി വാടകയില്‍ 30 ശതമാനത്തോളം വര്‍ധനവുണ്ടായിട്ടുണ്ട്. അത് അരിയുള്‍പ്പെടെയുള്ള സാധനങ്ങളുടെ വില കുത്തനെ കൂട്ടാനാണ് ഇടയാക്കിയിട്ടുള്ളത്. ഒറ്റ ആഴ്ച കൊണ്ടു തന്നെ ആറും ഏഴും രൂപ ഒരു കിലോഗ്രാം അരിയുടെ വിലയില്‍ വര്‍ധനവുണ്ടായി. അത് കുറയാനല്ല, കൂടാനാണ് പോകുന്നത്. കേരളീയരെയാണ് ഏറ്റവും കൂടുതല്‍ ഈ വില വര്‍ധനവ് പ്രതികൂലമായി ബാധിക്കുന്നത്. സര്‍വ സാധനങ്ങള്‍ക്കും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട പരിതാപകരമായ അവസ്ഥയാണ് കാലങ്ങളായി നിലനില്‍ക്കുന്നത്. എന്തിനാണ് നെല്ലുത്പാദനത്തില്‍ കേരളീയര്‍ ശ്രദ്ധ പതിപ്പിക്കുന്നതെന്ന് ചോദിക്കുന്നവരുടെ മനോഭാവമാണ് കേന്ദ്രഭരണകൂടത്തിന്. നെല്‍കൃഷി മാത്രമല്ല നാണ്യവിളകളും കേരളത്തില്‍ നശിച്ചു കൊണ്ടിരിക്കുകയാണ്.
നാളികേരത്തിന്റെ കാര്യം ദയനീയമാണ്. വില നന്നേ കുറഞ്ഞിരിക്കുന്നു. ഇറക്കുമതിയും കൂടിയിരിക്കുന്നു. നാളികേര കര്‍ഷകരെ സഹായിക്കാന്‍ ഒട്ടും താത്പര്യം കേന്ദ്ര-കേരള സര്‍ക്കാരുകള്‍ കാണിക്കുന്നില്ല. കാര്‍ഷിക മേഖല മാത്രമല്ല സര്‍വ മേഖലകളിലും മുരടിപ്പ് മാത്രം ഉത്പാദിപ്പിക്കാനുള്ള നയസമീപനങ്ങളാണ് ഇരുസര്‍ക്കാരുകളും സ്വീകരിക്കുന്നത്. അതിന് സഹായകരമാണ് വൈദ്യുതി രംഗത്തെ നിയന്ത്രണവും.
സംസ്ഥാനത്ത് ഒരു മണിക്കൂര്‍ വൈദ്യുതിനിയന്ത്രണം ഏര്‍പ്പെടുത്താനാണ് മന്ത്രിസഭ തീരുമാനിച്ചത്. അത് നടപ്പാക്കി തുടങ്ങുകയും ചെയ്തു. സംസ്ഥാനം രൂക്ഷമായ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് നിയന്ത്രണം അനിവാര്യമായതെന്നാണ് സര്‍ക്കാരിന്റെ ന്യായം. യഥാസമയം കേന്ദ്രസര്‍ക്കാര്‍ സഹായിച്ചിരുന്നു എങ്കില്‍ ഈ രംഗത്തെങ്കിലും ആശ്വാസത്തോടെ കഴിയാമായിരുന്നു. കേന്ദ്രത്തില്‍ ഊര്‍ജ വകുപ്പിന് ഒരു മന്ത്രിയെ കേരളം നല്‍കിയിട്ടുണ്ട്. വാചകമടിക്ക് ഒരു ലോപവും കാണിക്കാത്ത ആ മാന്യന്റെ ശ്രമഫലമൊന്നും കേരളീയര്‍ക്ക് ലഭ്യമാകുന്നില്ല. വൈദ്യുതി നിയന്ത്രണം സഹിക്കേണ്ടി വരുന്ന ജനങ്ങള്‍ക്ക് ഇരുട്ടടി പോലെ ഒന്നു കൂടി കേരളീയര്‍ അനുഭവിക്കാന്‍ പോകുകയാണ്. വൈദ്യുത നിരക്ക് വര്‍ധിപ്പിക്കാനുള്ള നീക്കത്തിലൂടെയാണിത്. എത്രശതമാനം വര്‍ധിക്കുമെന്ന് ഇപ്പോള്‍ ഊഹിക്കാനൊന്നും കഴിയില്ല. ഏതായാലും ഷോക്കടിക്കുന്ന വര്‍ധനവായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. അടുത്താഴ്ച പാലിന്റെ വിലയും കൂടാന്‍ പോകുകയാണ്. കേന്ദ്രസര്‍ക്കാരും കേരള സര്‍ക്കാരും ജനങ്ങളെ ദ്രോഹിക്കുന്നതിന് മത്സരിക്കുകയാണെന്ന് തോന്നും വിധമാണ് പ്രവര്‍ത്തനങ്ങളെല്ലാം. സഹിക്കുന്നതിനെല്ലാം ഒരതിരുണ്ട്. അത് മനസ്സിലാക്കാന്‍ ഭരണക്കാര്‍ തയ്യാറാകുന്നില്ലെങ്കില്‍ അവര്‍ക്ക് മനസ്സിലാക്കും വിധം പെരുമാറാന്‍ ജനങ്ങള്‍ നിര്‍ബന്ധിതരാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: