തൃശൂര്‍ : കേരളത്തില്‍ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സ്വാശ്രയ കോളേജുകളിലും പട്ടികജാതി വിദ്യാര്‍ത്ഥികളുടെ ആനുകൂല്യങ്ങള്‍ കൊള്ളയടിക്കുന്നതിനെക്കുറിച്ച് ഉന്നതതല ഏജന്‍സിയെക്കൊണ്ട് അന്വേഷണം നടത്തണമെന്ന് പട്ടികജാതി മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ഷാജുമോന്‍ വട്ടേക്കാട് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
തൃശൂര്‍ ജില്ലയിലെ പുതുക്കാട് സെന്റ് ആന്റണീസ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് നല്കേണ്ടതായ ലക്ഷക്കണക്കിന് രൂപയാണ് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാതെ മാനേജ്മെന്റ് തട്ടിപ്പ് നടത്തിയത്. ഇത് സംബന്ധിച്ച് വിവരാവകാശ നിയമപ്രകാരം ജില്ലാപട്ടികജാതി ജില്ലാ ഓഫീസില്‍ നിന്നും ലഭിച്ച രേഖയിലാണ് പട്ടികജാതി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ഫണ്ടിന്റെ വന്‍ വെട്ടിപ്പ് പുറത്തുവന്നത്.
പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് 405 രൂപയും എട്ട് കിലോമീറ്ററിന് കൂടുതലുള്ള വിദ്യാര്‍ത്ഥിക്ക് 475 രൂപയും പ്രതിമാസ സ്റ്റൈപ്പന്റും 715 രൂപ ലമ്പ്സം ഗ്രാന്റും 375 രൂപ പരീക്ഷാഫീസും സ്പെഷല്‍ ഫീസും സര്‍ക്കാരില്‍ നിന്നും ഗ്രാന്റായി നല്‍കുന്നുണ്ട്. വിദ്യാര്‍ത്ഥികള്‍ക്ക് എടിഎം കാര്‍ഡ് മാത്രമാണ് നല്‍കുന്നത്. സര്‍ക്കാരിന്റെ തെറ്റായ നടപടിയാണ് ഇതെന്നും പാസ് ബുക്ക്, ബാങ്ക് സ്റ്റേറ്റ്മെന്റ് എന്നിവ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കുന്നില്ലെന്നും ഷാജുമോന്‍ വട്ടേക്കാട് ആരോപിച്ചു.
പുതുക്കാട് സ്കൂളില്‍ 2009-2010-11 വര്‍ഷങ്ങളില്‍ 119625 രൂപ പരീക്ഷാഫീസും, 142475 രൂപ സ്പെഷല്‍ ഫീസായി നല്‍കേണ്ട പണം പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കാതെ വിദ്യാര്‍ത്ഥികളില്‍ നിന്നും മാനേജ്മെന്റ് പിരിച്ചെടുത്ത് പട്ടികജാതി വിദ്യാര്‍ത്ഥികളെ വഞ്ചിക്കുകയാണ് ചെയ്തത്. ബയോളജി സയന്‍സില്‍ ആകെയുള്ള 180 സീറ്റില്‍ 21 സീറ്റില്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം നല്‍കണമെന്നിരിക്കെ 17 വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് നല്‍കിയത്.
ഏകജാലക സമ്പ്രദായത്തിലെ പോരായ്മകള്‍ മുതലെടുത്ത് പട്ടികജാതി വിദ്യാര്‍ത്ഥികളെ മറ്റ് കോഴ്സുകളിലേക്ക് മാറ്റുകയാണ് മാനേജ്മെന്റുകള്‍ ചെയ്യുന്നതെന്നും പട്ടികജാതി മോര്‍ച്ച ആരോപിച്ചു. കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇത്തരത്തില്‍ പല സ്കൂളുകളിലും മാനേജ്മെന്റുകള്‍ വെട്ടിപ്പ് നടത്തുന്നതായും ഷാജുമോന്‍ വട്ടേക്കാട് ആരോപിച്ചു. ഇത് സംബന്ധിച്ച് ഹൈക്കോടതി ജഡ്ജിയെക്കൊണ്ട് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു. പട്ടികജാതി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് സര്‍ജു തൊയക്കാവ്, ജനറല്‍ സെക്രട്ടറി ആര്‍ട്ടിസ്റ്റ് ഗോപാല്‍ജി എന്നിവരും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: