ദമാസ്കസ്: കലാപം രൂക്ഷമായ സിറിയയില്‍ നിന്ന് പലായനം ചെയ്യുന്നവരുടെ എണ്ണം 2012 അവസാനത്തോടെ ഏഴു ലക്ഷമാകുമെന്ന് യു.എന്‍ റിപ്പോര്‍ട്ട് . ഓഗസ്റ്റില്‍ മാത്രം ഒരു ലക്ഷത്തിലേറെ പേര് നാടുവിട്ടതായി ഐക്യരാഷ്ട്ര സഭയുടെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ആഭ്യന്തര സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്നാണ് പലായനം.
അയല്‍രാജ്യങ്ങളായ ജോര്‍ദാന്‍, ഇറാക്ക്,ലബനന്, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളിലേയ്ക്കാണ് സിറിയക്കാര്‍ ഒഴുകുന്നത്. ഇവിടെയെല്ലാം അഭയാര്‍ത്ഥികള്‍ക്കായി പ്രത്യേകം ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കായി ലോകരാജ്യങ്ങള്‍ കൈ അയച്ചു സഹായം നല്‍കണമെന്ന് ഐക്യരാഷ്ട്ര സഭ അഭ്യാര്‍ത്ഥിച്ചു.
18 മാസമായി തുടരുന്ന ആഭ്യന്തരകലാപത്തിനിടെ മൂന്നു ലക്ഷത്തോളം പേര് പലായനം ചെയ്തതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സെപ്റ്റംബറില്‍ അറുപതിനായിരം പേരാണ് വിവിധ രാജ്യങ്ങളിലേയ്ക്കായി പലായനം ചെയ്തത്. രാത്രിയും പകലുമായി 2000-3000 പേര് വരെ സിറിയയില്‍ നിന്നു നാടുവിട്ടിട്ടുണ്ടെന്നാണ് യു എന്‍ അഭയാര്‍ത്ഥി ഏജന്‍സിയുടെ റിപ്പോര്‍ട്ട്.
പ്രസിഡന്റ് ബാഷര്‍ അല്‍ അസാദിനെതിരെ കഴിഞ്ഞ മാര്‍ച്ചില്‍ ആരംഭിച്ച കലാപത്തില്‍ സൈന്യവും വിമതരും തമ്മിലുള്ള ഏറ്റുമുട്ടലില്‍ 30,000 പേര് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടു ചെയ്തിരുന്നത്. 12 ലക്ഷത്തോളം പേര് ഭവന രഹിതരായി. സിറിയയിലെ ആഭ്യന്തര പ്രതിസന്ധി പരിഹരിക്കാന്‍ മുന്നിട്ടിറങ്ങണമെന്ന് ഐക്യരാഷ്ട്രസഭ യു എന്‍ അംഗരാജ്യങ്ങളോട് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: