മട്ടാഞ്ചേരി: കൊച്ചിന് കോ-ഓപ്പറേറ്റീവ് സൊസൈറ്റി 50 വര്‍ഷം പിന്നിടുന്നു. മട്ടാഞ്ചേരി ലാലന് റോഡില്‍ പ്രവര്‍ത്തിക്കുന്ന സൊസൈറ്റിയുടെ സുവര്‍ണജൂബിലി ആഘോഷം 29, 30 തീയതികളില്‍ മട്ടാഞ്ചേരി ടിഡിസ്കൂള്‍ ഹാളില്‍ നടക്കും. സാംസ്ക്കാരികഘോഷയാത്ര, സഹകരണസെമിനാര്‍, സമ്മേളനം, സ്ഥാപക അംഗങ്ങളെ ആദരിക്കല്‍, കലാപരിപാടികള്‍ എന്നിങ്ങനെ വിവിധ പരിപാടികള്‍ ജൂബിലി ആഘോഷവേളയില്‍ നടക്കുമെന്ന് സൊസൈറ്റി പ്രസിഡന്റ് കെ.ബാബു, വൈസ് പ്രസിഡന്റ് പുരന്ദരദാസ് പൈ, സെക്രട്ടറി എ.ആര്.എന്‍.ദേവി എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
1962ല്‍ പള്ളയറക്കാവ് ക്ഷേത്രറോഡില്‍ ഒറ്റമുറി കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ സഹകരണസംഘം കാപ്പിക്കുരു ഉല്പാദനകേന്ദ്രങ്ങളില് നിന്ന് ശേഖരിച്ച് പൊടിച്ച് പാക്കറ്റുകളിലാക്കി വില്പന നടത്തുകയായിരുന്നു ആദ്യപ്രവര്‍ത്തനം. തുടര്‍ന്ന് ഇന്ത്യ- ചൈന യുദ്ധവേളയില്‍ ഭക്ഷ്യക്ഷാമവും വിലക്കയറ്റവും നേരിടുവാന്‍ സംഘം രംഗത്തുവരുകയും അഞ്ച് റേഷന്‍ കടകള്‍ ഏറ്റെടുത്ത് നടത്തുകയും ചെയ്തു. 1962ല്‍ കൊച്ചി കണ്‍സ്യൂമേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ് നമ്പര്‍ ഇ-100 എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്ത സഹകരണ സംഘം 2002 ലാണ് കൊച്ചിന് കോ-ഓപ്പറേറ്റീവ് സൊസൈറ്റി എന്ന നാമകരണം സ്വീകരിച്ചത്. 1969ല്‍ കണ്‍സ്യൂമര്‍ സ്റ്റോര്‍ തുറന്ന് നിത്യോപയോഗസാധനങ്ങള്‍ക്ക് റിബേറ്റ് നല്‍കിയും, ടെക്സ്റ്റെല്‍ സ്റ്റോര്‍ തുറന്ന് വിലകുറവില്‍ തുണിത്തരങ്ങള്‍ നല്‍കിയും സാധാരണക്കാര്‍ക്ക് ആശ്വാസമേകി. തുടര്‍ന്ന് ഘട്ടംഘട്ടമായി മെഡിക്കര്‍ സ്റ്റോര്‍, ഗ്യാസ് ഏജന്‍സി, ബാങ്കിങ്ങ് പ്രവര്‍ത്തനം, എന്നിവയിലുടെ സംഘാംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും വന്‍ സേവനശൃംഖലയാണ് നടപ്പിലാക്കിയത്. നിലവില്‍ പ്രമേഹം ഹൃദ്രോഗം എന്നീ മരുന്നുകള്‍ക്ക് 13 ശതമാനംവരെ വിലകിഴിവ് നല്കുന്ന പദ്ധതിയും കൊച്ചിന് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നടത്തിവരുന്നുണ്ടെന്ന്. ഭരണസമിതി അംഗങ്ങളായ ടി.സേതുമാധവന്, സുരേഷ് കെ.നായ്ക്ക്, എന്‍.ശെല്‍വം, പി.ബി.ആശാലത എന്നിവര്‍ പറഞ്ഞു.
ജൂബിലി അഘോഷത്തോടനുബന്ധിച്ച് ശനിയാഴ്ച രാവിലെ 9ന് ടിഡിസ്കൂള്‍ ഓഡിറ്റോറിയത്തില്‍ സഹകരണസെമിനാര്‍ കൊച്ചി മേയര്‍ ടോണി ചമ്മിണി ഉദ്ഘാടനം ചെയ്യും. സംഘം പ്രസിഡന്റ് കെ.ബാബു അദ്ധ്യക്ഷത വഹിയ്ക്കും. 30ന് രാവിലെ 9ന് സാംസ്ക്കാരിക ഘോഷയാത്രയും 10ന് സഹകരണ സമ്മേളനവും നടക്കും. സഹകരണവകുപ്പുമന്ത്രി സി.എന്‍.ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ ഡോമിനിക്ക് പ്രസന്റേഷന് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. വൈകിട്ട് 4ന് നടക്കുന്ന പൊതുസമ്മേളനം കേന്ദ്ര കൃഷി സഹമന്ത്രി പ്രൊഫ.കെ.വി.തോമസ് ഉദ്ഘാടനം ചെയ്യും. വി.ഡി.സതീശന് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. യോഗത്തില്‍ സ്ഥാപകാംഗങ്ങളെ ആദരിക്കലും സമ്മാനദാനവും നടക്കും. തുടര്‍ന്ന് കലാപരിപാടികളോടെ ജൂബിലി ആഘോഷം സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: