ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന് നായര്‍ കേരള ഹൈക്കോടതിയില്‍ നിന്നും വിരമിക്കുന്നു. മഹദ്വ്യക്തിത്വങ്ങളെപ്പറ്റി പറയുമ്പോള്‍ അതിശയോക്തി കലരുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഈ കുറിപ്പില്‍ അസത്യങ്ങളോ അതിശയോക്തികളോ ഇല്ല.
ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്കുമുമ്പ് ലേഖകന്‍ കേരള ഹൈക്കോടതിയില്‍ അഭിഭാഷകവൃത്തി തുടങ്ങുമ്പോള്‍ ‘സീയെന്നാര്’ എന്നറിയപ്പെടുന്ന രാമചന്ദ്രന് നായര്‍ മേനോന് ആന്റ് പൈ എന്ന പ്രശസ്ത അഭിഭാഷക സ്ഥാപനത്തിലെ അറിയപ്പെടുന്ന അഭിഭാഷകനായി മാറിയിരുന്നു. അദ്ദേഹം അന്നു കൂടുതല്‍ കൈകാര്യം ചെയ്തിരുന്ന ടാക്സ് നിയമങ്ങളില്‍ അദ്ദേഹത്തിനുണ്ടായിരുന്ന അഗാധ പാണ്ഡിത്യം അദ്ദേഹത്തിന്റെ രൂപത്തിലോ ഭാവത്തിലൊ പ്രതിഫലിച്ചിരുന്നില്ല. വെളുത്തു മെലിഞ്ഞ ശരീരം. തിളക്കമാര്‍ന്ന കണ്ണുകളുള്ള കോമളമുഖം. തലയില്‍ അച്ചടക്കമില്ലാതെ വിതറി കിടക്കുന്ന നരച്ച മുടി. അല്‍പ്പം കൂനോടുകൂടിയ അലസമായ നടത്തം.
ഇംഗ്ലീഷ് ഭാഷ അനായാസമായി കൈകാര്യം ചെയ്യുന്ന സീയെന്നാറിന്റെ നര്‍മ്മബോധം അദ്ദേഹത്തിന്റെ സുഹൃദ് വലയങ്ങളില്‍ പ്രസിദ്ധമാണ്. ഒരിക്കല്‍ ഒരു അഭിഭാഷക സുഹൃത്ത് അദ്ദേഹത്തിന്റെ മറ്റൊരു അഭിഭാഷകനോട് പറഞ്ഞു “ഇന്നലെ നടന്ന സല്‍ക്കാര വേളയില്‍ ജഡ്ജി താങ്കളെ അന്വേഷിച്ചു. നല്ലവണ്ണം ഇസ്തിരിയിട്ട വസ്ത്രങ്ങളും പോളിഷ് ചെയ്ത ഷൂസും ധരിക്കുന്ന, വിനയാന്വിതനായും മാന്യമായും പെരുമാറുന്ന, മൃദുവായി സംസാരിക്കുന്ന അഭിഭാഷകനാണ് താങ്കളെന്ന് ജഡ്ജി പറഞ്ഞു.” ഇതുകേട്ട് ആ സുഹൃത്ത് സന്തോഷഭരിതനാവുമ്പോള് സീയെന്നാറിന്റെ കമന്റ് വന്നു “ഇപ്പറഞ്ഞതെല്ലാം ഒരു നല്ല ഹോട്ടല്‍ ബെയറ്റിന് പറ്റിയ വിശേഷണങ്ങളാണ്, അഭിഭാഷകന് പറ്റിയവയല്ല.”
തികഞ്ഞ മനുഷ്യസ്നേഹി. 1991 ലെ ഒരു സായാഹ്നത്തില്‍ ലേഖകന്‍ എറണാകുളത്ത് എംജി റോഡിലെ ഒരു സിഗ്നലില്‍ കുടുങ്ങിക്കിടക്കുമ്പോള്‍ അഡ്വക്കേറ്റ് സീയെന്നാര് ചിന്താമഗ്നനായി തിരക്കുള്ള ഫുട്പാത്തിലൂടെ നടക്കുന്നതു കണ്ടു. വൃദ്ധയായ ഒരുസ്ത്രീ തന്റെ ചെളി പുരണ്ട കയ്യാല്‍ സീയെന്നാറിനെ തോണ്ടിക്കൊണ്ട് ഭിക്ഷ യാചിച്ചു. ചിന്താമഗ്നനായി നടന്നുകൊണ്ടിരുന്ന സീയെന്നാര് വൃദ്ധ തോണ്ടിയത് അറിയാതെ മുന്നോട്ടു പോയി. കുറച്ചു മുന്നോട്ട് നടന്നതിനുശേഷം ആരോ തന്നെ സ്പര്‍ശിച്ചിരുന്നോ എന്നു സംശയിച്ച് അദ്ദേഹം തിരിഞ്ഞുനോക്കി. വൃദ്ധയായ ഭിക്ഷക്കാരിയാണ് തന്നെ തോണ്ടിയതെന്ന് മനസ്സിലാക്കിയപ്പോള്‍ അദ്ദേഹം തിരിച്ചുചെന്ന് തന്റെ പേഴ്സില്‍നിന്നും ഒരു നൂറ് രൂപയുടെ നോട്ട് വൃദ്ധയ്ക്ക് നല്‍കിയശേഷം തന്റെ നടപ്പ് തുടര്‍ന്നു. അക്കാലത്ത് എത്ര പണക്കാരനായിരുന്നാലും നൂറ് രൂപ അപരിചിതര്‍ക്ക് ഭിക്ഷ നല്‍കുന്നത് സങ്കല്പ്പിക്കാനാകുമായിരുന്നില്ല.
ആദ്യമായി സീയെന്നാറിനെപ്പറ്റി കൂടുതല്‍ അറിയാന്‍ ജിജ്ഞാസ തോന്നിയത് അന്നായിരുന്നു. കോട്ടയം ജില്ലയില്‍ മരങ്ങോലിക്കു സമീപമുള്ള നായര്‍ കുടുംബം. അച്ഛന് അദ്ധ്യാപകന്. മക്കളെല്ലാവരും അദ്ധ്വാനിച്ചു പഠിച്ചു. സീയെന്നാറിന്റെ സഹോദരങ്ങള്‍ ഐഎഎസ്സിലും ഐആര്എസ്സിലുമെത്തി. സഹോദരിമാര്‍ വിദേശത്താണ്. മൂന്ന് മാസം കൂടുമ്പോള്‍ കുടുംബം വക തെങ്ങിന് തോപ്പില്‍ പോയി തേങ്ങ വീഴ്ത്തേണ്ട ചുമതല സീയെന്നാറിനായിരുന്നു. തേങ്ങ വീഴ്ത്താന്‍ കാറില്‍ പോകുന്ന സീയന്നാര് അവിടുത്തെ കുടിയാന്മാര്ക്കും തൊഴിലാളികള്‍ക്കും വീഴ്ത്തിയ തേങ്ങയും ഓലയുമെല്ലാം ദാനം ചെയ്ത് വെറും കയ്യോടെ തിരിച്ചുവരിക പതിവായിരുന്നുവത്രെ.
2001 ല്‍ ഹൈക്കോടതി ജഡ്ജിയായി നിയമിക്കപ്പെട്ട സീയെന്നാറില് രൂഢമൂലമായ നീതിബോധമുണ്ടായിരുന്നു. നീതി നടപ്പാക്കാന്‍ വേണ്ടി നിയമത്തെ വ്യത്യസ്തമായി വ്യാഖ്യാനിക്കുവാന്‍ തെല്ലും മടിയുണ്ടായിരുന്നില്ല. സിംഗിള്‍ ബെഞ്ചില്‍ ഇരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ മുന്നില്‍ വന്ന ഒരു കേസ് ഓര്‍ത്തുപോകുന്നു. വൈപ്പിന്കരയിലെ ഒരു ദരിദ്രസ്ത്രീ വീടുപണിയാന്‍ തന്റെ തുണ്ടു ഭൂമിയും വീടും പണയം വച്ച് ഒരു സ്വകാര്യ ബാങ്കില്‍നിന്നും വായ്പയെടുത്തു. കുറേയേറെ തുക തിരിച്ചടച്ചുവെങ്കിലും പിന്നീട് തവണകളടയ്ക്കാനായില്ല. കീഴ്കോടതിയിലെ കേസും അപ്പീലും റിവിഷനും വായ്പക്കാരിക്കെതിരായി വിധിച്ചു. വിധി നടത്തിപ്പ് ഹര്‍ജിയുടെ അന്ത്യത്തില്‍ ബാങ്കുതന്നെ ആ വസ്തു ലേലത്തിലേറ്റു. ഏതാനും വര്‍ഷങ്ങള്‍ക്കുശേഷം ഭൂമി വില കുത്തനേ ഉയര്‍ന്നപ്പോള്‍ ബാങ്ക് ആ സ്ഥലം വില്ക്കാന് ശ്രമിച്ചു. വായ്പക്കാരി ഹൈക്കോടതിയില്‍ റിട്ട് ഹര്‍ജി നല്കി. കേസ് വാദിച്ച യുവവനിതാ അഭിഭാഷക, വീട് ഹര്‍ജിക്കാരിക്ക് വിട്ടുകിട്ടണമെന്നും ദയ കാണിക്കണമെന്നും വാദിച്ചു. സൂട്ടും അപ്പീലും റിവിഷനും വിധി നടത്തിപ്പുമെല്ലാം കഴിഞ്ഞ ഒരു കേസില്‍ ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്യാന്‍ എങ്ങനെ ധൈര്യം വന്നു എന്നായി സീയെന്നാര്. വാദത്തിന്റെ ഒടുവില്‍ ജസ്റ്റിസ് സീയെന്നാര് ഹര്‍ജിക്കാരിയോട് പറഞ്ഞു “ഒരുമാസം സമയം തരാം. നിങ്ങളുടെ കയ്യില്‍ പണമടക്കാന്‍ ഇല്ലാത്ത സ്ഥിതിക്ക് ആവശ്യക്കാരനെ കണ്ടുപിടിച്ച് വീട് പരമാവധി വിലയ്ക്ക് വിറ്റോളൂ.” ഇതുകേട്ട ബാങ്കിന്റെ അഭിഭാഷകന് ക്രോധത്തോടെ എഴുന്നേറ്റ് ചോദിച്ചു “സൂട്ടും അപ്പീലും വിധി നടത്തിപ്പും കഴിഞ്ഞ കേസില്‍ കോടതിക്ക് ഇതെങ്ങനെ അനുവദിക്കാനാകും?” ജസ്റ്റിസ് സീയെന്നാറിന്റെ മറുപടി ഇങ്ങനെയായിരുന്നു: “നിങ്ങള്‍ ഒരു സ്വകാര്യ ബാങ്കാണ്. ബാങ്കിങ്ങ് ബിസിനസ്സ് നടത്താനാണ് നിങ്ങള്‍ക്ക് റിസര്‍വ് ബാങ്ക് ലൈസന്‍സ് നല്‍കിയിരിക്കുന്നത്, റിയല്‍ എസ്റ്റേറ്റ് ബിസിനസ് നടത്താനല്ല. നിങ്ങള്‍ക്ക് ഭൂമി ലേലത്തില്‍ പിടിച്ച് വര്‍ഷങ്ങളോളം വെറുതേയിടണ്ട ആവശ്യം എന്തായിരുന്നു? ഹര്‍ജിക്കാരി ഭൂമി വിറ്റ് നിങ്ങള്‍ക്ക് തരുവാനുള്ള തുക പിഴ പലിശ സഹിതം തരും. പൈസ ബാക്കിയുണ്ടെങ്കില്‍ ഹര്ജിക്കാരിയെടുക്കും.”
ആഗോളീകരണത്തിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ വന്നതാണ് സെക്യൂരിറ്റൈസേഷന്‍ നിയമം. കേസുകള്‍ ഫയല്‍ ചെയ്യാതെ നേരിട്ട് പണയ വസ്തുക്കള്‍ ജപ്തി ചെയ്യാന്‍ ബാങ്കുകള്‍ക്ക് അധികാരം നല്കുന്ന ഈ നിയമം ബാങ്കുദ്യോഗസ്ഥരും ഭൂമാഫിയകളും ചേര്‍ന്ന് വായ്പക്കാരുടെ വസ്തുക്കള്‍ കൈവശപ്പെടുത്താന്‍ വേണ്ടി വ്യാപകമായി ദുരുപയോഗം ചെയ്തുവരുമ്പോള്‍ ജസ്റ്റിസ് സീയെന്നാര് ഇങ്ങനെ വിധിച്ചു- പണയം നിലനില്ക്കുമ്പോള് പോലും ഈടു നല്കിയ വസ്തുവിന്റെ ചെറുഭാഗങ്ങള്‍ വിറ്റ് ബാങ്ക് ബാധ്യത തീര്‍ക്കാന്‍ വായ്പക്കാര്‍ക്ക് അവകാശമുണ്ട്. കേരളത്തില്‍ വായ്പ തിരിച്ചടക്കാനാകാതെ കഷ്ടപ്പെടുന്ന ആയിരങ്ങള്‍ക്ക് വസ്തുവിന്റെ ഒരു ഭാഗം മാത്രം വിറ്റ്, വായ്പ തിരിച്ചടച്ച്, ശിഷ്ടം ഭൂമി സ്വന്തമാക്കാന്‍ ജസ്റ്റിസ് സീയെന്നാറിന്റെ ഈ വിധി അവസരമൊരുക്കി.
പാതയോരങ്ങള്‍ പോലും ബ്ലോക്ക് ചെയ്തുള്ള “ശക്തി പ്രകടനങ്ങളും” സമ്മേളനങ്ങളും നടത്തുന്നത് ഫാഷനായി മാറിയ കാലഘട്ടത്തില്‍, നിയമ വൃത്തങ്ങളില്‍ പ്രശസ്തമായ ഒരു വിധി പ്രഖ്യാപനത്തോടെ സാധാരണക്കാരന്റെ വഴി നടക്കാനുള്ള അവകാശത്തെ ജസ്റ്റിസ് സീയെന്നാര് സംരക്ഷിച്ചു. വലിയ ഫീസ് ഈടാക്കി നടത്തുന്ന സിബിഎസ്സി സ്കൂളുകളില്‍ ആരുമറിയാതെ ചൂഷണം ചെയ്യപ്പെടുന്ന അദ്ധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും മാന്യമായ ഒരു മിനിമം ശമ്പളം ലഭ്യമാക്കാന്‍ മറ്റൊരു വിധിന്യായത്തിലൂടെ സീയെന്നാറിന് സാധിച്ചു. നികുതി വെട്ടിക്കുന്നവര്‍ക്കെതിരെ കോടതിയില്‍ അദ്ദേഹം എടുത്തുവന്നിരുന്ന കടുത്ത നിലപാട് ഹൈക്കോടതി അഭിഭാഷകര്‍ക്കിടയില്‍ പരക്കെ അറിയപ്പെടുന്ന വസ്തുതയാണ്.
ജസ്റ്റിസ് സി.എന്‍.രാമചന്ദ്രന് നായര്‍ വിരമിക്കുമ്പോള്‍ കേരള ഹൈക്കോടതിയുടെ തിളക്കമാര്‍ന്ന ഒരദ്ധ്യായം അവസാനിക്കുകയാണ്. എന്നാല്‍ തന്റെ വിധിന്യായങ്ങളിലൂടെ അദ്ദേഹം നല്കിയ നീതി തുടര്‍ന്നും കേരളത്തിലെ സാധാരണക്കാര്‍ക്ക് ലഭ്യമായിക്കൊണ്ടിരിക്കും.
അഡ്വ.നഗരേഷ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: