യുഎന്‍: കിഴക്കന്‍ ചൈനാ സമുദ്രാതിര്‍ത്തിയിലെ ആള്‍താമസമില്ലാത്ത ദ്വീപ് സമൂഹം ജപ്പാന് ഒഴിച്ചുകൂടാനാവാത്ത പ്രദേശമാണെന്ന് ജപ്പന് പ്രധാനമന്ത്രി യോഷിഹിക്കോ നോഡ വ്യക്തമാക്കി. ദ്വീപിന്റെ ഉടമസ്ഥത സംബന്ധിച്ച് ജപ്പാന് യാതൊരുവിധ വിട്ടുവീഴ്ച്ചക്കും തയ്യാറല്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂയോര്‍ക്കില്‍ ഐക്യരാഷ്ട്രസഭയുടെ പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.
കാര്യങ്ങള്‍ മനസിലാക്കാതെയാണ് ചൈന പ്രശ്നത്തെ സമീപിക്കുന്നത്. ദ്വീപ് പ്രശ്നത്തെത്തുടര്‍ന്ന് ചൈനയില്‍ ജാപ്പനീസ് പൗരന്മാര്ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണം. ജപ്പാന്റെ ഒഴിച്ചുകൂടാനാകാത്ത പ്രദേശത്താണ് ചൈന അവകാശവാദമുന്നയിക്കുന്നത്. ചരിത്രപരമായി നോക്കിയാല്‍ ഇത് ജപ്പാന്റെ ഭാഗമാണെന്ന് മനസിലാകുമെന്നും അദ്ദേഹം പറഞ്ഞു. അതിര്‍ത്തി ദ്വീപിനെ ചൊല്ലിയുള്ള തര്‍ക്കം ഇരു രാഷ്ട്രങ്ങള്‍ക്കിടയിലും കൂടുതല്‍ പ്രശ്നമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്.
ചൈനീസ് തെരുവുകളില്‍ ജപ്പാനെതിരായ പ്രക്ഷോഭം ശക്തമായതിനെത്തുടര്‍ന്ന് ജാപ്പനീസ് കമ്പനികള്‍ ചൈനയിലെ ഫാകടറികള്‍ അടച്ചു. പതിറ്റാണ്ടുകള്‍ക്കിടയില്‍ കണ്ട ഏറ്റവും വലിയ ജപ്പാന് വിരുദ്ധ പ്രകടനങ്ങളാണ് കഴിഞ്ഞദിവസങ്ങളില്‍ ചൈനയിലെ പത്തോളം നഗരങ്ങളില്‍ നടന്നത്. കിഴക്കന്‍ ചൈനാ സമുദ്രാതിര്‍ത്തിയിലെ ആള് താമസമില്ലാത്ത ദ്വീപ സമൂഹം കയ്യടക്കാന്‍ ജപ്പാന് നടത്തിയ ശ്രമങ്ങളാണ് ചൈനയെ പ്രകോപിപ്പിച്ചത്. ദിയാ ഓയു എന്ന് ചൈനയും സെന്‍കാക്കു എന്ന് ജപ്പാനും വിളിക്കുന്ന ദ്വീപുകള്‍ പണ്ടേ തര്‍ക്കപ്രദേശമാണ്. ജപ്പാനിലെ സ്വകാര്യ വ്യക്തി കൈവശം വച്ചിരുന്ന ദ്വീപുകളില്‍ ചിലത് ജപ്പാന് ഭരണകൂടം വാങ്ങാന്‍ തീരുമാനിച്ചതോടെയാണ് ചൈന പ്രതിഷേധ നടപടികള്‍ക്കൊരുങ്ങിയത്. 2.61 കോടി ഡോളറിനാണ് ഇവ വാങ്ങാന്‍ ജാപ്പനീസ് ഭരണകൂടം തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: