ലണ്ടന്‍: കൊല്ലപ്പെട്ട അല്‍ഖ്വയ്ദ തലവന്‍ ഒസാമ ബിന്ലാദന് ഒരു കണ്ണ് കാണില്ലെന്ന് സവാഹിരി വെളിപ്പെടുത്തല്‍. ബിന്‍ലാദന്റെ ജീവിതത്തെക്കുറിച്ചുള്ള ഒരു മണിക്കുര്‍ ദൈര്‍ഘ്യമുള്ള വീഡിയോയിലാണ് സവാഹാരി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. വീഡിയോയുടെ മൂന്നാമത്തെ ഭാഗത്തിലാണ് ഇമാമിനൊപ്പമുള്ള ദിവസങ്ങള്‍ എന്ന തലക്കെട്ടോടെ സവാഹിരി ബിന്‍ലാദനെക്കുറിച്ച് വ്യക്തമാക്കിയിരിക്കുന്നത്. കഴിഞ്ഞവര്‍ഷം മേയിലാണ് പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ വച്ച് ബിന്ലാദന് കൊല്ലപ്പെട്ടത്. സൗദി അറേബ്യയില്‍ ജനിച്ച ലാദന് കുട്ടിക്കാലത്തുണ്ടായ അപകടത്തെ തുടര്‍ന്നാണ് ഒരു കണ്ണിലെ കാഴ്ച്ച നഷ്ടമായതെന്ന് സവാഹിരി വീഡിയോയില്‍ പറയുന്നു. മുസ്ലീം ബ്രദര്‍ഹുഡിന്റെ അംഗവുമായിരുന്ന ലാദന് 1980ല്‍ അഫ്ഗാനിസ്ഥാനിലെ സോവിയറ്റ് യൂണിയന്റെ ഇടപെടലുകളില്‍ പ്രതിഷേധിച്ച് ജിഹാദി പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരുകയായിരുന്നു.
ബ്രദര്‍ഹുഡിന്റെ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് പെഷ്വാറിലെ ജിഹാദികള്‍ക്ക് പണം നല്‍കാനായിരുന്നു ലാദന് പാക്കിസ്ഥാനിലെത്തിയത്. ഇതേതുടര്‍ന്നാണ് സായുധപോരാട്ടത്തില്‍ പങ്കാളിയായത്. ഇതാദ്യമായാണ് ബ്രദര്‍ഹുഡുമായുള്ള ലാദന്റെ ബന്ധത്തെക്കുറിച്ച് പുറംലോകം അറിയുന്നത്. ജിഹാദിസ്റ്റ് ഫോറത്തില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സവാഹിരി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: