“ആന്ധ്യസാഗരമദ്ധ്യത്തില്‍ത്താണുപോം കവിതേയിതാ
നിന്നെ രക്ഷിക്കുവാനാവിത്തോന്നിയായ് ‘ഗുരുപൗര്‍ണമി’
പൂര്‍വപുണ്യാര്‍ജ്ജിതജ്ഞാനപ്രകാശത്തിന്റെ വീചികള്‍
രമേശകവി നീര്‍ത്തുന്നു; സുകൃതം വേറെയെന്തിനി?”
-പ്രഭാവര്‍മ്മ
‘ജന്മഭൂമി’യില്‍ പ്രസിദ്ധീകരിച്ചു വന്നിരുന്ന പംക്തികളില്‍ മുടങ്ങിപ്പോയ ഒന്നാണ് വായനക്കാര്‍ക്ക് ഏറെ പ്രിയങ്കരമായിരുന്ന ‘പത്രദുഃഖം’. പംക്തികാരന്‍ തന്നെയാണ് അതിന് ആ പേരിട്ടത്. പത്രാധിപരോ പത്രാധിപസമിതിയോ അല്ല. ‘പത്രദുഃഖം’ എന്ന പംക്തിയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതായിരുന്നു ‘ജന്മഭൂമി വായിക്കരുത്’ എന്നത്. ആ തലക്കെട്ട് തീരുമാനിച്ചതും പത്രാധിപരല്ല, പംക്തികാരന്‍ തന്നെ. ഈ പത്രവും അതിലെ വാര്‍ത്തകളും വീക്ഷണവും എത്ര കണ്ട് വ്യത്യസ്തമാണെന്ന് വരച്ചു കാട്ടുകയായിരുന്നു ‘ജന്മഭൂമി വായിക്കരുത്’ എന്ന ആ കുറിപ്പില്‍. അങ്ങനെ പലതുകൊണ്ടും വ്യത്യസ്തത പുലര്‍ത്തിയിരുന്ന ‘പത്രദുഃഖം’ പിന്നീട് പത്രാധിപരുടെ ദുഃഖത്തിന് കാരണമായി. ആ പംക്തി മുടങ്ങിപ്പോയി എന്നതും അത് പുനരാരംഭിക്കണമെന്നുമുള്ള വായനക്കാരുടെ ആഗ്രഹം നിറവേറ്റിക്കൊടുക്കാനാവില്ലെന്നതുമായി പത്രാധിപരുടെ തീരാ ദുഃഖം. എന്റെ തൊഴില്‍പരവും വ്യക്തിപരവുമായ ഈ ദുഃഖത്തിനിടയാക്കിയതും പ്രശസ്തനായ ആ പംക്തികാരന്‍ തന്നെ- മലയാളത്തിന്റെ പ്രിയപ്പെട്ട കവി എസ്.രമേശന്‍ നായര്‍. പ്രാസംഗികരുടെ ഭാഷയില്‍, കവിയുടെ കൃത്യാന്തര ബാഹുല്യമാണ് ‘പത്രദുഃഖം’ മുടങ്ങിപ്പോവാന്‍ കാരണം. കവിതയില്‍ മാത്രമായി ഒതുങ്ങി നില്‍ക്കുന്നില്ല രമേശന്‍ നായരുടെ തട്ടകം. ചലച്ചിത്രഗാനരചന, ഇടയ്‌ക്കിടെ പ്രഭാഷണങ്ങള്‍ക്ക് പോവുക, ടെലിവിഷന്‍ പരമ്പരകള്‍ക്ക് തിരക്കഥകള്‍ തയ്യാറാക്കുക തുടങ്ങി വിവിധ മേഖലകളില്‍ മുദ്ര പതിപ്പിച്ചതാണ് രമേശന്‍ നായരുടെ വ്യക്തിത്വം. അവയില്‍ അദ്ദേഹത്തിന്റെ സമയമേറെ അടുത്തകാലത്തായി അപഹരിക്കുന്നത് ടിവി സീരിയലുകളാണ്. ഭഗവാന്‍ വ്യാസനോട് മഹാഭാരതം കേട്ടെഴുതാമെന്നേറ്റ വിനായകന്റേതുപോലെ ഇടയ്‌ക്ക് നിര്‍ത്താന്‍ പാടില്ലെന്നതാണല്ലോ സീരിയല്‍ രചനക്കാരോടുള്ള ടിവി ചാനലുകളുടേയും വ്യവസ്ഥ.
കവിതയെ കുറിച്ച് ആധികാരികമായി അഭിപ്രായം പറയാന്‍ ഞാന്‍ ആളല്ല. പക്ഷെ രമേശന്‍ നായരുടെ കവിതകള്‍ പണ്ടേ എനിക്കിഷ്ടമാണ്. വൃത്തശില്‍പ്പത്തിലും ശൈലിയിലും അവ വേറിട്ടു നില്‍ക്കുന്നു. അനുഭൂതിദായകമാണ് അവയില്‍ മിക്കവയും. ഏറ്റവും ഒടുവിലത്തെ ലക്കത്തില്‍ ‘ഭാഷാപോഷിണി’ പ്രസിദ്ധീകരിച്ച രമേശന്‍ നായരുടെ ‘ഇഷ്ടപദി’ അതിന് ഉത്തമോദാഹരണമാണ്. രമേശന്‍ നായരുടെ കവിത ഇഷ്ടപ്പെട്ടിരുന്നാലും രമേശന്‍ നായരെ ഞാന്‍ ഇഷ്ടപ്പെട്ടു തുടങ്ങിയത് അദ്ദേഹത്തിന്റെ ഒരു റേഡിയോ നാടകം കേട്ടതിനു ശേഷമാണ്. പതിറ്റാണ്ടുകളുടെ പഴക്കമുണ്ട് ആ റേഡിയോ നാടകത്തിന്. അദ്ദേഹം ‘ആകാശവാണി’യുടെ തിരുവനന്തപുരം നിലയത്തില്‍ പണിയെടുക്കുന്ന കാലത്താണ് ആ നാടകമെഴുതി പ്രക്ഷേപണം ചെയ്തത്. അന്നുവരെ രമേശന്‍ നായര്‍ക്ക് ഇല്ലാതിരുന്ന ഒരു വിഗ്രഹഭഞ്ജകന്റെ പ്രതിഛായ ഉണ്ടാക്കിക്കൊടുത്തതും അദ്ദേഹത്തെ കേരളം മുഴുവന്‍ ശ്രദ്ധിക്കുന്ന ഒരു വിവാദനായകനാക്കി മാറ്റിയതും ‘ശതാഭിഷേകം’ എന്ന ആ റേഡിയോ നാടകമായിരുന്നു. അതിലെ ‘കിങ്ങിണിക്കുട്ടന്‍’ എന്ന കഥാപാത്രം അനശ്വരമായി. നാടകം പ്രകോപിപ്പിച്ചത് അന്നത്തെ സര്‍വശക്തനായ മുഖ്യമന്ത്രി സാക്ഷാല്‍ കെ.കരുണാകരനെ ആയിരുന്നു. കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി രമേശന്‍ നായരെ കരുണാകരന്‍ ‘ആകാശവാണി’യുടെ തിരുവനന്തപുരം നിലയത്തില്‍നിന്ന് ആന്റമാന്‍സിലേക്ക് നാടുകടത്തി. തിരുവിതാംകൂറിലെ സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടേതിന് ശേഷം സ്വതന്ത്ര കേരളത്തിലെ ഒരു സര്‍ഗ്ഗപ്രതിഭയുടെ ഒരുപക്ഷെ ആദ്യത്തെ അപ്രഖ്യാപിത നാടുകടത്തല്‍ ആയിരുന്നു അത്. രണ്ടും തൂലിക പടവാളാക്കിയതിന്.
കരുണാകരന്റെ നടപടി, പക്ഷെ, പില്‍ക്കാലത്ത് കവിതയ്‌ക്കും കൈരളിക്കും ഉര്‍വശീശാപംപോലെ ഉപകാരമായി. ആന്റമാന്‍സിലേക്ക് സ്ഥലം മാറ്റപ്പെട്ട രമേശന്‍ നായര്‍ ‘ആകാശവാണി’യിലെ ഉദ്യോഗം രാജിവെച്ച് കവിതയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. കവിതകള്‍ക്കു പുറമെ കവിത തുളുമ്പുന്ന ഒട്ടേറെ ചലച്ചിത്രഗാനങ്ങള്‍ രമേശന്‍ നായര്‍ രചിച്ചു. ചിലപ്പതികാരവും തിരുക്കുറളും തമിഴില്‍നിന്ന് മലയാളത്തിലേക്ക് അദ്ദേഹം മൊഴി മാറ്റി. കര്‍ണാനന്ദമായ രമേശന്‍ നായരുടെ ഗാനങ്ങള്‍ കേരളീയര്‍ ഏറ്റുപാടി. ശ്രീഗുരുവായൂരപ്പന്റെ സന്നിധിയില്‍ വെച്ച് അദ്ദേഹത്തിന്റെ ഭക്തന്മാരായ കരുണാകരനും രമേശന്‍ നായരും പിന്നീട് ഉത്തമസുഹൃത്തുക്കളായി എന്നതും എടുത്തു പറയേണ്ടിയിരിക്കുന്നു. രമേശന്‍ നായര്‍ രചിച്ച കൃഷ്ണഭക്തി ഗാനങ്ങള്‍ കരുണാകരന് ഏറെ പ്രിയങ്കരമായിരുന്നത്രെ.
പറഞ്ഞു വന്നത് ‘പത്രദുഃഖ’ത്തെപ്പറ്റിയുള്ള പത്രാധിപരുടെ ദുഃഖത്തെ കുറിച്ചാണ്. എന്റെ ആ ദുഃഖം അടുത്തകാലത്ത് അവസാനിച്ചു. പത്രത്തിലെ പംക്തി മുടങ്ങിയത് കവി മഹത്തായൊരു കാവ്യത്തിന്റെ രചനയിലേര്‍പ്പെട്ടതുകൊണ്ടായിരുന്നു എന്നറിഞ്ഞതോടെയാണത്. ഒരായുസിന്റെ തപസ് കൊണ്ടെ അങ്ങനെ ഒരു കാവ്യരചന സാധിക്കൂ. ഒരു സുപ്രഭാതത്തില്‍ തുടങ്ങി മറ്റൊരു സുപ്രഭാതത്തില്‍ എഴുതിത്തീര്‍ത്ത ഒന്നല്ല ഈ കാവ്യമെന്ന് രമേശന്‍ നായര്‍ പറയുന്നു. “കൊല്ലങ്ങളായി ഞാന്‍ ഏതോ ഒരു മഹാചൈതന്യത്തിന്റെ സ്വാധീനവലയത്തിലായിരുന്നു. അതിനെ ഏതു നിമിഷവും അനുധാവനം ചെയ്തും ഉപാസിക്കാന്‍ ശ്രമിച്ചും ഉള്‍ക്കൊള്ളാന്‍ കൊതിച്ചും ഞാന്‍ സ്വയം നിറഞ്ഞു. പിന്നീട് മനസ്സിലായി, അത് അളന്നു തീര്‍ക്കാന്‍ കഴിയാത്ത ഒരു ആകാശമാണെന്ന്. അവിടെ നിരത്തേണ്ടത് അക്ഷരങ്ങളല്ല, നക്ഷത്രങ്ങളാണ്”- ‘ഗുരുപൗര്‍ണമി’യെപ്പറ്റിയുള്ള രമേശന്‍ നായരുടെ സ്വന്തം വാചകങ്ങളാണിവ.
തലമുറകള്‍ക്കുവേണ്ടിയുള്ള സര്‍ഗസൃഷ്ടിയാണത്. രമേശന്‍ നായരുടെ ഗുരു മഹാകവി അക്കിത്തം അഭിപ്രായപ്പെടുന്നത് “ഈ നൂറ്റാണ്ടിന്റെയല്ല, വരുന്ന നൂറ്റാണ്ടുകളുടേയും മഹാകാവ്യമാണ്” അതെന്നാണ്. ഇന്ന് ആ മഹാകാവ്യത്തിന്റെ പ്രകാശനമാണ് എറണാകുളത്ത്. എസ്.രമേശന്‍ നായര്‍ എന്ന കവിയുടെ ‘മാഗ്നം ഓപ്പസ്’ എന്ന് ആ കൃതിയെ വിശേഷിപ്പിക്കാം. അതിന്റെ പേറ്റുനോവിനെ കുറിച്ച് കവി എന്നോട് ഇടക്കാലത്ത് സൂചിപ്പിച്ചിരുന്നു. മറ്റൊരു നല്ല കവിത എന്നതില്‍ കൂടുതലൊന്നും ഞാന്‍ അന്ന് വാസ്തവത്തില്‍ പ്രതീക്ഷിച്ചില്ല. പക്ഷെ ‘സമകാലിക മലയാളം’ അത് ഖണ്ഡശ പ്രസിദ്ധീകരിച്ചു തുടങ്ങിയപ്പോള്‍ മാത്രമാണ് അതിന്റെ ആഴവും പരപ്പും അക്ഷരാര്‍ത്ഥത്തില്‍ ഞാന്‍ അനുഭവിച്ചത്. അതീന്ദ്രിയമാണ് അത്. വായിക്കുമ്പോള്‍ ഉണ്ടാവുന്ന അനുഭൂതി.
ഭ്രാന്താലയമായിരുന്ന കേരളത്തെ ഒരു തീര്‍ത്ഥാടന ഭൂമിയാക്കി മാറ്റിയ നവോത്ഥാനത്തിന്റെ പ്രവാചകന്‍ ശ്രീനാരായണ ഗുരുദേവന്റെ മഹത് ജീവിതത്തിന്റേയും മഹാദര്‍ശനത്തിന്റേയും നിലാവെളിച്ചം മലയാളികള്‍ക്ക് വീണ്ടും പകര്‍ന്നു നല്‍കുന്ന രമേശന്‍ നായരുടെ ‘ഗുരുപൗര്‍ണമി’യുടെ രചന മഹാനിയോഗം തന്നെയാണ്. അതിഗഹനമായ ആര്‍ഷജ്ഞാനം അതീവലളിതമായി അവതരിപ്പിക്കുകയായിരുന്നു ഗുരുദേവന്റെ ശൈലി. അതേ ശൈലിയില്‍ ആര്‍ക്കും ആസ്വദിക്കാവുന്ന രീതിയില്‍ അതിലളിതമായിട്ടാണ് അഗാധമായ ശ്രീനാരായണാവതാരം ഈ കാവ്യത്തിലൂടെ രമേശന്‍ നായര്‍ അനാവരണം ചെയ്യുന്നത്. ഗുരുദേവ ദര്‍ശനത്തിന് വര്‍ത്തമാനകാലത്തില്‍ വര്‍ധിച്ചുവരുന്ന പ്രസക്തിയും പ്രാധാന്യവും വിളിച്ചു പറയുന്നു ‘ഗുരുപൗര്‍ണമി’. കാലിക പ്രശ്നങ്ങള്‍ കൂടി ഇടയ്‌ക്കിടെ പരാമര്‍ശിച്ച്, കേരളം വീണ്ടും ഭ്രാന്താലയമാവുന്നുവെന്ന് ഓര്‍മ്മിപ്പിച്ച്, ശ്രീനാരായണ ദര്‍ശനത്തിലൂന്നി, കാവ്യരൂപത്തിലുള്ള കാലത്തിന്റെ ‘മാനിഫെസ്റ്റോ’യാണ് രമേശന്‍ നായര്‍ മലയാളികളുടെ മുന്നില്‍ വെയ്‌ക്കുന്നത്. മലയാളത്തിന് ഇതൊരു മുതല്‍ക്കൂട്ട് തന്നെ. തീര്‍ച്ച.
ഹരി എസ് കര്‍ത്താ
പ്രതികരിക്കാൻ ഇവിടെ എഴുതുക: