ക്ഷേത്രങ്ങളുടേയും പൂരങ്ങളുടേയും ആസ്ഥാനമെന്നറിയപ്പെടുന്ന ഗ്രാമം. തൃശ്ശിവ പേരൂരിലെ പെരുവനം. വേദസംസ്കാരത്തിന്റെ ഈറ്റില്ലമെന്നും വിശേഷിപ്പിക്കാം. ഇവിടെ മിത്രാനന്ദപുരം വാമനമൂര്‍ത്തി ക്ഷേത്രത്തില്‍ ഈ വേദസംസ്കാരത്തെ നിലനിര്‍ത്തുകയും പരിപോഷിപ്പിക്കുകയും ചെയ്യുന്നു. കേരളത്തിലെ അപൂര്‍വം ക്ഷേത്രങ്ങളില്‍ ഒന്നുകൂടിയാണിത്. ലോക സമാധാനത്തിനായി നടത്തുന്ന സമ്പൂര്‍ണ യജുര്‍വേദ യജ്ഞം അഥവാ ഓത്തുകൊട്ടിനാല് പെരുമയേറിയ പുണ്യസ്ഥാനം. യജുര്‍വേദ സമൂഹോപാസന 1500 വര്‍ഷത്തോളമായി ഇവിടെ മുടങ്ങാതെ നടത്തുന്നു.
കേരളത്തില്‍ പ്രചാരത്തിലുള്ള വേദത്രയങ്ങളായ ഋഗ്, യജുസ്, സാമം എന്നിവയില്‍ യജുര്‍വേദമാണ് ഓത്ത്കൊട്ട് എന്ന വേദസംഹിതയ്ക്ക് ഉപയോഗിക്കുന്നത്. ഓത്ത്കൊട്ടിന്റെ പരമമായ ലക്ഷ്യം ലോകസമാധാനം തന്നെയാണ്. ഒരു കാലത്ത് കേരളത്തിലെ 22ഓളം ക്ഷേത്രങ്ങളില്‍ ഓത്ത്കൊട്ട് നിലനിന്നിരുന്നു. അതെല്ലാം ക്രമേണ ഇല്ലാതായി. വന്‍സാമ്പത്തിക ബാധ്യത വരുന്നതുകാരണം ക്ഷേത്രങ്ങളെല്ലാംതന്നെ ഓത്തുകൊട്ടില്നിന്ന് പിന്‍വാങ്ങിയപ്പോള്‍ തൃശൂര്‍ ജില്ലയിലെ രണ്ട് ക്ഷേത്രങ്ങളില്‍ മാത്രമാണ് ഇത് മുടങ്ങാതെ നിലനില്‍ക്കുന്നത്. ചേര്‍പ്പ് പെരുവനം ക്ഷേത്രത്തിനോട് ഏറെ അടുത്തു നില്ക്കുന്ന മിത്രാനന്ദപുരം വാമനമൂര്‍ത്തി ക്ഷേത്രത്തിന് പുറമെ രാപ്പാള്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിലാണ് ഓത്ത്കൊട്ട് നടക്കുന്നത്. എന്നാല്‍ രാപ്പാള്‍ ക്ഷേത്രത്തില്‍ ആറ് വര്‍ഷം കൂടുമ്പോഴാണെങ്കില്‍ മിത്രാനന്ദപുരത്ത് മൂന്ന് വര്‍ഷം കൂടുമ്പോള്‍ ഐതിഹ്യപ്പെരുമ നിറഞ്ഞ ഓത്തുകൊട്ട് നടക്കുന്നു.
വേദസാഹിത്യത്തെ അതിന്റെ ഗുണവും രസവും നിലനിര്‍ത്തി എങ്ങനെ സംരക്ഷിച്ച് പോരും എന്നതിന്റെ ഉത്തമ ഉദാഹരണം കൂടിയാണ് ഓത്ത്കൊട്ടിലൂടെ പ്രകടമാകുന്നത്. ഓത്ത്കൊട്ടില്‍ സംഹിത, പദം, കൊട്ട് എന്നീ മൂന്ന് വിധത്തിലുള്ള ആലാപന ക്രമങ്ങളുണ്ട്. ഇതില്‍ സംഹിത സ്വരനിയമത്തോടെ, മാത്രനിയമത്തോടെ കൂട്ടിച്ചേര്‍ത്ത് ആലപിക്കുന്നു. ഇതിനെ സ്വരത്തില്‍ ചൊല്ലുക എന്നാണ് പറയപ്പെടുന്നത്. ഒരാള്‍ സംഹിതയിലെ ഒരു പങ്ങാതി (അമ്പത് പദങ്ങള്‍ അടങ്ങുന്ന ഖണ്ഡിക) സ്വരത്തില്‍ ചൊല്ലുകയും മറ്റുള്ളവര്‍ അത് അഞ്ചുതവണ സ്വരത്തോടുകൂടിയോ അല്ലാതേയോ ചൊല്ലുന്നു. അതുപോലെ വ്യാകരണ നിയമമനുസരിച്ച് ക്രോഡീകരിച്ച് പദങ്ങള്‍ സ്വരത്തില്‍ ചൊല്ലുകയും അത് മറ്റുള്ളവര്‍ സ്വരത്തോടുകൂടിയോ സ്വരമില്ലാതേയോ അഞ്ച് തവണ ചൊല്ലുന്നു. സംഹിതയിലൂടെ സ്വരത്തിനും പദത്തിലൂടെ വ്യാകരണ ശാസ്ത്രത്തിനും ഇതിലൂടെ പ്രാധാന്യം വരുന്നു എന്നാണ് ഓത്തുകൊട്ടിന്റെ ഒരു സവിശേഷത.
പാണ്ഡിത്യത്തിന്റെ പ്രകടനം കൂടിയാണ് ഓത്തുകൊട്ട്. സാധാരണയായി സന്ധ്യാസമയത്താണ് ഇത് നടത്താറുള്ളത്. ഇതില്‍ ഒരാള്‍ പരീക്ഷക്ക് ഇരിക്കുന്നതുപോലെ വേദപണ്ഡിതന്മാരുടെ മുന്നില്‍ ഇരിക്കുകയും താന്‍ പഠിച്ച വേദം ഒരു ഓത്ത് നാലുപദങ്ങളായി ചൊല്ലുകയും മറ്റുള്ളവര്‍ മൂന്ന് തവണ ആവര്‍ത്തിക്കുകയും ചെയ്യുന്നു. ഇതില്‍ പരീക്ഷകന് സ്വരത്തിലും പദവിശേഷണത്തിലും പിഴവ് കൂടാതെ തങ്ങളുടെ പാണ്ഡിത്യം പ്രകടിപ്പിക്കുന്നു. ഇതിലൂടെ 44 ചര്ച്ചം കൃഷ്ണ യജുര്‍വേദം പതിനാറ് ആവര്‍ത്തി ആലാപനം ചെയ്യുന്നതാണ് ഓത്തുകൊട്ട്. വൈദീക സമ്പത്ത് എങ്ങനെ സംരക്ഷിക്കുമെന്ന ചിന്തയില്‍ ആശങ്കയിലായ വേദപണ്ഡിതര്‍ പരമശിവനെ തപസ്സ് ചെയ്യുകയും ഒടുവില്‍ ജഢാധാരിയായ ഒരു മഹര്‍ഷിയുടെ രൂപത്തില്‍ പരമശിവന് പ്രത്യക്ഷപ്പെടുകയും പണ്ഡിതര്‍ക്കായി ഓത്തുകൊട്ടിന്റെ അനുഷ്ഠാന രീതി ഉപദേശിച്ചുകൊടുക്കുകയും ചെയ്തതായാണ് ഐതിഹ്യം
മിത്രാനന്ദപുരം ക്ഷേത്രത്തെ സംബന്ധിച്ച് ഓത്തുകൊട്ടിന് ഏറെ പ്രാധാന്യമുണ്ട്. ഇവിടുത്തെ പ്രതിഷ്ഠയാകട്ടെ ഉപനയനം കഴിഞ്ഞ് വേദം അഭ്യസിക്കുന്ന ബ്രഹ്മചാരിയുടെ സങ്കല്‍പ്പത്തിലുള്ള വാമനമൂര്‍ത്തിയുടേതാണ്. ഓത്തുകൊട്ട് ഒഴിച്ച് ഒരു ആഘോഷവും ക്ഷേത്രത്തില്‍ പാടില്ല എന്നതും കേരളത്തില്‍ മറ്റൊരു ക്ഷേത്രത്തിലും കാണാത്ത പ്രത്യേകത കൂടിയാണ്.
ഉത്സവങ്ങളില്ലാത്ത ഒരു ക്ഷേത്രം എന്നതും വാമനമൂര്‍ത്തി ക്ഷേത്രത്തെ വേറിട്ട് നിര്‍ത്തുന്നു. ക്ഷേത്രത്തിലെ നിത്യപൂജാ സമയത്ത് മണികൊട്ടാറുപോലുമില്ല. ഒരു വിദ്യാര്‍ത്ഥിക്ക് തന്റെ പഠനത്തില്‍ ഒഴിച്ച് മറ്റൊന്നിലും ആകര്‍ഷണമോ ശ്രദ്ധയോ ഉണ്ടാകരുത് എന്നതിന്റെ തത്വമാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും ഐതിഹ്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. കര്‍ക്കടകം മുതല്‍ കന്നിവരെ നീണ്ടുനില്‍ക്കുന്ന സമയങ്ങളില്‍ 47 ദിവസമാണ് ഓത്തുകൊട്ട് നടക്കുന്നത്.
കേരളത്തിലെ പ്രശസ്തരായ വൈദികര്‍ ഇവിടെ തങ്ങളുടെ വേദപാണ്ഡിത്യം തെളിയിക്കാന്‍ എത്തുന്നുവെന്നതും നൂറ്റാണ്ടുകളായി തുടരുന്നു. ഈ മൂന്നുമാസക്കാലം എല്ലാദിവസവും ഓത്തുകൊട്ട് ഉണ്ടായിരിക്കില്ല. തിഥികളെ ആസ്പദമാക്കിയാണ് ഓത്തുകൊട്ട് നടക്കുക. ദ്വിതീയ, ത്രിതീയ, ചതുര്‍ത്ഥി, പഞ്ചമി, ഷഷ്ഠി, സപ്തമി, നവമി, ദശമി എന്നീ ദിവസങ്ങളില്‍ ഓത്തുകൊട്ട് ഉണ്ടായിരിക്കും. ഏകാദശി, ദ്വാദശി ദിവസങ്ങളില്‍ അരദിവസവും പ്രദിപദം, അഷ്ടമി, ചതുര്ദശി, വാവ് ദിവസങ്ങളില്‍ ഓത്തുകൊട്ട് നടത്താന്‍ പാടില്ല എന്നാണ് വിശ്വാസം. ഓത്തുകൊട്ടുള്ള ദിവസങ്ങളെ സ്വാധ്യായ ദിവസങ്ങളെന്നും ഇല്ലാത്ത ദിവസങ്ങളെ അനധ്യായ ദിവസങ്ങളെന്നും പറയപ്പെടുന്നുണ്ട്. ഇതിന് പുറമെ മഹാനവമി, അഷ്ടമി രോഹിണി, ചില സപ്തമികള്‍ എന്നീ ദിവസങ്ങളിലും ഓത്തുകൊട്ട് അനുവദനീയമല്ല.
വേദപണ്ഡിതരുടെ മഹാസംഗമമായ ഈ മഹായജ്ഞത്തിന് ബ്രഹ്മശ്രീ കണ്ണമംഗലം ബ്രഹ്മദത്തന് നമ്പൂതിരിപ്പാട്, ബ്രഹ്മശ്രീ കപ്ലിങ്ങാട്ട് ദിവാകരന് നമ്പൂതിരിപ്പാട് എന്നിവരുടെ നേതൃത്വത്തിലാണ് നൂറുകണക്കിന് വരുന്ന വേദം സ്വായത്തമാക്കിയ ഇവര്‍ നിഷ്ഠ തെറ്റിക്കാതെ ഇതില്‍ പങ്കെടുത്തുവരുന്നു. രാവിലെ 6മണി മുതല്‍ രാത്രി 10മണിവരെയാണ് ഓത്തുകൊട്ട് നടക്കുന്നത്. ഇതില്‍ ഉച്ചസമയത്തെ വിശ്രമം ഒഴിച്ചാല്‍ എല്ലാസമയവും വേദമന്ത്രത്താല്‍ നാട് മുഖരിതമാകും. ആലാപനം കൊണ്ടും അക്ഷരശുദ്ധികൊണ്ടും നിറഞ്ഞുനില്ക്കുന്ന ഈ വേദസംസ്കാരത്തെ നൂറ്റാണ്ടുകളായി മുടക്കമില്ലാതെ തുടര്ന്നുകൊണ്ടുപോകുന്നതുതന്നെ ഏറെ നേട്ടമാണെന്ന് വേദത്തെ സ്നേഹിക്കുന്നവര്‍ ചൂണ്ടിക്കാണിക്കുന്നു. ഈ വര്‍ഷം ജൂലൈ 23ന് ആരംഭിച്ച ഈ യജുര്‍വേദ യജ്ഞം ഒക്ടോബര്‍ 5നാണ് സമാപിക്കുക. വാമന മൂര്‍ത്തിക്ക് ഏറ്റവും പ്രധാനപ്പെട്ട വഴിപാട് കൂടിയാണ് വേദാലാപനം. പത്തില്ലക്കാര്‍ ചേര്‍ന്നാണ് ഈ ക്ഷേത്രത്തിലെ ഈ മഹത്തായ വേദസംസ്കാരം പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. അക്കര ചിറ്റൂര്‍മന, ആലക്കാട്ടുമന, അയിരില്‍ മന, എടപ്പുലത്ത് മന, കണ്ണമംഗലം മന, കീരങ്ങാട്ടുമന, കീഴില്ലത്ത് മന, ചെറുവത്തൂര്‍ മന, പട്ടച്ചോമയാരത്ത് മന, വെള്ളാംപറമ്പ് മന എന്നിവരാണ് ഇപ്പോഴും ആചാരനുഷ്ഠാനങ്ങള്‍ അക്ഷീണം ആത്മാര്‍ത്ഥയോടെ പ്രവര്‍ത്തിക്കുന്നത്.
കൃഷ്ണകുമാര്‍ ആമലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: