ഈ പംക്തിയില്‍ കഴിഞ്ഞ തവണ വാടാനപ്പിള്ളിയിലെ രവീന്ദ്രനെപ്പറ്റി പരാമര്‍ശിക്കവേ അഡ്വക്കേറ്റ് ടി.വി.അനന്തന് അവിടത്തെ വിജയദശമി ഉത്സവത്തില്‍ സംസാരിച്ച വിവരം സ്പര്‍ശിച്ചിരുന്നു. സി.കെ.രവീന്ദ്രന് മുഖ്യശിക്ഷകനായി അന്നാ പരിപാടി നടത്തിയതിനെ വളരെ നര്‍മ്മബോധത്തോടെ എന്നാല്‍ അദ്ദേഹത്തിന് ആ സ്വയം സേവകര്ക്കുമേല് ഉണ്ടായിരുന്ന സ്നേഹ വിശ്വാസങ്ങള്‍ അന്തര്‍ഭവിച്ച ആജ്ഞാശക്തിയുടെ ലക്ഷണമായിട്ടാണ് അദ്ദേഹം ഉദാഹരിക്കാറുണ്ടായിരുന്നത്. ബൗദ്ധിക്കിനു മുമ്പായി വ്യക്തിഗീതം അവതരിപ്പിക്കുന്നതാണല്ലൊ സംഘ രീതി. ആ വിവരം അറിയിക്കുന്നതിനായി വ്യക്തിഗീതമാണ് ആരും ഏറ്റു ചൊല്ലേണ്ട എന്ന് സൂചന നല്കേണ്ടിടത്ത് ‘ഇപ്പോള്‍ ഇവിടെ ഒരു പാട്ടു പാടും, ഒരൊറ്റയാള്‍ പോലും ഏറ്റു ചൊല്ലരുത്’ എന്നു രവീന്ദ്രന് പറഞ്ഞതിന്റെ കാര്‍ക്കശ്യം പിന്നീട് അനന്തേട്ടന് എടുത്തു പറയുമായിരുന്നു.
ഏത് സംഗതിയാണെങ്കിലും അതിന്റെ വിശദാംശങ്ങളെ സൂക്ഷ്മമായി മനസ്സിലാക്കി കാര്യങ്ങള്‍ ചെയ്യുന്ന സ്വഭാവം അഭിഭാഷകനെന്ന നിലയ്ക്ക് അനന്തേട്ടന്റെ വിജയത്തിന് അടിസ്ഥാനമായി കാണാം. സംഘത്തിന്റെ പ്രാഥമിക പരിശീലന ശിബിരങ്ങളില്‍ മുഖ്യശിക്ഷകനായി പലയിടങ്ങളിലും അദ്ദേഹത്തിനെ ഭാസ്കര്‍റാവുജി അയയ്ക്കുമായിരുന്നു. അവിടെയൊക്കെ ശിക്ഷാര്‍ത്ഥികളെ പഠിപ്പിക്കുന്നതോടൊപ്പം, അവരെ പഠിക്കാനും അദ്ദേഹം പ്രത്യേകം ശ്രദ്ധ വെച്ചു. അതത് സ്ഥലങ്ങളുടെ സവിശേഷതകള്‍ മനസ്സിലാക്കുവാനും ഗ്രാമീണ ഭക്ഷണ രീതികള്‍ അനുഭവിച്ചറിയുവാനും അദ്ദേഹം നിഷ്കര്‍ഷിച്ചു. വാടാനപ്പിള്ളിയില്‍ ഭക്ഷണം പ്രശ്നമായി. ശര്‍മ്മാജിയും ഞാനും തികഞ്ഞ സസ്യ ഭക്ഷണക്കാരായിരുന്നു. അനന്തേട്ടന്റെ കാര്യത്തില്‍ അക്കാലത്ത് അത്ര നിര്‍ബന്ധമില്ലായിരുന്നെങ്കിലും അവിടത്തയാറാക്കിയത് സസ്യാഹാരം തന്നെയായിരുന്നു. കടപ്പുറത്ത് സര്‍വത്ര മത്സ്യഗന്ധമാണല്ലൊ. കുടിക്കാന്‍ വെള്ളം ടംബ്ലര്‍ വാസന സോപ്പ് കൊണ്ട് കഴുകി സ്വച്ഛമാക്കിയാണവര് തന്നത്. പക്ഷെ അടിസ്ഥാന ഗന്ധം അപ്പോഴും നിലനിന്നു. തന്റെ കുഴിപ്പിള്ളി ഗ്രാമം കടല്‍ത്തീരത്തായതിനാല്‍ ഈ ഗന്ധം സുപരിചിതമാണെന്നായിരുന്നു അനന്തേട്ടന്റെ പക്ഷം. ശര്മ്മാജിയാകട്ടെ പത്തുവര്‍ഷക്കാലം കടല്‍ത്തീരങ്ങളില്‍ തന്നെ പ്രചാരകനായിരുന്നതിനാല്‍ പ്രയാസമുണ്ടായില്ല. തികച്ചും പുതുക്കക്കാരനായ എനിക്കായിരുന്നു പ്രയാസം.
വാടാനപ്പിള്ളിയില്നിന്ന് ഞങ്ങള്‍ ഗുരുവായൂര്‍ക്ക് പോയി. അവിടെ പഴയ സ്വയംസേവകര്‍ ധാരാളമുണ്ടായിരുന്നതിനാല്‍ അദ്ദേഹത്തിന് സന്തോഷമായി. മുതിര്‍ന്ന സ്വയംസേവകന് ബാലകൃഷ്ണന്‍നായരുടെ ഒരുമനയൂരിലെ വീട്ടിലായിരുന്നു ഉച്ചഭക്ഷണം. അദ്ദേഹം അക്കാലത്ത് പ്രചാരകനായി പൊന്നാനിയില്‍ പ്രവര്‍ത്തിക്കയായിരുന്നു. ഊണുകഴിക്കുമ്പോള്‍ കുടിക്കുന്ന വെള്ളം തിളച്ചു പതയ്ക്കുന്നതാവണമെന്ന അനന്തേട്ടന്റെ ആവശ്യപ്രകാരം കൈക്കിലകൂട്ടിയാണ് വീട്ടിലെ അമ്മ കൊടുത്തത്. തൊണ്ടയിലൂടെ പൊള്ളി ഇറങ്ങുന്നതാണത്രെ അദ്ദേഹത്തിനിഷ്ടം.
ഗുരുവായൂരില്‍ സംഘത്തിന്റെ കാരണവ സ്ഥാനത്തുണ്ടായിരുന്ന ബാരിസ്റ്റര്‍ നാരായണ മേനോനെ കാണാന്‍ പോയപ്പോള്‍ അദ്ദേഹം അനന്തേട്ടന്റെ അഭിഭാഷകനാകാനുള്ള തയ്യാറെടപ്പിനെപ്പറ്റിയാണന്വേഷിച്ചത്. ഗുരുവായൂര്‍ കിഴക്കേ നടയിലെ ഒരു ഗൗഡസാരസ്വത സ്വയംസേവകനെ കണ്ടപ്പോള്‍ അദ്ദേഹം വീട്ടിലേക്ക് ക്ഷണിച്ചെങ്കിലും അനന്തേട്ടന് അത് തന്ത്രപൂര്‍വം നിരസിക്കുകയായിരുന്നു. ക്ഷേത്രദര്‍ശനം കഴിഞ്ഞ് അദ്ദേഹം തൃശ്ശിവപേരൂര്‍ വഴി എറണാകുളത്തേക്ക് മടങ്ങി.
പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം ഞങ്ങള്‍ക്ക് ഒരുമിച്ചു ഗുരുവായൂര്‍ക്ക് പോകേണ്ട അവസരമുണ്ടായി. മാധവജി മുന്‍കയ്യെടുത്ത് 1980 ല്‍ ഗുരുവായൂരിലെ ദേവസ്വം ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ഹിന്ദു നേതൃത്വ സമ്മേളനമായിരുന്നു അവസരം. അനന്തേട്ടന് പ്രാന്തകാര്യവാഹ് എന്ന നിലയ്ക്ക് അതില്‍ നിര്‍ണായകമായ പങ്കുവഹിച്ചു. ഞങ്ങള്‍ ഒരുമിച്ച് ട്രെയിനിലും ബസ്സിലുമായി സ്ഥലത്തെത്തി. അവിടെ മുന്‍ പ്രചാരകനും മുന്നൂലം ഓതിക്കനുമായ മങ്ങാട്ട് നീലകണ്ഠന് അദ്ദേഹത്തിന് വേണ്ട സൗകര്യങ്ങള്‍ ഒരുക്കി. ക്ഷേത്ര ദര്‍ശനത്തിനും പ്രസാദം ലഭിക്കുന്നതിനുമുള്ള വ്യവസ്ഥകള്‍ ചെയ്തു. ഗുരുവായൂരില്‍ ഇക്കാലത്തുള്ള തിരക്കില്ലായിരുന്നു. സൗകര്യമായി ദര്‍ശനം സാധ്യവുമായിരുന്നു.
നീലകണ്ഠന്റെ അച്ഛന് മങ്ങാട്ട് വാസുദേവന്‍ നമ്പൂതിരി അന്തരിച്ച വിവരം കഴിഞ്ഞ ദിവസം ആരോ എസ്എംഎസിലൂടെ അറിയിച്ചു. അദ്ദേഹത്തെക്കുറിച്ച് വളരെ ഊഷ്മളമായ ഓര്‍മ്മകളാണ് മനസ്സിലുദിച്ചത്. ജനസംഘത്തിന്റെ സംഘടനാകാര്യ ദര്ശിയായി പ്രവര്‍ത്തിച്ച ആദ്യ വര്‍ഷങ്ങളില്‍ താനൂര്‍ മണ്ഡലം അധ്യക്ഷനായിരുന്നു അദ്ദേഹം. ഗുരുവായൂരിലെ മേല്‍ശാന്തി സ്ഥാനം ഒന്നിലേറെത്തവണ വഹിച്ച ആളെന്ന നിലയ്ക്ക് അദ്ദേഹം വളരെ ആദരിക്കപ്പെട്ടിരുന്നു. ക്ഷേത്രത്തിലെ പാരമ്പര്യ പ്രകാരമുള്ള ഓതിക്കന് സ്ഥാനവും അവരുടെ കുടുംബത്തിനുണ്ട്. അവിടെ തെക്കേ നടയില്‍ അവര്‍ക്ക് മുന്നൂലം എന്ന മഠവുമുണ്ട്.
താനൂരിനും തിരൂരിനും മധ്യേ നടനാളൂര് എന്ന സ്ഥലത്തിനടുത്ത് കേരളാധീശ്വരപുരം ക്ഷേത്രത്തിനടുത്തായിരുന്നു വാസുദേവന്‍ നമ്പൂതിരിയുടെ ഇല്ലം. ഞാന്‍ അവിടെ പോയപ്പോള്‍ ഇടതൂര്‍ന്ന മരങ്ങള്‍ക്കിടയില്‍ പ്രാചീനകാലത്തിന്റെ പ്രതീകമായി ഇല്ലം കണ്ടു. വാസുദേവന്‍ നമ്പൂതിരിയുടെ മക്കളില്‍ നീലകണ്ഠന് കൊയിലാണ്ടിയില്‍ പ്രചാരകനായിരുന്നു. സുബ്രഹ്മണ്യന് കോളേജ് വിദ്യാര്‍ത്ഥിയും. പിന്നീടദ്ദേഹം നിയമബിരുദമെടുത്തു. ഒരു തവണ ദേവസ്വത്തിലെ മേല്‍ശാന്തി സ്ഥാനം ലഭിച്ചുവെന്നാണോര്മ്മ.
വാസുദേവന്‍ നമ്പൂതിരിയെ പിന്നീട് കാണുന്നത് ജന്മഭൂമിയുടെ ഷെയര്‍ ശേഖരണത്തിനായി മുംബൈയില്‍ പോയപ്പോഴായിരുന്നു. അന്നദ്ദേഹം മാട്ടുംഗയിലെ ഗുരുവായൂരപ്പന് ക്ഷേത്രത്തില്‍ ശാന്തിയായി കഴിയുകയായിരുന്നു. വളരെക്കാലത്തിനുശേഷമുള്ള കൂടിക്കാഴ്ചയില്‍ അദ്ദേഹത്തിന് വലിയ സന്തോഷമുണ്ടായി.
ദശകങ്ങള്‍ക്കപ്പുറത്തെ ഓര്‍മ്മകള്‍ ഓളമടിച്ചുവന്ന അവസരങ്ങളാണ് കഴിഞ്ഞ ആഴ്ചകളില്‍ ഉണ്ടായത്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് മുന്‍ സര്‍സംഘചാലക് പൂജനീയ സുദര്ശന്ജിയുടെതാണ്. അദ്ദേഹം അന്തരിച്ചുവെന്ന വിവരം മുംബൈയില്‍ അമൃതാ ടിവിയില്‍ ജോലി ചെയ്യുന്ന മകന് അനു നാരായണനാണ് വിളിച്ചു പറഞ്ഞത്. ഉടന്‍തന്നെ പ്രാന്തകാര്യാലയത്തില്നിന്നും വിവരമറിഞ്ഞു.
ഞാന്‍ 1959 ല്‍ തൃതീയ വര്ഷശിക്ഷണത്തിനു പോയപ്പോള്‍ ഞങ്ങളുടെ ഗണശിക്ഷക് എന്ന നിലയിലാണ് അദ്ദേഹവുമായി പരിചയപ്പെട്ടത്. താന്‍ പഠിപ്പിച്ച ശാരീരിക, ശാസ്ത്ര വിഷയങ്ങളുടെ ശാസ്ത്രയുക്തത വിശദീകരിച്ചുതരുന്ന രീതിയായിരുന്നു അദ്ദേഹത്തിന്റേത്. അദ്ദേഹത്തിന്റെ അനര്‍ഗളമായ സരസ്വതീ പ്രവാഹം അത്ഭുതപ്പെടുത്തുന്നതായി തോന്നി.
ജന്മഭൂമി ആരംഭിച്ച കാലത്ത് എറണാകുളം നോര്‍ത്ത് മേല്‍പ്പാലത്തിന്റെ വശത്ത് ഒരു പഴയ കെട്ടിടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. അദ്ദേഹം അഖിലഭാരതീയ ശാരീരിക് പ്രമുഖ് എന്ന നിലയ്ക്ക് പ്രാന്തകാര്യാലയത്തില്‍ താമസിക്കവേ പോയി കണ്ടു. പത്രപ്രവര്‍ത്തനത്തിന്റെ എല്ലാ വശങ്ങളെയും കുറിച്ച് വളരെ ഗഹനമായ അറിവ് അദ്ദേഹത്തിനുണ്ടായിരുന്നുവെന്ന് മനസ്സിലായി. ജന്മഭൂമിയിലെ എല്ലാവരും തന്നെ ഈ രംഗത്ത് പുതുക്കക്കാരാണെന്നറിഞ്ഞപ്പോള് അതിന്റെ ഗുണവും പോരായ്മയും അദ്ദേഹം വിശദീകരിച്ചു. പത്രം അച്ചടിക്കുന്ന പ്രസ് വളരെ പഴയതാണെന്ന് അറിഞ്ഞപ്പോള്‍ പുതിയ സംവിധാനം സ്വീകരിക്കുമ്പോള്‍ ഏറ്റവും പുതിയ ടെക്നോളജിക്കുവേണ്ടി ശ്രമിക്കണമെന്നദ്ദേഹം പറഞ്ഞു. ഫോട്ടോ കമ്പോസിംഗ് ഓഫ്സെറ്റ് പ്രസ് എന്നിവ കരസ്ഥമാക്കണമെന്ന ആശയം ഒരു സംഘ അധികാരിയില്‍നിന്ന് ആദ്യമായി ലഭിച്ചതങ്ങനെയാണ്. മധ്യപ്രദേശിലെ സംഘപ്രവര്‍ത്തകര്‍ ആരംഭിച്ച പത്രങ്ങള്‍ പുതിയ ടെക്നോളജി സ്വീകരിക്കാന്‍ തയ്യാറാവാതിരുന്നതുകൊണ്ടുണ്ടായ പ്രയാസങ്ങള്‍ അദ്ദേഹം പറഞ്ഞു തന്നു.
പിന്നീട് വര്‍ഷങ്ങള്‍ക്കുശേഷം 2008 ജനുവരിയില്‍ ദല്‍ഹിയില്‍ കുടുംബസഹിതം പോയപ്പോള്‍ ഝണ്ഡേവാലായിലെ കേശവകുഞ്ജ് കാര്യാലയത്തില്‍ ചെന്ന് കാണാന്‍ അവസരം ലഭിച്ചു. അദ്ദേഹത്തിന്റെ ആരോഗ്യം. അത്ര മെച്ചമായിരുന്നില്ലെന്ന് നടപ്പിലും പെരുമാറ്റത്തിലുംനിന്ന് മനസ്സിലായി. കേരള സന്ദര്‍ശനത്തിന് തയ്യാറാടെക്കുകയായിരുന്നു സുദര്‍ശന്‍ജി. അതായിരുന്നു അദ്ദേഹത്തെ ഒടുവില്‍ കണ്ട അവസരം.
ഹിന്ദുവെന്ന സങ്കല്പ്പനത്തിന് മതപരമായ പരികല്‍പ്പനയല്ല സംഘത്തിനുള്ളതെന്ന് പൂജനീയ ഡോക്ടര്‍ജി മുതല്‍ എല്ലാ സര്‍സംഘചാലകന്മാരും പറഞ്ഞിട്ടുള്ളതാണ്. ഹൈന്ദവേതരമത വിഭാഗങ്ങളില്‍പ്പെട്ടവരെ കൂടി ഉള്‍ക്കൊള്ളാന്‍ തക്ക കരുത്താര്‍ജിക്കുന്നതുവരെ ഹിന്ദുസമാജത്തെ സംഘടിപ്പിക്കുന്ന പ്രവൃത്തി നടക്കണമെന്ന് അവര്‍ വ്യക്തമാക്കി. ഇതര മതനേതൃത്വവുമായി ആശയവിനിമയം നടത്തുന്നതിന് പൂജനീയ ദേവറസ്ജിയുടെ കാലത്തുതന്നെ നീക്കങ്ങള്‍ ആരംഭിച്ചിരുന്നു. അതിന് സക്രിയമായ സംരംഭം നടത്തിയത് ശ്രീ സുദര്‍ശന്‍ജിയായിരുന്നു. പരേതനായ വര്‍ഗീസ് കുര്യന്, ചെന്നൈയിലെ ഡോ.ചെറിയാന്, കോട്ടയത്തെ പ്രൊഫസര്‍ ഒ.എം.മാത്യു, ജസ്റ്റിസ് കെ.ടി.തോമസ്, സി.പി.ജോണ്‍, വി.എ.റഹിമാന്‍ തുടങ്ങിയ എത്രയോ പ്രശസ്ത വ്യക്തികള്‍ സംഘത്തെ ശ്ലാഘിക്കുന്നതായി നാം കണ്ടു. സി.പി.ജോണും ജ:തോമസ്സും ജോസഫ് പുലിക്കുന്നേലും ശ്രീ സുദര്‍ശന്‍ജിയുമായി തങ്ങള്‍ പുലര്‍ത്തി വന്ന ഊഷ്മളമായ ബന്ധത്തെ തുറന്നുപറഞ്ഞിട്ടുണ്ട്. ക്രിസ്ത്യന്‍ സഭാ നേതൃത്വങ്ങളുമായി അദ്ദേഹം നടത്തിയ സംവാദങ്ങള്‍ വിലയേറിയവയാണ്. കേരളത്തില്‍ തിരുവനന്തപുരത്തെ ഭാരതീയ വിചാരകേന്ദ്രം ആസ്ഥാനമായ സംസ്കൃതി ഭവനും ഭാരതീയ വിദ്യാനികേതന്റെ ആസ്ഥാനമായ എറണാകുളത്തെ ലക്ഷ്മി ടവേഴ്സും അദ്ദേഹത്തിന്റെ കൈകള്‍ കൊണ്ട് സമുദ്ഘാടനം ചെയ്യപ്പെട്ടവയാണ്.
പൂജനീയ ബാളാസാഹിബ് ദേവറസ് ചൂണ്ടിക്കാട്ടിയ ദേവദുര്‍ലഭമായ പ്രവര്‍ത്തക പംക്തിയിലെ ഒരു ശുക്രനക്ഷത്രമായിരുന്നു പൂജനീയ സുദര്‍ശന്‍ജി.
പി. നാരായണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: