ചില കാര്യങ്ങള്‍ അങ്ങനെയാണ്. അതീവ വേദനാജനകമെങ്കിലും പിന്നീട് അത്തരം വേദനകള്‍ ഒഴിവാകുന്ന സാഹചര്യം ഉരുവംകൊള്ളും. ഒരുപക്ഷേ, അത് പ്രകൃതിയുടെ പ്രത്യേകതയുമാവാം. ഒഞ്ചിയത്തുകാരുടെ പ്രിയങ്കരനായ ചന്ദ്രശേഖരനെ കേരളത്തില്‍ ഒരുവിധപ്പെട്ടവര്‍ക്കൊന്നും അറിയില്ലായിരുന്നു; ആര്.എം.പി. എന്ന സംഘടനയെക്കുറിച്ചും. ദൗര്‍ഭാഗ്യവശാല്‍ ആ മനുഷ്യന്റെ മുഖം പോലും കാണാന്‍ അവസരം ഒരുക്കാതെ വെട്ടിക്കൊന്നു. ഒരുപാട് കൊലപാതകങ്ങളുടെ വാര്‍ത്തയും ചിത്രവും കണ്ട് പതം വന്നവര്ക്കുകൂടി മനസ്സിലെ നീണ്ട മുറിവായി പക്ഷേ, ടി.പി. എന്ന് സ്നേഹപൂര്‍വം വിളിച്ചുവരുന്ന ആ മനുഷ്യന്റെ കൊലപാതകം. ധീരനായ കമ്യൂണിസ്റ്റ് എന്നും കുലംകുത്തി എന്നും നാട്ടുകാരുടെ പ്രിയങ്കരനെന്നും ഓരോരോ സംസ്കാരം വെച്ചുപുലര്‍ത്തുന്നവര്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചു.
വള്ളിക്കാട്ടെ വെട്ടുവഴിയില്‍ അന്ന് ചീറ്റിത്തെറിച്ച ചോരച്ചാലുകള്‍ ഇന്നും മനുഷ്യത്വമുള്ളവരുടെ കാല് നനച്ചുകൊണ്ട് ഒഴുകിപ്പോകുന്നുണ്ട്. ആര്‍ക്കും, പാര്‍ട്ടിയധിഷ്ഠിത വികാരമില്ലാത്ത ആര്‍ക്കും ഇക്കാര്യം ബോധ്യപ്പെടും. ചുമ്മാ ഒന്ന് കണ്ണൂക്കരയിലോ, മുക്കാളിയിലോ, കൈനാട്ടിയിലോ ചെന്ന് ടിപിയുടെ വീട്ടിലേക്കു പോവുക. വഴിയരികില്‍ നില്ക്കുന്ന പുല്‍നാമ്പുപോലും ആ മനുഷ്യന്റെ വേര്‍പാടില്‍ വേദനിച്ചു നില്‍ക്കുന്നത് നിങ്ങള്‍ക്ക് കാണാം. ഇവിടെ പ്രസക്തമായ ഒരു ചോദ്യം ഉയര്‍ന്നുവരുന്നു. എന്തുകൊണ്ട് ടി.പി. ചന്ദ്രശേഖരന്? ഉത്തരം കിട്ടാത്ത ചോദ്യമല്ല അതെന്ന് ടിപിയെ മനസ്സിന്റെ ശ്രീകോവിലില്‍ വെച്ച് സ്നേഹിക്കുന്ന അദ്ദേഹത്തിന്റെ പ്രിയ സഹധര്‍മ്മിണി രമ പറയുന്നു. കേരളത്തില്‍ എത്രയെത്ര കൊലപാതകങ്ങള്‍ നിന്ദ്യവും നീചവുമായ തരത്തില്‍ നടന്നിട്ടണ്ടെന്ന് ആവേശപൂര്‍വ്വം പറയുന്നവരൊക്കെ രമയുടെ വിശദീകരണം അറിയണം. അത് മാതൃഭൂമി ആഴ്ചപ്പതിപ്പി (സപ്തം. 26-29)ന്റെ ഈ ലക്കത്തിലുണ്ട്.
ചോദ്യം തന്നെയാണ് തലക്കെട്ട്. എന്തുകൊണ്ട് ടി.പി. ചന്ദ്രശേഖരന്? കൊല്ലും കൊലയും തുടര്‍ന്നുള്ള അന്വേഷണം അട്ടിമറിക്കലും പാരമ്പര്യ പ്രൗഢിയോടെ കാത്തുസൂക്ഷിക്കുന്ന മാര്‍ക്സിസ്റ്റുകളെ ഉറക്കം കെടുത്തിക്കൊണ്ട് ചന്ദ്രശേഖരന് എന്ത് ചെയ്തു? നേതൃനിര എന്തുകൊണ്ട് അദ്ദേഹത്തിന്റെ മുമ്പില്‍ നിശ്ശബ്ദരായി. അതിന്റെയൊക്കെ മറുപടിയടങ്ങിയ മൂന്ന് പേജ് കുറിപ്പാണ് രമയുടേത്. പ്രസക്തമായ രണ്ടുമൂന്നു ചോദ്യങ്ങള്‍ ഇതാ അവരുടേതായി: ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ ബ്രാഞ്ച് മെമ്പര്‍ മുതല്‍ പോളിറ്റ് ബ്യൂറോ മെമ്പര്‍ വരെ എല്ലാതലത്തിലുംപെട്ടവര് ഗൂഢാലോചന നടത്തി എന്ന് ജനങ്ങള്‍ തിരിച്ചറിയുന്ന മറ്റേത് കൊലപാതകമാണ് ഇവിടെ നടന്നിട്ടുള്ളത്? ടി.പി. ചന്ദ്രശേഖരനല്ലാതെ മറ്റേതു നേതാവാണ് തൊഴിലാളിവര്‍ഗ വിപ്ലവ വീക്ഷണത്തോടെ ജനങ്ങളെ അണിനിരത്തി സിപിഎമ്മിനെ പിടിച്ചടക്കിയിരിക്കുന്ന ഡാങ്കേയിസ്റ്റുകള്‍ക്ക് ‘ശല്യമായി’ മാറിയത്? അധികാരത്തിന്റെ ഇടനാഴികകളില്‍ അപ്പക്കഷണത്തിന് കാത്തിരിക്കാത്ത എത്ര നേതാക്കന്മാരെ ഇന്ന് കാണാനാകും? രമയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം ഉണ്ടാവുമോ? ആ ഉത്തരങ്ങളില്‍ ഒരു മനുഷ്യസ്നേഹിയുടെ തരളിതവികാരം ഘനീഭൂതമായിക്കിടക്കുമോ?
നമ്മള് തുടങ്ങിവെച്ചത് മറ്റൊരു കാര്യമായിരുന്നല്ലോ. കുലംകുത്തിയെ നിലംപരിശാക്കിയതിനെ തുടര്‍ന്നുണ്ടായ സംഭവ വികാസങ്ങളില്‍ നമുക്ക് ആശ്വാസമുണ്ടാക്കുന്ന ഒരു കാര്യത്തിലേക്കാണിനി. ഒഞ്ചിയത്തെ ക്രൗര്യം അങ്ങ് പാലക്കാട്ടെ മുണ്ടൂരിലെത്തിയപ്പോള്‍ സംയമനത്തിന്റെ നിലാവെളിച്ചമായി. ടി.പി.യുടെ അതേ ഗതി ഗോകുല്‍ദാസിന് വരുത്താന്‍ ഒരു പ്രയാസവുമില്ലാത്ത പാര്‍ട്ടിയാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി. എന്നാല്‍ അങ്കക്കോഴികളുടെ ശക്തിയും യുക്തിയും സ്ട്രോംഗ് റൂമിലേക്ക് മാറ്റിയിരിക്കുന്നു. പി.ബി. മെമ്പര്‍ നേരിട്ടെത്തി ഗോകുല്‍ദാസുമായി ചര്‍ച്ച നടത്തിയിരിക്കുന്നു. ആക്രാമിക വിപ്ലവത്തില്‍ നിന്ന് ആശ്വാസ വിപ്ലവത്തിലേക്കുള്ള ചുവടുവെപ്പായി ആരും ഇതിനെ കാണണമെന്നില്ല. പക്ഷേ, ഒഞ്ചിയത്തിന്റെ പ്രാണന് പിടയുന്ന വേദനയ്ക്ക് ഇത്തിരി ശമനമുണ്ടാക്കാന്‍ ഇടവന്നിരിക്കുന്നു. കൊത്തിയരിഞ്ഞു കടലില്‍ തള്ളുകയല്ല കെട്ടിപ്പിടിച്ച് കൂട്ടിയടുപ്പിച്ച് കാരുണ്യവഴികള്‍ തുറക്കുകയാണ് വേണ്ടതെന്ന് കരുതുന്നവര്‍ കൂടുതല്‍ കൂടുതല്‍ ഉണ്ടായി വരുകയാണെന്ന് ആശ്വസിക്കാം. ഇത്തരം ആശ്വാസങ്ങളാണല്ലോ പ്രതീക്ഷയുടെ വിരല്സ്പര്ശങ്ങളായി നമ്മെ കൈപിടിച്ചു നടത്തുന്നത്.
യുപിഎ ഭരണ പരീക്ഷണം തട്ടിയും പൊട്ടിയും കിതച്ചും ശ്വസിച്ചും അങ്ങനെ പോകുന്ന വേളയിലാണ് ഉല്‍ക്കാപതനമുണ്ടായത്. ഇന്ത്യന്‍ രാഷ്ട്രീയത്തിലെ തീയുണ്ടയായ വംഗദേശത്തെ ദീദി രണ്ടും കല്പ്പിച്ചു തന്നെ രംഗത്ത് ആടിത്തിമിര്‍ക്കുകയാണ്. മനോമോഹന നാടകസംഘത്തില്‍ ഇനിയും വേഷം കെട്ടാനില്ലെന്ന് ആയമ്മ അസന്ദിഗ്ധമായി വ്യക്തമാക്കിക്കഴിഞ്ഞു. 2 ജി, കല്‍ക്കരി തുടങ്ങിയ ഏടാകൂടങ്ങളില് നിന്ന് രക്ഷപ്പെടാനുള്ള തന്ത്രത്തിന്റെ ഭാഗമായിരുന്നു നേരിട്ടുള്ള വിദേശ നിക്ഷേപം ഉള്‍പ്പെടെയുള്ളവ നടപ്പാക്കാനുള്ള തീരുമാനം. ദീദി എന്തുവന്നാലും കൂടെ നില്‍ക്കുമെന്ന് മനീഷ് തിവാരിയെപ്പോലുള്ള ഉപദേശകന്മാര് മനോമോഹനനും സോണിയക്കും ഉറപ്പുകൊടുത്തു. എന്നാല്‍ ഒരു ശിവകാശിപ്പൊട്ടല് തന്നെയാണുണ്ടായിരിക്കുന്നത്. അതിനി എങ്ങനെയൊക്കെ കറങ്ങിത്തിരിഞ്ഞ് വരുമെന്ന് കണ്ടറിയാം. കാറ്റുനോക്കി കാര്യം നടത്തുന്നതില്‍ മിടുക്കുള്ള മുലായം-മായാവതി പ്രഭൃതികള്‍ അവസരം മുതലാക്കിയില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. ഏതായാലും ശേഷിച്ചവ നമുക്കു രാഷ്ട്രീയനിരീക്ഷകര്‍ക്ക് വിടാം.
വംഗദേശത്തെ ദീദിയുടെ പിന്നില്‍ അമേരിക്കയുള്‍പ്പെടെയുള്ള വിദേശശക്തികളുടെ കരമുണ്ടോ എന്ന് അന്വേഷിക്കുന്നതും കൊള്ളാം. ഇപ്പോഴത്തെ ഒരു സ്റ്റെയില്‍ അതാണല്ലോ. കൂടംകുളം ആണവനിലയത്തിനെതിരെയുള്ള പ്രക്ഷോഭം വിദേശശക്തിയുടെ ഒത്താശയോടെയാണ് നടക്കുന്നതെന്നാണ് പൊട്ടാസ് പൊട്ടുമ്പോള്‍ എന്തുണ്ടാവുന്നു, അണുവികിരണം എന്താണ്, അതിന്റെ വ്യാപ്തി എവിടംവരെ എന്നതിനെക്കുറിച്ച് കഖഗഘ… അറിയാത്ത ചില വിദ്വാന്മാരുടെ നിലപാടുകള്‍. ആയതിനാല്‍ അത്തരക്കാര്‍ക്ക് ഇതിലൊരു ഗവേഷണം നടത്താം. പ്രബന്ധം സമര്‍പ്പിക്കുമ്പോഴേക്കും ഒരു പക്ഷേ, പുതിയ ഭരണം വന്നുകൂടായ്കയുമില്ല.
ഏതായാലും ഇതിനെക്കുറിച്ചെല്ലാം ബ്രഷ്ചലിപ്പിക്കുന്നു ഗോപീകൃഷ്ണന് മാതൃഭൂമി (സപ്തം.20)യില്‍. ഇന്ത്യയുടെ പാല്ക്കാരന് യവനികയ്ക്കുള്ളിലായതിന്റെ സ്മരണയുംകൂടി ആ കാര്‍ട്ടൂണ്‍ തരുന്നുണ്ട്. തൃണമൂല്‍ പുല്ലിന് പകരം കിട്ടാവുന്ന പോഷകസമൃദ്ധമായ ഭക്ഷ്യവസ്തുക്കളെക്കുറിച്ചുള്ള കുളിരുകോരുന്ന ഓര്മയാല് പ്രസന്ന സമ്പുഷ്ടമാണ് പശുക്കളുടെ മുഖം. ഒരു പശുവിന് മാത്രമേയുള്ളൂ അല്പം അസ്കിത. അത് മാറ്റാന്‍ അത്ര വലിയ ബുദ്ധിമുട്ടുമില്ല. കന്നുകാലി സെന്‍സസിന്റെ പശ്ചാത്തലം കൂടിയാവുമ്പോള്‍ വരികളെന്തിന്?
കണ്ണൂര്‍, കണ്ണീര് അധികമുള്ള സ്ഥലമാണോ? അതോ കണ്ണീരില്ലാത്ത ഇടമോ? (പ്രിയപ്പെട്ട കണ്ണൂര്‍ സഹോദരങ്ങളേ ക്ഷമിക്കണേ) എന്നൊക്കെയുള്ള ചോദ്യങ്ങള്‍ ഉയരാറുണ്ട്. എന്തായാലും എന്തൊക്കെയോ പ്രത്യേകതകളുള്ള നാടാണത് എന്നതില്‍ തര്‍ക്കമില്ല. തിറയും തറിയും ഊടുംപാവുമായി നില്ക്കുന്ന ആ ജില്ലയില്‍ രാഷ്ട്രീയ സംഘട്ടനങ്ങള്‍ വര്‍ധിക്കുന്നത് എന്തുകൊണ്ടാവും. പാടിപ്പതിഞ്ഞും പ്രചരിപ്പിച്ചും നടക്കുന്നവയില്‍ വസ്തുതയെന്ത്, പൊള്ളത്തരമെന്ത് എന്നന്വേഷിക്കുന്നു ടി.കെ. ഉമ്മര്‍. മലയാളം വാരിക (സപ്തം.21)യില്‍ അദ്ദേഹമെഴുതിയ ഒമ്പതുപേജ് ലേഖനത്തിന്റെ തലക്കെട്ട് ഇങ്ങനെ: ഇതൊക്കെയാണ് ഇന്നു കണ്ണൂര്‍. തിറയുടെ ജൈവതാളത്തില്‍ നിന്ന് ക്രൗര്യത്തിന്റെ കത്തിമുനയിലേക്ക് യുവത്വം ആവേശത്തോടെ പോകുന്നുണ്ടെങ്കില്‍ തെറ്റ് മറ്റവന്റേതാണ് എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറാതിരിക്കാന്‍ ശ്രദ്ധിക്കയത്രേ കരണീയം. തെറ്റുകള്‍ കൊണ്ട് തെറ്റുകള്‍ തിരുത്താന്‍ കഴിയില്ലെന്ന മാനവികതയിലേക്കുയരാന് കഴിഞ്ഞാല്‍ അതെത്രമാത്രം ആഹ്ലാദപ്പൊലിമയുള്ളതാവും. ചോരക്കു ഗ്രൂപ്പുണ്ടെന്ന് പറഞ്ഞ് ചോര ചിന്താന്‍ തന്നെയാണ് തീരുമാനം എന്ന പേശീബലത്തില്‍ അടിപ്പെട്ടുപോവുന്നവരെ ദൈവം കാത്തുരക്ഷിക്കട്ടെ. എഴുത്തില്‍ ഒരു നിഷ്പ്പക്ഷസമീപനം ഉമ്മര്‍ കരുതിവെക്കുന്നു എന്നത് ഹൃദ്യം തന്നെ.
ദല്‍ഹി ജെ.എന്‍.യുവില്‍ എന്തൊക്കെയോ സംഭവിക്കുന്നുണ്ടെന്ന് നാളുകളായി ചര്‍ച്ചയായിരുന്നു. ഒടുവില്‍ അവിടെ തെരഞ്ഞെടുപ്പു നടന്നു. എസ്എഫ്ഐ എട്ടുനിലയില്‍ പൊട്ടി. വിമത എസ്എഫ്ഐക്കാര്‍ ഭൂരിഭാഗം സ്ഥാനങ്ങളും നേടി. അതിന്റെ പശ്ചാത്തലത്തില്‍, എസ്എഫ്ഐയുടെ പുതിയ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട വി. ശിവദാസനുമായി കലാകൗമുദി (സപ്തം.23) കൂടിക്കാഴ്ച നടത്തുന്നു. ടിയാന് ഉവാച: ജെ.എന്‍.യുവിലെ ഇലീറ്റ് രാഷ്ട്രീയം അംഗീകരിക്കില്ല. ഇതിനൊപ്പം ഇതൊക്കെയാണ് ഇന്നു കണ്ണൂര്‍ എന്ന ലേഖനവും രണ്ടുവട്ടം വായിക്കുക.
തൊട്ടുകൂട്ടാന്‍
ഞാനോ മുട്ടയിടുന്ന പൂങ്കോഴി
വെള്ളം ചവച്ചാണ് കുടി
തപ്തരാഗാര്‍ദ്രമാനസന്‍
പ്രലോഭനക്കിടക്കയിലെ രക്തം
എന്റെ ചാരിത്ര്യ ചെങ്കൊടി
ശ്രീകണ്ഠന് കരിക്കകം
കവിത: ചാരിത്ര്യം
മാതൃകാന്വേഷി മാസിക (ചെന്നൈ, സപ്തം.)
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: