പെരുമ്പാവൂര്‍: മുഴുവന്‍ ജനതയുടെയും ഉന്നമനത്തിനുവേണ്ടി പ്രവര്‍ത്തിച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു ശ്രീനാരായണ ഗുരുദേവന് എന്ന് പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന് പറഞ്ഞു. ഗുരുദേവന് ഒരു വിഭാഗത്തിന്റെ മാത്രം വക്താവല്ല. എല്ലാ ജാതി മതവിഭാഗങ്ങളുടെയും ഉന്നമനത്തിനായി പ്രവര്‍ത്തിച്ച വ്യക്തിയായിരുന്നു. പിന്നോക്ക വിഭാഗങ്ങളില്‍പ്പെട്ട സമുദായങ്ങളിലുള്ളവര്‍ക്ക് സ്വതന്ത്ര ജനതയായി മാറുവാന്‍ സാധിച്ചത് ശ്രീനാരായണഗുരുദേവന്റെ കഴിവുകൊണ്ടാണെന്നും അച്യുതാനന്ദന് പറഞ്ഞു.
സ്വന്തം സമുദായത്തിന് ഈശ്വരനെ വേണമെന്ന് വന്ന അവസ്ഥയില്‍ അരുവിയില്‍നിന്ന് കല്ലെടുത്ത് ശിവപ്രതിഷ്ഠ നടത്തിയ ഗുരുദേവന് ജാതി-മത ഭേദമില്ലാതെ ഏവരും സോദരന്മാരായി വാഴുന്ന മാതൃകാ സ്ഥാപനമാക്കി കേരളത്തെ മാറ്റിയതായും വിഎസ് പറഞ്ഞു.
ശ്രീനാരായണഗുരുദേവന്റെ 85-ാമത് സമാധിദിനാചരണത്തോടനുബന്ധിച്ച് കുന്നത്തുനാട് താലൂക്ക് യൂണിയന് (എസ്എന്‍ഡിപി) സംഘടിപ്പിച്ച മഹാസമാധി ദിനാചരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാവിലെ 8ന് ഗുരുപൂജയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്.
10 മുതല്‍ നടന്ന സമൂഹ പ്രാര്‍ത്ഥനയും ഉപവാസവും വൈകിട്ട് മൂന്ന് വരെ നീണ്ടുനിന്നു. ഇതില്‍ ആയിരക്കണക്കിന് ഭക്തജനങ്ങള്‍ പങ്കെടുത്തു. ഉപവാസയജ്ഞത്തിന്റെ ദീപപ്രോജ്വലനവും വിഎസ് നിര്‍വഹിച്ചു. തുടര്‍ന്ന് നടന്ന സമ്മേളനത്തിന് താലൂക്ക് യൂണിയന് പ്രസിഡന്റ് കെ.കെ.കര്ണ്ണന് അധ്യക്ഷത വഹിച്ചു.
കെ.പി.ധനപാലന് എംപി, സാജുപോള്‍ എംഎല്‍എ, എസ്എന്‍ഡിപി യോഗം കൗണ്‍സിലര്‍ സജിത് നാരായണന്, ബോര്‍ഡ് അംഗങ്ങളായ ടി.എന്‍.സദാശിവന്, എം.എ.രാജു, വിവിധ പോഷക സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഗുരുപൂജ, ഉപവാസയജ്ഞം, ഗുരുപുഷ്പാഞ്ജലി എന്നീ ചടങ്ങുകള്‍ക്ക് പുരുഷോത്തമന് തന്ത്രികള്‍ മുഖ്യകാര്‍മികത്വം വഹിച്ചു. യൂണിയന് സെക്രട്ടറി എ.ബി.ജയപ്രകാശ് സ്വാഗതവും വൈസ് പ്രസിഡന്റ് സി.കെ.കൃഷ്ണന് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: