ഒമ്പതാം മാസം പതിനൊന്നാം ദിവസം മതാന്ധത ബാധിച്ചവര്‍ക്ക് മദമിളകുന്ന ദിവസമാണോ ? ആണെന്നു വേണം സമീപകാല സംഭവങ്ങള്‍ നിരീക്ഷിച്ചാല്‍ കരുതേണ്ടത്. അമേരിക്കയുടെ അഹങ്കാര ഗോപുരങ്ങള്‍ തവിടുപൊടിയാക്കിയത് സപ്തംബര്‍ പതിനൊന്നിനാണല്ലൊ. മുംബൈ ഭീകരാക്രമണം നടന്നത് സപ്തംബറില്‍ തന്നെ. ഇപ്പോള്‍ ഒരു സിനിമയുടെപേരില്‍ പടര്‍ന്നുകൊണ്ടിരിക്കുന്ന കലാപം രൂക്ഷമായത് ഈ മാസം 11നാണ്. ലിബിയയില്‍ അമേരിക്കന്‍ എംബസി ഇടിച്ചുനിരത്തി അമ്പാസിഡര്‍ അടക്കം നാലുപേരെ കുത്തിമലര്‍ത്തി. അത് പിന്നെ മാരക പകര്‍ച്ചവ്യാധിപോലെ ഇസ്ലാമിക രാജ്യങ്ങളിലെല്ലാം പടര്‍ന്നു. മാത്രമല്ല ഇസ്ലാം വിശ്വാസികളുള്ളിടത്തെല്ലാം പ്രതിഷേധം ഇരമ്പി. പ്രവാചകനെ അല്ലെങ്കില്‍ മുഹമ്മദ് എന്ന പേരില്‍ ഒരു കഥാപാത്രത്തെ മോശമായി അവതരിപ്പിച്ചാല്‍ പോലും കലിതുള്ളുന്ന കാലമല്ലേ ? ബാംഗ്ലൂരില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു പത്രത്തിലെ കഥയില്‍ കള്ളന് മുഹമ്മദ് എന്ന പേരുണ്ടായതിന്റെ പേരില്‍ നടന്ന പോര് മറക്കാനാകുമോ ! 12 പേരാണ് അവിടെ മരിച്ചത്. സാക്ഷാല്‍ മുഹമ്മദ് നബിയെ മോശക്കാരനാക്കിയാല്‍ പിന്നെ പറയേണ്ടതുണ്ടോ ?
അമേരിക്കയില്‍ നിര്‍മിച്ച സിനിമ ഇസ്ലാമിനെ കളിയാക്കുന്നതും പ്രവാചകനായ മുഹമ്മദ് നബിയെ തട്ടിപ്പുകാരനായി കാണിക്കുന്നു എന്നുമാണ് ആരോപണങ്ങള്‍. നബി ഭ്രാന്തനാണെന്നും സ്ത്രീകളില്‍ അതീവ തത്പരനായിരുന്നുവെന്നും ചിത്രത്തില്‍ പരാമര്‍ശമുണ്ടത്രേ. കാലിഫോര്‍ണിയയില്‍ ജീവിക്കുന്ന കോപ്ട്ടിക് ക്രിസ്ത്യന്‍ മതവിശ്വാസിയാണ് സിനിമ നിര്‍മിച്ചത്. ഈജിപ്ഷ്യന്‍ ക്രിസ്ത്യാനികളില്‍ നിന്നും റാഡിക്കല്‍ അമേരിക്കന്‍ ഇവാഞ്ചലിക്കല്‍ വിഭാഗക്കാരില്‍നിന്നും ധനസഹായം സ്വീകരിച്ചായിരുന്നു സിനിമാ നിര്‍മാണം. അറബ് ഭാഷയില്‍ സബ്ടൈറ്റിലുകളുമായി സിനിമയുടെ പരസ്യം യൂ ട്യൂബില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് പ്രതിഷേധങ്ങള്‍ അരങ്ങേറിത്തുടങ്ങുന്നത്. സപ്തംബര്‍ എട്ടിന് ഈജിപ്ഷ്യന്‍ ടെലിവിഷന്‍ അല്‍-നാസാണ് വിവാദത്തിന് തിരികൊളുത്തിയത്. ഈ വീഡിയോയുമായി അമേരിക്കന്‍ ഗവണ്മെന്റിന് യാതൊരു വിധത്തിലുള്ള ബന്ധവുമില്ലെന്ന് യുഎസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ഹിലാരി ക്ലിന്റണ് അറിയിച്ചിട്ടുണ്ട്. എന്നിട്ടും ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അമേരിക്കക്കാര്‍ക്കും അമേരിക്കന്‍ സ്ഥാപനങ്ങള്‍ക്കുമെതിരെ വന്‍തോതില്‍ ആക്രമണങ്ങള്‍ നടക്കുകയാണ്.
‘ഇന്നസെന്‍സ് ഓഫ് മുസ്ലീംസ്’ എന്നാണ് ചിത്രത്തിന്റെ പേര്. ഈ അമേരിക്കന്‍ ചിത്രം ഇന്ത്യയില്‍ നിരോധിച്ചു. യൂ ട്യൂബിനോട് ചിത്രം പിന്‍വലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. പേരുപോലെ നിര്ദോഷമാണ് സിനിമയും അതിന്റെ പിന്നിലെ ചിന്താഗതിയും എന്നു പറയാനൊക്കില്ല. ക്രൈസ്തവ മതാന്ധതയുടെ കുരുട്ടുബുദ്ധി അതിലുണ്ട്. അണിനിരന്ന 80 ഓളം കലാകാരന്മാരെ പോലും കബളിപ്പിച്ചാണ് ചിത്രീകരിച്ചത്. മുഹമ്മദ് നബിയുടെ പേരുപോലും അവര്‍ക്ക് നല്കിയ തിരക്കഥയിലില്ലത്രെ. നിര്‍മാതാവിനെതിരെ കേസും നല്കുന്നു. ഖുറാന് കത്തിച്ച് വിവാദത്തിലായ ഒരു അമേരിക്കന്‍ പാതിരിയും സിനിമയുടെ പിന്നിലുണ്ടെന്നു വ്യക്തമായതോടെ “ഇത് ഇസ്ലാമിനെതിരായ കുരിശു യുദ്ധ”മെന്ന വ്യാഖ്യാനവും വന്നു. ചിത്രത്തിനെതിരെ രാജ്യത്തിനുള്ള പ്രതിഷേധം ഇന്ത്യ അമേരിക്കയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ജമ്മു കാശ്മീര്‍ സര്‍ക്കാര്‍ ചിത്രം രാജ്യത്ത് നിരോധിക്കണം എന്ന് കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.
ചെന്നൈ ഉള്‍പ്പെടെ ചില സ്ഥലങ്ങളില്‍ ചിത്രത്തിനെതിരെ പ്രതിഷേധം ഉയരുകയും ചെയ്തിരുന്നു. ഇന്ത്യയില്‍ ചിത്രം ലഭ്യമാക്കില്ല എന്ന് അമേരിക്കയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് യൂ ട്യൂബ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചിത്രം യൂ ട്യൂബില്‍ നിന്നും പിന്‍വലിക്കണം എന്ന വൈറ്റ് ഹൗസിന്റെ ആവശ്യം ഗൂഗിള്‍ കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കഴിഞ്ഞ ജൂണിലാണ് ഈ സിനിമ ഹോളിവുഡില്‍ പ്രദര്‍ശിപ്പിക്കുന്നത്. അതും കുറഞ്ഞ സദസ്സില്‍. 200ല്‍ താഴെ ആള്‍ക്കാരുടെ മുന്നില്‍. തുടര്‍ന്ന് ഈ സിനിമയുടെ അറബി പരിഭാഷ യൂ ട്യൂബിലൂടെ പ്രചരിക്കാന്‍ തുടങ്ങിയപ്പോഴാണ് ഇതിനെതിരെ വ്യാപകമായി പ്രതിഷേധം ഉയര്‍ന്നത്.
ജൂലൈയിലാണ് ഈ ചിത്രത്തിന്റെ അല്പഭാഗങ്ങള് യു ട്യൂബിലൂടെ പുറംലോകം അറിയുന്നത്. 14 മിനിട്ടുപോലും ഇതിന് ദൈര്‍ഘ്യമില്ല. ‘മുഹമ്മദിന്റെ യഥാര്‍ഥ ജീവിതം’ എന്ന പേരില്‍ ഒന്ന്. മറ്റേത് ‘മുഹമ്മദ് മൂവി ട്രെയിലര്‍’. രണ്ടിലും ഉള്ളടക്കം ഒന്നു തന്നെ. വളരെ മ്ലേച്ഛമായി തന്നെയാണ് മുഹമ്മദിനെ അവതരിപ്പിച്ചിരിക്കുന്നത്. സ്ത്രീവിഷയത്തിലും ബാലപീഡനത്തിലുമൊക്കെ വ്യാപരിച്ച വ്യക്തിയായി ആക്ഷേപിച്ചതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വിശ്വാസം, അത് പ്രധാനമാണ്. ഏതു വിശ്വാസിയെയും വേദനിപ്പിക്കുന്നത് അനുവദിക്കരുത്. പക്ഷേ ഇപ്പോള്‍ പ്രക്ഷോഭത്തിനിറങ്ങിയവരും അവര്‍ക്ക് താങ്ങായി നല്‍ക്കുന്നവരും എല്ലാവരോടും ഈ സമീപനം സ്വീകരിക്കുന്നുണ്ടോ! സിപിഎം നിലപാടാണ് ഇതില്‍ കൗതുകം. അതിശക്തമായ ഭാഷയിലാണ് സിനിമയ്ക്കെതിരെ സിപിഎം പ്രതികരിച്ചിരിക്കുന്നത്. ഈ സിനിമയുടെ ഭാഗങ്ങള്‍ യുട്യൂബിലും മറ്റും പ്രദര്‍ശിപ്പിക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് തന്നെയാണ് ആവശ്യപ്പെട്ടത്. ചിത്രത്തിന് കാരണക്കാരായവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ അമേരിക്കന്‍ സര്‍ക്കാരിനോട് ശക്തമായി ആവശ്യപ്പെടണമെന്ന് സിപിഎമ്മിന് അഭിപ്രായമുണ്ട്.
സിനിമയ്ക്കെതിരെ അമേരിക്കന്‍ എംബിസികള്ക്കും കോണ്‍സുലേറ്റുകള്‍ക്കും മുമ്പില്‍ നടക്കുന്ന പ്രതിഷേധം സമാധാനപരമായിരിക്കണമെന്നും കാരാട്ട് അഭ്യര്‍ഥിച്ചിരിക്കുന്നു. പ്രവാചകനെയും ഇസ്ലാമിനെയും മോശമായി ചിത്രീകരിച്ച് അമേരിക്കയില്‍ നിര്‍മിച്ച് ചലച്ചിത്രത്തിനെതിരെ ലോകത്തെങ്ങും മുസ്ലീങ്ങള്‍ പ്രതിഷേധത്തിലാണ്. ഇസ്ലാമിനെ അപകീര്‍ത്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അമേരിക്കയിലെ ക്രിസ്ത്യന്‍ തീവ്രവാദികളാണ് ഈ ചലച്ചിത്രം നിര്‍മിച്ചത്. ലോകമെമ്പാടും ഈ ചിത്രം നിരോധിക്കണമെന്നും നിര്‍മ്മാതാക്കള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടും അമേരിക്കന്‍ സര്‍ക്കാര്‍ അതിന് വിസമ്മതിച്ചിരിക്കുകയാണ്. പാശ്ചാത്യ നാടുകളില്‍ ഇസ്ലാം ഭീതി വര്‍ധിക്കുകയുമാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡാനിഷ് പത്രം പ്രവാചകനെ മോശമായി ചിത്രീകരിക്കുന്ന കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിരുന്നു. അതിലും നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് പ്രകാശ് കാരാട്ട് പരിഭവപ്പെട്ടിരിക്കുകയാണ്.
വര്‍ഷങ്ങള്‍ക്കു മുമ്പ് കെപിഎസി ഒരു നാടകം അവതരിപ്പിച്ചിരുന്നു. കണിയാപുരം രാമചന്ദ്രന്റെ നാടകം. തോപ്പില്‍ ഭാസിയുടെ സംവിധാനം. ഭഗവാന് കാലു മാറുന്നു എന്ന പേരിലായിരുന്നു ഇത്. ഹൈന്ദവ വിശ്വാസത്തെയും ദേവീ ദേവന്മാരെയും ആക്ഷേപിക്കുകയും അവഹേളിക്കുകയും ചെയ്യുന്നതാണ് നാടകം. പ്രതിഷേധം ഉയര്‍ന്നപ്പോള്‍ പ്രതിരോധിക്കാന്‍ സായുധ സേനയെ നിയോഗിച്ചവരാണ് ഇടതുപക്ഷക്കാര്‍. അന്ന് പ്രതിഷേധിക്കുകയല്ലാതെ നാടകം എഴുതിയ ആളെ തല്ലാനും കൊല്ലാനുമൊന്നും ആരും മുതിര്‍ന്നില്ല. ഭഗവാന് കാലു മാറുന്നില്ല എന്ന പേരില്‍ അവതരിപ്പിച്ച ബദല്‍ നാടകം കണിയാപുരത്തിന്റെ നാടകം കണ്ടതിനെക്കാളേറെ ആള്ക്കാര് കാണുകയും ചെയ്തു. ക്രിസ്തുവിന്റെ ആറാം തിരുമുറിവ് എന്ന പേരില്‍ ആലപ്പുഴ സൂര്യകാന്തി തീയറ്റേഴ്സ് 1986ല്‍ ഒരു നാടകം അവതരിപ്പിച്ചത് ഏറെ കോലാഹലം സൃഷ്ടിച്ചതാണ്. പി.എം.ആന്റണിയായിരുന്നു ഇതിന്റെ സൂത്രധാരന്‍. കസാന്ദ് സാക്കീസിന്റെ ക്രിസ്തുവിന്റെ അന്ത്യപ്രലോഭനം എന്ന നോവലിനോട് വിധേയത്വം പുലര്‍ത്തുന്നതായിരുന്നു നാടകം. ഇസ്രായേല്‍ ജനതയുടെ വിമോചന പോരാട്ടങ്ങളുടെ ചരിത്ര പശ്ചാത്തലത്തില്‍ നിന്നുകൊണ്ട് ക്രൂശാരോഹണത്തെ വിലയിരുത്തുന്നതു കൂടിയാണിത്. ക്രിസ്തുവിനെ കുറിച്ച് മതമേധാവിത്വത്താല്‍ പടുത്തുയര്‍ത്തപ്പെട്ട അഭൗമ പരിവേഷം പൊളിച്ചു നീക്കാനുള്ള ശ്രമം നാടകത്തിലുണ്ട്. അതു തന്നെയാണ് പ്രകോപനത്തിന് വഴിവച്ചത്. തുടര്‍ന്ന് നാടകം നിരോധിച്ചു. അതിനെതിരെ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ബുദ്ധിജീവികളും രാഷ്ട്രീയ പാര്ട്ടികളുമുണ്ടാക്കിയ പുകില് ചെറുതൊന്നുമല്ല. അടുത്തിടെ പ്രകാശ് ബാരെ നിര്‍മിച്ച ജയന് ചെറിയാന് സംവിധാനം ചെയ്ത പാപ്പിലിയോ ബുദ്ധ എന്ന സിനിമയ്ക്ക് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് പ്രദര്‍ശനാനുമതി നല്‍കാത്തത് ഗാന്ധിജിയെ അപമാനിക്കുന്നു എന്ന കണ്ടെത്തലുകളാലാണ്. ഗാന്ധിജിയുടെ കോലം കത്തിക്കുന്നതും കോലത്തില്‍ ചെരുപ്പു മാല ചാര്‍ത്തുന്നതും മാത്രമല്ല ഗാന്ധിജിയുടെ വ്യക്തിജീവിതത്തെ വല്ലാതെ മോശമായി അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ടത്രെ. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഈ സിനിമയുടെ പേരിലും പ്രതിഷേധം ഉയര്‍ന്നു.
ഒരുഭാഗത്ത് വിവാദമാണെങ്കില്‍ പോലും ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ രംഗത്തിറങ്ങുന്നവര്‍ ചില പ്രശ്നങ്ങള്‍ വരുമ്പോള്‍ ഇരട്ടത്താപ്പു സ്വീകരിക്കുന്നത് ഇപ്പോള്‍ പ്രകടമാവുകയാണ്. നബിയെ ആക്ഷേപിച്ചു എന്ന പേരില്‍ സജീവമായി പ്രതിഷേധത്തിനിറങ്ങുന്നവര്‍ ഹിന്ദു ദേവന്മാരെയും ദേവിമാരെയും ആക്ഷേപിക്കുകയും അധിക്ഷേപിക്കുകയും ചെയ്യുന്നവര്‍ക്ക് പ്രോത്സാഹനം നല്കുന്ന അവസ്ഥയും നമ്മുടെ മുന്നിലുണ്ട്. എം.എഫ്.ഹുസൈന് ഹിന്ദു ദേവീ ദേവന്മാരെ അശ്ലീല കഥാപാത്രങ്ങളായി ചിത്രീകരിച്ചതിനെതിരെയുള്ള പ്രതിഷേധം വകവയ്ക്കാന്‍ തയ്യാറാകാത്തതിന്റെ ചരിത്രം പഴയതൊന്നുമല്ല. ഈ ചിത്രകാരന് കേരളത്തിലെ ഔദ്യോഗിക ബഹുമതികള്‍ പോലും നല്‍കാനും അംഗീകരിക്കാനും ആദരിക്കാനും മുതിര്‍ന്നത് കോടാനുകോടി വിശ്വാസികളുടെ വികാരം പോലും കണക്കിലെടുക്കാതെയാണ്. അവര്‍ തന്നെ സിനിമയ്ക്കെതിരെ മുന്നില്‍ നില്‍ക്കുന്നത് കൗതുകരവും. ഇതിനെയാണല്ലോ ഇരട്ടത്താപ്പ് എന്നു പറയുന്നത്.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: