സത്യം സാധാരണന്മാര്‍ക്ക് രുചികരമല്ല. അവര്‍ അസത്യത്തെയാണ് ആരാധിക്കുന്നത്. താരതമ്യേന വിലക്കുറവുള്ള, ആരോഗ്യദായകമായ പാല് വാങ്ങിക്കുടിക്കുന്നതിനുപകരം മനസിനെ വിഭ്രമിപ്പിക്കുകയും തളര്‍ത്തുകയും ചെയ്യുന്ന വീര്യമുള്ള മദ്യം കൂടുതല്‍ വിലകൊടുത്ത് വാങ്ങിക്കുടിക്കുന്നതുപോലെയാണ് ഈ അസത്യസേവയും.
സമയം കാറ്റുപോലെ അതിവേഗം പാഞ്ഞുപോകും. മഞ്ഞുകട്ടപോലെ പെട്ടെന്നുരുകിയൊഴുകിപ്പോകും. ജീവിത ലക്ഷ്യത്തെപ്പറ്റിയറിയും മുന്‍പുതന്നെ ജീവിതം കൈമോശം വന്നുപോകും. എന്തിനാണിവിടെ ജനിച്ചതെന്ന് ചിന്തിക്കാതെ ഭൗതിക സുഖങ്ങളില്‍ എടുത്തുചാടി ജീവിതം വ്യര്‍ത്ഥമാക്കരുത്.
ശാരീരികവും മാനസികവുമായ ശക്തിയെ മാത്രം ആശ്രയിക്കരുത്. ആ ശക്തി നിങ്ങളെ വഞ്ചിക്കും. നിങ്ങളിലെ ദൈവീകശക്തിയെ ആശ്രയിച്ചാല്‍ അതൊരിക്കലും വഞ്ചിക്കുകയില്ല. കോപത്തിന്റെയും കാമത്തിന്റെയും ദുരാഗ്രഹത്തിന്റെ തീജ്ജ്വാലയില്‍ സ്വയം ദഹിക്കുന്നതിന് മുന്‍പ് ഉള്ളില്‍ വിവേകത്തിന്റെ അമൃതജലം ഒഴുക്കി ആത്മാനന്ദത്തില്‍ ആമഗ്നനാവുക.
മനുഷ്യന് രണ്ടു കടമകള്‍ ചെയ്യാനുണ്ട്. ഒന്ന് ഈ ലോകത്തിനുവേണ്ടി ധര്മമാര്ഗത്തില്ക്കൂടിയുള്ളതും മറ്റേത് നിതാന്തമായ മോചനത്തിനുവേണ്ടിയുള്ള – മോക്ഷപ്രാപ്തിക്കുവേണ്ടിയുള്ള – ബ്രഹ്മ മാര്ഗത്തില്ക്കൂടിയുള്ളതും. ധര്മമാര്ഗമെന്നത് ഇടതു കൈയ്യാകയാല് അതിനെ തിരസ്കരിക്കാവുന്നതാണ്. കാരണം, കായ് പാകമായി കഴിഞ്ഞാല്‍ ഫലം താനേ താഴെവീണുപോകുന്നു. അതുകൊണ്ട് തന്നെയാണ് അത് ഇടതെന്നും തിരസ്കരിക്കപ്പെട്ടതെന്നും അര്‍ത്ഥം വരുന്ന ലഫ്റ്റ് എന്ന ആംഗലശബ്ദംകൊണ്ട് വിവക്ഷിക്കപ്പെട്ടിരിക്കുന്നതെന്ന് പറയാം. അതിനെ ഉപേക്ഷിക്കൂ. അത് നഷ്ടപ്പെട്ടാല്‍ അതിനെയോര്‍ത്തു ദുഃഖിക്കാതിരിക്കൂ. എന്നാല്‍ ശരിയായ – വലതുഭാഗത്തുള്ള – ബ്രഹ്മ മാര്‍ഗത്തില്‍ക്കൂടി ചരിക്കുവിന്‍; കാരണം അത് വലത്തെന്നും ശരിയായതെന്നും അര്‍ത്ഥം വരുന്ന ‘റൈറ്റ്’ എന്ന ആംഗല ശബ്ദംകൊണ്ട് വിവക്ഷിക്കപ്പെട്ടിരിക്കുന്നു.
ഈ നാടിന്റെ പ്രാക്തന സംസ്കാരം കെടുത്തിക്കളയുന്നത് അസഹിഷ്ണുതയാണ്. അന്യരുടെ വിജയത്തിലും ഐശ്വര്യത്തിലും പുരോഗതിയിലുമുള്ള സഹിക്കവയ്യായ്മ! അന്യരെ സഹായിക്കാന്‍ കഴിവില്ലെങ്കില്‍ ഉപദ്രവിക്കാതെയെങ്കിലുമിരിക്കണം. മറ്റുള്ളവരെ കുറ്റപ്പെടുത്താനും ഇടിച്ചുതാഴ്ത്തി സംസാരിക്കാനും നിങ്ങള്‍ക്കെന്തവകാശമാണുള്ളത്. ഈശ്വരന്റെ അറിവില്ലാതെ ഇവിടെ ഒന്നും സംഭവിക്കയില്ലെന്നറിയാമെങ്കില് പിന്നെന്തിന് മറ്റുള്ളവരോട് മുഷിയുകയും കോപിക്കുകയും ചെയ്യണം? നിങ്ങളുടെ ജോലി സ്വയം ശുദ്ധീകരിക്കലാണ്. അതോടെ എല്ലാവരും നിങ്ങളിലേക്കാകര്ഷിക്കപ്പെടും.
സത്യസായി ബാബ
പ്രതികരിക്കാൻ ഇവിടെ എഴുതുക: